ഇസ്താംബുൾ: തുർക്കിയിൽ നടക്കുന്ന ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ നിഖാത് സരീൻ. മിന്നും പ്രകടനങ്ങളുമായി റിങിൽ നിറഞ്ഞ നിഖാത് വനിതാ ലോകചാംപ്യൻഷിപ്പിൽ സുവർണ നേട്ടം കുറിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി മാറി. 52 കിലോ വിഭാഗത്തിലാണ് താരം ലോക ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്. ജൂനിയർ വിഭാഗത്തിലെ മുൻ ലോകചാമ്പ്യൻ കൂടിയാണ് സരിൻ.

വ്യാഴാഴ്ച നടന്ന ഫൈനലിൽ തായ്‌ലൻഡിന്റെ ജിറ്റ്‌പോങ് ജിറ്റാമാസിനെയാണു സരീൻ തോൽപിച്ചത്. തുർക്കിയിലെ ഇസ്താംബുളിൽ നടന്ന ഫൈനലിൽ 52 കിലോ വിഭാഗത്തിലാണ് തെലങ്കാനയിലെ നിസാമാബാദിൽ നിന്നുള്ള ഇരുപത്തിയഞ്ചുകാരി സരീൻ സ്വർണം നേടിയത്.

ഫൈനൽ പോരാട്ടത്തിൽ ആധികാരിക ജയത്തോടെയാണ് (5 - 0), (30 - 27, 29- 28, 29- 28, 30- 27, 29 - 28) നിഖാത്ത് സരിന്റെ സ്വർണ നേട്ടം. വിധികർത്താക്കളെല്ലാം ഏകകണ്ഠേന നിഖാത്ത് സരിനെ വിജയിയായി തിരഞ്ഞെടുക്കുകയായിരുന്നു. ടോക്കിയോ ഒളിംപിക്‌സിലെ ക്വാർട്ടർ ഫൈനലിലെത്തിയ ജിറ്റ്‌പോങ്ങിനെ സരീൻ കീഴടക്കിയത്.

ഫൈനൽ പോരാട്ടത്തിൽ നാല് റൗണ്ടുകളിലും മുന്നേറിയ താരം 5-0ത്തിന് വിജയവും സ്വർണവും പിടിച്ചെടുക്കുകയായിരുന്നു. ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതാ താരമായും ഇതോടെ നിഖാത് മാറി.

 

ബുധനാഴ്ച നടന്ന സെമിയിൽ ബ്രസീലിന്റെ കരോളിൻ ഡി അൽമേഡയെ കീഴടക്കിയാണ് സരിൻ കിരീടപോരാട്ടത്തിന് യോഗ്യത നേടിയത്. ആ മത്സരത്തിലും വിജയം ഏകപക്ഷീയമായിരുന്നു (5 - 0). ആറ് തവണ ലോക ചാമ്പ്യനായ എം സി മേരി കോം, സരിതാ ദേവി, ജെന്നി ആർ എൽ, ലേഖ സി എന്നിവരാണ് ലോക കിരീടം നേടിയ ഇന്ത്യൻ വനിതാ ബോക്‌സർമാർ.

സ്ഥിരതയാർന്ന പ്രകടനമാണ് നിഖാത് സരീൻ കാഴ്ചവയ്ക്കുന്നത്. 2019ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും നിഖത് നേടിയിരുന്നു. സ്ട്രാൻഡ്ജ മെമോറിയലിൽ അടുത്തിടെ മെഡൽ നേടിയ നിഖത് സരീൻ ഇവിടെ രണ്ട് സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി.