മനാമ: ടൂറിസം നിയമങ്ങൾ പാലിക്കാത്തതിനാൽ ബഹ്‌റൈനിലെ 17 നിശാ ക്ലബ്ബുകൾ പൂട്ടി. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിലാണ് ഈ ക്ലബ്ബുകൾ പൂട്ടിയത്. ഇവയ്ക്ക് ലൈസൻസ് ഇല്ലാതിരുന്നതും ക്ലബ്ബുകളിൽ നിയമ വിരുദ്ധവും അനധികൃതവുമായ പ്രവർത്തികൾ നടന്നിരുന്നുവെന്നതും ആണ് ഇവ പൂട്ടാനുള്ള കാരണം.

11 ഫോർ സ്റ്റാർ ഹോട്ടലുകളിലായാണ് ഈ 17 നിശാ ക്ലബ്ബുകൾ പ്രവർത്തിച്ചിരുന്നത്. ക്ലബ്ബുകൾ പൂട്ടുന്നതു സംബന്ധിച്ചുള്ള അറിയിപ്പ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ നിശാ ക്ലബ്ബുകൾ പ്രവർത്തിക്കുന്നില്ല. കാപിറ്റൽ ഗവർണറേറ്റ് ചീഫ് പ്രൊസിക്യൂട്ടർ നവാഫ് അൽ അവാദി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. മനാമ, ഹൂറ, ജുഫൈർ എന്നിവിടങ്ങളിലെ ക്ലബ്ബുകളാണ് പൂട്ടിയത്.

നിശാ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളെകുറിച്ച് നിരവധി പരാതികളാണ് ലഭിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അഥോറിറ്റിയുടെ നേതൃത്വത്തിൽ ക്ലബ്ബുകൾക്കെതിരെ നടപടിയെടുത്തത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിരുന്ന മനാമയിലെ ഒരു അപ്പാർട്‌മെന്റ്ും അധികൃതർ പൂട്ടിച്ചിരുന്നു.

ക്ലബ്ബുകളിൽ എത്തുന്നവരിൽ നിന്നും കൂടുതൽ പണം ലഭിക്കാനായി നിരവധി പദ്ധതികളാണ് ഇവിടങ്ങളിൽ ആസൂത്രണം ചെയ്തിരുന്നത്. ഒരു രാത്രി മാത്രം 2,000 ദിനാറിലധികം വരെ ചെലവഴിക്കുന്നവർ ഇവിടെ എത്തിയിരുന്നതായും സൂചനകൾ ലഭിക്കുന്നു. ബഹ്‌റൈനിലെ ത്രീ സ്റ്റാർ ഹോട്ടലുകളിൽ മദ്യവും ലൈവ് സംഗീത-നൃത്ത പരിപാടികളും നിരോധിച്ചുകൊണ്ട് 2014ൽ ഉത്തരവിറക്കിയിരുന്നു. അതേ വർഷം തന്നെ ഫോർ സ്റ്റാർ ഹോട്ടലുകളിലും താൽക്കാലികമായി സംഗീത അവതരണം നിരോധിച്ചിരുന്നു.