കോഴിക്കോട്: മുസ്ലിംങ്ങളല്ലാത്തവരെ വിഷം നൽകി കൊല്ലാനും കേരളത്തിൽ ഐ.എസ്(ഇസ്ലാമിക് സ്റ്റേറ്റ്) പദ്ധതിയിട്ടതായി എൻ.ഐ.എ. മലയാളി തീവ്രവാദികളിൽ നിന്ന് ബോംബ് നിർമ്മിക്കാനുള്ള സാമഗ്രികൾ പിടിച്ചെടുത്തതിനു പുറമെ വിഷം സമാഹരിക്കാനുള്ള നീക്കങ്ങൾ നടത്തിയതായും ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) കണ്ടെത്തി. 2016 ഒക്ടോബർ രണ്ടിന് കണ്ണൂർ, കനകമലയിൽ ഐ.എസ് കേസിൽ അറസ്റ്റിലായവരിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ എൻ.ഐ.എക്കു ലഭിച്ചത്.

ഭക്ഷണത്തിൽ വിഷം കലർത്തിയും റെയിൽ പാളം തെറ്റിച്ചും അമുസ്ലിംങ്ങളെ കൊലപ്പെടുത്തണമെന്ന ആഹ്വാനവുമായി കഴിഞ്ഞ മാസം അബ്ദുൽ റാഷിദ് അബ്ദുള്ള രംഗത്ത് വന്നിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിലെത്തിയ മലയാളികളുടെ നേതാവാണ് കാസർകോട്ടുകാരൻ അബ്ദുൽ റാഷിദ്. റാഷിദിന്റെ ശബ്ദസന്ദേശം ശരിവെയ്ക്കും തരത്തിലാണ് നേരത്തെ അറസ്റ്റിലായ കനകമല ടീം നീക്കം നടത്തിയിരുന്നുവെന്നതാണ് എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രം വ്യക്തമാക്കുന്നത്. മുസ്ലിംങ്ങളല്ലാത്തവരോട് യുദ്ധം പ്രഖ്യാപിക്കണമെന്നും ഇവരെ ഏതു വിധേനയും കൊലപ്പെടുത്തണമെന്നുമാണ് ആഗോള ഭീകരവാദ സംഘടനയായ ഐ.എസിന്റെ വാദം. ഈ ആശയത്തെ പിൻതുടർന്നാണ് വിഷ പ്രയോഗം അടക്കമുള്ളവ ഐ.എസ് നടത്തുന്നതെന്നാണ് നിരീക്ഷിക്കുന്നത്.

ദക്ഷിണേന്ത്യയിൽ ഐ.എസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് രൂപീകരിച്ച 'അൻസാറുൽ ഖിലാഫ കേരള' യുടെ നേതൃത്വത്തിലായിരുന്നു ഈ നാക്കങ്ങൾ നടത്തിയിരുന്നത്. കണ്ണൂർ സ്വദേശി മൻസീദ് എന്ന മൻസി ബുറാഖ്, കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ള മംഗലശ്ശേരി, സ്വാലിഹ് മുഹമ്മദ്, റാഷിദ് അലി, റംഷാദ്, മുഹമ്മദ് ഫയാസ്, സിദ്ദീഖുൽ അസ്ലം, സഫുവാൻ, ജാസിം, മുഈനുദ്ദീൻ പാറക്കടവത്ത്, മുജീബുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേരളത്തിൽ ഐ.എസ് ആക്രമണങ്ങൾക്ക് പദ്ധതിയിട്ടതെന്ന് എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റിലെത്തി യുദ്ധത്തിൽ പങ്കെടുത്ത് മടങ്ങിയ മലയാളിയായ സുബ്ഹാനി ഹാജക്കെതിരെ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലും കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രങ്ങളുടെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു.

ഒമർ അൽ ഹിന്ദി കേസിൽ എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിനു പുറമെ, കനകമലയിൽ നിന്ന് അറസ്റ്റിലായ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകർ വിഷം സംഭരിക്കാനുള്ള നീക്കങ്ങൾ നടത്തിയിരുന്നതായി കേസ് അന്വേഷിച്ച എൻ.ഐ.എ വൃത്തങ്ങളും മറുനാടൻ മലയാളിയോടു വ്യക്തമാക്കി. പ്രതി ചേർക്കപ്പെട്ട വ്യക്തികളുടെ നേതൃത്ത്വത്തിലായിരുന്നു ആയുധങ്ങളും ബോംബ് നിർമ്മാണ സാമഗ്രികളും സമാഹരിച്ചത്. ഇവർ വിഷം സംഭരിക്കാനുള്ള നീക്കങ്ങൾ നടത്തിയിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു.

ശബരിമല സീസണിൽ തീവ്രവാദ സംഘങ്ങൾ റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലുമായി ഭക്ഷണത്തിൽ വിഷം കലർത്താൻ പദ്ധതിയിട്ടിരുന്നതായി ഈയിടെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. മുസ്ലിംങ്ങളല്ലാത്തവരെ വിഷം നൽകി കൊല്ലാനായിരുന്നു അബ്ദുൽ റാഷിദ് ഓഡീയോ ക്ലിപ്പിലൂടെ ആഹ്വാനം ചെയ്തിരുന്നത്. ഇതിന് പിന്നാലെ റെയിൽവേ ഉദ്യോഗസ്ഥർ നൽകിയ മുന്നറിയിപ്പിനെ ചൊല്ലി വിവാദങ്ങൾ ഉണ്ടാകുകയും ചെയ്തു.

