മുത്തലാഖ് നിരോധിക്കപ്പെട്ട വിധി സ്വാഗതാർഹം തന്നെ. മുസ്ലിം സ്ത്രീകൾ അനുഭവിക്കേണ്ടി വന്ന മനുഷ്യത്വരഹിതമായ വിവാഹമോചനങ്ങൾ പലപ്പോഴും എനിക്കും വേദനയും അമർഷവും ഉളവാക്കിയിരുന്നു. ആ വിധി പ്രസ്താവനയിൽ വലിയ സന്തോഷം ഉണ്ട്. എന്തേ,എന്നിട്ട് അന്ന് അതിനെ പറ്റി ഒന്നും എഴുതി കണ്ടില്ല എന്ന ചോദ്യങ്ങൾക്ക് ഞാൻ മനപ്പൂർവം പ്രതികരിച്ചില്ല. കാരണം,മുസ്ലിം സ്ത്രീകൾ എല്ലാം വലിയ നീതി നിഷേധത്തിന് ഇരയാകുന്നു എന്നു രോഷം കൊള്ളുകയും പോസ്റ്റുകൾ ഇടുകയും ചെയ്യുന്നവർ സ്വന്തം മതത്തിലെ സ്ത്രീ വിരുദ്ധതയും കൂടി കാണാതെ പോകരുത്.

മറ്റ് മതങ്ങളെ കുറ്റം പറയാൻ ഞാൻ ആളല്ല. എങ്കിലും ജന്മം കൊണ്ട് ക്രിസ്ത്യാനി ആണ്. മാമോദിസ മുക്കി കുർബാനയിലും കൂദാശകളിലും പങ്കു കൊള്ളുന്ന, പെരുന്നാളുകൾക്ക് പിരിവും, പള്ളിയിൽ മാസവരിയും നേർച്ചകളും നൽകി പോരുകയും ചെയ്യുന്ന ഒരു so called വിശ്വാസി. ക്രിസ്തു പറഞ്ഞത് എത്രത്തോളം ഞാൻ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നുണ്ട് എന്നത് എനിക്ക് തന്നെ വലിയ ഉറപ്പില്ലാത്ത കാര്യമാണ്. എങ്കിലും എല്ലാ ദിവസവും പ്രാർത്ഥിക്കുകയും ചില നോമ്പുകൾ നോക്കുകയും ജീവിതത്തിലെ വിഷമഘട്ടങ്ങളിൽ എന്നെ കരുതാൻ ദൈവം ഉണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരു ശരാശരി വിശ്വാസി.

എന്റെ കുഞ്ഞുനാളുകളിൽ മുതൽ മനസിൽ വന്നു കയറിയ ചില സംശയങ്ങൾ ഉണ്ട്. ചിലത് വളർന്ന് വലുതായി കഴിഞ്ഞു. ആദ്യമായി ഒരു ആൺകുഞ്ഞിന്റെയും പെൺകുഞ്ഞിന്റെ മമോദിസയിൽ പങ്കെടുത്തപ്പോഴാണ് എന്നെ അത്ഭുതപ്പെടുത്തിയ ആ സംഭവം ഉണ്ടായത്. കുഞ്ഞിനെ മമോദിസ മുക്കിയ ശേഷം പുരോഹിതൻ കുഞ്ഞിനെ കയ്യിൽ ഏറ്റു വാങ്ങുന്നു. മദ്ബഹയുടെ വാതിൽപ്പടിയിൽ ചുംബിക്കാൻ കൊണ്ടുപോകുന്നു. തിരിച്ചു കൊണ്ടു വരുന്നു. ആൺകുഞ്ഞിനെ മദ്ബഹായിലേക്ക് എടുത്തു കൊണ്ട് പോകുന്നു ത്രോണോസിൽ ചുംബിക്കാൻ അനുവദിക്കുന്നു. തിരികെ തരുന്നു. ജനിച്ചു ദിവസങ്ങൾ മാത്രമായ ആ പെൺകുഞ്ഞിന് എന്ത് ആശുദ്ധിയാണ്?എനിക്ക് ഇന്നും അറിയില്ല.

