ന്യൂഡൽഹി: ഐഎസ് ബന്ധം ആരോപിക്കപ്പെട്ട ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാന് മേൽ കുരുക്കു മുറുകുന്നു. ഷെഫിൻ ജഹാനെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ വിളിച്ചു വരുത്തി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഷെഫിന് ഐഎസ് തീവ്രവാദികളുമായുള്ള ബന്ധം സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ നടന്നത്. ഇന്ന് രാവിലെ എൻഐഎ ഡിവൈഎസ്‌പി വിക്രമിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. ഐഎസ് തീവ്രവാദികളുമായുള്ള ബന്ധത്തെ കുറിച്ചാണ് ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞത്. സോഷ്യൽ മീഡിയയിലൂടെ അടക്കം ഷെഫിൻ ജഹാൻ തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നു എന്നതിന് തെളിവുകൾ നേരത്തെ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു.

ഹാദിയയുമായുള്ള വിവാഹത്തിന് മുമ്പാണ് ഷെഫിന് തീവ്രവാദികളുമായി ബന്ധമുണ്ടായിരുന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ഷെഫിൻ ജഹാന് തീവ്രവാദ ബന്ധങ്ങളുണ്ടെന്നാണ് ഹാദിയയുടെ അച്ഛൻ അശോകൻ ആരോപിച്ചിരുന്നു. സുപ്രീംകോടതിയിൽ വരെ ഷെഫിന്റെ തീവ്രവാദ ബന്ധം ചർച്ചയാകുകയും ചെയ്തു. മകളെ മതം മാറ്റി ഐഎസിൽ ചേർക്കുമെന്നും സിറിയയിലേക്ക് കടത്തുമെന്നും അശോകൻ ആരോപിച്ചിരുന്നു.

ഷെഫിൻ ജഹാന്റെ തീവ്രവാദ ബന്ധവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് എൻഐഎ നടത്തിയിരിക്കുന്നത്. ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന അശോകന്റെ വാദങ്ങളെ ശരിവെയ്ക്കുന്ന കണ്ടെത്തലുകളാണ് എൻഐഎ നടത്തിയിരിക്കുന്നത്. തീവ്രവാദ ബന്ധം ശരിവെയ്ക്കുന്ന വീഡിയോകൾ അശോകൻ സുപ്രീം കോടതിയിൽ ഹാജരാക്കിയിരുന്നു. ഹാദിയയുമായുള്ള വിവാഹത്തിന് മുൻപ് ഷെഫിൻ ജഹാന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടായിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് എൻഐഎ ഇപ്പോൾ നടത്തിയിരിക്കുന്നത്.

ഐസിസ് ബന്ധമാരോപിക്കപ്പെടുന്ന മലയാളികളായ മൻസീദ്, സഫ്വാൻ എന്നിവരുമായി ഷെഫിൻ ജഹാൻ ബന്ധപ്പെട്ടിരുന്നുവെന്നാണ് എൻഐഎ കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മാത്രമുള്ള ഫേസ്‌ബുക്ക് ഗ്രൂപ്പിൽ ഇവരുമായി ഷെഫിൻ ജഹാൻ ചാറ്റ് ചെയ്യാറുണ്ടെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ ഐസിസ് തീവ്രവാദികളുമായുള്ള ബന്ധത്തെ കുറിച്ചാണ് ഷെഫിനിൽ നിന്നും ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞത്.

ഒമർ അൽ ഹിന്ദി കേസിൽ കുറ്റാരോപിതരാണ് മൻസീദ്, സഫ്വാൻ എന്നിവർ. കഴിഞ്ഞ ഒക്ടോബറിലാണ് ഐസിസ് ബന്ധം ആരോപിച്ച് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ എൻഐഎ കുറ്റപത്രവും സമർപ്പിച്ചിരുന്നു. ഹൈക്കോടതി ജഡ്ജിമാരെയും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരേയും ലക്ഷ്യം വെച്ച് ഐസിസുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഹാദിയ കേസ് കോടതിയുടെ പരിഗണനയിലിക്കേ മൻസീദും ഷെഫിൻ ജഹാന്റെ സുഹൃത്തായ മുനീറും ചേർന്നാണ് ഇരുവരുടേയും വിവാഹം നടത്തിയതെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. അല്ലാതെ വേ ടുനിക്കാഹ് എന്ന മാട്രിമോണിയൽ സൈറ്റ് വഴിയല്ല ഹാദിയയും ഷെഫിനും കണ്ടു മുട്ടിയത് എന്നും എൻഐഎ കണ്ടെത്തിയിരിക്കുന്നു. സൈനബയുടെ പരിചയക്കാരനാണ് മുനീർ എന്നും കണ്ടെത്തിയിട്ടുണ്ട്.

വേ ടു നിക്കാഹ് എന്ന വെബ്സൈറ്റിൽ 2015 സെപ്റ്റംബർ 19ന് ആണ് ഷെഫിൻ ജഹാൻ തന്റെ പേര് രജിസ്റ്റർ ചെയ്യുന്നത്. 2016 ഏപ്രിൽ 17ന് ഹാദിയയുടേ പേര് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്നു. ഹൈക്കോടതി ഹാദിയയുടെ ഗാർഡിയൻ ആയി നിയോഗിച്ച സൈനബയാണ് തന്റെ മകളുടെ പേരിനൊപ്പം ഹാദിയയുടെ പേരും മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്തത്.

വെബ്സൈറ്റിലെ ഹാദിയയുടേയും ഷെഫിൻ ജഹാന്റെയും പ്രൊഫൈലുകളിൽ ബന്ധപ്പെടാനുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് ഈ സൈറ്റ് വഴി മറ്റാരുടേയും സഹായമില്ലാതെ ഇവർ പരസ്പരം ബന്ധപ്പെട്ടുവെന്നത് വിശ്വസിക്കാനാവില്ലെന്ന് എൻഐഎ പറയുന്നു. ഷെഫിനും ഹാദിയയും ഈ വെബ്സൈറ്റിൽ പരസ്പരം പ്രൊഫൈലുകൾ സന്ദർശിച്ചിട്ട് പോലുമില്ലത്രേ

പ്രൊഫൈൽ രൂപീകരിച്ച ശേഷം 49 പ്രൊഫൈലുകളാണ് ഹാദിയ സന്ദർശിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിൽ ഷെഫിന്റെ പ്രൊഫൈൽ ഇല്ല. 67 പ്രൊഫൈലുകൾ സന്ദർശിച്ച ഷെഫിൻ ഹാദിയയുടെ പ്രൊഫൈലും കണ്ടിട്ടില്ല.അതേസമയം ഷെഫിൻ ജഹാനുമായി ബന്ധപ്പെട്ട 5 പേർ ഹാദിയയുടെ വിവരങ്ങൾ സൈറ്റിൽ നിന്നും ശേഖരിച്ചതായി എൻഐഎ കണ്ടെത്തിയിരിക്കുന്നു. അതായത് 2016 ഡിസംബർ 31ന് വിവാഹിതരാകുന്നത് വരെ ഇരുവർക്കും പരസ്പരം അറിയില്ലായിരുന്നു എന്നാണ് എൻഐഎ വാദം.

ഹാദിയയ്ക്ക് ഷെഫിന്റെ വിവാഹാഭ്യർത്ഥന വന്നത് 2016 ഓഗസ്റ്റിലാണ്. ഇത് മുനീർ വഴിയാണെന്ന് എൻഐഎ സംശയിക്കുന്നു. ഈ കാലയളവിൽ ഷെഫിൻ, മൻസീദ്, സഫ്വാൻ എന്നിവർ പരസ്പരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവർ മൂവർക്കുമിടയിലെ കണ്ണി മുനീർ ആയിരുന്നുവെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ നിഗമനം.

ഹാദിയയുടെ അച്ഛൻ പരാതിയുടെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ മെയിലാണ് ഷെഫിനുമായുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. നിർബന്ധിത മതപരിവർത്തനം മറച്ച് പിടിക്കുന്നതിനുള്ള തന്ത്രം മാത്രമായിരുന്നു ഹാദിയയുടെ വിവാഹം എന്നാണ് ആരോപിക്കപ്പെടുന്നത്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിൻ സമർപ്പിച്ച ഹൈക്കോടതി സുപ്രീം കോടതി ജനുവരിയിലാണ് പരിഗണിക്കുന്നത്.

നിലവിൽ ഹാദിയയെ സുപ്രീം കോടതി പഠനം തുടരുന്നതിന് വേണ്ടി സേലത്തെ ശിവരാജ് ഹോമിയോപതി മെഡിക്കൽ കോളേജിലേക്ക് അയച്ചിരിക്കുകയാണ്. ഹാദിയയെ അച്ഛനൊപ്പമോ ഭർത്താവിനൊപ്പമോ വിടാൻ സുപ്രീം കോടതി തയ്യാറായില്ല. ഹാദിയ കേസിലെ തീവ്രവാദ ബന്ധം അന്വേഷിക്കുന്നതിന് വേണ്ടിയാണ് കോടതി എൻഐഎയെ ചുമതലപ്പെടുത്തിയിരുന്നത്. നിർബന്ധിത മതപരിവർത്തനം നടന്നു എന്നാണ് എൻഐഎ റിപ്പോർട്ടിൽ പറയുന്നത്.

വൈക്കം സ്വദേശി അശോകന്റെ മകളായ അഖില സേലത്ത് ഹോമിയോ കോളജിൽ പഠിക്കുന്നതിനിടെയാണ് ഇസ്ലാം മതം സ്വീകരിച്ച് ഹാദിയ എന്ന പേര് സ്വീകരിച്ചത്. തുടർന്ന് 2016 ഡിസംബറിൽ കൊല്ലം സ്വദേശിയായ ഷെഫിൻ ജഹാനെ വിവാഹം കഴിച്ചു. ഇക്കഴിഞ്ഞ മേയിലാണ് ഷെഫീനുമായുള്ള അഖിലയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. രക്ഷിതാക്കളുടെ സാന്നിദ്ധ്യമില്ലാതെ വിവാഹം നടത്തിയെന്ന് നിരീക്ഷിച്ചു കൊണ്ടായിരുന്നു കോടതിയുടെ നടപടി. വിവാഹം റദ്ദാക്കി അഖിലയെ തിരികെ വീട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹർജി അനുവദിച്ചു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

എന്നാൽ ഇതിനെതിരെ ഷെഫിൻ സമർപ്പിച്ച ഹർജി ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നവംബർ 27ന് കേസ് പരിഗണിച്ച കോടതി അഖിലയെ സേലത്തെ കോളേജിൽ മെഡിക്കൽ പഠനം തുടരാൻ അനുവദിച്ചിരുന്നു.