തിരുവനന്തപുരം: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയിൽ പിണറായി സർക്കാർ പ്രതിക്കൂട്ടിൽ. ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് ഇടത് ബുദ്ധിജീവികൾ തന്നെ ആരോപിക്കുന്നു. വിഷയത്തിൽ സിപിഐ നിലപാട് കടുപ്പിച്ചപ്പോൾ വസ്തുതകൾ വിലയിരുത്തി മാത്രമേ നിലപാടെടുക്കാൻ കഴിയൂ എന്നു സിപിഐ(എം). പക്ഷേ മാവോയിസ്റ്റുകളെ കൊന്നതിനെ ന്യായീകരിക്കാൻ സിപിഎമ്മിനും അത്ര പെട്ടെന്ന് കഴിയില്ല. ഇക്കാര്യത്തിൽ മൗനം തുടരേണ്ടി വരും. പല വിഷയത്തിലും സിപിഐ(എം) നിലപാടുകളെ പിന്തുണയ്ക്കുന്ന ഇടത് ബുദ്ധീജീവികളുടെ പ്രതിഷേധമാണ് ഇതിന് കാരണം.

അഭിപ്രായം പറയുന്നവരെ കൊന്നൊടുക്കുന്നത് എൽഡിഎഫ് നയമല്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുറന്നടിച്ചതിനു പിന്നാലെ പാർട്ടി മുഖപത്രവും വിമർശനവുമായി എത്തി. ഛത്തീസ്‌ഗഡിലും ഝാർഖണ്ഡിലും അരങ്ങേറുന്ന നരനായാട്ടാണു നടന്നതെന്നുള്ള സംശയം ശക്തമാണെന്നും പത്രം മുഖപ്രസംഗത്തിലൂടെ അഭിപ്രായപ്പെട്ടു. ഈ വിഷയം സർക്കാരിനെതിരെ ആയുധമാക്കാൻ ഒരു വിഭാഗം കോൺഗ്രസുകാരും രംഗത്തുണ്ട്. എന്നാൽ മുൻ ആഭ്യന്തര മന്ത്രികൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പൊലീസിനെ പൂർണ്ണമായും കൈവിടാനും മനസ്സില്ല. ബിജെപിയും ഈ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കും. മധ്യപ്രദേശിൽ ജയിൽ ചാടിയ സിമി പ്രവർത്തകരെ കൊന്നത് വലിയ വിവാദമായിരുന്നു. ബിജെപി സർക്കാരിനെതിരെ കടന്നാക്രമാണ് സിപിഐ(എം) നടത്തിയത്. ഈ സാഹചര്യത്തിൽ മാവോയിസ്റ്റുകളുടെ കൊലയേയും അതുമായി താരതമ്യപ്പെടുത്തി ചർച്ചയാക്കും.

പൊലിസ് നടപടിയെ പ്രകീർത്തിച്ചില്ലെങ്കിലും പൊലിസിനെതിരായ ആക്രമണത്തെത്തുടർന്നു സംഭവിച്ചതാണെന്ന അഭിപ്രായമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവച്ചത്. വിശദാംശങ്ങൾ മനസ്സിലാക്കി പ്രതികരിക്കാമെന്നും അദ്ദേഹം അറിയിച്ചു. ഏറ്റുമുട്ടലിന്റെ ഭാഗമായി സംഭവിച്ചതാണോ എന്നത് ഇനിയും തെളിയേണ്ടതാണെന്നായിരുന്നു സിപിഐയുടെ വനംമന്ത്രി കെ.രാജുവിന്റെ പ്രതികരണം. സർക്കാരിനും പൊലിസിനുമെതിരെയാണു സിപിഐ തിരിഞ്ഞിരിക്കുന്നതെങ്കിലും തിരിച്ചടിച്ചു വിവാദമുണ്ടാക്കാൻ സിപിഐ(എം) തുനിഞ്ഞിട്ടില്ല. വിശദാംശങ്ങൾ മനസ്സിലാക്കി പ്രതികരിക്കാമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഈ വിഷയവും കോൺഗ്രസിൽ ഭിന്നതയുണ്ടാക്കിയെന്നാണ് വസ്തുത. സിപിഐ നിലപാടിനെ അപക്വമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചപ്പോൾ മനുഷ്യാവകാശ പ്രശ്‌നത്തിന് ഊന്നൽ കൊടുത്താണു കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ പ്രതികരിച്ചത്. ജുഡീഷ്യൽ അന്വേഷണവും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി ഇക്കാര്യത്തിൽ സമരവും നടത്തും. രണ്ട് ഇടതുരാഷ്ട്രീയപ്രവർത്തകരെ കൊന്നതിനെക്കുറിച്ചു മിണ്ടാതെ ഇരുന്നിട്ടു കാസ്‌ട്രോയ്ക്ക് അഭിവാദ്യങ്ങളർപ്പിക്കുന്നതിലും അശഌലം വേറെയില്ല എന്നു ഫെയ്‌സ് ബുക്കിൽ കുറിച്ചു കോൺഗ്രസ് എംഎൽഎ വി. ടി.ബൽറാം സിപിഎമ്മിനെതിരെ തിരിഞ്ഞു. സംഭവം അങ്ങേയറ്റം ആശങ്കാജനകമാണെന്ന് വി.ടി.ബൽറാം എംഎൽഎ അഭിപ്രായപ്പെട്ടു. കേരളത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത സാഹചര്യമാണിത്. മാവോയിസത്തോട് യോജിപ്പില്ല. അത് എല്ലാ അർഥത്തിലും ഇല്ലാതാക്കണം. എന്നാൽ അതിന്റെ മറവിൽ വ്യാജ ഏറ്റുമുട്ടൽ കൊലകൾ ഒരിക്കലും അംഗീകരിക്കാനാകില്ല -ബൽറാം പറഞ്ഞു.

തൊഴിലാളിവർഗ സർവാധിപത്യത്തിനുവേണ്ടി വാദിക്കുന്നവർ നാടു ഭരിക്കുമ്പോൾ ഉത്തരേന്ത്യൻ മാതൃകയിൽ വ്യാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതു നീതിനിഷേധമാണെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പറഞ്ഞു. നരേന്ദ്ര മോദിയും പിണറായി വിജയനും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നതിന്റെ തെളിവാണു നിലമ്പൂർ സംഭവം. അക്രമികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നതിനു പകരം കശാപ്പു ചെയ്യുന്നതു സ്റ്റാലിനിസ്റ്റ് ശൈലിയാണ്- ഡീൻ പറഞ്ഞു.