- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈറ്റിൽ തെരഞ്ഞത് മനുഷ്യനെ കൊല്ലേണ്ട വിവിധ രീതികളെക്കുറിച്ച്; കഴുത്തിൽ എത്ര ഞരമ്പുകളുണ്ടന്നും അവയിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്ന രീതികളും പഠിച്ചെടുത്തു; കഴുത്തറുത്തുകൊല്ലാൻ പരിശീലനം തേടിയോ എന്നും സംശയം; നിഥിന മോളെ അഭിഷേക് കൊന്നു തള്ളിയത് ആലോചിച്ചുറപ്പിച്ച് തന്നെ
പാലാ: പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനി നിഥിനാമോളെ കൊലപ്പെടുത്താൻ സഹപാഠി അഭിഷേക് കൊന്നത് വ്യക്തമായ പദ്ധതിയുമായി. ഒരു മനുഷ്യനെ കൊല്ലേണ്ട വിവിധ രീതികളെക്കുറിച്ചുള്ള വിവരങ്ങൾ ആഴ്ചകൾക്കുമുമ്പേ പ്രതി വിവിധ സൈറ്റുകളിൽ തിരഞ്ഞ് മനസ്സിലാക്കിയിരുന്നു. ഞരമ്പുമുറിച്ച് മനുഷ്യരെ കൊല്ലുന്നത് സംബന്ധിച്ചാണ് കൂടുതൽ വായിച്ചത്. എവിടെയുള്ള ഞരമ്പുകൾ മുറിച്ചാൽ പെട്ടെന്ന് മരണം ഉറപ്പാക്കാമെന്ന് പരിശോധിച്ചു. അങ്ങനെ കഴുത്തിലെ ഞരമ്പിനെ ലക്ഷ്യമിട്ടു.
പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിനി നിഥിന മോളെ കഴുത്തറുത്തുകൊല്ലാൻ പ്രതി അഭിഷേകിന് പരിശീലനം കിട്ടിയോ എന്ന സംശയവും പൊലീസിനുണ്ട്. ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും. മറ്റാരുടെയും സഹായം ഉണ്ടായിട്ടില്ലെന്നാണ് അഭിഷേകിന്റെ മൊഴി. അഭിഷേകിന്റെ മൊബൈൽ ഫോൺ പരിശോധിച്ച് തുടരന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഒക്ടോബർ ഒന്നിന് പരീക്ഷയെഴുതി പുറത്തിറങ്ങിയ നിഥിനയെ സഹപാഠിയായ അഭിഷേക് പേപ്പർ കട്ടർ കൊണ്ട് കഴുത്തറുത്തുകൊല്ലുകയായിരുന്നു. രണ്ട് വർഷമായി പ്രണയത്തിലായിരുന്നെന്നും, നിഥിന പിന്മാറിയതാണ് പകയ്ക്ക് കാരണമെന്നും പ്രതി പൊലീസിനോടു പറഞ്ഞിരുന്നു.
കഴുത്തിൽ എത്ര ഞരമ്പുകളുണ്ടന്നും അവയിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്ന രീതികളും പ്രതി സൈറ്റുകളിൽ പരിശോധിച്ചിരുന്നു. കഴുത്തിൽ മുറിവേൽപ്പിക്കുമ്പോൾ മരണം സംഭവിക്കാനെടുക്കുന്ന സമയവും തിരഞ്ഞു. കൊല നടത്തിയാൽ ലഭിക്കാവുന്ന ശിക്ഷ, എടുക്കാവുന്ന കേസുകൾ എന്നിവയും മനസ്സിലാക്കി. അതിന് ശേഷമാണ് സൈക്കോയെ പോലെ നിഥിനയെ അഭിഷേക് വകവരുത്തിയത്. നിഥിനാമോളെ കൊല്ലുമെന്ന് സൂചിപ്പിച്ച് പ്രതി അഭിഷേക് സുഹൃത്തിനയച്ച വാട്സാപ്പ് സന്ദേശം പൊലീസ് കണ്ടെടുത്തു. ഇതും അന്വേഷണത്തിൽ നിർണ്ണായകമാകും.
നിഥിനാമോളെ കൊല്ലുമെന്നും അങ്ങനെ ചെയ്താൽ തൂക്കിക്കൊല്ലാൻ പോകുന്നില്ലെന്നും സൂചിപ്പിക്കുന്നുണ്ട്. സൈറ്റിൽ നിന്നും മറ്റും കിട്ടിയ അറിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ വെളിപ്പെടുത്തലുകൾ. പൈട്ടന്നുണ്ടായ വികാരത്തിൽ ചെയ്തതാെണന്നും സ്വന്തം കൈമുറിച്ച് പെൺകുട്ടിയെ പേടിപ്പിക്കാൻ കത്തി കരുതിയതാണെന്നുമുള്ള പ്രതിയുടെ വാദവും ബോധപൂർവ്വമാണ്. കുറച്ചു ശിക്ഷ കിട്ടാനുള്ള തന്ത്രം. കൊല്ലാനുപയോഗിച്ച പേപ്പർ കട്ടറിൽ പ്രതി മാറ്റങ്ങൾ വരുത്തിയതും വേഗത്തിൽ കൊല ഉറപ്പിക്കാനായിരുന്നു.
