- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷം, കളിയാക്കിയവരുടെ മുൻപിൽ തല ഉയർത്തിപ്പിടിച്ചു തന്നെ ജീവിച്ചു; ഇനിയും ജീവിക്കും ഇവിടെ തന്നെ, നിങ്ങൾക്കിടയിൽ, നിങ്ങളിൽ ഒരാളായി; സ്വവർഗ വിവാഹത്തിന്റെ മൂന്നാം വാർഷിക വേളയിൽ സന്തോഷം പങ്കുവെച്ച് നികേഷും സോനുവും
കൊച്ചി: തങ്ങളെ കളിയാക്കിയവരുടെ മുൻപിൽ തല ഉയർത്തിപ്പിടിച്ചു തന്നെ ജീവിച്ചുവെന്ന് മൂന്നാം വിവാഹ വാർഷികത്തിൽ ദമ്പതികളായ സോനുവും നികേഷും. നിങ്ങൾക്കിടയിൽ നിങ്ങളിൽ ഒരാളായി ഇനിയും ഇവിടെ തന്നെ ജീവക്കുമെന്ന് വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവെച്ച കുറിപ്പിൽ നികേഷ് ഫേസ്ബുക്കിൽ എഴുതി.
'വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 3 വർഷം തികഞ്ഞിരിക്കുന്നു. ഞങ്ങളെ കളിയാക്കിയവരുടെ മുൻപിൽ തല ഉയർത്തിപ്പിടിച്ചു തന്നെ ഞങ്ങൾ ജീവിച്ചു, ഇനിയും ജീവിക്കും ഇവിടെ തന്നെ, നിങ്ങൾക്കിടയിൽ, നിങ്ങളിൽ ഒരാളായി. ഈ ലോകം ഞങ്ങളുടേത് കൂടിയാണ് എന്നുറക്കെ പറഞ്ഞുകൊണ്ട്,'നികേഷ് പറഞ്ഞു.
കേരളത്തിലെ ആദ്യത്തെ സ്വവർഗ ദമ്പതികളാണ് നികേഷും സോനുവും. 2018ലാണ് ഇവർ വിവാഹിതരായത്. സുപ്രീം കോടതി സെക്ഷൻ 377-ൽ ഭേദഗതി വരുത്തി സ്വവർഗാനുരാഗം കുറ്റകരമല്ലെന്ന വിധി പുറപ്പെടുവിച്ചതിന് ശേഷം 2019 ജൂൺ 30നായിരുന്നു നികേഷും സോനുവും തങ്ങളുടെ വിവാഹം വെളിപ്പെടുത്തിയത്. 2018 ജൂലൈ വരെ ഇന്ത്യൻ നിയമത്തിന്റെ കണ്ണിലും സ്വവർഗ ലൈംഗികത പ്രകൃതി വിരുദ്ധവും അസ്വാഭാവികവുമായിരുന്നു.
ഞങ്ങളെ കൂട്ടുകാരായി കണ്ടാൽ പോരാ. ദമ്പതികളായിത്തന്നെ കാണണം എന്നായിരുന്നു ഇവർ കുറച്ചുകാലം വരെ ഇവരുടെ ആവശ്യം. 'ഈ വഴി ഞങ്ങൾ സ്വയം തിരഞ്ഞെടുത്തതല്ല, ഇങ്ങനെ ആയിത്തീർന്നതാണ്. നിങ്ങളുടെ വീട്ടിലും നാളെ ഇത്തരത്തിലൊരു കുട്ടിയുണ്ടാകാം. അവർ അതു തുറന്നു പറഞ്ഞാൽ അംഗീകരിക്കുക. ഈ തുറന്നുപറച്ചിലിനെ അടിച്ചമർത്തരുത്'. പ്രായപൂർത്തിയായ വ്യക്തികൾ ഉഭയസമ്മതത്തോടെ സ്വവർഗ ലൈംഗികതയിൽ ഏർപ്പെടുന്നതു കുറ്റകരമല്ലെന്നു 2018ൽ സുപ്രീംകോടതിയുടെ വിധി വന്നെങ്കിലും സ്വവർഗാനുരാഗികളുടെ പ്രശ്നങ്ങൾ തീരുന്നില്ലെന്നു വ്യക്തമാക്കുകയാണ് ഇരുവരും.
ഗുരുവായൂർ സ്വദേശി നികേഷും കൂത്താട്ടുകുളം സ്വദേശി സോനുവും 2018 ജൂലൈ 5നു ഗുരുവായൂരിലാണു വിവാഹിതരായത്. നികേഷ് ബിസിനസുകാരനാണ്. സോനു ഐടി രംഗത്തു ജോലി ചെയ്യുന്നു. കാക്കനാട്ട് താമസം. സുഹൃത്തുക്കൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമാണ് ഇവരുടെ ബന്ധത്തെക്കുറിച്ച് ഇതുവരെ അറിയാമായിരുന്നത്. പലരും ഈ ബന്ധത്തെ മോശം രീതിയിലാണു കാണുന്നതെന്ന് ഇരുവരും പറഞ്ഞു. ഏറെ പ്രയാസപ്പെട്ടാണു മാതാപിതാക്കളെപ്പോലും ബോധ്യപ്പെടുത്താനായത്. തങ്ങളെപ്പോലുള്ളവരുടെ വിവാഹത്തിനു നിയമ പരിരക്ഷയില്ല. അതിനാൽ അവകാശങ്ങൾക്ക് അർഹതയില്ല.
അപേക്ഷാഫോമുകളിൽ വിവാഹിതർ എന്നെഴുതാനും കുട്ടികളെ ദത്തെടുത്തു വളർത്താനുമുള്ള അവകാശമാണു ലഭിക്കേണ്ടതെന്ന് ഇരുവരും പറയുന്നു. പരസ്പരം ഇഷ്ടപ്പെടുന്നവർക്ക് അതു പുറത്തുപറയാനുള്ള ധൈര്യമില്ല. സ്വവർഗാനുരാഗികൾ അനുഭവിക്കുന്ന വേദന സമൂഹം തിരിച്ചറിയുന്നില്ല. അതുകൊണ്ടാണ് ചിലർ ആത്മഹത്യയിൽ അഭയം തേടുന്നത്. സ്വവർഗാനുരാഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ മുൻകയ്യെടുക്കണം. വിവാഹിതരായശേഷം, 'ഞങ്ങളെ സഹായിക്കണം' എന്നാവശ്യപ്പെട്ട് ഒട്ടേറെ സന്ദേശങ്ങൾ വരുന്നുണ്ടെന്ന് ഈ ദമ്പതികൾ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