സഭ മണവാട്ടിയും ക്രിസ്തു മണവാളനും എന്നു പഠിപ്പിക്കുന്ന സഭാ ചട്ടങ്ങൾ തന്നെ ഇങ്ങനെയും ചിലത് ഉണ്ടാക്കി വെച്ചിട്ടുണ്ട്. മദ്ബഹായിൽ മാതാവിന്റെ ചിത്രം വെക്കുന്ന പള്ളികളിലാണ് പെൺകുട്ടികൾക്ക് ഈ അയിത്തം എന്നും കൂടി കൂട്ടി വായിക്കണം. ഒരു പള്ളികമ്മറ്റിയിലും പെണ്ണുങ്ങൾക്ക് പ്രാതിനിധ്യമില്ല. പള്ളി ഭരണസമിതികളിൽ സ്ത്രീകൾക്ക് വോട്ടവകാശം പോലുമില്ല. കാരണം,'സ്ത്രീകൾ സഭയിൽ മിണ്ടരുത്' എന്നു അപ്പോസ്‌തോലൻ വിലക്കിയിട്ടുണ്ടല്ലോ!'നീ ഉണ്ടില്ലെങ്കിലും അവളെ ഊട്ടണം. നീ ഉടുത്തിലെങ്കിലും അവളെ ഉടുപ്പിക്കണം' എന്നിങ്ങനെയും അപ്പോസ്‌തോലൻ പറഞ്ഞിട്ടുണ്ടെന്ന് സൗകര്യ പൂർവം മറന്നാലും ഇത്തരം സ്ത്രീവിരുദ്ധ പ്രസ്താവനകൾ തങ്ങൾ മറക്കില്ല എന്നുള്ള കാര്യത്തിൽ ഞങ്ങൾ ക്രിസ്ത്യാനികൾ പ്രതിജ്ഞാബദ്ധരാണ്.

വനിതാ സമാജങ്ങളുണ്ട്. പക്ഷെ അതിന്റെ രക്ഷാധികാരിയും പ്രസിഡന്റും ഒക്കെ അച്ചന്മാരും തിരുമേനിമാരുമാണ്. കാരണം ഞങ്ങൾ സ്ത്രീകൾ തീരുമാനങ്ങൾ എടുക്കാനും കൂട്ടായ്മകൾ മുൻപോട്ട് നടത്താനും കാര്യപ്രാപ്തിയും ബുദ്ധിയുമില്ലാത്തവർ ആണല്ലോ! സ്ത്രീകൾ തലയിൽ മൂടുപടമിടണം, ആർത്തവകാലത്ത് പള്ളിയിൽ കയറരുത്, ബൈബിൾ വായിക്കരുത്, പ്രസവശേഷം മൂന്നു മാസം പള്ളിയിൽ പ്രവേശിക്കരുത് എന്നിങ്ങനെ ജനിച്ച പെണ്കുഞ്ഞിനും മൂന്നു മാസം വരെ പള്ളിയിൽ പ്രവേശിക്കാൻ വിലക്കുണ്ട്. ഇതൊക്കെ അലിഖിതമാണ് എന്നാണ് എന്റെ അറിവ്.

പൗരോഹിത്യം പുരുഷന് മാത്രമുള്ള വരമാണ്. പള്ളിയിലെ ശുശ്രൂഷകളിലും,കൂദാശകളിലും ഭാഗഭക്കാവാൻ പള്ളിയകത്തു മാറി നിലക്കാനെ നമുക്ക് അധികാരമുള്ളൂ. കുർബാനയ്ക്ക് ശേഷമുള്ള കൈമുത്തലും നേർച്ചയിടലും പുരുഷന്മാരുടെ ഊഴം കഴിഞ്ഞിട്ട് സ്ത്രീകൾക്ക് ആകാം. റാസയിലും, പ്രദിക്ഷണത്തിലും വരിയുടെ പിൻഭാഗത്ത് നിൽക്കാം. കുരിശും മേക്കട്ടിയും ഒക്കെ പുരുഷന്മാർക്ക്, കുടയോ കൊടിയോ ഒക്കെ പിടിച്ചു സ്ത്രീകൾ പുറകെ. ധൂപകുറ്റി, മറുവഹസ,മണി ആദിയായവ തൊട്ട് ആശുദ്ധമാക്കാനെ പാടില്ല.

