പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് എൽജെപി പ്രസിഡന്റ് രാം വിലാസ് പാസ്വാനെതിരേ മരുമകൻ അനിൽകുമാർ സാധു രംഗത്തെത്തി. എൻഡിഎ സ്ഥാനാർത്ഥികളെ എല്ലാ മണ്ഡലങ്ങളിലും പരാജയപ്പെടുത്താൻ ദളിത് സേന സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്നു അനിൽകുമാർ സാധു ഭീഷണി മുഴക്കി. ദളിത് സേന പ്രസിഡന്റുകൂടിയാണു സാധു.

പ്രതിഷേധ സൂചകമായി ഞായറാഴ്ച പാസ്വാന്റെ കോലം കത്തിക്കാനും സാധുവും കൂട്ടാളികളും തീരുമാനിച്ചിട്ടുണ്ട്. ഔറംഗാബാദ് ജില്ലയിലെ കുതുംബ സീറ്റാണ് സാധു ആവശ്യപ്പെടുന്നത്. എന്നാൽ, ഈ സീറ്റ് ഹിന്ദുസ്ഥാൻ അവാം മോർച്ച് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ജിയുടെ മകൻ സന്തോഷ്‌കുമാർ സുമനു നൽകി. രാം വിലാസ്് പാസ്വാന്റെ ഇളയ സഹോദരൻ പശുപതി കുമാർ പരസ്, മറ്റൊരു സഹോദരൻ രാമചന്ദ്ര പാസ്വാന്റെ മകൻ പ്രിൻസ് രാജ് എന്നിവർക്ക് എൽജെപി സീറ്റ് നൽകി. തന്നെ മാത്രം തഴഞ്ഞുവെന്നാണ് സാധുവിന്റെ പരാതി.