- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
കൈവെട്ടി മാറ്റിയ മനുഷ്യനെ തലകീഴായി തൂക്കിയിടുന്നു; നീല വസ്ത്രത്തിൽ കുതിരപ്പുറത്ത് ആയുധമേന്തി! പൊലീസുകാന്റെ കൈവെട്ടിലൂടെ വീണ്ടും; ദലിത് യുവാവിനെ കൊന്നത് മതനിന്ദ ആരോപിച്ച്; കർഷക സമരത്തിന്റെ മറവിൽ ഭിന്ദ്രൻവാല തിരിച്ചുവരുമോ? ഐഎസിന്റെ സിഖ് പതിപ്പ് നിഹാംഗുകളുടെ കഥ
ഇന്ത്യയുടെ മൂൻ ആഭ്യന്തര മന്ത്രി, തന്റെ ഭരണകാല ചെയ്തികൾക്ക് പ്രായശ്ചിത്തമായി ആളുകളുടെ ചെരിപ്പ് തുടക്കേണ്ടി വന്നുവെന്ന് കേട്ടാൽ, കേരളത്തിൽ ഇരിക്കുന്ന നമുക്ക് അതും വിസ്മയമായി തോന്നും! പക്ഷേ സത്യമാണ്. മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബൂട്ടാസിങ്ങിനാണ് ആ ദുർവിധിയുണ്ടായത്. അതാണ് സിഖ് പകയും ജാത്യാഭിമാനവും. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ ഭാഗമായി ഉണ്ടായ സിഖ് കാരുടെ കൊടിയ വൈരാഗ്യം, ഇന്ദിരാഗാന്ധിയുടെ വധത്തോടെ അവസാനിക്കില്ലെന്ന് ബൂട്ടാസിങ്ങിനും നന്നായി അറിയാമായിരുന്നു.
അന്നത്തെ സർക്കാറിൽ പങ്കാളിയായിപ്പോയതിന്റെ പ്രായശ്ചിത്തത്തിനായി ഗുരദ്വാര പ്രബന്ധക് കമ്മറ്റി, വർഷങ്ങൾക്ക് ശേഷം ബൂട്ടാസിങ്ങിന് നൽകിയ ശിക്ഷയായിരുന്നു സുവർണ്ണക്ഷേത്രത്തിൽ വരുന്നുവരുടെയും പോകുന്നവരുടെയും ചെരുപ്പു തുടക്കൽ 'വഴിപാട്'. ( സവർക്കരുടെ ഷൂ നക്കൽ, ബിജെപിയെ ട്രോളാൻ ഇടക്കിടെ എടുത്തിടുന്ന കോൺഗ്രസ് നേതാക്കാൾ പക്ഷേ ബൂട്ടയുടെ ചെരുപ്പു തുടക്കൽ മറന്ന മട്ടാണ്) സിഖ് വിരുദ്ധ കലാപം വഴിയുണ്ടായ വൈരാഗ്യത്തിന് ഒരു പരിധിവരെ തടയിടാനും ബൂട്ടാസിങ്ങിനെ ഈ പ്രവർത്തികൊണ്ട് കഴിയട്ടെ എന്നാണ് അന്ന് ദ ഹിന്ദു പത്രം എഴുതിയത്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ അവർ ബൂട്ടാസിങ്ങിനെയും കൊല്ലുമായിരുന്നു. അതാണ് സിഖ് രണവീര്യം. സ്നേഹിച്ചാൽ ചങ്ക് പറിച്ചുതരും. ഇടഞ്ഞാൽ തലയെടുക്കും!
്സുവർണ്ണക്ഷേത്രത്തിൽ നടന്ന സൈനിക നടപടിയെ തുടർന്ന് ഇന്ദിരാഗാന്ധിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഐ.ബി കണ്ടെത്തിയിരുന്നു. അതിനാൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയിലുള്ള മുഴുവൻ സിഖ് ഉദ്യോഗസ്ഥരെയും പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ ഇന്ദിരാഗാന്ധി ഈ റിപ്പോർട്ട് തള്ളി. 'ആർ വി സെക്യുലർ' എന്ന ചോദ്യം കുറിച്ചിട്ടാണ് അവർ ആ ഫയൽ തള്ളിയത്. എന്നിട്ടും ഉദ്യോഗസ്ഥർ ഏറെ ശ്രദ്ധിച്ചിരുന്നു. സത്വന്ത്സിങ്ങും ബിയാന്ത്സിങ്ങും അത്രമേൽ വിശ്വസ്തരും അർപ്പണ ബോധവുമള്ളവർ ആയിട്ടാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തിയത്. പക്ഷേ അവർ തന്നെ സ്വന്തം ജീവൻ കൊടുത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ജീവനെടുത്തു! അതാണ് മതപ്പക.
ഐ.എസ് തീവ്രവാദികളും താലിബാനുമൊക്കെ ഇന്ന് തലവെട്ടുന്നതും കല്ലെറിഞ്ഞ് കൊല്ലുന്നതും, സ്വയം പൊട്ടിത്തെറിക്കുന്നതുമൊക്കെ കണ്ടിട്ടില്ലേ. അതുപോലെ ഒരു ഭീകരമായ സംഭവം ദിവസങ്ങൾക്ക് മുമ്പ്, ഈ രാജ്യത്തും സംഭവിച്ചു. ഹരിയാന-ഡൽഹി അതിർത്തിയിലെ സിംഗുവിൽ കർഷകപ്രക്ഷോഭത്തിനിടെ. മതനിന്ദ ആരോപിച്ച് ഒരു ദലിത് യുവാവിനെ ആദ്യം കൈപ്പത്തി ഛേദിച്ചും പിന്നീട്, കാൽവെട്ടിയും, മണിക്കൂറുകൾ വിചാരണ ചെയ്ത്, രക്തം വാന്നൊഴുമ്പോഴും ആർത്ത് ചിരിച്ച്, ഒടുവിൽ ഒരു പൊലീസ് ബാരിക്കേഡിൽ കൊളത്തിയിട്ട് ഭീകരമായാണ് കൊന്നത്. വാർത്ത വന്ന് മിനുട്ടുകൾ കഴിഞ്ഞില്ല, ഐ.എസും താലിബാനും ചെയ്യുന്നതുപോലെ സംഭവത്തിന്റെ ഉത്തരവാദിത്വം നിഹാംഗുകൾ എന്ന ഒരു സിഖ് വിഭാഗം ഏറ്റെടുത്തു. മതനിന്ദ തങ്ങൾ പൊറുപ്പിക്കില്ലെന്നും സിഖ്കാരെ അപമാനിച്ചാൽ ഏത് അറ്റംവരെ പോകുമെന്നും അവർ പരസ്യമായി വീഡിയോ ചെയ്യുന്നു. അവിടെയാണ് ഇന്ത്യ ഞെട്ടേണ്ടത്. നിഹാംഗുകൾ ഐ.എസിന്റെ സിഖ് പതിപ്പാണെന്ന് വിമർശനം ഉയരുന്നു. ഇവരെ നിയന്ത്രിച്ചില്ലെങ്കിൽ വീണ്ടുമൊരു ഭിന്ദ്രൻവാലക്കാലം പഞ്ചാബിൽ ഉണ്ടാകുമെന്ന് പല സാമൂഹിക നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്.
കൈവെട്ടി മാറ്റിയ മനുഷ്യനെ തലകീഴായി തൂക്കിയിടുന്നു
അഫ്ഗാനിലെ താലിബാനെ നാണിപ്പിക്കുന്ന കൊലപാതകമാണ് സത്യത്തിൽ സിംഗുവിൽ നടന്നത്. മതനിന്ദ ആരോപിച്ച് ഒരു മനുഷ്യന്റെ കൈപ്പത്തി ആദ്യം വെട്ടിമാറ്റുന്നു. പിന്നെ ആയാളുടെ കാൽ വെട്ടി മാറ്റുന്നു. എന്നിട്ട് അയാളെ തലകീഴായി കെട്ടിതൂക്കുന്നു! അതും തെരുവിലെ പൊലീസ് ബാരിക്കേഡിൽ. എന്നിട്ട് ഒരു പറ്റം ആളുകൾ ചേർന്ന അപ്പോഴും ബോധം പൂർണ്ണമായും മറഞ്ഞിട്ടില്ലാത്ത അയാളുടെ പേര് ചോദിക്കുന്നു. അതിന്റെ വീഡിയോ പിടിക്കുന്നു. മോഷണമോ പിടിച്ചുപറിയോ ബലാൽത്സംഗമോ കൊലപാതകമോ ഒന്നും അയാൾ നടത്തിയിട്ടില്ല. ഗുരുഗ്രന്ഥ സാഹിബ് എന്ന സിഖ് മതപുസ്തകത്തെ അപമാനിച്ചു എന്നതാണ് ആരോപിക്കപെടുന്ന കുറ്റം!
ഇര ലക്‌ബീർസിങ് എന്ന 35 വയസ്സുമാത്രമുള്ള എന്ന പേരുള്ള ദളിത് തൊഴിലാളിയാണെന്ന് പിന്നീട് സ്ഥിരീകരിക്കപെട്ടിരുന്നു. പഞ്ചാബിലെ താണ് താരനിലെ ചീമാ കലൻ ഗ്രാമത്തിൽനിന്നുള്ള ദളിത് സിഖുകാരനാണ് ഇദ്ദേഹം. നിഹാംഗുകളുടെ കുതിരകളെ പരിപാലിക്കുന്ന സംഘത്തിലാണ് അദ്ദേഹത്തിന്റെ ജോലി. നിഹാംഗുകൾ സദാ കുതിരപ്പുറത്താണ് ഉണ്ടാവുക. ഇയാൾ വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചുവെന്ന വാദം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ എന്ന് അറിയപ്പെടുന്ന സർവ്ജിത് സിങ് അടക്കമുള്ളവർ കേസിൽ പിടിയിലായിട്ടുണ്ട്. ലഖ്ബീർ സിംഗിനെ വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചതിന് താൻ കൊലപ്പെടുത്തിയെന്ന് സർവ്ജിത് സിങ് പറയുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. പക്ഷേ യാഥാർഥത്തിൽ മതനിന്ദ നടന്നോ എന്ന കാര്യം വ്യക്തമായിട്ടില്ല. ഒരു മതത്തെയും അപമാനിക്കേണ്ട കാര്യം ഈ ദലിത് സിഖുകാരന് ഇല്ല. ഇരുവരും തമ്മിൽ വ്യക്തിപരമായി ഉണ്ടായ പ്രശ്നം മതനിന്ദയാക്കി കൊല്ലിക്കയാണെന്നും ആരോപണമുണ്ട്. ദലിത് സിഖുകാരനും സവർണ്ണ സിഖുകാരനും തമ്മിലുള്ള പ്രശ്നവം ഇവിടെ വർക്കൗട്ട് ആയിട്ടുണ്ടോ എന്ന് ചില ആക്റ്റീവിസ്റ്റുകൾ സംശയിക്കുന്നുണ്ട്.
സംഭവത്തിൽ ഇന്ത്യാ ടുഡെ റിപ്പോർട്ട് ഇങ്ങനെയാണ്.-അഞ്ചു ദിവസം മുമ്പ് സിംഗു അതിർത്തിയിൽ എത്തിയ ലഖ്ബീർ സിങ് ഡൽഹി അതിർത്തിയോട് ചേർന്നുള്ള ആദ്യ നിഹാംഗ് ക്യാമ്പിലാണ് താമസിച്ചിരുന്നത്. പുലർച്ചെ 3 മണിയോടെ ലഖ്ബീർ സിംഗിന്റെ കൈവശം സിഖ് വിശുദ്ധ പുസ്തകമായ സർബലോ ഗ്രന്ഥം ഉണ്ടെന്ന് കണ്ടെത്തി. അവിടെയുണ്ടായിരുന്ന നിഹാങ് സിഖുകാരിൽ ഒരാൾ ലഖ്ബീറിനോട്, എന്തുകൊണ്ടാണ് സർബലോ ഗ്രന്ഥം കൊണ്ടു നടക്കുന്നതെന്ന് അന്വേഷിച്ചു. താമസിയാതെ ഇതൊരു ബഹളത്തിലേയ്ക്കു നയിച്ചു. ലഖ്ബീർ വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചുവെന്ന് ആരോപിക്കപ്പെട്ടു.അത് ആക്രമത്തിൽ കലാശിച്ചു. ലഖ്ബീറിന്റെ കൈ വെട്ടിമാറ്റി, ആൾക്കൂട്ടത്തിൽ പലരും കാലും വെട്ടിമാറ്റണമെന്ന് നിർദ്ദേശിച്ചു. രക്തം വാർന്ന് ലഖ്ബീറിന് ബോധം നഷ്ടപ്പെട്ടപ്പോൾ, അയാളെ മരിക്കാൻ വിട്ടു. പിന്നീട്, മൃതശരീരം ബാരിക്കേഡിൽ തൂക്കിയിട്ടു. പുലർച്ചെ 5 മണിയോടെ ഫോൺ കോളിലൂടെയാണ് പൊലീസ് കൺട്രോൾ റൂമിൽ സംഭവം അറിയുന്നത്. ലഖ്ബീർ സിംഗിന് ഭാര്യയും 8, 10, 12 വയസ്സുള്ള മൂന്ന് കുട്ടികളുമുണ്ട്.