വിവാഹത്തിന് വരനും അവന്റെ പരിവാരങ്ങളും വാഹനത്തിൽ നിന്നു ഇറങ്ങി പള്ളിയിൽ പ്രവേശിച്ചിട്ടേ വധുവും ബന്ധുക്കളും പള്ളിയിലേക്ക് പ്രവേശിക്കാവൂ. അതിൽ ഒരൽപ്പം മാറ്റം ഇപ്പോഴത്തെ വീഡിയോ ഗ്രാഫർമാർ കൊണ്ടു വന്നിട്ടുണ്ട്. അല്പം ആശ്വാസം. സമാധാനം കപ്യാർ ആദ്യം കൈമാറുന്നത് പുരുഷന്മാർക്കാണ്. ശേഷം സ്ത്രീകൾക്ക്. എന്തിന് സ്ത്രീകൾക്ക് കപ്യാർ പദവിയും വഹിക്കാൻ അനുവാദമില്ല.

സഭയിൽ കാൽകഴുകൽ ശുശ്രൂഷയിൽ പുരുഷന്മാരുടെ പാദങ്ങളെ പുരോഹിതൻ കഴുകാറുള്ളൂ. ചില പള്ളികളിൽ മറിച്ചു കാണുന്നത് നല്ല തുടക്കം തന്നെ. ക്രിസ്തു ഒരു സ്ത്രീ വിരുദ്ധനല്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ആ മാതിരി പ്രസ്താവനകൾ ഒന്നും അദ്ദേഹം നടത്തിയിട്ടുമില്ല. വേശ്യകളെയും ചുങ്കക്കാരനെയും ചേർത്തു നിർത്തിയ വിപ്ലവകാരി??

ചുരുക്കത്തിൽ ക്രിസ്തീയ സഭാവിശ്വാസത്തിലും ബൈബിളിലും ധാരാളം സ്ത്രീവിരുദ്ധത കാണാൻ സാധിക്കും. ഇതൊക്കെ സഹിച്ചു ജീവിക്കുന്ന ഒരു ഹതഭാഗ്യ എന്ന നിലയിൽ മുത്തലാക്കിനെ വിമർശിക്കാൻ ഞാനാളല്ല ഒടുവിലാൻ ഫേസ്‌ബുക്ക് ഉള്ള അച്ചന്മാരെ കണ്ടിട്ടുണ്ട്, പക്ഷെ ഫേസ്‌ബുക്കിലുള്ള കന്യാസ്ത്രീകളെ ഞാൻ കണ്ടിട്ടില്ല

നിജു ആൻ ഫിലിപ്പ്
NB: മതം പൊട്ടിയൊലിപ്പിച്ചു കൊണ്ട് ആര് ഈ പോസ്റ്റിനു അടിയിൽ കമാന്റിയാലും അപ്പോൾ തന്നെ ബ്ലോക്കാപ്പീസിലേക്ക് വിടും. ആരോഗ്യകരമായ ചർച്ചകൾക്ക് തയാറാണ്. ഞാൻ യാക്കോബായ വിശ്വാസത്തിൽ ജനിച്ചു, ഓർത്തോഡോക്‌സ് സഭയിലേക്ക് വിവാഹിതയായി. ഞങ്ങളുടെ സഭാപാരമ്പര്യം ഇതാണ്. ഞങ്ങളുടെ പുരോഹിതന്മാർക്ക് വിവാഹം കഴിക്കാം. അതേ,ഞങ്ങളുടെ സഭകളാണ് പരസ്പരം കോടതിയിലും പള്ളിയിലും തെരുവിലും തമ്മിൽ തല്ലുന്നത്