മൂർച്ചയേറിയ ബ്ലേഡ് കൂത്താട്ടുകുളത്തെ ഒരു കടയിൽനിന്ന് ഏതാനും ദിവസം മുമ്പ് വാങ്ങി സജ്ജമാക്കി. കൊലപാതകം വിവരിച്ചപ്പോൾ അഭിഷേകിന് ഭാവമാറ്റങ്ങളൊന്നുമുണ്ടായില്ല. പാലാ സെയ്ന്റ് തോമസ് കോളേജ് ക്യാമ്പസിൽ സഹപാഠി നിഥിനാമോളെ കൊലപ്പെടുത്തിയ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോൾ പ്രതി അഭിഷേക്, സാധാരണ കോളേജ് വിദ്യാർത്ഥിയെന്നപോലെയാണ് പെരുമാറിയത്. ആദ്യം പരീക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ അഭിഷേക് കോളേജിന്റെ മരത്തണലിലെ ബെഞ്ചിലാണ് നിഥിനാമോളെ കാത്തിരുന്നത്. തെളിവെടുപ്പിനെത്തിച്ചപ്പോൾ അന്ന് കാത്തിരുന്ന ബെഞ്ചിലിരുന്നു.
പിന്നീട് പെൺകുട്ടി എത്തിയപ്പോൾ ഒപ്പം നടന്നതും പിന്നെ തർക്കമുണ്ടായതും പെൺകുട്ടിയുടെ കഴുത്തിൽ പിടിച്ചതും കഴുത്തിൽ കട്ടർ ഉപയോഗിച്ച് മുറിച്ചതും വിവരിച്ചു. പൊലീസിന്റെ ചോദ്യങ്ങൾക്ക് വ്യക്തമായി മറുപടി നൽകി. നിഥിനയെ കീഴ്പ്പെടുത്തിയത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കഴുത്തിൽപ്പിടിച്ച് അനുകരിച്ച് കാണിച്ചു. കൊലപാതകം നടത്തിയപ്പോൾ പ്രതിയുടെ കൈ മുറിഞ്ഞിരുന്നു. നിഥിനയുടെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്കരിച്ചിരുന്നു. വേദനകൾ തളം കെട്ടി കിടക്കുകയാണ് നിഥിനയുടെ വീട്ടിൽ ഇപ്പോഴും.
'നിഥിന എനിക്ക് ദേവുവായിരുന്നു. എന്റെ സ്വന്തം അനിയത്തിമോൾ.' നിഥിനയെ അമ്മ വിളിച്ചിരുന്ന ദേവു എന്നപേരിൽ തന്നെയാണ് ഡോ. സുആൻ സഖറിയ സ്വന്തം ഫോണിൽ അവളുടെ കോണ്ടാക്ട് സേവ് ചെയ്തിരിക്കുന്നത്. നിഥിനയുടെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞുകൊണ്ട് അവളുടെ അമ്മ ഇരുന്നപ്പോൾ, അവർക്ക് ധൈര്യം പകർന്ന് സുആനും ഒപ്പമുണ്ടായിരുന്നു. ഈ വാർത്ത മറുനാടൻ പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെ ഡോക്ടറും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്.
കോട്ടയം മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ സുആൻ എട്ടുവർഷം മുമ്പാണ് ദേവുവിനെ പരിചയപ്പെടുന്നത്. അമ്മയുടെ രോഗവുമായി ബന്ധപ്പെട്ട ചികിത്സ മുഖേനയാണ് ബന്ധമാവുന്നത്. പിന്നെ അത് ആഴത്തിലുള്ളതായി. ഇടയ്ക്ക് ഫോണിൽ വിളിക്കും, വാതോരാതെ സംസാരിക്കും. സംഭവം അറിഞ്ഞപ്പോൾ തകർന്നുപോയി. ആശുപത്രിയിൽ എത്തുന്നതു വരെയെങ്കിലും ജീവൻ നിലനിന്നിരുന്നെങ്കിൽ ഏതറ്റംവരെയും ഞാൻ കൊണ്ടുപോകുമായിരുന്നു. പക്ഷേ, സാധിച്ചില്ല. ദേവൂന്റെ അവസാന യാത്രയിൽ ഒരുചേച്ചിയുടെ സ്ഥാനത്തുനിന്ന്, അമ്മയ്ക്കൊപ്പം കുറച്ചുസമയം നിൽക്കാൻ മാത്രമാണ് സാധിച്ചത്. - സുആൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