എന്നാൽ ഏതെങ്കിലും മതഗ്രന്ഥത്തിന്റെയോ ചിഹ്നത്തിന്റെയോ പേരിൽ മനുഷ്യരെ കൊല്ലുന്നതിന് എതിരാണെന്ന് കർഷക സമരസമിതി നേരത്തേ അറിയിച്ചിരുന്നു. നിയമം കയ്യിലെടുക്കാനുള്ള അവകാശം ആർക്കുമില്ല. കൊലപാതകം നടത്തിയ കുറ്റവാളികളെ നിയമപ്രകാരം ശിക്ഷിക്കണമെന്നും സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു. പക്ഷേ സിഖ് സമൂഹം പൊതുവെ ഈ ക്രൂരമായ കൊലയിൽ മൗനം പാലിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ അടക്കം ഉയരുന്ന ചോദ്യം, ആരാണ് ഈ നിഹാംഗ് സിഖുകൾ എന്നാണ്
നീല വസ്ത്രത്തിൽ കുതിരപ്പുറത്ത് ആയുധമേന്തി!
ഡൽഹിയിൽ കർഷക സമരം കൊടുമ്പരികൊള്ളുമ്പോൾ, നീല പരമ്പരാഗത വസ്ത്രവും തലപ്പാവും ധരിച്ച്, പടച്ചയട്ടയണിഞ്ഞ്, ഊരിപ്പിടിച്ച വാളും കുന്തുവുമേന്തി കുതിരപ്പുറത്ത് വരുന്ന ഒരു വിഭാഗം സിഖുകൾ ഏവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു. അവരാണ് നിഹാംഗുകൾ. അകാലി അഥവാ അനശ്വരർ ആയവർ എന്നാണ് നിഹാംഗ് എന്ന വാക്കിന്റെ അർഥം. ഗുര േഹർഗോബിന്ദ് ആരംഭിച്ച അകാലിദൾ എന്നതിൽ ( മരണമില്ലാത്ത സൈന്യം, അഥവാ ദൈവത്തിന്റെ സൈന്യം) നിന്നുണ്ടായ സായുധ വിഭാഗമാണ് നിഹാംഗുകൾ എന്നതാണ് ചരിത്രം. ഡൽഹി അതിർത്തിയിലെ കർഷക സമര മുഖത്തേക്ക് അവരുടെ വരവൊന്ന് കാണേണ്ടതായിരുന്നു. കുതിരപ്പുറത്ത് സർവായുധരായി എത്തിയ അവക്കൊപ്പം, പരിശീലനം സിദ്ധിച്ച പരുന്തുകളും ഉണ്ടായിരുന്നു.
പേർഷ്യൻ ഭാഷയിൽനിന്നാണ് നിഹാംഗ് എന്ന വാക്ക് ഉദ്ഭവിച്ചത് എന്നാണ് സിഖ് ചരിത്രകാരനായ ഡോ ബൽവന്ത് സിങ്് ധില്ലൻ പറയുന്നത്്. വാളും പേനയും ഏന്തിയവൻ ്എന്നതാണ് അതിന് അർഥം. എന്നാൽ സംസ്‌കൃതത്തിലെ നിഷാംഗ് എന്ന വാക്കിനോടാണ് കൂടുതൽ സാമ്യമെന്നും ചരിത്രകാരന്മാർ സൂചിപ്പിക്കുന്നു. ഭയമില്ലാത്തവൻ, കളങ്കമില്ലാത്തവൻ എന്നൊക്കെയാണ് ഇതിന് അർഥം. വസ്ത്രത്തിലെ നീല നിറം ദേശ സ്നേഹത്തിന്റെ പ്രതീകം കൂടിയാണ്.
1699ൽ ഗുരു ഗോവിന്ദ് സിങ് ആണ് നിഹാംഗ് സൈന്യം രൂപീകരിച്ചത്. സിഖ് മതത്തിന്റെ ചരിത്രത്തിൽ നിരവധി അധിനിവേശ ശക്തികളെ പ്രതിരോധിച്ച മികച്ച യോദ്ധാക്കളാണ് ഇവർ. അതിനാൽ ആദ്യകാല സിഖ് സൈനിക ചരിത്രത്തിൽ ഇവർക്ക് പ്രമുഖ സ്ഥാനമുണ്ട്. പരമ്പരാഗതമായി യുദ്ധഭൂമിയിലെ ധീരതയ്ക്കും ക്രൂരതക്കും പേരുകേട്ട നിഹാംഗ് വിഭാഗം ഒരിക്കൽ സിഖ് സാമ്രാജ്യത്തിലെ സായുധ സേനയായ, സിഖ് ഖൽസ സൈന്യത്തിൽ സ്വന്തമായി ഗറില്ലാ വിഭാഗങ്ങൾ അടക്കം, ഉണ്ടായിരുന്നവർ ആണ്. സഹജീവികളുടെ സുരക്ഷയാണ് ഇവരുടെ ചുമതല. ഗുരുദ്വാരയുടെ കാവൽക്കാർ കൂടിയാണ് നിഹാംഗുകൾ.
സാധാരണ സിഖുകാരിൽനിന്ന് വ്യത്യസ്മായ പ്രാർത്ഥനകളും ആചാരങ്ങളുമാണ്, നിഹാംഗുകൾ പിന്തുടരുന്നത്. കർശനമായ ചിട്ടകളും കഠിനമായ ജീവിത രീതികളും പിന്തുടരുന്ന ഇവർ, പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാറില്ല. രണ്ടുനേരം പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ബി.ബി.സി അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനത്തിൽ മതാഘോഷ വേളകളിൽ ഇവർ ഷഹീദി ദേഹ് കുടിക്കാറുണ്ടെന്ന് പറയുന്നു. കഞ്ചാവിന് സമാനമായ ഇലകൾ ചേർത്ത് ഉണ്ടാക്കുന്ന പാനീയമാണിത്. ദൈവത്തിനോട് ചേർന്ന് ഇരിക്കാനാണ് ഇവർ ഇത് കുടിക്കുന്നത് എന്നാണ് ലേഖനത്തിൽ പറയുന്നത്.
ആഹാരമോ പാർപ്പിടമോ തുടങ്ങി ഒന്നിനും മറ്റുള്ളവരെ ആശ്രയിക്കാത്ത, സ്വയാശ്രിത സമൂഹം കൂടിയാണ് നിഹാംഗുകൾ. സമരഭൂമിയായാലും അവരവർക്ക് ആവശ്യമുള്ള ഭക്ഷണം അടക്കമുള്ള കാര്യങ്ങൾ സ്വന്തം നിലയിൽ നിറവേറ്റുന്നു. യുദ്ധ സമയങ്ങളിലോ മറ്റ് അപകട സമയങ്ങളിലോ, തങ്ങളുടെ ജനത്തെയും വിശ്വാസത്തെയും, സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്ന് ഇവർ കരുതുന്നു.
സദാ ആയുധങ്ങൾ കൂട്ടിനുണ്ടെങ്കിലു ഗുരുനാനാക്കിന് ജയ് വിളിച്ച് മതബോധത്തോടെ പ്രാർത്ഥനാ നിർഭരമായാണ് നിഹാംഗുകളുടെ പ്രവർത്തികൾ. ആയുധമില്ലാത്തവനെ ആക്രമിക്കില്ല എന്നാണ് ഇവരുടെ നിയമം. എന്നാൽ ഉടവാൾ പുറത്തെടുത്താൽ രക്തം പുരളാതെ ഉറയിൽ തിരികെ ഇടില്ലെന്നും ഇവർ പറയുന്നു. വാളും പരിചയും ശരീരത്തിന്റെ ഭാഗമായി കരുതുന്ന ഇവർ ആദ്യകാലത്ത് ചെരിപ്പ് ധരിച്ചിരുന്നില്ല. നഗ്ന പാദരായാണ് ജീവിക്കച്ചിരുന്നത്. പക്ഷേ ഇപ്പോൾ മിക്കവർക്കും ഷൂ ഉണ്ട്. അപ്രതീക്ഷിത സംഭവങ്ങൾ നടക്കുമ്പോൾ നിഹാംഗുകൾ 'ചർദി കാല' (എന്നെന്നും ഉയർന്ന ആവേശത്തിൽ), 'ടിയർ ബാർ ടിയർ' (എപ്പോഴും തയ്യാറെടുപ്പിന്റെ അവസ്ഥ) എന്ന മുദ്യാവാക്യം പറയാറുണ്ടെന്നും പറയപ്പെടുന്നു. തോക്ക് പോലുള്ള ആയുധങ്ങൾ എപ്പോഴും കൂടെ കൊണ്ട് നടക്കുന്നവരാണ് ഇവർ,
ഒരു തീവണ്ടി നിറയെ മുസ്ലീങ്ങളുടെ മൃതദേഹം
സിഖ് പാരമ്പര്യങ്ങൾ പിന്തുടരുന്ന ആർക്കും നിഹാംഗുകളാകാം, അവരുടെ അഞ്ച് നിബന്ധനകളും ഓർക്കണം. ഒരു മണിക്ക് പ്രാർത്ഥന ചടങ്ങുകൾ ആരംഭിക്കും, അവരുടെ യുദ്ധ ഗ്രൂപ്പിൽ ചേർക്കും. ഖൽസ സ്ഥാപിക്കുമ്പോൾ നൽകിയ ആയുധവും വസ്ത്രവും അവർക്ക് നൽകും.
യഹൂദന്മാരെപ്പോലെ തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെട്ട ജനതയാണ് സിഖുകാർ. അഫ്ഗാനിൽനിന്നെത്തിയ അഹമ്മദ് ഷാ അബ്ദാദിയുടെ ആവർത്തിച്ചുട്ടുള്ള ആക്രമണങ്ങളിൽനിന്നും, വംശഹത്യയിൽനിന്നും സിഖു വിഭാഗത്തെ രക്ഷിച്ചത് നിഹാംഗുകളുടെ പോരാട്ട വീര്യമായിരുന്നു. മഹാരാജ് രഞ്ജിത് സിങിന്റെ കാലത്ത് അവർക്ക് സേനയിൽ പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. മുഗർ രാജാവ് ഔറംഗ സീബിന്റെ കാലത്തും സിഖുകാർക്ക് നേരെ നടന്ന ക്രൂരമായ ആക്രമണങ്ങളിലും അവർ പ്രതിരോധം തീർത്തിരുന്നു.
തങ്ങളെ ആക്രമിക്കുന്നതിന് സമാനമായി ക്രൂരമായി തിരിച്ചടിക്കാനും നിഹാംഗുകൾക്കായി. ഇന്ത്യാ- പാക് വിഭജനത്തിന്റെ സമയത്തായിരുന്നു ക്രൂരതകളുടെ പുതിയ പരീക്ഷണങ്ങൾ അരങ്ങേറിയത്. പാക്കിസ്ഥാന്റെ ക്രുരതകൾക്ക് മറുപടിയായി ഒരു ട്രയിൻ മൂഴുവൻ മുസ്ലീങ്ങളുടെ ജഡം കൊണ്ട് നിറച്ചത് പിൽക്കാലത്ത് പലരും എഴുതിയിട്ടുണ്ട്. തന്റെ മതത്തിന്റെയും ആചാരങ്ങളുടെയും സംരക്ഷണത്തിനായി ജീവിതം ഉഴിച്ചുവെച്ച നിഹാംഗുകൾക്ക് അത്തരം ആക്രമണങ്ങളിലുള്ള പങ്ക് പ്രത്യേകം പറയേണ്ടതില്ലല്ലോ. പഞ്ചാബിൽ സിഖ് ഭീകരവാദം തഴച്ചുവളർന്ന എൺപതുകളുടെ തുടക്കത്തിൽ ഒരു വിഭാഗം നിഹാംഗുകളുടെ പിന്തുണ ഭിന്ദ്രൻ വാലക്ക് കിട്ടിയിരുന്നുവെന്നതും പരസ്യമായ രഹസ്യമാണ്. കൃത്യമായി ആയുധ പരിശീലനം കിട്ടിയ ഇവരെ ഭീകരവാദത്തിലേക്ക് പരിശീലിപ്പിക്കുകയും എളുപ്പമായിരിക്കാം.
