- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറണ്ട് ബിൽ അടയ്ക്കാൻ പണമില്ലാത്തതു കൊണ്ട് എന്റെ സ്റ്റുഡിയോയിൽ ഇലക്ട്രിസറ്റി കണക്ഷൻ ഇല്ല; നാലു വർഷമായി ഡീസിൽ വൈദ്യുതിയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്; ഒരു നാവും ശബ്ദവും എന്നെ സഹായിക്കുന്നില്ല; ഞാൻ സ്വതന്ത്ര മാധ്യമ പ്രവർത്തകൻ; നടന്നത് ഷാജ് കിരണിന്റെ ചതി; ഏഷ്യാനെറ്റ് ന്യൂസിനോട് നികേഷ് കുമാർ നിലപാട് പറയുമ്പോൾ
കൊച്ചി: ഒരു ചാനൽ മേധാവി മറ്റൊരു ചാനലിൽ അഭിമുഖം നൽകുക എന്നത് അത്ര സാധാരണയല്ല. അങ്ങനെ നടക്കാറുമില്ല. പക്ഷേ ഇന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തയിൽ ടെലിഫോണിൽ അതിഥിയായി റിപ്പോർട്ടർ ടിവിയുടെ നികേഷ് കുമാർ എത്തി. തനിക്കെതിരെ നടന്ന ഗൂഢാലോചന വെളിപ്പെടുത്തി. ഷാജ് കിരണിനെതിരെ ആഞ്ഞിടിച്ചു. തന്നെ പാലക്കാട് എത്തിക്കാൻ ഗൂഢാലോചന നടന്നുവെന്ന് നികേഷ് കുമാർ പറയുന്നു. പോകാതിരുന്നതു കൊണ്ടു മാത്രം രക്ഷപ്പെട്ടുവെന്ന് തിരിച്ചറിയുകയാണ് നികേഷ്. തന്റെ ചാനലിന്റെ പരിതാപകരമായ അവസ്ഥ അടക്കം ചൂണ്ടിക്കാട്ടിയാണ് ഏഷ്യാനെറ്റ് ന്യൂസിൽ താനാരുടേയും നാവല്ലെന്ന് നികേഷ് സമർത്ഥിച്ചത്.
ഒരു സ്വതന്ത്ര മാധ്യമ സ്ഥാപനമാണ് റിപ്പോർട്ടർ. അത് നടത്താനുള്ള ബുദ്ധിമുട്ടുകൾ ഏറെയാണ്. കറണ്ട് ബിൽ അടയ്ക്കാത്തതു കൊണ്ട് നാലു വർഷമായി വൈദ്യുത കണക്ഷൻ ഇല്ല. ഡീസലു കൊണ്ടാണ് പ്രവർത്തനം. സ്ഥാപനത്തിനായി ലോൺ എടുത്തിട്ടുണ്ട്. അത് അടയ്ക്കുന്നതും ഞാൻ തന്നെ; ഒരു നാവും ശബ്ദവും എന്ന സഹായിക്കുന്നില്ല. തന്നെ കുടുക്കാൻ ശ്രമിച്ചവരെ കണ്ടെത്തും. സ്വപ്നയും ഷാജ് കിരണും ഇതിൽ ഭാഗഭാക്കായി. ബാക്കിയുള്ളവരേയും താൻ കണ്ടെത്തിക്കൊള്ളാമെന്ന് നികേഷ് വിശദീകരിച്ചു. നേരത്തെ റിപ്പോർട്ടർ ടിവിയിലൂടെയും തെളിവ് സഹിതം തന്റെ ഭാഗം നികേഷ് വിശദീകരിച്ചിരുന്നു. ഷാജ് കിരൺ ഇക്കാര്യത്തിൽ വലിയ ഗൂഢാലോചന നടത്തിയെന്ന് വേണം വിലയിരുത്താൻ.
