തിരുവനന്തപുരം: കേരളാ ബ്ലാസ്റ്റേഴ്‌സിന് ഭാഗ്യം കൈവിട്ട് മഞ്ഞ ജേഴ്‌സി നഷ്ടമായതോടെയോ? ഇന്നലെ വാസ്‌കോയിലെ സ്റ്റേഡിയം മഞ്ഞക്കടലായി ആർപ്പു വിളികളാൽ മുഖരിതമായപ്പോഴും ജഴ്‌സി മാത്രം ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചിരുന്നില്ല. മഞ്ഞ ജഴ്‌സി ഹൈദരാബാദിന് ലഭിച്ചപ്പോൾ കറുപ്പിൽ നീല വരയുള്ള ജഴ്‌സിയായിരുന്നു കേരളത്തിന് ലഭിച്ചത്.

ഇന്നലെ ബ്ലാസ്റ്റേഴ്‌സ് ടീം ഫൈനലിൽ കളത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം പോലും മഞ്ഞയണിഞ്ഞു പിന്തുണ അറിയിച്ചിരുന്നു. ഈ സീസണിൽ അതിമനോഹര നിമിഷങ്ങൾ നൽകിയ കേരളാ ബ്ലാസ്റ്റേഴ്‌സിനോടും ആർത്തിരമ്പിയ ലക്ഷകണക്കിന് ബ്ലാസ്റ്റേഴ്സ് ഫാൻസിനോടുമുള്ള പിന്തുണയറിയിച്ചുകൊാണ്ടായിരുന്നു നയാഗ്ര വെള്ളച്ചാട്ടം മഞ്ഞ അണിഞ്ഞത്.

'മാസ്സ് നയാഗ്ര' ക്ലബ്ബിന്റെ അഭ്യർത്ഥന പ്രകാരം സിറ്റി മേയർ ജിം ഡിയോഡാറ്റി ആണ് ഇതിനായുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയത്. ഇതിനായി മുൻകൈ എടുത്തത് കാനഡയിലെ ഒരു കൂട്ടം മലയാളി ആരാധകരായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ഫാൻ ബേസ് എത്രത്തോളം ഉണ്ടെന്നതിന്റെ തെളിവായി മാറി നയാഗ്ര പോലും മഞ്ഞ അണിഞ്ഞത്.

അതേസമയം മൂന്നാം തവണയും ഐ.എസ്.എൽ കിരീടം നഷ്ടപ്പെട്ടെങ്കിലും അടക്കാനാവാത്ത സങ്കടം ഉള്ളിലൊതുക്കി ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകനും പറയുന്നത് 'ഇട്ടിട്ടു പോകില്ല, ബ്ലാസ്റ്റേഴ്സ് ഞങ്ങൾക്ക് വെറുമൊരു ടീമല്ല വികാരമാണ് എന്നാണ്. എന്നും മഞ്ഞയണിഞ്ഞ കടൽ നിങ്ങൾക്കായി ആർത്തിരമ്പാൻ ഉണ്ടാകും'. ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയം മഞ്ഞപുതച്ചപ്പോൾ കേരളത്തിന്റെ ഓരോ തെരുവുകളിലും കൂറ്റൻ സക്രീനിൽ കളികണ്ടത് എത്ര പേരാണെന്ന കണക്കുകൾ ഇല്ല. ഒന്നുറപ്പായിരുന്നു കഴിഞ്ഞ ദിവസം കേരളം സംസാരിച്ചത് ബ്ലാസ്റ്റേഴ്സിനെ കുറിച്ചായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക കാണിക്കൂട്ടമായ മഞ്ഞപ്പടയ്ക്ക് പുറമെ കൂട്ടായ്മകൾ, സംഘടനകൾ, യുവജന ക്ലബുകൾ തുടങ്ങി വിവിധ ഗ്രൂപ്പുകൾ കൂടി സ്‌ക്രീനിങ് ഏറ്റെടുത്തതോടെ കേരളത്തിൽ എല്ലായിടത്തും ഫുട്ബോൾ നിറഞ്ഞു നിന്നു. ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആൾക്കൂട്ടം ഉണ്ടാകാറുണ്ടെങ്കിലും ഒരു ക്ലബ് ഫുട്ബോൾ ഫൈനൽ മത്സരത്തിനു വേണ്ടി ഇത്രയധികം സന്നാഹം കേരളത്തിൽ ആദ്യമായിരുന്നു.