- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിമി ടോമിയുടെ വാദങ്ങൾ തെറ്റോ? നിലമ്പൂരെ പാട്ടുത്സവത്തിൽ കാഴ്ചയില്ലാത്ത എട്ടുവയസുകാരിയെ പാടിക്കാൻ മടികാട്ടിയത് എന്തിന്? ഇനിയാർക്കും ഇങ്ങനെ സംഭവിക്കരുതെന്ന് കൊച്ചുഗായികയുടെ കുടുംബം
നിലമ്പൂരിൽ പാട്ടുത്സവത്തിനെത്തി ഗായിക റിമി ടോമി അകപ്പെട്ട വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി പരിപാടിയിൽ ഗാനം ആലപിച്ച കാഴ്ചയില്ലാത്ത എട്ടുവയസുകാരിയുടെ കുടുംബം. സംഭവത്തിൽ റിമി ടോമിയുടെ വാദങ്ങൾ തെറ്റാണെന്ന് കൊച്ചു ഗായിക ഫാത്തിമ അൻഷിയും കുടുംബവും വെളിപ്പെടുത്തുന്നു. നിലമ്പൂർ പാട്ടുൽസവത്തിൽ പങ്കെടുക്കാൻ ചെന്ന റിമി ടോമിയുടെ
നിലമ്പൂരിൽ പാട്ടുത്സവത്തിനെത്തി ഗായിക റിമി ടോമി അകപ്പെട്ട വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി പരിപാടിയിൽ ഗാനം ആലപിച്ച കാഴ്ചയില്ലാത്ത എട്ടുവയസുകാരിയുടെ കുടുംബം. സംഭവത്തിൽ റിമി ടോമിയുടെ വാദങ്ങൾ തെറ്റാണെന്ന് കൊച്ചു ഗായിക ഫാത്തിമ അൻഷിയും കുടുംബവും വെളിപ്പെടുത്തുന്നു.
നിലമ്പൂർ പാട്ടുൽസവത്തിൽ പങ്കെടുക്കാൻ ചെന്ന റിമി ടോമിയുടെ ചില പ്രവൃത്തികളെ അനുകൂലിച്ചും പ്രതികൂലിച്ചും നവമാദ്ധ്യമങ്ങളിൽ വാർത്തകൾ നിറഞ്ഞിരുന്നു. പാട്ടുത്സവവേദിയിൽ വീട്ടമ്മയെ സരിതാ നായരെന്ന് വിളിച്ച് നൃത്തം ചെയ്യിപ്പിച്ച് അപമാനിച്ചെന്നും കാഴ്ചയില്ലാത്ത എട്ടുവയസുകാരിയായ ഗായികയെ പാടാൻ അനുവദിച്ചില്ലെന്നുമായിരുന്നു വാർത്തകൾ. മഴവിൽ മനോരമ ചാനലിൽ 'ടേക് ഇറ്റ് ഈസി' എന്ന പരിപാടി അവതരിപ്പിക്കുന്ന സാബു റിമിക്കെതിരെ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റും ഏറെ വിവാദമുയർത്തിയിരുന്നു.
എന്നാൽ തന്റെ പേരിൽ ഉയർന്ന ആരോപണങ്ങൾ തെറ്റാണെന്നാണ് റിമി പ്രതികരിച്ചിരുന്നത്. 'അന്ധയായ കുട്ടിയെ ഞാൻ പാടാൻ അനുവദിക്കാതെയിരുന്നിട്ടില്ല. ഞാനും ഈ മേഖലയിൽ ഉള്ളതല്ലേ, മറ്റൊരാളുടെ അവസരം നിഷേധിക്കുന്നത് ശരിയല്ല എന്ന് എനിക്ക് അറിയില്ലേ? ആ കുട്ടി പാടി കഴിഞ്ഞപ്പോൾ ഇതിന് ഇത്രയും കൈയടി പോരാ, നല്ല ഒരു കൈയടി കൊടുക്കൂ എന്ന് പറഞ്ഞ് അഭിനന്ദിക്കുകയാണ് ചെയ്തത്' എന്നാണ് റിമി പറഞ്ഞത്. പക്ഷേ, ഈ വാദങ്ങളെല്ലാം തെറ്റാണെന്നാണ് ഫാത്തിമ അൻഷിയും കുടുംബവും പറയുന്നത്.
നിലമ്പൂർ നഗരസഭാ ചെയർമാൻ ആര്യാടൻ ഷൗക്കത്താണ് അൻഷിയെ നിലമ്പൂർ പാട്ടുത്സവ വേദിയിലേക്ക് പാടാൻ ക്ഷണിച്ചത്. ജനുവരി 12ന് പാട്ടുത്സവത്തിലെ സമാപനദിവസം റിമി ടോമിയുടെ മ്യൂസിക്കൽ നൈറ്റ് നടക്കുന്നതിനിടെയാണ് അൻഷിക്ക് പാടാൻ സമയം അനുവദിച്ചത്. എന്നാൽ തന്റെ പാട്ടിനിടയിൽ മറ്റാരെയും പാടിക്കാൻ അനുവദിക്കില്ലെന്ന് റിമി സംഘാടകരോട് കയർത്തു. ആര്യാടൻ ഷൗക്കത്ത് ഇടപെട്ടതോടെയാണ് അൻഷിക്ക് പാടാൻ അനുമതി ലഭിച്ചത്.
കൊച്ചുഗായികയെ പരിചയപ്പെടുത്താൻ സംഘാടകർ പറഞ്ഞെങ്കിലും റിമി തയ്യാറായില്ല. സൽമ ആഗ പാടിയ 'ദിൽ കി അർമാ' എന്ന ഗാനം പാടാൻ തയ്യാറായാണ് അൻഷി വന്നത്. എന്നാൽ ഈ പാട്ടിന് ഓർക്കസ്ട്ര വായിക്കാൻ അറിയില്ലെന്നാണ് റിമിയുടെ ഓർക്കസ്ട്ര സംഘം അറിയിച്ചത്. പക്ഷെ പിന്മാറാൻ അൻഷി തയ്യാറായില്ല. പ്രാക്ടീസ് പോലും ചെയ്യാതെ തന്നെ 'ആലിപ്പഴം പെറുക്കാം' എന്ന ഗാനം പാടി കൊച്ചുഗായിക സദസിനെ വിസ്മയിപ്പിച്ചു.
നിറഞ്ഞ കൈയടിയോടെയാണ് ജനങ്ങൾ കൊച്ചുകലാകാരിയെ പ്രോത്സാഹിപ്പിച്ചത്. അൻഷി 'ഹം കോ ചുരാലോ' എന്ന ഗാനം കീബോർഡിൽ വായിച്ചപ്പോൾ കേബിൾ വയർ ശരിയായി കുത്താൻ ഓർക്കസ്ട്രക്കാർ തയ്യാറായില്ലെന്നും ആരോപണമുണ്ട്. എന്നാൽ പ്രതിസന്ധികളെല്ലാം മറികടന്ന് അസാധാരണ പ്രകടനമാണ് അൻഷി കാഴ്ചവച്ചത്. എന്നിട്ടും അൻഷിയെ അഭിനന്ദിക്കാൻ റിമി തയ്യാറായില്ല. സംഘാടകർ നിർബന്ധിച്ചപ്പോൾ ഒരു നല്ല കൈയടി കൊടുക്കണമെന്ന് റിമി പറഞ്ഞു.
'എനിക്കു കണ്ണ് കാണാത്തതുകൊണ്ടാണോ റിമി ചേച്ചി അടുത്തുവന്ന് അഭിനന്ദിക്കാത്തത് ' എന്ന് അൻഷി ചോദിച്ചപ്പോൾ നെഞ്ചു പൊട്ടിപ്പോയെന്ന് പിതാവ് അബ്ദുൽബാരിയും മാതാവ് ഷംലയും പറഞ്ഞു. പിന്നെ പാട്ടുത്സവ വേദിയിൽ നിൽക്കാൻ തങ്ങൾക്കു തോന്നിയില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. വേദനയോടെ അവിടെ നിന്നു മടങ്ങുകയായിരുന്നു തങ്ങൾ.
നിലമ്പൂരിലെ പാട്ടുത്സവത്തിലെ പെരുമാറ്റത്തിന് റിമിക്കെതിരെ ഫേസ്‌ബുക്കിലെ പ്രതിഷേധത്തെക്കുറിച്ച് അറിഞ്ഞിരുന്നു. റിമി ടോമി എന്ന ഗായികയെ ഇകഴ്‌ത്താനല്ല തങ്ങൾ ഇപ്പോൾ പ്രതികരിക്കുന്നത്. മറ്റൊരാൾക്കും ഇനി ഇത്തരമൊരു ദുരനുഭവം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണിതൊക്കെ വെളിപ്പെടുത്തുന്നതെന്നും കൊച്ചു ഗായികയുടെ വീട്ടുകാർ പറഞ്ഞു.
വള്ളിക്കപ്പറ്റ അന്ധ വിദ്യാലയത്തിലെ നാലാം ക്ലാസുകാരിയാണ് ഫാത്തിമ അൻഷി. മഞ്ചേരി ആനക്കയത്തിനടുത്ത് വാടക വീട്ടിലാണ് അൻഷിയും കുടുംബവും താമസിക്കുന്നത്. 'നിലാവായ് കുന്നിൻ നെറുകയിൽ വീണ്ടും തെളിയുമ്പോൾ കിനാവിൻ മലരിൻ ഗന്ധം മധുരം നുകരുന്നു' എന്ന പാട്ട് പാടിയാണ് അൻഷി സിനിമാ പിന്നണി ഗാന രംഗത്തേക്കു കടന്നുവന്നത്. രണ്ടു വർഷമായി നിരവധി വേദികളിൽ പാടിയും കീ ബോർഡ് വായിച്ചും കഴിവുതെളിയിച്ചിരുന്നു ഈ കൊച്ചുമിടുക്കി. എട്ടാം വയസിൽ 'അറ്റ് വൺസ്' എന്ന സിനിമക്ക് പിന്നണി ഗാനം ആലപിച്ചും അൻഷി കലാസ്വാദകരെ വിസ്മയിപ്പിച്ചിട്ടുണ്ട്.