തിരുവനന്തപുരം: പശു കശാപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിന്റെ പേരിൽ വലിയ സൈബർ ആക്രമണം നേരിട്ട നടിയായിരുന്നു നിഖില വിമൽ.ജോ ആൻഡ് ജോ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വിവാദത്തിന് കാരണമായ പരാമർശം.പശുവിനെ കൊല്ലാനോ ഭക്ഷണമാക്കാനോ പറ്റില്ല എന്ന സിസ്റ്റം ഇന്ത്യയിലോ കേരളത്തിലോ ഇല്ലെന്ന നിഖിലയുടെ പരാമർശമായിരുന്നു വിവാദമായത്.ഇപ്പോഴിത വിവാദത്തിലും തുടർന്നുണ്ടായ സംഭവ വികാസങ്ങളിലും വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടി.ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് അന്നത്തെ തന്നെ നിലപാടിനെ കുറിച്ച് നിഖില തുറന്ന്
സംസാരിക്കുന്നത്.

ഓരോരുത്തർക്കും അവരുടേതായ രാഷ്ട്രീയമുണ്ട്,എനിക്കുമുണ്ട്.അസാധാരണമായ ഒരു ചോദ്യം വന്നതുകൊണ്ടാണ് അത്തരമൊരു മറുപടിയും വന്നതെന്നും ചോദ്യം ചോദിച്ച പയ്യൻ പ്രത്യേക അജണ്ട വെച്ച് ചോദിച്ചതാണെന്നൊന്നും താൻ കരുതുന്നില്ലെന്നുമാണ് നിഖില വിമൽ പറഞ്ഞത്.തന്റെ ആ പരാമർശവുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകളുണ്ടായി. അത്തരം ചർച്ചകളുണ്ടാകുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് നല്ലതാണെന്നാണ് കരുതുന്നതെന്നും ഓരോരുത്തർക്കും അവരവരുടേതായ രാഷ്ട്രീയമുള്ളതുപോലെ തനിക്കും രാഷ്ട്രീയമുണ്ടെന്നും നിഖില വിമൽ പറഞ്ഞു.

'ജോ ആൻഡ് ജോയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖമാണത്. സിനിമ കൂടുതൽ ആൾക്കാരിലേക്ക് എത്തണം എന്നതിനപ്പുറം ഞാൻ പറയുന്ന മറുപടി ഇത് വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ല. അസാധാരണമായ ചോദ്യം വന്നതു കൊണ്ടാണ് അത്തരമൊരു മറുപടിയും വന്നത്.

ആ പയ്യൻ കൃത്യമായൊരു അജണ്ട വച്ചാണ് ചോദ്യം ചോദിച്ചതെന്ന് എനിക്ക് തോന്നുന്നില്ല. അവരെ സംബന്ധിച്ച് ഒരു എന്റർടെയിന്മെന്റ് ഷോ എന്ന നിലയിൽ ആ പരിപാടിയെ മാറ്റുക എന്നത് മാത്രമാണ് ഉദ്ദേശം. അത് മുന്നിൽ കണ്ട് ചോദിച്ചതാകാം.ആ അഭിമുഖം നടത്തിയ യുവാവ് കൃത്യമായൊരു രാഷ്ട്രീയം വച്ച് സംസാരിക്കുന്ന ഒരാളാണ് എന്നും തോന്നിയിട്ടില്ല. അയാളൊരു ചോദ്യം ചോദിച്ചു അതിന് ഞാൻ മറുപടി നൽകി, അതിനപ്പുറം പ്രധാന്യം കൊടുക്കേണ്ട കാര്യമില്ല.

അതിനെ കുറിച്ച് ഒരുപാട് ചർച്ചകളുണ്ടായി. അത്തരം ചർച്ചകൾ ഉണ്ടാകുന്നത് ഒരുജനാധിപത്യ സമൂഹത്തിന് നല്ലതാണെന്നാണ് ഞാൻ കരുതുന്നത്.അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ എന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ കമന്റ് ചെയ്തു. എന്നാൽ മറ്റൊന്നും ആ വിഷയത്തിൽ പ്രതികരിക്കാൻ ഇല്ലാത്തതുകൊണ്ട് അവയ്ക്ക് ഞാൻ മറുപടി കൊടുത്തില്ല. ഓരോരുത്തർക്കും അവരുടേതായ രാഷ്ട്രീയമുണ്ട്. എനിക്കുമുണ്ട്. പക്ഷേ സിനിമയിൽ അഭിനയിക്കുമ്പോൾ അതിലേക്ക് രാഷ്ട്രീയമൊന്നും കടത്തിവിടാറില്ല,' നിഖില വിമൽ പറഞ്ഞു.

നിഖിലയ്ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ഒരു വിഭാഗം വിമർശനമുയർത്തിയപ്പോൾ നിഖിലയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.ബീഫ് കഴിക്കുന്നതിനെ കുറിച്ച് പറഞ്ഞത് തന്റെ നിലപാടാണെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും നിഖില വിമൽ അഭിമുഖം വിവാദമായതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. അതിന്റെ പേരിൽ നടന്ന സൈബർ ആക്രമണങ്ങൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അത്തരം ആക്രമണങ്ങൾ ഗൗനിക്കാറില്ലെന്നും നിഖില പറഞ്ഞിരുന്നു.

അങ്ങനെയൊരു ചോദ്യം വന്നപ്പോൾ എല്ലാവരും അവരവരുടെ നിലപാടുകൾ പറയുന്നതുപോലെ ഞാനെന്റെ നിലപാട് പറഞ്ഞു. എല്ലാവർക്കും നിലപാട് ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.'എല്ലാവർക്കും നിലപാടുകളുണ്ട്. അത് ഉറക്കെ പറഞ്ഞത് കേട്ടതിന് സന്തോഷം. വ്യക്തിപരമായ എന്റെ നിലപാടാണ് ഞാൻ പറഞ്ഞത്. അത് തുറന്നു പറയാൻ എല്ലാവർക്കും കഴിയണം. സൈബർ ആക്രമണം ഉണ്ടായതായി ഞാൻ പറഞ്ഞിട്ടില്ല.

മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് എന്നെ ബാധിക്കില്ല. സിനിമാ മേഖലയിൽ നിന്ന് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം അറിയിച്ചവരുണ്ട്,' നിഖില പറഞ്ഞു.

ജോ ആൻഡ് ജോ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് നിഖില പശുവിനെ പറ്റിയുള്ള പരാമർശം നടത്തിയത്. 'നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പറ്റില്ല എന്ന ഒരു സിസ്റ്റമേ ഇല്ല. നമ്മൾ ഇന്ത്യയിലാണ്. ഇന്ത്യയിൽ അങ്ങനെ ഒരു സിസ്റ്റമല്ല. അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ലേ. അത് നമ്മുടെ പ്രശ്‌നമല്ല എന്നായിരുന്നു നിഖില പറഞ്ഞത്.

മൃഗങ്ങളെ സംരക്ഷിക്കുക എന്ന രീതിയിലാണെങ്കിൽ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. ഒരു മൃഗത്തേയും വെട്ടരുത്. പശുവിന് മാത്രം ഈ നാട്ടിൽ പ്രത്യേക പരിഗണനയൊന്നുമില്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കിൽ എല്ലാത്തിനെയും വെട്ടണം,' എന്നുമായിരുന്നു നിഖിലയുടെ പരാമർശം