ശശിതരൂർ റീട്വീറ്റ് ചെയത് ദൃശ്യത്തിലുള്ളത് തിരൂരങ്ങാടിക്കാരനോ? ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് കരുതിയ അബ്ദുൾ സലീം ജയിൽ മോചിതനായെന്ന് സംശയം; അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരരിൽ മലയാളിയും

കോഴിക്കോട്: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരരിൽ മലയാളിയും ഉണ്ടെന്ന് സൂചന. ശശി തരൂർ എംപി. റീട്വീറ്റ് ചെയ്ത ദൃശ്യത്തിലെ മലയാളം സംസാരിക്കുന്ന യുവാവിനെ കുറിച്ച് വ്യക്തമായ സൂചനകൾ കേന്ദ്ര ഏജൻസികൾക്ക് കിട്ടി കഴിഞ്ഞു. തിരൂരങ്ങാടി സ്വദേശിയായ യുവാണ് ഇതെന്നാണ് പ്രഥമിക നിഗമനം.

ജയിൽമോചിതനായ ഈ മലയാളി യുവാവിന്റെ നീക്കങ്ങൾ കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നു. കേരളത്തിലേക്കു മടങ്ങണമെന്നാവശ്യപ്പെടുന്ന ഇയാളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടില്ല. യുവാവ് 2016-ലാണ് കേരളത്തിൽനിന്ന് അപ്രത്യക്ഷനായത്. ഇതുസംബന്ധിച്ച പരാതിയിൽ പൊലീസ് കേസുണ്ട്. ഇയാൾ അഫ്ഗാനിലെത്തിയ സാഹചര്യം ദുരൂഹമാണ്.

തിരൂരങ്ങാടിയിൽ നിന്ന് യുഎഇ വഴി സൗദി അറേബ്യയിലേക്കു പോയ ഇയാൾ പിന്നീട് അഫ്ഗാനിലെ ബെൽഗ്രാമിലുള്ള യു.എസ്. ക്യാമ്പിൽ തടവിലാണെന്ന വിവരമാണു ബന്ധുക്കൾക്കു ലഭിച്ചത്. തടവുകാരെ താലിബാൻ മോചിപ്പിച്ചതിനേത്തുടർന്ന് പുറത്തിറങ്ങിയ ഇയാൾ സൗദിയിലുള്ള ബന്ധുവിനോട് തന്നെ നാട്ടിലെത്തിക്കണമെന്ന് അപേക്ഷിച്ചിരുന്നുവെന്ന് കേന്ദ്ര ഏജൻസികൾ മനസ്സിലാക്കുന്നുണ്ട്.

തിരൂരങ്ങാടി സ്വദേശി അബ്ദുൽ സലീം, 2018ൽ വിസിറ്റിങ് വിസയിൽ യു.എ.ഇയിലേക്ക് പോവുകയായിരുന്നു. തുടർന്ന് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടന്ന് വിവരം ലഭിച്ചിരുന്നു. ഇയാളാകാം ജയിൽ മോചിതനായതെന്ന സംശയം കേന്ദ്ര ഏജൻസികൾക്കുണ്ട്. ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നത് തെറ്റായ പ്രചരണമായിരുന്നിരിക്കാം എന്നും വിലയിരുത്തുന്നു.

കഴിഞ്ഞദിവസം കണ്ണൂരിൽനിന്ന് എൻ.ഐ.എ. അറസ്റ്റ് ചെയ്ത രണ്ട് യുവതികളടങ്ങിയ സംഘമാണോ ഇയാളെ അഫ്ഗാനിലെത്തിച്ചതെന്നും സംശയിക്കുന്നു. മധ്യതിരുവിതാംകൂറിലെ ഒരു കോളജിൽ ഉന്നതപഠനം നടത്തിയ ഇയാൾ യു.എ.ഇയിൽ ജോലി അന്വേഷിക്കുന്നുവെന്ന് പറഞ്ഞാണ് നാട്ടിൽ നിന്ന് അപ്രത്യക്ഷനായത്.

