- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തല നരച്ചവരെയും പലതവണ മത്സരിച്ചവരെയും ഒഴിവാക്കണമന്ന് കെപിസിസി ജനറൽ സെക്രട്ടറി വി എസ് ജോയി; നിലമ്പൂരിൽ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കെപിസിസിയല്ല താനാണെന്ന് ആര്യാടൻ മുഹമ്മദ്; നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയ യോഗത്തിൽ സംഘർഷം
മലപ്പുറം; നിലമ്പൂർ മേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ നിർണ്ണയിക്കാൻ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ നേതാക്കൾ തമ്മിൽ തർക്കം. കെപിസിസി ജനറൽ സെക്രട്ടറിയും ആര്യാടൻ മുഹമ്മദും തമ്മിലാണ് തർക്കമുണ്ടായത്.
ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ നേതാക്കളും രംഗത്തുവന്നതോടെ തർക്കം രൂക്ഷമായി. മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നതോടെ തർക്കം സംഘർഷത്തിലാണ് അവസാനിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എംഎൽഎയും യോഗത്തിൽ പങ്കെടുത്തിരുന്നു. തല നരച്ചവരെയും നിരവധി തവണ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചവരെയും മാറ്റിനിർത്തണമെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും കെഎസ്എയു മുൻ സംസ്ഥാന പ്രസിഡണ്ടുമായ വി എസ് ജോയി നിലപാട് എടുത്തതോടെയാണ് യോഗത്തിൽ തർക്കം തുടങ്ങിയത്.
നിലമ്പൂരിലെ സ്ഥാനാർത്ഥികളെ കെപിസിസിയല്ല താനാണ് തീരുമാനിക്കുക എന്നും മറുപടിയായി ആര്യാടൻ മുഹമ്മദ് പറഞ്ഞു. കെപിസിസി നിർദ്ദേശം പാലിക്കുകയാണെങ്കിൽ മകൻ ആര്യാടൻ ഷൗക്കത്തിന് സീറ്റ് ലഭിക്കില്ലെന്ന് കണ്ടതോടെയാണ് ആര്യാടൻ മുഹമ്മദ് രോഷാകുലനായത്. കെപിസിസി മാനദണ്ഡം അംഗീകരിക്കില്ലെന്നും താൻ നിർത്തുന്ന സ്ഥാനാർത്ഥികൾ നിലമ്പൂരിൽ മത്സരിക്കുമെന്നും ആര്യാടൻ യോഗത്തിൽ വാശിപിടിച്ചു. ഇതിനെതിരെ യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി നേതാക്കൾ രംഗത്ത് വന്നതോടെ തർക്കം രൂക്ഷമായി. ആര്യാടൻ നിർത്തുന്ന സ്ഥാനാർത്ഥികളെ അംഗീകരിക്കില്ലെന്നും പുതിയ ആളുകൾക്ക് അവസരം നൽകണമെന്നും മറുവിഭാഗം പറഞ്ഞു.
നിരവധി തവണ മത്സരിച്ചവരെയും തലനരച്ചവരെയും വീണ്ടും നിർത്തുന്നത് യുഡിഎഫിന് കനത്ത തോൽവി സമ്മാനിക്കുമെന്നും വി എസ് ജോയി പറഞ്ഞു. എൽഡിഎഫ് യുവനേതാക്കൾക്ക് പരിഗണന നൽകുമ്പോൾ യുഡിഎഫിന്റെ ഈ തിരുമാനം കോൺഗ്രസ് പാർട്ടി പ്രവർത്തകർക്കിടയിൽ അമർഷമുണ്ടാക്കുമെന്നും ജോയി കുറ്റപ്പെടുത്തി. ഡിസിസി പ്രസിഡണ്ട് വിവി പ്രകാശ്, ജില്ല യുഡിഎഫ് ചെയർമാൻ പിടി അജയമോഹൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസഡണ്ട് ഷാഫി പറമ്പിൽ എംഎൽഎ എന്നിവരും വി എസ് ജോയിക്ക് പിന്തുണനൽകിയതോടെ ആര്യാടൻ പക്ഷം യോഗത്തിൽ ബഹളമുണ്ടാക്കി.
ഇതിനിടയിൽ നിലമ്പൂർ അർബൻ ബാങ്കിലെ നിയമനങ്ങളെ കുറിച്ചും യോഗത്തിൽ വിമർശനങ്ങളുയർന്നു. ആര്യാടന്റെ ശിങ്കിടികൾക്കാണ് ബാങ്കിൽ ജോലി നൽകുന്നതെന്നും ഒരിക്കൽ പോലും കോൺഗ്രസിന്റെ കൊടിപിടിക്കാത്തവർ ബാങ്കിൽ ജോലി ചെയ്യുന്നുണ്ടെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ ആക്ഷേപം ഉന്നയിച്ചതോടെ യോഗം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