- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിജിറ്റൽ തെളിവുകളിൽ ഉള്ളത് നിർണ്ണായക വിവരങ്ങൾ; സ്വർണ്ണ കടത്തിൽ ഇനിയും ചോദ്യം ചെയ്യലും അറസ്റ്റും ഉണ്ടാകും; കേസിൽ പങ്കാളിയായ ഉന്നതരെ സംരക്ഷിക്കാനുള്ള എല്ലാ ശ്രമവും സ്വപ്നയുടെ ഭാഗത്തു ഉണ്ടെന്ന് വിലയിരുത്തി എൻഐഎ; കോൺസുലേറ്റ് കടത്തിൽ മുഖ്യ ആസൂത്രകയുടെ മൊഴിയെടുക്കാൻ യുഎഇ അന്വേഷകരും; ഖുറാൻ കടത്തിൽ മന്ത്രിക്കെതിരെ കേസെടുത്ത് കസ്റ്റംസ്; മന്ത്രി ജലീലിനെ ഇനിയും ചോദ്യം ചെയ്യും; ഡിജിറ്റൽ തെളിവുകൾ ഇഴകീറി പരിശോധിച്ച് എൻഐഎ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ യുഎഇ അധികൃതർ സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കും. യു.എ.ഇയിൽ നടക്കുന്ന പ്രത്യേക അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുക്കുന്നത്. എൻഐഎയുടെ അന്വേഷണത്തിൽ ഇവരും സഹകരിക്കും. യുഎഇ സ്വപ്‌നയുടെ മൊഴിയെടുക്കുന്നത് അതിനിർണ്ണായകമായ നടപടിയാണ്.
അന്വേഷണത്തിന്റെ ഭാഗമായി ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ കോൺസുലേറ്റ് ഓഫീസിൽ കഴിഞ്ഞയാഴ്ച പരിശോധന നടന്നിരുന്നു. മണക്കാടുള്ള കോൺസുലേറ്റ് ഓഫീസിലെ ജീവനക്കാരിൽ നിന്നടക്കം വിവരം ശേഖരിച്ചിരുന്നു. അതിനിടെ നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം കൊണ്ടുവന്നതിൽ കസ്റ്റംസ് കേസെടുത്തു. ഇക്കാര്യം കസ്റ്റംസ് പ്രത്യേകം അന്വേഷിക്കും. എൻ.ഐ.എക്ക് നൽകിയ വിശദീകരണം പരിശോധിച്ച ശേഷം കസ്റ്റംസ് മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യും.
മതഗ്രന്ഥങ്ങൾ കേരളത്തിൽ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരേ കസ്റ്റംസ് കേസെടുത്തു കഴിഞ്ഞു. നയതന്ത്ര ചാനൽ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്ന വിലയിരുത്തലിലാണ് മന്ത്രിക്കെതിരേ കസ്റ്റംസ് കേസെടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മന്ത്രിയെ കസ്റ്റംസ് ചോദ്യം ചെയ്യും. നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങൾ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വിതരണം ചെയ്തതിൽ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇത് അന്വേഷിക്കുന്നതിനായി സ്പെഷ്യൽ ടീമിനെ കസ്റ്റംസ് നിയോഗിച്ചു.
മതഗ്രന്ഥങ്ങളെക്കൂടാതെ 17,000 കിലോ ഗ്രാം ഈന്തപ്പഴവും നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച് വിതരണം ചെയ്തു. ഡിപ്ലോമാറ്റുകളുടെ പരിരക്ഷക്കുവേണ്ടിയും അവരുടെ ഉപയോഗത്തിനും വേണ്ടി മാത്രമാണ് നയതന്ത്ര ചാനൽ ഉപയോഗിക്കുന്നത്. ഡിപ്ലോമാറ്റുകൾക്ക് കുടിവെള്ളം മുതൽ ഭക്ഷണം സാധനങ്ങൾ വരെ അവരുടെ മാതൃരാജ്യത്ത് നിന്ന് ഇറക്കാനുള്ള അനുമതി മാത്രമാണ് ഉള്ളത്. എന്നാൽ ഇതിന്റെ പരിരക്ഷയുടെ മറവിലാണ് മതഗ്രന്ഥങ്ങൾ കേരളത്തിലെത്തിക്കുകയും വിതരണംചെയ്യുകയും ചെയ്തത്.
