മലപ്പുറം; മലപ്പുറം ജില്ലയിൽ കോൺഗ്രസിന്റെ ഉറച്ച കോട്ടകളിലൊന്നായിരുന്നു നിലമ്പൂർ. എന്നാൽ ഇതേ നിലമ്പൂരിൽ ഇപ്പോൾ യുഡിഎഫിൽ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഡിസിസി പ്രസിഡണ്ട് വിവി പ്രകാശ്, മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകനും സംസ്‌കാരം സാഹിതി സംസ്ഥാന പ്രസിഡണ്ടും നഗരസഭ അദ്ധ്യക്ഷനുമായിരുന്ന ആര്യാടൻ ഷൗകത്ത് എന്നീ രണ്ട് പേരുകളാണ് സജീവമായി ചർച്ചകളിലുള്ളത്.

എന്നാൽ ഇവരിൽ ആര് നിന്നാലും തോൽവി ഉറപ്പാണ് എന്ന നിലയിലാണ് നിലമ്പൂരിലെ യുഡിഎഫിലെ കാര്യങ്ങൾ. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പ് മുതൽ നിലമ്പൂരിൽ ഈ പ്രതിസന്ധിയുണ്ട്. ആര്യാടൻ ഷൗകത്ത് സ്ഥാനാർത്ഥിയായാൽ വിവി പ്രകാശിനെ അനകൂലിക്കുന്നവർ തോൽപിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗകത്ത് പതിനായിരത്തിലധികം വോട്ടുകൾക്ക് തോറ്റതിന് പിന്നിൽ വിവി പ്രകാശിന്റെ ഇടപെടലുകളാണെന്ന് നിലമ്പൂരിൽ പകൽ പോലെ സത്യമാണ്. കഴിഞ്ഞ തവണ അവസാനം വരെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന വിവി പ്രകാശിനെ മാറ്റിയാണ് ആര്യാടൻ ഷൗകത്തിനെ സ്ഥാനാർത്ഥിയാക്കിയത്.

ഇത്തവണ സീറ്റ് നൽകാമെന്ന് പറഞ്ഞാണ് അന്ന് വിവി പ്രകാശിനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. അതിന് പകരം ഡിസിസി അദ്ധ്യക്ഷനാക്കുകയും ചെയ്തു.അതു കൊണ്ട് തന്നെ ഇത്തവണ എന്തായാലും സീറ്റ് ലഭിക്കണമെന്ന ആവശ്യത്തിൽ വിവി പ്രകാശ് ഉറച്ച് നിൽക്കുകയാണ്. മാത്രവുമള്ള സംസ്ഥാനത്തെ മറ്റ് ഡിസിസി പ്രസിഡണ്ടുമാരെല്ലാം ഏതെങ്കിലും തരത്തിൽ പാർലമെന്ററി രാഷ്ട്രീയത്തിൽ ഉണ്ടെന്നുള്ള വസ്തുതയും വിവി പ്രകാശ് ചൂണ്ടിക്കാണിക്കുന്നു. മറ്റെല്ലാ ഡിസിസി പ്രസിഡണ്ടുമാർക്കും സീറ്റ് നൽകുന്ന സാഹചര്യത്തിൽ പ്രകാശിനെ മാറ്റി നിർത്തുന്നത് നല്ലതാവില്ലെന്നാണ് കോൺഗ്രസ് നേതൃത്വവും കരുതുന്നത്.

എന്നാൽ നാട്ടുകാരനായ വിവി പ്രകാശ് സ്ഥാനാർത്ഥിയായാൽ ആര്യാടൻ ഷൗകത്ത് ഇടപെട്ട് തോൽപിക്കുമോ എ്ന്ന പേടിയും കോൺഗ്രസ് നേതൃത്വത്തിനുണ്ട്. കഴിഞ്ഞ ഇലക്ഷനിലെ പരാചയം മുതൽ ആര്യാടൻ ഷൗകത്ത് മണ്ഡലത്തിൽ സജീവമായുണ്ട്.ഇത്തവണത്തെ സീറ്റ് മുന്നിൽ കണ്ട തന്നെയാണ് അദ്ദേഹം മണ്ഡലത്തിൽ സജീവമായി ഇടപെട്ട് തുടങ്ങിയിട്ടുള്ളതും. നേരത്തെ നിലമ്പൂർ നഗരസഭ അദ്ധ്യക്ഷനായിരുന്ന ഷൗകത്ത് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നതും നിയമ സഭ സീറ്റ് മുന്നിൽ കണ്ടാണ്. മാത്രവുമ്മ നിലമ്പൂർ ഷൗകത്ത് ഇടപെട്ട് ബൂത്ത് കമ്മറ്റികൾ വരെ സജീവാക്കി നിർത്തിയിട്ടുണ്ട്.

