മലപ്പുറം: കിണറ്റിൽ നിന്നും വെള്ളമെടുത്തതിന് അച്ഛനെ മകനും മരുമകളും ചേർന്ന് മർദ്ദിച്ചു. നിലമ്പൂർ രാമംകൂത്ത് പനയ്ക്കാമറ്റം നൈനാനാണ് മർദ്ദനമേറ്റത്. അദ്ദേഹത്തിന് 89 വയസ്സ് പ്രായമുണ്ട്. നൈനാന്റെ മുത്തമകൻ ചെറിയാൻ, ഭാര്യ സൂസമ്മ എന്നിവർ ചേർന്നാണ് മർദ്ദിച്ചത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചെറിയാൻ താമസിക്കുന്ന വീടിന് സമീപത്ത് തന്നെയാണ് പിതാവ് നൈനാൻ താമസിക്കുന്നത്. നൈനാൻ തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. മകനുമായി പലപ്പോഴും വഴക്കുണ്ടാകാറുണ്ട്. മർദ്ദനം നടന്ന ദിവസം രാവിലെയും മകനും പിതാവും തമ്മിൽ വഴക്കുണ്ടായിരുന്നു. അന്ന് വൈകീട്ട് നൈനാൻ താമസിക്കുന്ന വീട്ടിലെ ടാങ്കിൽ വെള്ളം തീരുകയും പകരം ചെറിയാന്റെ വീട്ടിലെ പൈപ്പിൽ നിന്ന് വെള്ളമെടുക്കാനായി എത്തുകയും ചെയ്തു. കിണറ്റിലെ വെള്ളമാണ് പൈപ്പിലൂടെ കിട്ടുന്നത്.

പൈപ്പ് തുറന്ന് വെള്ളമെടുക്കുന്നതിനിടയിൽ ചെറിയാനെത്തി പിതാവിനെ മർദ്ദിക്കുകയായിരുന്നു. ആദ്യം വെള്ളമെടുക്കുന്നത് തടയുകയും പിന്നീട് ഇരുവരും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. വാക്കുതർക്കം മർദ്ദനത്തിൽ കലാശിക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന വടിയെടുത്ത് ചെറിയാൻ പിതാവിനെ പൊതിരെ തല്ലുകയും തള്ളിതാഴെയിടുകയും ചെയ്തു. ഇതിനിടെ ചെറിയാന്റെ ഭാര്യ സൂസ്സമ്മയും ഓടിയെത്തി നൈനാനെ മർദ്ദിച്ചു. മർദ്ദനമേറ്റ് അവശനായ പിതാവിനെ ഉപേക്ഷിച്ച് ഇരുവരും വീട്ടിലേക്ക് പോവുകയും ചെയ്തു.

ദേഹമാസകലം അടിയേറ്റ് അവശനായ വയോധികന്റെ കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയപ്പോഴാണ് മർദ്ദനം നടന്നത് അറിഞ്ഞത്. അയൽവാസികൾ ചേർന്ന് മർദ്ദനമേറ്റ് നൈനാനെ നിലമ്പൂർ ജില്ല ആശുപത്രിയിലെത്തി ചികിത്സ നൽകി. നാട്ടുകാർ തന്നെ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ചെറിയാനെയും ഭാര്യ സൂസമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ഒരേ പറമ്പിൽ തന്നെയാണ് നൈനാനും ചെറിയാനും താമസിച്ചിരുന്നത്. രണ്ടു പേർക്കും കൂടി ഒരു കിണറാണുള്ളത്. ഇത്രയും കാലം ഇതേ കിണറിൽനിന്നാണ് നൈനാനും വെള്ളം ഉപയോഗിച്ചിരുന്നത്. എന്നാൽ വ്യാഴാഴ്ച രാവിലെ വഴക്കുണ്ടായതിനെ തുടർന്ന് കിണറ്റിൽനിന്ന് വെള്ളം എടുക്കുന്നതിന് മകൻ പിതാവിന് വിലക്കേർപ്പെടുത്തുകയായിരുന്നു.