ജൂൺ 25ന് കോൺസുലേറ്റിന്റെ പേരിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മതഗ്രന്ഥ പാഴ്‌സൽ കോൺസുലേറ്റ് വാഹനം നേരിട്ടെത്തിയാണ് സ്വീകരിച്ചത്. 245ൽ അധികം ബോക്‌സുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 32 ബോക്‌സുകൾ സീ ആപ്റ്റ് ഓഫീസിലെത്തിക്കുകയും ജലീലിന്റെ നിർദ്ദേശപ്രകാരം ഇത് മലപ്പുറത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു. സീ ആപ്റ്റിൽ എത്തിയത് കൂടാതെയുള്ള ബോക്‌സുകൾ എവിടെ എന്നാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്.
സ്വർണക്കടത്ത് കേസിൽ നിർണായകമാകുന്നത് ഡിജിറ്റൽ തെളിവുകൾ ആണെന്നാണ് സൂചന. ബുധനാഴ്ച വൈകീട്ട് എൻഫോഴ്സ്മെന്റ് ദക്ഷിണമേഖല ചുമതലയുള്ള സ്‌പെഷ്യൽ ഡയറക്ടർ സുശീൽ കുമാറും എൻ.ഐ.എ. എസ്‌പി. രാഹുലും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ജലീൽ ഇ.ഡി.യോട് പറഞ്ഞ കാര്യങ്ങളിലും ഡിജിറ്റൽ തെളിവുകളിൽനിന്ന് എൻ.ഐ.എ.യ്ക്ക് ലഭിച്ച വിവരങ്ങളിലും വൈരുധ്യമുള്ളതായി വ്യക്തമായി. ഇതോടെയാണ് നേരിട്ട് ഹാജരാകാൻ ജലീലിനോട് എൻ.ഐ.എ. നിർദ്ദേശിച്ചത്.
സ്വർണക്കടത്ത് കേസിൽ പങ്കാളികളായ ഓരോരുത്തരും ഡിജിറ്റൽ തെളിവുകൾ സൂക്ഷിച്ചിരുന്നു. കള്ളക്കടത്തിൽ പങ്കാളികളായവർക്ക് പരസ്പരം വിശ്വാസമില്ല എന്നതാണ് ഇതിനു കാരണം. ഈ തെളിവുകളെല്ലാം വീണ്ടെടുക്കാൻ കഴിഞ്ഞു എന്നതാണ് അന്വേഷണത്തിൽ നിർണായകമായത്. 4000 ജി.ബി.യോളം വരും ഈ ഡിജിറ്റൽ തെളിവുകൾ. ഇവയെല്ലാം ഡീകോഡ് ചെയ്ത് വിലയിരുത്തുകയാണ് അന്വേഷണസംഘം. സ്വപ്ന ഒന്നും തുറന്നുപറയുന്നില്ല. കേസിൽ പങ്കാളിയായ ഉന്നതരെ സംരക്ഷിക്കാനുള്ള എല്ലാ ശ്രമവും അവരുടെ ഭാഗത്തുനിന്ന് ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഇതിനാവശ്യമായ എല്ലാ തയ്യാറെടുപ്പുകളും അവർ നടത്തിയിട്ടുണ്ടെന്നും വിലയിരുത്തുന്നു.
ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസും എൻ.ഐ.എ.യും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടിയത്. ഇതില്ലെങ്കിൽ സ്വപ്നയടക്കം ഏതാനും പ്രതികളിൽ കേസ് അവസാനിക്കുമായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇനിയും ചോദ്യംചെയ്യലും അറസ്റ്റും ഉണ്ടാകുമെന്ന സൂചനയുമുണ്ട്.
അതിനിടെ സ്വപ്ന സുരേഷിനെ ഈ മാസം 22 ന് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ് ഇട്ടിട്ടുണ്ട്. സ്വപ്നയുടെ മെഡിക്കൽ റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് 22 ന് ഹാജരാക്കണമെന്ന് എൻഐഎ പ്രത്യേക കോടതി ഉത്തരവിട്ടത്. കേസ് അന്വേഷണത്തിനായി എൻഐഎ സ്വപ്നയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