കൊച്ചി: 'വാപ്പച്ചിയുടെ മകൻ ദുൽഖർ എന്നു പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ട ചിത്രത്തിലെ കുഞ്ഞിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. മമ്മുട്ടി ഒരു കുഞ്ഞിനെ എടുത്തിരിക്കുന്ന ചിത്രമാണ് ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിൽ വന്ന ഈ ചിത്രത്തിലുള്ള കുഞ്ഞ് താനല്ലെന്ന് ദുൽഖർ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ പിന്നെ ആരാണീ കുഞ്ഞെന്ന ചോദ്യം ഉയർന്നത്.

എറണാകുളത്ത് ഒരു ഷോപ് ഉദ്ഘാടനത്തിനായി മമ്മൂട്ടി എത്തിയപ്പോൾ കുഞ്ഞായിരിക്കുന്ന തന്നെ എടുപ്പിച്ച് ഉമ്മ പകർത്തിച്ചതാണ് ഈ ഫോട്ടോയെന്ന് പറഞ്ഞാണ് യുവാവ് രംഗത്തെത്തിയത്. നിഖിൽ ഇക്‌ബാൽ എന്ന യുവാവാണ് ഫോട്ടോയിൽ കാണുന്നത് താനാണെന്ന് പറഞ്ഞ് രംഗത്തെത്തിയത്. യുവാവ് പറയുന്നത് ഇങ്ങനെയാണ്:

നിഖിൽ ഇക്‌ബാൽ എന്ന എന്നെ, ഒരു വയസ്സുള്ളപ്പോൾ 'മമ്മുട്ടി' എടുത്ത ഫോട്ടോ എന്ന പേരിൽ 2012 ൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത തന്റെ ചിത്രവും അദ്ദേഹം ഷെയർ ചെയ്യുകയുണ്ടായി. ഈ പോസ്റ്റിന് മുമ്പ് ഇങ്ങനെയൊരു ഫോട്ടോ ഓൺലൈനിൽ പ്രചരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'ഒരു വയസുള്ളപ്പോൾ മമ്മുട്ടി എടുത്തിട്ടുണ്ട് എന്നത് ആന കാര്യമല്ല എങ്കിലും, കുടുംബ ആൽബത്തിലെ ഫോട്ടോ മറ്റൊരാളുടെ പേരിൽ പ്രചരിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി! 2012 ജനുവരിയിൽ എന്റെ ഫാമിലി ആൽബത്തിൽ നിന്ന് ഷെയർ ചെയ്തതാണ് ഈ ഫോട്ടോ. അതിന് മുൻപ് ഇങ്ങനൊരു ചിത്രം ഓൺലൈനിൽ വന്നിട്ടില്ല.

കുറെ സിനിമാ,എഫ്ബി പേജുകളെല്ലാം കൂടി ഇത് ദുൽഖർ സൽമാനാണെന്ന് അടിച്ചിറക്കി. എന്റെ ഭാഗത്തും തെറ്റുണ്ട്, വാട്ടർ മാർക്ക് ചെയ്തേ ഇതൊക്കെ പുറത്ത് വിടാൻ പാടുണ്ടായിരുന്നുള്ളൂ! ദുൽഖർ തന്നെ പ്രതികരിച്ച സ്ഥിതിക്ക് ഈ വിഷയം ഇവിടെ അവസാനിക്കുമെന്ന് കരുതുന്നു' എന്നും നിഖിൽ ഇഖ്ബാൽ പറയുന്നു.

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും ഒരു ആരാധകൻ ഈചിത്രം ട്വിറ്ററിൽ പങ്കുവെച്ചതോടെയായിരുന്നു ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്.'വാപ്പച്ചിയുടെ മകൻ ദുൽഖർ. ഇരുവരെയും ഒരുമിച്ച് സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുന്നു' എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ആരാധകന്റെ ട്വീറ്റ്.പല ഓൺലൈൻ മീഡിയകളും ഈ ചിത്രം വാർത്തയാക്കുകയുമുണ്ടായി. ഇതോടെ വിവിധ സോഷ്യൽ മീഡിയകളിലെ മമ്മൂട്ടി,ദുൽഖർ ഫാൻസ് പേജുകളിൽ നിരവധി ലൈക്കും ഷെയറുകളുമായി വൻ സ്വീകാര്യതയും ഈ ഫോട്ടോയ്ക്ക് ലഭിച്ചു.

എന്നാൽ അൽപ സമയത്തിനകം 'ആ കുട്ടി താനല്ലെന്ന് വെളിപ്പെടുത്തി' ഈ ട്വീറ്റിന് മറുപടിയുമായി ദുൽഖർ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് ചിത്രത്തിലുള്ള യഥാർത്ഥ കുട്ടി താനാണെന്ന് വ്യക്തമാക്കിക്കൊണ്ട് നിഖിൽ ഇഖ്ബാൽ എന്ന യുവാവ് ഫേസ്‌ബുക്കിലൂടെ രംഗത്തെത്തുന്നത്.