മലപ്പുറം: നിലമ്പൂരിലെ പാരമ്പര്യവൈദ്യനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ എസ്.ഡി.പി.ഐ പ്രവർത്തകനും പിടിയിൽ. പാരമ്പര്യവൈദ്യൻ ഷാബാ ഷെരീഫ് വധകേസിൽ ഒളിവിൽ പോയ പ്രതികളെ സഹായിച്ച പ്രതി നിലമ്പൂർ ചന്തക്കുന്ന് വ്യന്ദാവനം കൈപ്പൻഞ്ചേരി സുനിൽ (40)നെയാണ് നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടർ പി വിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തത്.ഇയാൾ മുഖ്യ പ്രതി ഷൈബിന്റെ ബന്ധുവും എസ് ഡി പി ഐ പ്രവർത്തകനുമാണ്.

ഈ മാസം പതിനൊന്നിന് ഷൈബിൻ അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് കൂട്ടു പ്രതികളെയായ കൈപ്പഞ്ചേരി ഫാസിൽ, കുന്നേക്കോടൻ ഷെമീം, പുളകുളങ്ങര ഷബീബ്‌റഹ്മാൻ, കുത്രാടൻ മുഹമ്മദ് അജ്മൽ, വണ്ടൂർ പഴയ വാണിയമ്പലം ചീര ഷെഫീഖ് എന്നിവർ ഒളിവിൽ പോവുകയായിരുന്നു. പീന്നീട് ഒളിവിലുള്ള പ്രതികൾ കോയമ്പത്തൂരിൽ നിന്നും പല മെബൈലുകളിൽ നിന്നും സുനിലിനെ വിളിച്ച് ഒന്നര ലക്ഷം രൂപ എത്തിക്കാൻ ആവശ്യപ്പെട്ടു.

സുനിൽ നിലമ്പൂരിൽ നിന്നും കാറിൽ സുഹൃത്തിനൊപ്പം കോയമ്പത്തൂരിലെത്തി എ ടി എമ്മിൽ നിന്നും 50,000 രൂപ എടുത്ത് മുഹമ്മദ് അജ്മലിന് നൽകി. പീന്നീട് ഫാസിൽ വിളിച്ച് ആവശ്യപ്പെട്ട പ്രകാരം 50,000 രൂപ ഫാസിൽ നിർദ്ദേശിച്ച അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുകയുമായിരുന്നു. പ്രതികൾ ഡിണ്ടിഗൽ വെച്ച് മറ്റൊരുളുടെ സഹായത്തോടെ എ ടി എമ്മിൽ നിന്ന് പിൻവലിച്ച ശേഷം ഫോണുകൾ ഓഫാക്കി രക്ഷപ്പെട്ടതായും പൊലീസിന് വ്യക്തമായിട്ടുണ്ട്.

കുറച്ച് ദിവസങ്ങളായി സുനിൽ പൊലീസിന്റെ നീരിക്ഷണത്തിലായിരുന്നു.ഒളിവിലുള്ള പ്രതികകൾക്ക് സഹായം നൽകിയ കൂടുതൽ ആളുകളെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.അവർക്കെതിരെയും ശക്തമായ നടപടിയിലേക്ക് നീങ്ങുകയാണ് പൊലീസ് .ഷാബാ ഷെരീഫ് കൊലപാതക കേസുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി മുക്കട്ട സ്വദേശി കൈപ്പഞ്ചേരി ഷൈബിൻ അഷറഫ്, ഷൈബിന്റെ മാനേജരായിരുന്ന ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദ്ദീൻ,ഡ്രൈവർ നിലമ്പൂർ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ്, വയനാട് ബത്തേരി സ്വദേശി നൗഷാദ് എന്നീ നാല് പ്രതികൾ റിമാന്റിലാണ്.

സുനിലിനെ അറസ്റ്റ് ചെയ്തതോടെ പിടിയിലായ പ്രതികളുടെ എണ്ണം അഞ്ചായി. പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തെ തുടർന്നാണ് സുനിൽ പിടിയിലായത്. ഷൈബിനുമായി തെളിവെടുപ്പ് നടത്തുന്നതിടെ പൊലീസ് സുനിലിന്റ ചന്തക്കുന്നിലെ കടയിലും എത്തിയിരുന്നു. കൂട്ടുപ്രതികളായ അഞ്ച് പേരാണ് ഒളിവിൽ കഴിയുന്നത്. ഇവരെ കണ്ടെത്താൻ പൊലീസ് ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവർ വിദേശത്തേക്ക് കടന്നതായി പൊലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്.