പൊലീസുകാന്റെ കൈവെട്ടിലൂടെ വീണ്ടും
ബ്ലൂസ്റ്റാർ ഓപ്പറേഷനും, ഇന്ദിരാഗാന്ധി വധവും സിഖ് കൂട്ടക്കൊലയുമൊക്കെ കലുഷിതമാക്കിയ 80കൾക്കുശേഷം എതാണ്ട് നിർജജീവമായ നിഹാംഗുകൾ 90കളുടെ അവസാനത്തോടെയാണ് വീണ്ടും തലപൊക്കെുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഉണ്ടായ അതിക്രൂരമായ ഒരു സംഭവത്തോടെയാണ് അവരെ പുറം ലോകം വീണ്ടും അറിയുന്നത്. നമ്മുടെ ജോസഫ് മാഷിന്റെ കൈ തീവ്രവാദികൾ വെട്ടിയതുപോലെ ഈ കോവിഡ് കാലത്ത് ഒരു പാവം പൊലീസുകാന്റെ കൈയാണ് അവർ വെട്ടിയെടുത്തത്.
2020 ഏപ്രിലിൽ ഒരു കൂട്ടം നിഹാംഗ് സിഖുകൾ പാട്യാല ധേരയിലെ കർഫ്യു നിയമം ലംഘിതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. ലോക്ഡൗൺ ലംഘനം ചോദ്യം ചെയ്തത് സെക്കൻഡുകൾ കൊണ്ട് മതനിന്ദയാണെന്ന് പ്രചരിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. കൃപാൺ ഉപയോഗിച്ച്് എഎസ്ഐയുടെ കൈ വെട്ടിമാറ്റിയത് പഞ്ചാബിനെ ഞെട്ടിച്ചിരുന്നു. സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറ്‌സറ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ ലുധിയാനയിൽ സ്ഥാപിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമ കത്തിക്കുകയും. അത് ചെയ്തത് തങ്ങളാണെന്നും കാട്ടി സമൂഹ മാധ്യമങ്ങളിൽ വീഡിയോയും ഇവർ പോസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിലും രണ്ട് പേരേയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. രാജീവ് പ്രതിമ കത്തിച്ചത് സിഖ് കൂട്ടക്കൊല ഓർമ്മപ്പെടുത്താനാണെന്ന് വ്യക്തമാണ്. അങ്ങനെ വൈകാരികമായി ജനതയെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ് അവരുടെ ലക്ഷ്യം. മതത്തിനുള്ളിൽ നിന്നും വിദേശത്തുനിന്നും ലഭിക്കുന്ന പിന്തുണയും വീരാരാധനാമനോഭാവവും ഇവർക്ക് വല്ലാത്ത മതസ്വീകാര്യത നൽകുന്നുണ്ട്.
കൈയിൽ ആയുധമില്ലാത്തവനെ ആക്രമിക്കില്ല എന്ന തത്വമൊക്കെ അവർ ഇപ്പോൾ കാറ്റിൽ പറത്തിക്കഴിഞ്ഞു. സിംഗുവിൽ കൊല്ലപ്പെട്ട ദലിത് യുവാവിന്റെ കൈയിൽ ഒരു ആയുധവും ഇല്ലായിരുന്നു. മതഭ്രാന്തന്മാരായ ഗുണ്ടാ സംഘത്തെപ്പോലെയാണ് ഇപ്പോൾ ഇവർ പ്രവർത്തിക്കുന്നത്. നിഹാംഗ് സിഖുകാർ ചെറിയ സമുദായമാണെങ്കിലും അവർ ഒറ്റക്കെട്ടാണ്. നിലവിൽ ഹുദ്ദദൾ, തരുണാ ദൾ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന 12 ഓളം ഉപഗ്രൂപ്പുകളായി ഇവർ പ്രവർത്തിക്കുന്നുണ്ടന്നും റിപ്പോർട്ടുണ്ട്. നിലവിൽ അവരുടെ പരമ്പരാഗത രീതിയിൽ അൽപം മാറ്റം വന്നിട്ടുണ്ടെന്ന് പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസർ ഡോ. ഗുർമീത് സിങ് സിദ്ധു പറഞ്ഞു. ''നേരത്തെ അവർ നിരായുധരായ ആളുകളെ അക്രമിച്ചിരുന്നില്ല. പരമ്പരാഗതമായി നിഹാംഗുകൾ സേനാംഗങ്ങളെയും മറ്റും അനുകൂലിക്കുന്നവരാണ്. എന്നാൽ ഇപ്പോൾ അത് മാറിമറിയുകയാണ്'- അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ ഇവർ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ പൊലീസുകാരന്റെ കൈവെട്ടിയതിനെ തുടർന്ന് നിഹാംഗുകളുടെ പരിശീലന കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിൽ കിലോക്കണക്കിന് കഞ്ചാവാണ് പിടികൂടിയത്. മയക്കുമരുന്നിന്റെ ലഹരിയിൽ മയങ്ങുന്ന പഞ്ചാബിൽ അതിന്റെ കാരിയർമാരായി ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്നും സംശയമുണ്ട്.
ഇതിനിടെയാണ് കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി ഇവർ എത്തുന്നത്. കർഷകരെ ബന്ദിയാക്കി മറ്റ് അജണ്ടകൾ ഇവർ നടപ്പാക്കുയാണോ എന്ന സംശയവും ഇതോടെ ഉയരുന്നുണ്ട്.
ഖലിസ്ഥാൻ പതാക ഉയർത്തിയത് ആര്?
കർഷക സമരം അടിസ്ഥാനപരമായി സിഖ് അഭിമാനത്തിന്റെ പ്രശ്നമായി വളർന്നിരിക്കയാണ്. യു.പിയിലെയും പഞ്ചാബിലെയും ദരിദ്രരായ കർഷർ ആരും തന്നെ ഈ സമരത്തിനില്ല. ആ പാവങ്ങൾക്ക് അതിനുള്ള സമയവും ഇല്ല. പിന്നെയുള്ളത് പഞ്ചാബിലെയും ഹരിയാനയിലെയും സമ്പന്നരും ജാത്യാഭിമാനികളുമായ സവർണ്ണ സിഖുകാർ ആണ്. നിഹാംഗുകൾ എത്തിയതോടെ കർഷക സമരത്തിന്റെ ഗതിയും മാറി.
സമുദായസംരക്ഷണം ഏറ്റെടുത്ത പോരാളികളായി സ്വയം വിശേഷിപ്പിക്കുന്ന നിഹാംഗുകൾക്ക് കർഷക സമരത്തിന്റെ പേരിൽ തങ്ങളുടെ മതത്തിന്റെ അഭിമാനം ഇല്ലാതാവുന്നത് സഹിക്കുമോ. അവർ ഡൽഹിയിലേക്കും നീലത്തലപ്പാവമായി കുതിരപ്പുറത്ത് ഇരച്ചെത്തി. ഇക്കഴിഞ്ഞ റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് ചെങ്കോട്ടയിലുണ്ടായ അനിഷ്ട സംഭവങ്ങൾക്കും പതാക ഉയർത്തലിനും പിന്നിലും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. ഡൽഹിയിൽ ഖലിസ്ഥാൻ പതാക ഉയർത്തി എന്ന ആരോപണവും ഇതോടൊപ്പം കാണണ്ടേതുണ്ട്.
അതിനിടെയാണ് മന്ത്രി പുത്രൻ സമരക്കാർക്കിടയിലേക്ക് വണ്ടി ഓടിച്ചു കയറ്റിയ ദാരുണമായ സംഭവം ഉണ്ടാകുന്നത്. ഇതിന്റെ പ്രതികാരമെന്നോണം ഒരു പത്ര പ്രവർത്തകൻ ഉൾപ്പടെ അഞ്ചുപേരെ തല്ലികൊന്നിരുന്നു. ഒപ്പം അവർ സഞ്ചരിച്ച വാഹനങ്ങളും അഗ്നിക്കിരയാക്കി. ഈ കൊലപാതകങ്ങളുടെ പേരിൽ പ്രക്ഷോഭകർക്കെതിരെ കേസെടുത്തിട്ടുണ്ട്. വാഹനം ഓടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങൾക്കൊപ്പം പ്രതികാര കൊലപാതകങ്ങളുടെയും വാഹനങ്ങൾക്ക് തീയിടുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഈ സംഭവത്തിലും നിഹാംഗ് സിഖുകാരുടെ പങ്ക് പരാമർശിക്കപെട്ടിരുന്നു. പ്രതികാരം നിഹാംഗിന്റെ സഹജമായ സ്വഭാവമാണെല്ലോ.
ഇതോടെ കർഷക സമരം മതശക്തികൾ ഹൈജാക്ക് ചെയ്യപ്പെടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ പ്രൊഫ. സി രവിചന്ദ്രൻ ഇങ്ങനെ നിരീക്ഷിക്കുന്നു. '' 1857 മുതലുള്ള ഇന്ത്യൻ രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും വ്യക്തമായ മതസ്വാധീനം അനുദിനം ശക്തിപെടുന്നതിന്റെ സൂചനയാണ് നിരപരാധിയായ ഒരു മനുഷ്യനെ നിഹാംഗ് സിഖുകൾ മതവിചാരണ നടത്തി കൊന്ന സംഭവത്തിലും പ്രകടമാകുന്നത്. രാഷ്ട്രീയസമരവേദിയിൽ മതകൊലപാതകം!
മതതീവ്രവാദികൾക്ക് എന്തുകാര്യം എന്ന ചോദ്യം പഴഞ്ചനാണ്. പക്ഷെ ഉത്തരം എല്ലാവർക്കുമറിയാം. മതാധിപത്യരാജ്യങ്ങൾ നരകീയമാണെന്ന് വിശ്വസിക്കുമ്പോഴും അഫ്ഗാനിസ്ഥാൻ കൊലയറയായി മാറിയെന്ന് വാദിക്കുമ്പോഴും അഫ്ഗാനിസ്ഥാനിൽ ഇങ്ങനെയൊരു ഹീനകൃത്യം അരങ്ങേറിയിട്ടില്ല എന്നത് മറക്കരുത്. അവിടെ മതകൊലപാതകങ്ങൾ അനുസ്യൂതം അരങ്ങേറും, പക്ഷെ ഇമ്മാതിരി മിശ്രണം ഉണ്ടാകില്ല. ഇവിടെ മതവും സമരവും കലരുകയാണ്''- സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.
ഭിന്ദ്രൻ വാല വന്ന വഴി
നിഹാംഗുകളുടെ വിസിബിലിറ്റിക്ക് ഒപ്പം സാമൂഹിക നിരീക്ഷകർ ശ്രദ്ധിക്കുന്ന മറ്റൊരുകാര്യം ഭീകരൻ ഭിന്ദ്രൻവാലക്ക് സിഖ് ചെറുപ്പക്കാരിൽ കിട്ടി വരുന്ന വർധിച്ച പിന്തുണ ആയിരുന്നു. സിഖ് ഭീകരൻ ഭ്രിന്ദൻവാല വന്ന വഴി ഓർക്കുമ്പോഴാണ് നിഹാംഗിന്റെ രീതി നമ്മെ ഭയപ്പെടുത്തുന്നത്. രണ്ടും രാഷ്ട്രീയത്തിൽ മതം കലർത്തിയാണ് വന്നത്. 37ാംമത്തെ വയസ്സിൽ വെടിയേറ്റ് മരിക്കുന്നതുവരെയും ഭി്രന്ദൻവാല പറഞ്ഞിരുന്നത് താൻ സിഖുകാരുടെ അഭിമാനത്തിനായി യത്നിക്കുന്നുവെന്നയാണ്. അതേ വൈകാരിക ഉദ്ദീപനം തന്നെയാണ് നിഹാംഗുകളും നടത്തുന്നത്.
1947 ജൂൺ 2 നു, പഞ്ചാബിലെ റോഡേ ഗ്രാമത്തിൽ ജൊഗീന്ദർ സിങ് ബ്രാർ എന്നയാളുടെ മകനായിട്ടാണു ജർണയിൽ സിങ് ഭിന്ദ്രൻവാല ജനിച്ചത്. ചെറുപ്പത്തിലേ മതകാര്യങ്ങളിൽ അതീവ് തല്പരനായിരുന്നു ജർണയിൽ സിങ്. അച്ഛൻ ജൊഗീന്ദർ സിങ് സിഖുകാരുടെ ഒരു പ്രാദേശിക നേതാവായിരുന്നു. കടുത്ത മതനിഷ്ഠ പുലർത്തിയിരുന്ന ഭിന്ദ്രൻവാല പഞ്ചാബിലെ ഗ്രാമങ്ങൾ തോറും നടന്ന്, മിഷണറി പ്രവർത്തനംപോലെ മത പ്രചാരണം തുടങ്ങി. യുവാക്കളോട് മദ്യപാനം, പുകവലി, മയക്കുമരുന്ന്, അസന്മാർഗിക പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കാൻ അദ്ദേഹം ഉപദേശിച്ചു. ധാരാളം പേർ ഇതിൽ ആകൃഷ്ടരായി അനുയായികളായി. 1977 ഓഗസ്റ്റ് 25 നു ഭിന്ദ്രൻവാല, മതപഠനശാലയായ ദംദമി തക്സലിന്റെ മേധാവിയായി ചുമതലയേറ്റു. ''സിഖിസം വ്യതിരിക്തമായൊരു മതമാണ്. അതിനു ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല''- ഭിന്ദ്രൻവാല പ്രഖ്യാപിച്ചു. മതപഠനശാലയുടെ മേധാവി എന്ന നിലയിൽ സിഖ് സമൂഹത്തിൽ അദ്ദേഹത്തിന്റെ സ്വാധീനം വർധിച്ചു.
സിഖുമതത്തിലെ മറ്റൊരു ശാഖയാണു ''നിരങ്കാരികൾ'' (ഇസ്ലാം മതത്തിലെ ഷിയാക്കൾ പോലെ). എന്നാൽ സിക്കുകാർ അവരെ തങ്ങളുടെ മതത്തിൽ പെട്ടവരായി കണക്കാക്കിയിരുന്നില്ല. നിരങ്കാരികളുടെ നേതാവായിരുന്നു ഗുരുബച്ചൻ സിങ്. 1978 സെപ്റ്റംബർ 25 നു, കാൺപൂരിൽ നിരങ്കാരികളുടെ ഒരു സമ്മേളനം വിളിച്ചിരുന്നു. ഗുർബച്ചൻ സിങ് അതിൽ പങ്കെടുക്കുന്നുണ്ട്. ഇതിനെതിരെ പ്രതിഷേധവുമായി ''അഖണ്ഡ് കിർത്തനി ജാഥ'' എന്ന പേരിൽ ഒരു പ്രകടനമായി കോൺപൂരിലേയ്ക്കു പോകുവാൻ സിഖുകാരിൽ ഒരു വിഭാഗം തീരുമാനിച്ചു. നിരങ്കാരി സമ്മേളനത്തിനു പൊലീസ് സംരക്ഷണം പ്രഖ്യാപിച്ചു. സമ്മേളന സ്ഥലത്ത് എത്തിയ സിഖുകാരുടെ പ്രതിഷേധ ജാഥയും നിരങ്കാരികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പൊലീസ് വെടിവെച്ചു. അക്രമത്തിനും വെടിവെയ്‌പ്പിലുമായി 13 സിഖുകാർ കൊല്ലപ്പെട്ടു. ഇതിനെതിരെ പ്രക്ഷോഭവുമായി ഭിന്ദ്രൻവാല രംഗത്തെത്തി.
നിരങ്കാരി നേതാവ് ഗുർബച്ചൻ സിങ് അറസ്റ്റു ചെയ്യപ്പെട്ടു. പഞ്ചാബിനു വെളിയിൽ ഹരിയാനയിലാണു വിചാരണ നടന്നത്. അവിടെ കോടതി ഗുർബച്ചൻ സിംഗിനെയും അനുയായികളെയും വെറുതെ വിടുകയാണുണ്ടായത്. ഇതും സിഖുകാരുടെ ക്രോധം വർധിപ്പിച്ചു. കൂടാതെ, ഹരിയാന പഞ്ചാബ് നദീജല തർക്കവും വലിയൊരു വിഷയമായി ഉയർന്നു വന്നു. ഭിന്ദ്രൻ വാലയുടെ ഉയർച്ചയുടെ നാളൂകളായിരുന്നു അത്. 1950 കളിലും 60കളിലുമായി ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സ്റ്റേറ്റുകൾ രൂപീകരിക്കപ്പെട്ടു. സിഖുകാർക്കു മാത്രമായി ഒരു സംസ്ഥാനം എന്നൊരു വികാരം അക്കാലം മുതലേ ഉണ്ടായിരുന്നു. എന്നാൽ പഞ്ചാബി ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട സംസ്ഥാനത്ത് സിഖുകാരോടൊപ്പം ഹിന്ദുക്കളുമുണ്ടായിരുന്നു. ഇത്, സിക്കുകാർക്കിടയിലെ തീവ്രവിഭാഗക്കാർക്ക് അതൃപ്തിയുണ്ടാക്കി. സിഖുകാരുടേതായ രാഷ്ട്രീയ പാർട്ടിയായിരുന്നു ശിരോമണി അകാലിദൾ. അകാലിദളിന്റെ വളർന്ന പഞ്ചാബിൽ കോൺഗ്രസിന്റെ അടിത്തറ ക്രമേണ കുറച്ചുകൊണ്ടുവന്നു.
