അബുദാബി: കാൻസർ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയായിരുന്ന നൈജീരിയക്കാരി അബുദാബിയിൽ മരിച്ചു. അബുദാബി എയർപോർട്ടിൽ വച്ച് ശാരീരികാസ്വസ്ഥത നേരിട്ട മുപ്പത്തഞ്ചുകാരിക്ക് വൈദ്യസഹായം ഉടൻ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എബോള വൈറസ് ബാധ മൂലമാണോ എന്നു സംശയിക്കുന്നതായി ഹെൽത്ത് അഥോറിറ്റി അറിയിച്ചിട്ടുണ്ട്.

കാൻസർ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയും ഭർത്താവും അബുദാബി എയർപോർട്ടിൽ വച്ച് ഫ്‌ളൈറ്റ് മാറിക്കയറുന്നതിനിടെയാണ് യുവതിക്ക് അസ്വസ്ഥത നേരിടുന്നത്. എബോള വൈറസ് ബാധിച്ചതിന്റെ ലക്ഷണങ്ങൾ യുവതി കാട്ടിയിരുന്നുവെന്നും അതിനാൽ രോഗം എബോളയാണോ എന്നു സ്ഥിരീകരിക്കുന്നതിനായി രക്തപരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. യുവതിയുടെ ഭർത്താവിനേയും  എയർപോർട്ടിൽ വച്ച് യുവതിയെ ചികിത്സിച്ചവരേയും എബോള റിസൾട്ട് വരുന്നതു വരെ ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. ഇവരിലാരും തന്നെ ഇപ്പോൾ എബോള രോഗലക്ഷണങ്ങൾ കാട്ടുന്നില്ലെന്നും പൂർണ ആരോഗ്യവാന്മാരുമാണെന്ന് മെഡിക്കൽ റിപ്പോർട്ട് പറയുന്നു.

അതേസമയം രാജ്യത്ത് എബോള പടരുമോയെന്ന സംശയം ബലപ്പെട്ടു വരികയാണ്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ കൊലവിളി നടത്തുന്ന എബോള വൈറസിനെതിരേ അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കുന്ന തണുപ്പൻ നയത്തെത്തുടർന്ന് യുഎഇയിലെങ്ങും എബോള വൈറസ് ഭീതി വർധിക്കുകയാണ്. തുടർന്ന് ഈ മാസം ആദ്യം ഗിനീയയിലേക്കുള്ള എല്ലാ വിമാന സർവീസുകളും എമിറേറ്റ്‌സ് റദ്ദാക്കിയിരുന്നു.

എബോള വൈറസിൽ നിന്ന് രാജ്യം സുരക്ഷിതമാണെന്ന് പറയുന്നുണ്ടെങ്കിലും വിമാനയാത്രക്കാർ മുഖേന രാജ്യത്ത് വൈറസിന്റെ സാന്നിധ്യം ഉണ്ടായേക്കാമെന്ന ഭയപ്പാടിലാണ് ജനങ്ങൾ. അതിന് അടിവരയിടുന്നതാണ് നൈജീരിയൻ യുവതിയുടെ യാത്രയും മരണവും.