മുംബൈ: ഗ്രെറ്റ ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡൽഹി കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച മലയാളി അഭിഭാഷക നികിതക്ക് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് നികിതക്ക് ജാമ്യം അനുവദിച്ചത്. നികിത ജേക്കബിന് മൂന്ന് ആഴ്ചത്തേക്കാണ് ബോംബെ ഹൈക്കോടതി ട്രാൻസിറ്റ് മുൻകൂർ ജാമ്യം അനുവദിച്ചത്.നികിതയെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഇരുപത്തി അയ്യായിരം രൂപയുടെ വ്യക്തിഗത ജാമ്യത്തിലും തുല്യ തുകയ്ക്കുള്ള ആൾജാമ്യത്തിലും വിട്ടയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ജാമ്യം നൽകുന്നതിനെതിരെ ഡൽഹി പൊലീസ് ഉയർത്തിയ വാദഗതികൾ തള്ളിയാണ് നടപടി. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിൽ മു്ൻകൂർ ജാമ്യഹർജി പരിഗണിക്കാനുള്ള അധികാരം മുംബൈ കോടതിക്കില്ലെന്ന വാദവും തള്ളി. അക്രമം ഉണ്ടാക്കണമെന്ന ഉദ്ദേശം നികിതക്ക് ഇല്ലെന്നും കോടതിയുടെ നിരീക്ഷണം.

സ്വീഡിഷ്‌ പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തുംബർഗ്‌ പോസ്‌റ്റ്‌ ചെയ്‌ത ടൂൾകിറ്റ്‌ മാർഗരേഖയുമായി ബന്ധപ്പെട്ട നടപടികൾ ആക്ടിവിസ്റ്റ്‌ ദിഷ രവി, നികിത തുടങ്ങിയവർ ഏകോപിപ്പിച്ചുവെന്നാണ്‌ പൊലീസിന്റെ വാദം. ടൂൾകിറ്റ്‌ രേഖ തയാറാക്കുന്നതിൽ നികിതക്ക്‌ പങ്കുണ്ടെന്നും ഖാലിസ്ഥാൻ അനുകൂല ഘടകങ്ങളുമായി നേരിട്ട്‌ ബന്ധമുണ്ടെന്നും പൊലീസ്‌ ആരോപിക്കുന്നു. നികിതക്ക്‌ രാജ്യത്തെ ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്നാണ്‌ ഡൽഹി പൊലീസ്‌ അവകാശപ്പെടുന്നത്‌. എന്നാൽ നികിതയെ അറിയില്ലെന്നാണ്‌ ആംആദമി പാർട്ടിയുടെ ദേശീയ വക്താവ്‌ പ്രീതി ശർമ മേനോന്റെ പ്രതികരണം. നികിത പാർട്ടി അംഗമല്ലെന്ന്‌ ആം ആദമി പാർട്ടി നേതാവ്‌ രാഖവ്‌ ഛദ്ദയും പറഞ്ഞു.

ബിരുദകാലത്ത്‌ നികിതയുടെ പരിസ്ഥിതി പ്രവർത്തനങ്ങളിലുള്ള താൽപര്യത്തെക്കുറിച്ച്‌ ഐഎൽഎസ്‌ കോളേജിലെ സഹപാടികളിൽ ഭൂരിഭാഗം പേർക്കും അറിവില്ല. ഡൽഹി സൈബർ സെൽ കേസ്‌ രജിസ്റ്റർ ചെയ്‌തതിന്‌ പിന്നാലെ കുറച്ച്‌ ദിവസങ്ങളായി നികിതയുടെ സമൂഹമാധ്യമ പ്രൊഫൈലുകൾ ബ്ലോക്ക്‌ ചെയ്‌തിരിക്കുകയാണ്‌. തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടുന്നതായി അടുത്തിടെ നികിത പരാതിപ്പെട്ടിരുന്നതായി സുഹൃത്തുക്കളും ബന്ധിക്കളും പറഞ്ഞു. എസ്‌കെ ലീഗൽ അസോസിയോറ്റ്‌സിനൊപ്പം രണ്ടു വർഷത്തോളം പ്രവർത്തിച്ചതായും ബോംബെ ഹൈക്കോടതിയിൽ സിവിൽ വാണീജ്യ വ്യവഹാരങ്ങൾ കൈകാര്യം ചെയ്‌തതായും ലിങ്കഡ്‌ഇൻ അക്കൗണ്ടിൽ പറയുന്നു. കാരാർ അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനത്തിൽ ലീഗൽ കൺസൾട്ടന്റായും നികിത ജോലി ചെയതിട്ടുണ്ട്‌.

ബീഡിലെ പരിസ്ഥിതി പ്രവർത്തകൻ ശന്തനു മുലുകിന് കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിൽനിന്ന് സംരക്ഷണം തേടി കഴിഞ്ഞ ദിവസമാണ് ശന്തനു ജാമ്യാപേക്ഷ സമർപ്പിച്ചത്.

മറ്റൊരു പ്രതി പരിസ്ഥതി പ്രവർത്തക ദിഷ രവിയെ ഡൽഹി പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദിഷ രവിയെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ദിഷ രവിക്ക് ദിവസം 30 മിനിറ്റ് അഭിഭാഷകരെ കാണാനും 15 മിനിറ്റ് കുടുംബാംഗങ്ങളെ കാണുന്നതിനും ഡൽഹി പാട്യാല കോടതി അനുമതി നൽകിയിട്ടുണ്ട്.