മുഖ്യമന്ത്രി പിണറായി വിജയന്റെ നാവും ശബ്ദവുമായ നികേഷ് അഭിമുഖം എടുക്കാൻ വരുമെന്നും എല്ലാം പറയണമെന്നും ഷാജ് കിരൺ പറഞ്ഞതായാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. നികേഷിനെ തന്ത്രപരമായി അഭിമുഖം എടുപ്പിക്കാൻ സാജ് കിരൺ ശ്രമിക്കുകയും ചെയ്തു. നികേഷ് പുറത്തുവിട്ട എസ് എം എസ് സന്ദേശങ്ങൾ ഇതിന് തെളിവാണ്. ഇന്ത്യാവിഷനിൽ ഷാജ് കിരൺ ട്രെയിനിയായിരുന്നു. ഡൽഹിയിലേക്ക് താൻ സ്ഥലം മാറ്റിയപ്പോൾ പ്രതിഷേധിച്ച് അയാൾ ഏഷ്യാനെറ്റ് ന്യൂസിൽ ചേർന്നുവെന്നും നികേഷ് ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്.
സ്വപ്ന സുരേഷിനെ കാണുകയോ നേരിട്ട് സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടർ ടി വി എംഡി എം വി നികേഷ് കുമാർ ഏഷ്യാന്റ്റെ ന്യൂസിനോട് പറയുന്നു. മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമാണ് നികേഷ് കുമാറെന്നാണ് ഇന്നലെ വാർത്താ സമ്മേളനത്തിൽ സ്വപ്ന പറഞ്ഞത്. മുഖ്യമന്ത്രിക്ക് പുറത്തുനിന്നൊരു നാവിന്റെയും ശബ്ദത്തിന്റെയും ആവശ്യമില്ലെന്നും അങ്ങനെ ആവാൻ താൻ തയ്യാറുമല്ലെന്നും നികേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുൻ സഹപ്രവർത്തകൻ എന്ന നിലയിലെ പരിചയമാണ് ഷാജ് കിരണുമായി ഉള്ളത്. സ്വപ്നയുടെ അഭിമുഖത്തിനായി ഷാജ് കിരൺ വിളിച്ചിരുന്നു. പലതരത്തിലുള്ള സമ്മർദ്ദം സ്വപ്ന നേരിടുന്നതായി ഷാജ് കിരൺ പറഞ്ഞിരുന്നു. ഷാജ് കിരണും സ്വപ്നയും ചേർന്ന് തന്നെ കുടുക്കാൻ ശ്രമിക്കുകയാണ്. തന്നെ തന്ത്രപൂർവ്വം പാലക്കാട് എത്തിക്കാൻ ശ്രമം നടന്നു. അഭിമുഖത്തിന്റെ പേര് പറഞ്ഞത് കുടുക്കാൻ വേണ്ടിയാണ്. ഷാജിനും സ്വപ്നയ്ക്കും പുറമേ ആരൊക്കെ ഇതിലുൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തും. കൂടുതൽ പേര് ഉണ്ടാകുമെന്നാണ് സംശയം. തന്നെ വിവാദത്തിലാക്കി പരിഭ്രമത്തിലാക്കാൻ ശ്രമിക്കേണ്ട, നടക്കില്ലെന്നും നികേഷ് കുമാർ പറഞ്ഞു.
ഷാജ് മുഖ്യമന്ത്രിയുടെ ദൂതനായാണ് സ്വപ്ന സുരേഷിനെ സമീപിച്ചതെങ്കിൽ പൊലീസ് അന്വേഷിക്കണം. താൻ മധ്യസ്ഥനാണെന്ന് തെളിയിക്കുന്നതിനുള്ള ഒരു കടലാസ് തുണ്ടെങ്കിലും ഹാജരാക്കാൻ സ്വപ്നയെയും അഭിഭാഷകനെയും വെല്ലുവിളിക്കുകയാണ്. അങ്ങനെ തെളിയിച്ചാൽ പറയുന്ന പണി ചെയ്യാമെന്നും നികേഷ് കുമാർ പറഞ്ഞു. സ്വപ്ന ശബ്ദരേഖ പുറത്തു വിടുമ്പോൾ എല്ലാം തെളിയും. അതിനായി കാത്തിരിക്കുകയാണ് നികേഷ് കുമാറും. അതിന് ശേഷം നിയമ നടപടികളിലേക്കും റിപ്പോർട്ടർ ടി വി കടന്നേക്കും.
