- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് എട്ടു മണിക്കൂർ പിന്നിട്ടു; പുറത്ത് പ്രതിഷേധക്കടലുമായി പ്രതിപക്ഷ യുവജന സംഘടനകൾ; പാലക്കാട്ടെ യൂത്ത് കോൺഗ്രസ് മാർച്ചിൽ വി ടി ബൽറാം എംഎൽഎയെ വളഞ്ഞിട്ട് അടിച്ചു പൊലീസ്: തലയ്ക്ക് പരിക്കേറ്റ ബൽറാം പ്രതിഷേധിച്ചത് ചോരയിൽ കുളിച്ച്; സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ശ്രമമെന്ന് എംഎൽഎ; സമരപാതയിൽ നിന്നും പിന്നോട്ടില്ലെന്ന് ഷാഫി പറമ്പിൽ; ജലപീരങ്കിയും ലാത്തിച്ചാർജ്ജുമായി തെരുവികൾ ആകെ ബഹളമയം
കൊച്ചി: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ എൻഐഎ ഓഫീസിൽ മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യൽ ഒമ്പതാം മണിക്കൂറിലേക്ക് നീണ്ടു. മന്ത്രിയെ ചോദ്യം ചെയ്യുമ്പോഴും പുറത്തു പ്രതിഷേധക്കടലാണ് ഉടലെടുത്തിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തെരുവുകളിൽ അങ്ങോളമിങ്ങോളം പ്രക്ഷോഭങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സമരം നടത്തി. പാലക്കാട്ടു നടന്ന സമരത്തിൽ വി ടി ബൽറാം എംഎൽഎ അടക്കമുള്ളവർക്ക് പരിക്കേറ്റു.
മാർച്ച് ഉദ്ഘാടനം ചെയ്ത വി.ടി ബൽറാം എംഎൽഎ അടക്കം നിരവധിപ്പേർക്ക് പരിക്കേറ്റു. ഉദ്ഘാടം കഴിഞ്ഞ ഉടൻ തന്നെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. എംഎൽഎയെ പൊലീസ് വളഞ്ഞിട്ട് അടിച്ചുവെന്നാണ് റിപ്പോർട്ട്. തലയ്ക്ക് പരിക്കേറ്റ ബൽറാം ചോരയിൽ കുളിച്ചാണ് പിന്നീട് പ്രതിഷേധത്തിൽ പങ്കെടുത്തതും സംസാരിച്ചതും. ആരുടെയോ ആജ്ഞാനുസരണം പ്രതിഷേധ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ശ്രമം നടത്തിയവർക്കെതിരെ അന്വേഷണം വേണമെന്ന് ബൽറാം ആവശ്യപ്പെട്ടു. എന്ത് പ്രകോപനത്തിന്റെ പേരിലാണ് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തവരെ പൊലീസ് മർദിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
യാതൊരു നീതീകരണമില്ലാത്ത ആക്രമണമാണ് ഉണ്ടായത്. ഇക്കാര്യത്തിൽ അതിശക്തമായ അന്വേഷണം ഉണ്ടാകണം എന്നാണ് ആവശ്യപ്പെടുന്നത്. പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തക ശില്പയെ നാഭിക്ക് ചവിട്ടിയ പൊലീസുകാരനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. വനിതാപൊലീസ് ആയിരുന്നില്ല വനിതാപ്രവർത്തകയെ അതിക്രൂരമായി മർദിച്ചത്. എംഎൽഎ ആയ എനിക്ക് മർദനമേറ്റു. നിരവധി പ്രവർത്തകർക്ക് മർദനമേറ്റു. എന്തുപ്രകോപനമുണ്ടായതിന്റെ പേരിലാണ് പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചതെന്ന് വ്യക്തമാക്കണമെന്നും ബൽറാം ആവശ്യപ്പെട്ടു.
ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പോലും രോമത്തിന് പരിക്കേറ്റിട്ടില്ല. ഒരു കല്ലുപോലും സമരക്കാരുടെ ഭാഗത്ത് നിന്ന് പൊലീസിന്റെ നേരെ എറിഞ്ഞിട്ടില്ല. ഇത്തരത്തിലുള്ള ലാത്തിചാർജും നരനായാട്ടും നടത്താനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ഡി.വൈ.എസ്പി പ്രകോപിതനായി സമാധാനപരമായി പ്രതിഷേധം നടത്തിയ പ്രവർത്തകരെ പിടിച്ച് വലിച്ചിഴച്ചു. ഒരു പ്രവർത്തകന്റെ കൈപൊട്ടി എല്ലൊടിയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. പൊലീസ് രാജിനെതിരെ കർശന നടപടി ഉണ്ടാകണം. ബൽറാം പറഞ്ഞു.