ഇന്ദിരാഗാന്ധിക്ക് പറ്റിയ അബദ്ധം ആവർത്തിക്കരുത്
1975-77 ലെ അടിയന്തിരാവസ്ഥയെ തുടർന്ന് ഇന്ദിരാ ഗാന്ധി അധികാരത്തിൽ നിന്നും തൂത്തെറിയപ്പെട്ടു. തുടർന്നു വന്ന ജനതാ പാർട്ടിയുമായി അകാലിദൾ സഖ്യമായി. അകാലിദളിന്റെ വർധിച്ചു വരുന്ന പിന്തുണ തകർക്കാൻ സിഖുകാർക്കിടയിൽ പിന്തുണയുള്ള ഒരു മതനേതാവിനെ വളർത്തിയെടുക്കുവാൻ, അക്കാലത്തെ കോൺഗ്രസ് ശക്തികേന്ദ്രമായിരുന്ന സജ്ഞയ് ഗാന്ധിയും സെയിൽ സിംഗും കൂടി പ്ലാനിട്ടു. അവർ കണ്ടെത്തിയത് ഭിന്ദ്രൻവാലയെ ആയിരുന്നു! ഇന്ദിരാ ഗാന്ധി അതിനു സമ്മതം മൂളി. താരതമ്യേന മിതവാദികളായിരുന്ന അകാലിദളിനെ പിന്തള്ളി തീവ്ര നിലപാടുകളുമായി ഭിന്ദ്രൻവാല വളർന്നു. അയാൾക്കു വേണ്ട പിന്തുണ കോൺഗ്രസ് നൽകി. 1980 ൽ നിരങ്കാരി നേതാവ് ബാബാ ഗുർബച്ചൻ സിങ് കൊല്ലപ്പെട്ടു. അതിനു പിന്നിൽ ഭിന്ദ്രൻവാലയുടെ കൈകളാണെന്നു ആരോപിക്കപ്പെട്ടു.
ശിരോമണി അകാലിദളിന്റെ നേതാവായിരുന്ന ഹർചരൻ സിങ് ലോംഗോവാൾ 1982 ൽ ''ധർമയുദ്ധ് മോർച്ച'' എന്നൊരു പ്രക്ഷോഭപരിപാടിക്ക് തുടക്കം കുറിച്ചു. ഭിന്ദ്രൻ വാലയുടെ സഹകരണവും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു.പഞ്ചാബിൽ എമ്പാടും ഏറ്റുമുട്ടലുകൾ പതിവായി. അനുയായികൾ പൊലീസിനെയും സിക്കുകാരല്ലാത്തവരെയും ആക്രമിക്കാൻ തുടങ്ങി. ഭിന്ദ്രൻ വാലെയുടെ കടുത്ത വിമർശകനായിരുന്ന ആര്യസമാജം നേതാവും പത്രമുടമയുമായിരുന്ന ലാലാ ജഗത് നാരായൻ അജ്ഞാതരായ തോക്കുധാരികളാൽ കൊല്ലപ്പെട്ടു. ആ സംഭവത്തിൽ ഭിന്ദ്രൻ വാലെയെ അറസ്റ്റു ചെയ്തെങ്കിലും രണ്ടു ദിവസത്തിനകം മോചിപ്പിച്ചു. അതോടെ വീര പരിവേഷം ലഭിച്ച അയാൾ തന്റെ വലിയൊരു അനുയായി വൃന്ദവുമായി സുവർണക്ഷേത്ര സമുച്ചയത്തിൽ കുടിയേറി. ധർമയുദ്ധ് മോർച്ചയുടെ നേതൃത്വം ഏറ്റെടുത്ത ഭിന്ദ്രവാലെ, തനിക്കാവശ്യം സിഖുകാരുടേതായ പരമാധികാര സ്റ്റേറ്റ് 'ഖലിസ്ഥാൻ' ആണെന്ന് പ്രഖ്യാപിച്ചു. സിഖുകാരല്ലാത്തവർ പഞ്ചാബിൽ നിന്നു പുറത്തു പോകണമെന്നും അയാൾ ആവശ്യപെട്ടു. ഇതോടെയാണു, താൻ വളർത്തിയത് ഭസ്മാസുരനെ ആണെന്ന് ഇന്ദിരാ ഗാന്ധിക്ക് ബോധ്യമായത്.
പിന്നീട് നടന്നതെല്ലാം ചരിത്രമാണ്. ബ്ലൂസ്റ്റാർ ഓപ്പറേഷൻ നടന്നതും, ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതും, സിഖ് വിരുദ്ധകലാപവുമൊക്കെ നാം ഓർക്കാൻ മടിക്കുന്ന ചില കാര്യങ്ങൾ മാത്രം. ഭിന്ദ്രൻവാല ഇല്ലാതായി. പക്ഷേ രാഷ്ട്രീയത്തിലും ജനകീയ പ്രക്ഷോഭങ്ങളിലുമെല്ലാം മതം കലർത്തിയാൽ എന്തു സംഭവിക്കുമെന്ന് നാം കൃത്യമായി പഠിച്ചു.
നമ്മുടെ കർഷക സമരത്തിലൂടെ ഒളിഞ്ഞുരിക്കുന്ന നിഹാംഗുകൾ മറ്റൊരു ഭിന്ദ്രൻ വാലയെ വളർത്തുമോ? രാഷ്ട്രീയത്തിലും ജനകീയം എന്ന് പറയുന്ന സമരങ്ങളിലും മതം കടത്തിവിട്ടാൽ എന്തുസംഭവിക്കുമെന്നതിന്റെ ഉദാഹരണമാണ് ഭിന്ദ്രൻവാല കാണിച്ചുതന്നത്. സിഖ് പ്രൈഡ് എന്ന മനസ്സിലെ സിഖ് നേഷൻ എന്നാക്കി മാറ്റാൻ അധികം സമയം വേണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒന്നും പഠിക്കാതെ, നമ്മെ തീറ്റിപ്പോറ്റുന്ന കർഷകന് നീതി കിട്ടണം എന്നതിന്റെ കാൽപ്പനിക ബോധത്തിന്റെ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയയിൽ എഴുതി മറിക്കുന്നവർ ഈ യാഥാർഥ്യങ്ങൾ കാണാതെ പോകരുത്.
കടപ്പാട്: ദ പ്രിന്റ്, സി രവിചന്ദ്രൻ, രാമചന്ദ്രഗുഹ
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