- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഐഎ ഇന്നലെ ഇരച്ചു കയറിയത് തീവ്രവാദ പണം കൈപ്പറ്റിയതിന് ഒമാൻ പുറത്താക്കിയ ആറു പ്രവാസികളുടെ വീട്ടിൽ; വട്ടപ്പതാലിലെ ക്ലിഫ് ഇൻ റിസോർട്ടിൽ നിശാപാർട്ടിക്കിടെ അറസ്റ്റിലായ പൂവത്തൂർ നിഷാദിന് ഭീകര ബന്ധങ്ങൾ; വാഗമണ്ണിലെ റിസോർട്ടിൽ ലഹരി എത്തിയ വഴി കണ്ടെത്താൻ അന്വേഷണം തൃശൂരിൽ; രണ്ടും കൽപ്പിച്ച് കേന്ദ്ര ഏജൻസികൾ
തൃശൂർ: കേരളത്തിലെക്കുള്ള തീവ്രവാദത്തിനായുള്ള ഫണ്ട് വരവ് തടയാൻ രണ്ടും കൽപ്പിച്ച് എൻഐഎ. പോപ്പുൽ ഫ്രണ്ടിന്റെ കേന്ദ്രങ്ങളിൽ നേരത്തെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീവ്രവാദ സംഘടനകളിൽ നിന്നു പണം കൈപ്പറ്റിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ തൃശൂരിലെ 6 പ്രവാസി യുവാക്കളുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡ് നടന്നത്.
പുന്നയൂർ എടക്കര മിനി സെന്റർ കാരയിൽ മുഹമ്മദ് ഷഹീൻ, വടക്കേക്കാട് കച്ചേരിപ്പടി കൊമ്പത്തയിൽ റയീസ്, പാവറട്ടി ഏനാമാവ് പുഴങ്ങരയില്ലത്ത് അമീർ, പൂവത്തൂർ സ്വദേശി നിഷാദ്, പാലുവായ് വൈശ്യം ജലീൽ, കടപ്പുറം അടിതിരുത്തി ഉമ്മർ മൻസിലിൽ ഇഹ്തി ഷാം എന്നിവരുടെ വീടുകളിലാണ് എൻഐഎ സംഘങ്ങൾ ഒരേസമയം പരിശോധന നടത്തിയത്. ലാപ്‌ടോപ്, ഹാർഡ് ഡിസ്‌ക്, മെമ്മറി കാർഡുകൾ എന്നിവ പിടിച്ചെടുത്തു. ഏറെ നിർണ്ണായകമായ തെളിവുകൾ കിട്ടിയെന്നാണ് സൂചന.
പൂവത്തൂർ സ്വദേശി നിഷാദ് വാഗമണ്ണിലെ റിസോർട്ടിൽ നിശാ പാർട്ടിക്കിടെ അറസ്റ്റിലായിരുന്നു. നിഷാദ് നിശാ പാർട്ടിക്ക് എത്തിയ സാഹചര്യവും പരിശോധിക്കുന്നുണ്ട്. ബംഗളൂരുവിൽ ലഹരി മരുന്ന് കേസിൽ അറസ്റ്റിലുള്ള ബിനീഷ് കോടിയേരിയുടെ കൂട്ടുകാരനും ഇതേ പാർട്ടിക്ക് എത്തിയിരുന്നു. മയക്കുമരുന്നിനും തീവ്രവാദത്തിനും തമ്മിൽ ബന്ധമുണ്ടെന്ന സൂചനകളാണ് ഈ റെയ്ഡ് നൽകുന്നത്.
വട്ടപ്പതാലിലെ ക്ലിഫ് ഇൻ റിസോർട്ടിൽ നിശാപാർട്ടിക്കിടെ പൊലീസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് എട്ടിനം ലഹരി വസ്തുക്കൾ. 9 പേർ അറസ്റ്റിൽ. ആരാണു ലഹരിമരുന്ന് എത്തിച്ചതെന്നോ ആരൊക്ക ഉപയോഗിച്ചെന്നോ വ്യക്തമാകാത്ത സാഹചര്യത്തിൽ സംഘാടകരെ മാത്രമാണു പ്രതിചേർത്തത്. 25 സ്ത്രീകളുൾപ്പെടെ 59 പേരാണു പാർട്ടിയിൽ പങ്കെടുത്തത്. സിപിഐ ലോക്കൽ സെക്രട്ടറി ഷാജി കുറ്റിക്കാടന്റേതാണു റിസോർട്ട്.
കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘം നാലായി പിരിഞ്ഞ് ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് റെയ്ഡ് ആരംഭിച്ചത്. രാവിലെ 11 മണി വരെ പരിശോധന നീണ്ടു. മുഹമ്മദ് ഷഹീൻ, റയീസ് എന്നിവരോട് എൻഐഎ കൊച്ചി ഓഫിസിൽ ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശിച്ചിട്ടുണ്ട്. റയീസും ഷഹീനും കുടുംബാംഗങ്ങൾക്കൊപ്പം ഖത്തറിലായിരുന്നു താമസം. ഇരുവരും ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്.
തീവ്രവാദ സംഘടനകളിൽ നിന്നു പണം കൈപ്പറ്റിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ ഖത്തറിൽ നിന്നു പുറത്താക്കുകയും പ്രവേശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്തതായി സൂചനയുണ്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ജലീൽ, ഇഹ്തി ഷാം എന്നിവരെയും കഴിഞ്ഞ വർഷം ഖത്തറിൽ നിന്നു പുറത്താക്കിയിരുന്നു.
ഒന്നിലേറെത്തവണ സംശയകരമായ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നു വ്യക്തമായ സാഹചര്യത്തിലായിരുന്നു ഇത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് ലോക്കൽ പൊലീസിന്റെ സഹകരണത്തോടെയായിരുന്നു ഒരേസമയം റെയ്ഡ്.
മറുനാടന് മലയാളി ബ്യൂറോ