2016 ഒക്ടോബർ 5ന് ചെന്നൈയിൽ നിന്ന് അറസ്റ്റു ചെയ്ത സുബ്ഹാനി ഹാജ 2015 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇറാഖിലും സിറിയയിലും ഐ.എസിനു വേണ്ടി യുദ്ധത്തിൽ പങ്കടുത്തിരുന്നതായി എൻ.ഐ.എ കുറ്റപത്രത്തിൽ പറയുന്നു. യുദ്ധമുഖത്ത് നിന്ന് പരിക്കേറ്റിരുന്നതായി സമ്മതിച്ച സുബ്ഹാനിയെ 2016 ഒക്ടോബർ 21ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ഫോറൻസിക് വിദഗ്ദരുടെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

പരിശോധനയിൽ വെടിയുണ്ടകളുടെ അവശിഷ്ടങ്ങളെന്നു സംശയിക്കുന്ന ഭാഗങ്ങൾ ശരീരത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. സുബ്ഹാനി ധരിച്ചിരുന്ന ജാക്കറ്റിൽ നിന്ന് പൊട്ടാസ്യം നൈട്രേറ്റ്, പൊട്ടാസ്യം ക്ലോറൈറ്റ് എന്നിവയുടെ അംശങ്ങൾ കണ്ടെത്തി. തിരുവനന്തപുരം എഫ്.എസ്.എല്ലിൽ നടത്തിയ ഫോറൻസിക് പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. തൊടുപുഴ സ്വദേശിയായ സുബ്ഹാനി ഹാജ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഐ.പി.സി 120 ബി, 122,125, യു.എ.പി.എ 20, 38, 39 വകുപ്പുകളാണ് സുബ്ഹാനിക്ക് മേൽ ചുമത്തിയിട്ടുള്ളത്.

സുബ്ഹാനി ഭീകരസംഘടനയായ ഐ.എസിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് സ്ഥിരീകരണം കിട്ടിയിട്ടുണ്ട്. ഇറാഖിലും സിറിയയിലും അഞ്ചുമാസം താമസിച്ചെന്നും യുദ്ധം ചെയ്തെന്നും എൻ.ഐ.എ.യുടെ ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. തൊടുപുഴയിൽ താമസമുറപ്പിച്ചിട്ടുള്ള ഈ തമിഴ്‌നാട് സ്വദേശി ഇറാഖിൽനിന്നാണ് ഭീകരപ്രവർത്തനങ്ങളിൽ പരിശീലനം നേടിയത്. ഐ.എസിനായി യുദ്ധം ചെയ്യാൻ മൊസൂളിലേക്കാണ് തന്നെ നിയോഗിച്ചിരുന്നതെന്നും സുബ്ഹാനി സമ്മതിച്ചിട്ടുണ്ട്. സിറിയയിലെ പോരാട്ടത്തിനിടെ ഒപ്പമുണ്ടായിരുന്നവർ മരിക്കുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്നാണ് ഇയാൾ തിരികെ ഇന്ത്യയിലെത്തിയത്. സിറിയയിൽനിന്ന് എങ്ങനെയെങ്കിലും പുറത്തുകടക്കാൻ ഇയാൾ ആഗ്രഹിച്ചിരുന്നു.

യാത്രാരേഖകൾ ഒന്നുമില്ലാതിരുന്ന സുബ്ഹാനി, ഇസ്താംബൂളിലെ ഇന്ത്യൻ എംബസി അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. വിനോദസഞ്ചാരിയാണെന്നും പാസ്പോർട്ട് നഷ്ടപ്പെട്ടെന്നും ഇയാൾ എംബസി അധികൃതരെ വിശ്വസിപ്പിച്ചു. ഇന്ത്യയിൽ ഐ.എസ്. ശൃംഖല വളർത്തുമെന്ന് സിറിയയിലെ ഐ.എസ്.മേധാവികൾക്ക് ഉറപ്പുനൽകിയാണ് ഇയാൾ നാട്ടിലേക്ക് മടങ്ങിയത്. ഹാജി മൊയ്തീൻ, അബുമീർ എന്നീ പേരുകളിലും സുബ്ഹാനി അറിയപ്പെടുന്നു. സമൂഹമാധ്യമങ്ങൾ വഴി ഐ.എസിലേക്ക് ആകൃഷ്ടനായ ഇയാൾ ഉംറ നിർവഹിക്കാനെന്ന പേരിൽ കഴിഞ്ഞ വർഷം ചെന്നൈയിൽനിന്ന് ഇസ്താംബൂളിലേക്കു പോവുകയായിരുന്നു. അവിടെനിന്ന് പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കൊപ്പം ഇറാഖിലെത്തി.

അവിടെ മതപരിശീലനവും ആയുധപരിശീലനവും ലഭിച്ചു. താമസവും ഭക്ഷണവും കൂടാതെ മാസം 100 അമേരിക്കൻ ഡോളർ വേതനവും ലഭിച്ചു. മടങ്ങിയെത്തിയശേഷം യുവാക്കളെ ഐ.എസിൽ എത്തിക്കാനുള്ള ശ്രമങ്ങളിലായിരുന്നു ഇയാൾ. തമിഴ്‌നാട്ടിലെ ശിവകാശിയിൽനിന്ന് സ്ഫോടകവസ്തുക്കൾ വാങ്ങാൻ ശ്രമിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.