അതേസമയം മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ രക്തത്തിൽ മുക്കി കൊല്ലാമെന്ന് കരുതേണ്ടെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ പ്രതികരിച്ചു. പാലക്കാട്ടെ യൂത്ത് കോൺഗ്രസ്സ് മാർച്ചിന് നേരെ നടന്നത് പൊലീസ് ഗുണ്ടകളുടെ വിളയാട്ടമാണെന്ന് ഷാഫി ഫേസ്ബുക്കിൽ കുറിച്ചു. പൊലീസ് മർദ്ദനത്തിൽ വി.ടി ബൽറാം എംഎൽഎ ഉൾപ്പടെ നിരവധി സഹപ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. സമരങ്ങളെ രക്തത്തിൽ മുക്കി കൊല്ലാനുള്ള സർക്കാർ നിർദ്ദേശം നടപ്പിലാക്കുന്നവരോട് പറയുന്നു, ഇതൊന്നും കണ്ട് സമര പാതയിൽ പുറകോട്ടില്ല. പ്രിയപ്പെട്ട വി ടി ക്കും പോരാളികൾക്കും സമരാഭിവാദ്യങ്ങൾ- ഷാഫി പറമ്പിൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഇന്ന് പുലർച്ചെ ആറ് മണിക്കാണ് ജലീൽ എൻഐഎ ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായത്. രാത്രി തന്നെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സ്വന്തം ഔദ്യോഗികവാഹനത്തിൽ പുറപ്പെട്ട മന്ത്രി കെ ടി ജലീൽ, പുലർച്ചെ ഒന്നരയോടെയാണ് സുഹൃത്തും മുൻ സിപിഎം എംഎൽഎയുമായ എ എം യൂസഫിനെ ഒരു വണ്ടി വേണമെന്നാവശ്യപ്പെട്ട് വിളിക്കുന്നത്. മന്ത്രി പുലർച്ചെയാണ് നേരിട്ട് വിളിച്ച് സ്വകാര്യ വാഹനം ആവശ്യപ്പെട്ടതെന്നാണ് സിപിഎം നേതാവ് എ എം യൂസഫ് പ്രതികരിച്ചത്. പുലർച്ചെയോടെ കളമശ്ശേരിയിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ വണ്ടി എത്തിക്കാനാണ് ആവശ്യപ്പെട്ടത്. അതനുസരിച്ച് പുലർച്ചെ നാലരയോടെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ വണ്ടി കൊണ്ടു വന്നു. ഈ വണ്ടിയിൽ കയറി മന്ത്രി പുലർച്ചെ അഞ്ചരയോടെ എൻഐഎ ഓഫീസിലെത്തി.
എൻഐഎ ഓഫീസിലുണ്ടായിരുന്ന സാധാരണ സുരക്ഷാ ഉദ്യോഗസ്ഥർ അമ്പരന്നു. മന്ത്രി ഇത്ര നേരത്തേ വരുമെന്ന് അവർ കരുതിയിരുന്നില്ല. തുടർന്ന് എല്ലാവരും ഉണർന്ന് എത്തി, ഗേറ്റൊക്കെ തുറന്ന് മന്ത്രിയെ അകത്തേയ്ക്ക് വിളിക്കുന്നത് വരെ അദ്ദേഹം വണ്ടിയിൽത്തന്നെ ഇരുന്നു. അതിന് ശേഷം വണ്ടി അകത്തേയ്ക്ക് കയറ്റി അദ്ദേഹം എൻഐഎ ഓഫീസിലേക്ക് കയറിപ്പോകുമ്പോൾ, സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകൻ 'മിനിസ്റ്റർ, എന്തെങ്കിലും പറയാനുണ്ടോ' എന്ന് ചോദിക്കുന്നത് ദൃശ്യങ്ങളിൽ കേൾക്കാം. മന്ത്രി അത് ഗൗനിക്കാതെ നടന്നുപോയി. വാതിൽക്കൽ നിന്ന് കൈ സാനിറ്റൈസ് ചെയ്ത് വീണ്ടും അകത്തേയ്ക്ക്.
അതിന് ശേഷം, ഉദ്യോഗസ്ഥരെത്തുന്നത് വരെ മന്ത്രി എൻഐഎ ഓഫീസിൽ കാത്തിരുന്നു. മന്ത്രി നേരത്തേ എത്തിയതറിഞ്ഞ് എട്ടേകാലോടെത്തന്നെ എൻഐഎ ഉദ്യോഗസ്ഥരുമെത്തി. അവിടെ നിന്ന് പുലർച്ചെ എട്ടരയോടെ ചോദ്യം ചെയ്യൽ തുടങ്ങി. ചോദ്യം ചെയ്യൽ ഓൺലൈനിലാക്കാൻ കഴിയുമോ എന്നും, രാത്രിയാക്കാമോ എന്നും, ചോദിച്ചെങ്കിലും കഴിയില്ലെന്ന മറുപടി എൻഐഎ ഉദ്യോഗസ്ഥർ നൽകിയെന്നാണ് സൂചന. അതേത്തുടർന്നാണ് മന്ത്രി ചോദ്യം ചെയ്യലിന് നേരിട്ടെത്തിയത്. പകൽ ചോദ്യം ചെയ്യലിനെത്തിയാൽ മാധ്യമങ്ങളുണ്ടാകുമെന്ന് കരുതിത്തന്നെയാണ് ജലീൽ അതിരാവിലെ, എൻഐഎ ഓഫീസ് ഉണരും മുമ്പ് തന്നെ ഓഫീസിലെത്തിയതും, ചോദ്യം ചെയ്യലിന് ഹാജരായതും.
ഇന്നലെ രാത്രി എൻഫോഴ്സ്മെന്റ് ഓഫീസിൽ എൻഐഎ സംഘമെത്തി ജലീലിന്റെ മൊഴി പരിശോധിച്ചിരുന്നു. വ്യാഴാഴ്ച രാത്രി 7.30-നാണ് ജലീൽ എൻഫോഴ്സ്മെന്റ് ഓഫീസിൽ ആദ്യം എത്തിയത്. 11 മണി വരെ ഓഫീസിൽ തുടർന്നു. പിന്നീട് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി എന്നാണ് വിവരം. യുഎഇയിൽ നിന്ന് ഖുർആൻ എത്തിച്ചത് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് വ്യാഴാഴ്ച ജലീൽ എൻഫോഴ്സ്മെന്റിന് വിശദീകരണക്കുറിപ്പ് എഴുതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച എൻഫോഴ്സ്മെന്റ് ജലീലിനെ ചോദ്യം ചെയ്യൽ തുടർന്നതെന്നും കൊച്ചി ബ്യൂറോ റിപ്പോർട്ട് ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