തന്നെ മാനസികമായി തളർത്തി കേസ് ഒത്തുതീർപ്പാക്കാനാണ് ഷാജ് കിരൺ ശ്രമിച്ചതെന്നും സംസാരത്തിനിടെ ക്രമസമാധാനത്തിന്റെയും വിജിലൻസിന്റെയും രണ്ട് എ.ഡി.ജി.പിമാർ 56 പ്രാവശ്യം ഷാജ് കിരണിന്റെ ഫോണിൽ വാട്സ് ആപ്പ് കോൾവിളിച്ചു കാര്യങ്ങൾ അന്വേഷിച്ചിരുന്നെന്നും സ്വപ്ന സുരേഷ്. പണം അടക്കം വാഗ്ദാനം ചെയ്തെങ്കിലും അതിനു വഴങ്ങിയില്ല. ഇതിന്റെ ശബ്ദരേഖ ഇന്നു പുറത്തുവരുമെന്നും അതോടെ എന്താണ് നടന്നതെന്ന് എല്ലാവർക്കും വ്യക്തമാകുമെന്നും സ്വപ്ന പറഞ്ഞു.
'164 പ്രകാരമുള്ള മൊഴി ഉൾപ്പെടെ പിൻവലിച്ചു കേസ് ഒത്തുതീർപ്പാക്കാനാണു ഷാജ് കിരൺ ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായി പ്രവർത്തിക്കുന്ന നികേഷ് കുമാർ എന്നയാൾ വന്നുകാണുമെന്നും സംസാരിക്കണമെന്നും നിർദ്ദേശിച്ചു. നികേഷിന് എന്റെ ഫോണാണ് ആവശ്യം, അതു നൽകണം. ഞാൻ ചെയ്തതെല്ലാം തെറ്റാണ്. അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരും. ഒന്നാം നമ്പറിനെ കാണാൻ പോവുകയാണ്. അദ്ദേഹം ദേഷ്യത്തിലാണെന്നും ഷാജ് പറഞ്ഞുവെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
ഒളിച്ചോടാനല്ല മുൻകൂർ ജാമ്യഹർജി നൽകിയത്. അറസ്റ്റിലായാൽ സർക്കാർ പീഡിപ്പിക്കുമെന്നും പിന്നീട് സത്യം പുറത്തുവരില്ലെന്നുമുള്ള ഭയംകൊണ്ടാണ് കോടതിയെ സമീപിച്ചത്. എന്നെ ബുദ്ധിമുട്ടിച്ചില്ലെങ്കിൽ അന്വേഷണവുമായി പൂർണമായും സഹകരിക്കും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ വഴിയാണ് ഷാജ് കിരണിനെ പരിചയപ്പെട്ടത്. പിന്നീട് നല്ല സുഹൃത്തും വിശ്വസ്തനുമായി.
കൊച്ചിയിൽനിന്നു പാലക്കാട്ടേക്കുള്ള യാത്രാമധ്യേ തൃശൂരിൽ ഷാജ് കിരണിനെ കണ്ടപ്പോൾ, സരിത്തിനെ പിടിച്ചുകൊണ്ടുപോകുമെന്നു മുന്നറിയിപ്പു നൽകി. ബുധനാഴ്ച അതുപോലെ സംഭവിച്ചു. അതിനാൽ സരിത്തിനെ കസ്റ്റഡിയിലെടുത്തപ്പോൾ ഷാജിനെ വിളിച്ചു. വിജിലൻസാണ് കൊണ്ടുപോയതെന്ന് ആദ്യം അറിയിച്ചതും അദ്ദേഹമാണ്. 45 മിനിറ്റിനകം വിട്ടയയ്ക്കുമെന്നും പറഞ്ഞു. ഞാൻ വിളിച്ചതുപ്രകാരമാണ് ഷാജ് കിരൺ ബുധനാഴ്ച പാലക്കാട്ടെത്തിയത് എന്നും- സ്വപ്ന വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