നിരവധി പുതിയ വോട്ടുകൾ ചേർക്കുന്നതിനും ഷൗകത്ത് നേരിട്ട് രംഗത്തിറങ്ങിയിരുന്നു. നിലവിലെ എംഎൽഎ പിവി അൻവറിനെതിരെയുള്ള എല്ലാ തരം പ്രതിഷേധങ്ങൾക്കും പ്രചരങ്ങൾക്കും പിന്നിൽ ഷൗക്കത്താണെന്നതും അൻവറിന് ഒത്ത എതിരാളി താനാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളും ഭാഗമായിരുന്നു.നിലമ്പൂർ മുനിസിപ്പാലിറ്റ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നഷ്ടമായപ്പോഴും സമീപ പഞ്ചായത്തുകൾ നിലനിർത്തുന്നതിൽ ഷൗകത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. മാത്രവുമല്ല മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി നിലമ്പൂരിലെത്തിയ സമയത്ത് അര മണിക്കൂറോളം ആര്യാടൻ മുഹമ്മദുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയതും ഷൗകത്തിന് സീറ്റുറപ്പിക്കാനാണെന്നാണ് പൊതുവിലുള്ള സംസാരം.

ഷൗകത്ത് തിരക്കഥയെഴുതി സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത വർത്തമാനം സിനിമ വരുന്ന 12ന് റീലിസ് ചെയ്യുന്നതോടെ സംഘപരിവാർ വിരുദ്ധ ഇമേജും ഷൗകത്തിന് ലഭിക്കും. ഇതെല്ലാം മുതലെടുത്ത് ഇത്തവണയും സീറ്റ് ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹമുള്ളത്. എന്നാൽ ഇത്തവണയും ആര്യാടൻ ഷൗകത്ത് തന്നെയാണ് സ്ഥാനാർത്ഥിയെങ്കിൽ എൽഡിഎഫിനെ കോൺഗ്രസുകാർ തന്നെ വിജയിപ്പിക്കുമെന്നാണ് എൽഡിഎഫും കോൺഗ്രസിൽ വിവി പ്രകാശിനെ അനുകൂലിക്കുന്നവരും പറയുന്നത്. പിവി അൻവർ ഇടതു സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗകത്തും വന്നാൽ മുസ്ലിം ലീഗിന്റെ വോട്ടുകൾ ഒന്നുപോലും കുറയാതെ യുഡിഎഫിന് ലഭിക്കുകയും കോൺഗ്രസ് വോട്ടുകൾ പരമാവധി അൻവറിന് ലഭിക്കുമെന്നും മുസ്ലിം ലീഗും പറയുന്നു.

മുസ്ലിം ലീഗും വിവി പ്രകാശിന്റെ സ്ഥാനാർത്ഥിത്വത്തെയാണ് പിന്തുണക്കുന്നത്. യുഡിഎഫിന്റെ ഇത്തരത്തിലുള്ള അനൈക്യമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാചയത്തിന് പിന്നിലെന്ന് തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് വിലയിരുത്തുകയും ചെയ്തിരുന്നു.അതേ സമയം അവർ രണ്ട് പേരെയും മാറ്റി നിർത്തി കെപിസിസി സെക്രട്ടറിയും കെഎസ്‌യു മുൻ സംസ്ഥാന അദ്ധ്യക്ഷൻ വി എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണെമെന്ന് പറയുന്നവരുമുണ്ട്. ഏതായാലും കോൺഗ്രസിന്റെ ഉറച്ച കോട്ടകളിലൊന്നായ നിലമ്പൂരിലെ സ്ഥാനാർത്ഥി നിർണ്ണയം യുഡിഎഫിന് തലവേദനയായിരിക്കുകയാണ്. ഇടതു സ്ഥാനാർത്ഥിയായി ഇത്തവണയും പിവി അൻവർ തന്നെ രംഗത്തുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു.