കൊച്ചി: പാക്കിസ്ഥാൻ ബന്ധമുള്ള ആയുധക്കടത്തിൽ അങ്കമാലിയിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) റെയ്ഡ് നടത്തി. കേസിൽ നേരത്തേ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് അറസ്റ്റുചെയ്തിരുന്ന ശ്രീലങ്കൻ പൗരൻ സുരേഷ് രാജ വാടകയ്ക്കു താമസിച്ചിരുന്ന അങ്കമാലി കിടങ്ങൂരിലെ വീട്ടിലായിരുന്നു റെയ്ഡ്.

സുരേഷ് കഴിഞ്ഞ ഒരു വർഷമായി ഇവിടെ കുടുംബസമേതം വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. സുരേഷിന്റെ അനുജനും സുഹൃത്തും നെടുമ്പാശ്ശേരിയിൽ വാടകയ്ക്കു താമസിച്ചിരുന്നു.

മത്സ്യബന്ധന ബോട്ടിൽനിന്ന് മയക്കുമരുന്നിനൊപ്പം പിടികൂടിയ ആയുധങ്ങളെക്കുറിച്ചാണ് എൻ.ഐ.എ. അന്വേഷിക്കുന്നത്. അഞ്ച് എ.കെ. 47 തോക്കുകളാണ് സുരേഷ് ഉൾപ്പെടുന്ന സംഘത്തിൽനിന്നു പിടിച്ചെടുത്തത്. പാക്കിസ്ഥാനിൽനിന്നാണ് മയക്കുമരുന്നും ആയുധങ്ങളും എത്തിയതെന്ന് എൻ.ഐ.എ. അന്വേഷണത്തിൽ കണ്ടെത്തി. സുരേഷിന് ആയുധക്കടത്തിൽ പങ്കുണ്ടെന്നാണ് എൻ.ഐ.എ. കരുതുന്നത്.

ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിലുള്ള എൻ.ഐ.എ. സംഘമാണ് റെയ്ഡ് നടത്തിയത്.