സാന്റിയാഗോ: തുടർച്ചയായ രണ്ടാം കിരീടവുമായി ചിലിയിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിൽ നൈജീരിയയുടെ കുതിപ്പ്. മാലിയെ എതിരില്ലാത്ത രണ്ടു ഗോളിനു തോൽപ്പിച്ചാണ് നൈജീരിയ തുടർച്ചയായ രണ്ടാം തവണയും കിരീടത്തിൽ മുത്തമിട്ടത്.

രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളും പിറന്നത്. മെക്‌സികോയെ 3-2ന് തോൽപിച്ച് ബെൽജിയം മൂന്നാം സ്ഥാനക്കാരായി. സെമിയിൽ മെക്‌സിക്കോയെയും (4-2) ക്വാർട്ടറിൽ മുൻ ചാമ്പ്യന്മാരായ ബ്രസീലിനെയും (3-0) വീഴ്‌ത്തിയാണ് നൈജീരിയ തുടർച്ചയായ രണ്ടാം കിരീടത്തിലേറിയത്.

10 ഗോൾ നേടി ടോപ് സ്‌കോററായി നൈജീരിയയുടെ വിക്ടർ ഒസിമെനിനാണ് സുവർണപാദുകം. മൂന്നു ഗോളും മൂന്ന് അസിസ്റ്റുമായി കെലിചി വകാലി ഗോൾഡൻ ബോൾ നേടി.

നൈജീരിയ 1985, 1993, 2007, 2013 വർഷങ്ങളിലും ലോകകിരീടം നേടിയിരുന്നു. അടുത്ത ലോകകപ്പ് ഇന്ത്യയിലാണ്. 2017ലാണ് അണ്ടർ 17 ലോകകപ്പ് ഇന്ത്യയിലെത്തുന്നത്.