- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം ചുട്ടുചാമ്പലാക്കാനുള്ള ലക്ഷ്യങ്ങളുമായി ഭീകരർ താമസിച്ചിരുന്നത് പഞ്ചപാവങ്ങളെ പോലെ; ഓരോ ഭീകരനെയും കൃത്യമായി തിരിച്ചറിഞ്ഞ് കെണിയൊരുക്കി ദേശീയ അന്വേഷണ ഏജൻസിയും; എൻഐഎയുടെ നിർദ്ദേശാനുസരണം പെരുമ്പാവൂരിൽ പൊലീസ് തയ്യാറായി നിന്നത് രണ്ട് സംഘങ്ങളായി; പുലർച്ചെ രണ്ട് മണിയോടെ പുറപ്പെട്ട സംഘം പ്രതികളെ പിടികൂടിയത് വലിയ ഒച്ചപ്പാടില്ലാതെ; തീവ്രവാദികളെ പൊലീസുകാർ പോലും തിരിച്ചറിഞ്ഞത് അറസ്റ്റിന് ശേഷം; ഭീകരരെ കുടുക്കാൻ എൻഐഎ നടത്തിയത് പഴുതടച്ച നീക്കം
പെരുമ്പാവൂർ: എൻ ഐ ഐ സംഘത്തിന്റെ കോൾ എത്തിയതോടെ പെരുമ്പാവൂരിൽ സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെഡി. ഒരു സംഘം കണ്ടന്തറയ്ക്കും മറ്റൊരുസംഘം വഞ്ചിനാടിനും പുറപ്പെട്ടു. പുലർച്ചെ 2 മണിയോടെയായിരുന്നു എൻ ഐ എ സംഘത്തിനൊപ്പം പൊലീസ് സംഘം പുറപ്പെട്ടത്. 2 പേരെ അറസ്റ്റുചെയ്യാനുണ്ടെന്ന് വെളിപ്പെടുത്തിയ എൻ ഐ എ സംഘം ഇവർ താമസിക്കുന്ന കെട്ടിടങ്ങളെക്കുറിച്ചുള്ള വിവരവും പൊലീസിന് നൽകിയിരുന്നു.
ലക്ഷ്യസ്ഥാനത്തെത്തിയ പൊലീസ് സംഘം പരിസരം നിരീക്ഷിച്ചു. പ്രതി വീട്ടിലുണ്ടെന്ന് ഉറപ്പുവരുത്തി. വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. മുൻകരുതലുകൾ പൂർത്തിയാപ്പോൾ പൊലീസ് സംഘം വിവരം എൻ ഐ എ സംഘത്തെ അറിയിച്ചു. ഉടൻ ഇവർ കതകിൽ മുട്ടിവിളിച്ചു. മുറഫ് മുറിതുറന്ന് പുറത്തുവന്നു. വിവരമറിയിച്ചപ്പോൾ എൻ ഐ എ സംഘവുമായി അധിക ഒച്ചപ്പാടില്ലാതെ വാഗ്വാദം.
താൻ തെറ്റുചെയ്തിട്ടില്ലന്നും ഭാര്യയും മക്കളുമായി പണിയെടുത്ത് കഴിയുകയാണെന്നും മറ്റും പറഞ്ഞായിരുന്നു നേരിയ പ്രതിഷേധം. ഉദ്യോഗസ്ഥർ സ്വരം കടുപ്പിച്ചപ്പോൾ മുഷറാഫ് ഉദ്യോഗസ്ഥർക്കൊപ്പം വീട്ടിൽ നിന്നിറങ്ങി വാഹനത്തിൽ കയറി. വാഹനം നേരെ കൊച്ചി എൻ ഐ എ ആസ്ഥാനത്തേയ്ക്ക് യാത്രയായി.ആകെ 10-15 മിനിട്ടിനുള്ളിൽ കാര്യങ്ങൾ ശുഭം.
കണ്ടന്തറയിലും കാര്യങ്ങൾ ഏറെക്കുറെ ഇതിന് സാമനമായിരുന്നെന്നാണ് അറിയുന്നത്. അൽഅമീൻ ഫുട്സ് എന്ന സ്ഥാപനത്തിന്റെ മുകൾ നിലയിൽ കേസിലെ ഒരു പ്രതിയുണ്ടെന്ന് മാത്രമാണ് പൊലീസിനെ അറിയിച്ചത്. ഇതുപ്രകാരം പൊലീസ് കെട്ടിടത്തിൽ നിന്നും ആരും പുറത്തുചാടി രക്ഷപെടാതിരിക്കാൻ സുരക്ഷയൊരുക്കി. പിന്നാലെ എൻ ഐ എ സംഘമെത്തി യാക്കൂബിനെ കസ്റ്റഡിയിലെടുത്തു. ഇവിടെയും ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷ്യം സാധിച്ച് എൻ ഐ എ സംഘം മടങ്ങി.
ഈ രണ്ട് പേരെയും എൻ ഐ എ സംഘം പൊക്കിയത് കെട്ടിട ഉടമകളും സമീപത്തെ താമസക്കാരിൽ ചിലരുമല്ലാതെ കാര്യമായി ആരും തന്നെ റിഞ്ഞിരുന്നില്ല. കസ്റ്റഡിയിലെടുത്ത ആളെക്കുറിച്ച് പൊലീസ് സംഘം അറിഞ്ഞതുപോലും എൻ ഐ എ വെളിപ്പെടുത്തിയപ്പോൾ മാത്രമാണ്.
കേരളത്തിൽ പിടിയിലായ മൂന്നു ഭീകരർ മൂന്നു സ്ഥലങ്ങളിൽ താമസിച്ചപ്പോൾ മൂർഷിദാബാദിൽ അറസ്റ്റിലായത് ആറിടങ്ങളിൽ നിന്നാണ്. സാധാരണക്കാരെ പോലെ താമസിച്ച് ജോലി ചെയ്ത് ഭീകര പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയായിരുന്നു ഇവരെന്നാണ് വ്യക്തമാകുന്നത്. ആർക്കും സംശയം തോന്നാതിരിക്കാനാണ് ഇവർ സാധാരണ ജോലികളിൽ ഏർപ്പെട്ടിരുന്നത്. എന്നാൽ സ്ഥിരമായി ഒരു ജോലിക്കും ഇവർ പോയിരുന്നില്ല എന്നും വ്യക്തമാകുന്നുണ്ട്.
പ്രതികൾ പരസ്പരം ബന്ധപ്പെട്ടിരുന്നു എന്നതു സംബന്ധിച്ച് എൻഐഎ അന്വേഷണ സംഘത്തിന് കൃത്യമായ വിവരം ലഭിച്ചിരുന്നു. പ്രതികളിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയ നാടൻ തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ സ്വയരക്ഷയ്ക്കായി കരുതിയതാണ് എന്നാണ് വിലയിരുത്തൽ. പെട്ടെന്ന് പൊലീസിൽ നിന്നൊ മറ്റേതെങ്കിലും ഏജൻസികളിൽ നിന്നൊ ഒരു ആക്രമണമുണ്ടായാൽ കരുതൽ എന്ന നിലയിലാണ് ഇവർ ഇത് കരുതിയിരുന്നത്. എന്നാൽ അർധരാത്രിയിൽ ഒരു തിരച്ചിൽ ഇവർ പ്രതീക്ഷിച്ചിരുന്നില്ല എന്നത് തീവ്രവാദി സംഘത്തിന് തിരിച്ചടിയാകുകയായിരുന്നു.