കണ്ണൂർ ജില്ല കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയ വഴി ഐ.എസ് ആശയപ്രചരണം നടത്തുകയും ആളെ കൂട്ടുകയും ചെയ്തുവെന്ന കുറ്റാരോപിതരായ രണ്ട് യുവതികളെ കൂടുതൽ ചോദ്യം ചെയ്യാനായി ദേശീയ അന്വേഷണ സമിതി ഒരുങ്ങുകയാണ്. ഇവരെ കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇന്ത്യയിൽ ഐ എസിനു വേണ്ടി സമൂഹമാധ്യമങ്ങൾ വഴി ആശയപ്രചാരണം നടത്തിയെന്ന കേസിൽ പിടിയിലായ യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധമുണ്ടെന്നു വ്യക്തമായതിനെ തുടർന്നാണ് ഇവരെ കൂടുതൽ ചോദ്യം ചെയ്യാനായി ഒരുങ്ങുന്നത്. ഇവരിൽ നിന്നും താലിബാനിലെ മലയാളികളെ കുറിച്ച് കൂടുതൽ വിവരം കിട്ടുമെന്നാണ് പ്രതീക്ഷ.

ഗ്രൂപ്പിലെ മറ്റൊരംഗമായ കണ്ണൂർ കക്കാട്ടെ മുഷാബ് അൻവറെ മാർച്ച് ആദ്യം ഡൽഹിയിൽ അറസ്റ്റുചെയ്തിരുന്നു. മിസ്ഹയുടെ അടുത്ത ബന്ധുവായ അൻവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരുടെ കുടുംബത്തിൽ മറ്റാർക്കെന്തെങ്കിലും ഐസിസുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കണ്ണൂർ താണ സ്വദേശികളായ ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരാണ് പിടിയിലായത്.ആഗോള ഭീകര സംഘടനയായ ഐ.എസുമായി യുവതികൾക്ക് ദൃഡമായതും ആഴത്തിലിലുള്ളതുമായ ബന്ധങ്ങളുണ്ടെന്നാണ് എൻ.ഐ.എ കണ്ടെത്തൽ. അറസ്റ്റിലായ യുവതികളിലൊളായ മിഷ്ഹ സിദ്ധീഖ് സിറിയയിലേക്കുള്ള യാത്രയിൽ ഇറാനിലെ ടെഹ്‌റാൻ വരെ എത്തിയെന്നാണ് എൻഐഎ പറയുന്നത്.

മുഷാബ് അൻവർ, ഷിഫ ഹാരിസ് എന്നിവരെ ഐഎസിലേക്ക് അടുപ്പിച്ചത് മിഷ്ഹയാണ്. മിഷ്ഹ കശ്മീരിലിലുള്ള കൂട്ടാളികൾക്ക് ഐഎസ് പ്രവർത്തനങ്ങൾക്ക് പണം അയച്ചു നൽകിയതായി തെളിഞ്ഞിട്ടുണ്ട്. കശ്മീരിലേക്ക് പോകാനായിരുന്നു ഷിഫ ഹാരിസിന്റെ പദ്ധതിയെന്നും എൻഐഎ പറയുന്നു. ഏഴ് പേരടങ്ങുന്ന മലയാളി സംഘം ഭീകരപ്രവർത്തനങ്ങൾക്കായി കശ്മീരിൽ പോകാൻ പദ്ധതി ഇട്ടിരുന്നതായി എൻഐഎ എഫ്ആആറിൽ പറയുന്നുണ്ട്. ന്യുഡൽഹിയിൽ നിന്നെത്തിയ എൻഐഎ സംഘം രഹസ്യമായാണ് കണ്ണൂർ താണയിലെ വീട്ടിൽ നിന്നും ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെ അറസ്റ്റ് ചെയ്തത്.