മലപ്പുറം: 17 മാസം മുമ്പ് കഷ്ണങ്ങളാക്കി തള്ളിയ ഒറ്റമൂലി വൈദ്യന്റെ മൃതദേഹ അവശിഷ്ടത്തിനായി ചാലിയാറിൽ പൊലീസ് തിരച്ചിൽ നടത്തും. പ്രതികളിൽ ഒരാളെ കസ്റ്റഡിയിൽ വാങ്ങി. അന്വേഷണ സംഘം ഷൈബിന്റെ വീട് സന്ദർശിച്ചു.

നിലമ്പൂരിൽവെച്ച് മൈസൂർ സ്വദേശിയായ പരമ്പര്യവൈദ്യനെ മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യത്തിനായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന് പിന്നിൽ ഒട്ടേറെ നിഗൂഢതകളുണ്ടെന്നാണു പൊലീസ് പറയുന്നത്. കേസിലെ പ്രതികളിലൊരാളായ നൗഷാദിനെ അന്വേഷണ സംഘം പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനുവേണ്ടിയാണ് പ്രതി നൗഷാദിനെ കസ്റ്റഡിയിൽ വാങ്ങിയത്.

രാവിലെ പ്രതിയുമായി സംഭവസ്ഥലത്തുകൊണ്ടു പോയി തെളിവെടുപ്പ് നടത്തുമെന്ന പ്രതീക്ഷയിൽ മാധ്യമപ്രവർത്തകർ രാവിലെ മുതൽ നിലമ്പൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് കാത്തുനിന്നിരുന്നെങ്കിലും ഉച്ചക്ക് ശേഷം ഏറെ വൈകിയാണ് പ്രതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. മഴയെ തുടർന്ന് ഇന്നലെ കൊലപാതകം നടന്ന മുക്കട്ടയിലുള്ള ഷൈബിന്റെ വീട്ടിലേക്ക് തെളിവെടുപ്പിന് കൊണ്ടു പോയില്ല. നാളെ തെളിവെടുപ്പ് നടക്കുമെന്നാണ് സൂചന.നാലു ദിവസത്തേക്കാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്.

നിലവിൽ കൊലപാതക കേസിൽ മൂന്ന് പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലുള്ളത്. ഷൈബിൻ, നൗഷാദ്, ഷിഹാബുദ്ദീൻ എന്നിവരാണ് പ്രതികൾ. ഇതിൽ നൗഷാദിനെ മാത്രമാണ് ഇപ്പോൾ കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്. നൗഷാദിന്റെ തെളിവെടുപ്പ് പൂർത്തിയാക്കിയതിന് ശേഷമായിരിക്കും മറ്റുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങുകയെന്നാണ് സൂചന.

തെളിവെടുപ്പിന് മുന്നോടിയായി അന്വേഷണ സംഘാംഗങ്ങൾ ഇന്നലെ വൈകിട്ട് ഷൈബിന്റെ വീട് സന്ദർശിച്ചു. വീട് പൊലീസ് പൂട്ടി മുദ്ര വച്ചിരിക്കുകയാണ്. ഷൈബിൻ അഷ്റഫിന്റെ വീട്ടിൽനിന്ന് രക്തക്കറയുള്ള ആയുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വീട്ടിൽ കൊണ്ടുവന്ന് പരിശോധന നടത്തുമ്പോൾ ഇതിന്റെ തുമ്പ് കിട്ടിയേക്കുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നു. ഫൊറൻസിക് വിദഗ്ധരുടെ സഹായവും തേടുന്നുണ്ട്.

പാരമ്പര്യവൈദ്യന്റെ മൃതദേഹം പുഴയിൽ തള്ളിയിട്ട് 17 മാസം കഴിഞ്ഞതിനാൽ അവശിഷ്ടം കണ്ടെത്താമെന്ന പ്രതീക്ഷയില്ല. കഷണങ്ങളാക്കിയാണ് തള്ളിയതും. അതുകൊണ്ടാണ് രക്തക്കറ കണ്ടെത്താൻ ശ്രമിക്കുന്നത്. ആയുധങ്ങളിലെ രക്തക്കറ എളുപ്പം മായില്ലെന്നത് പൊലീസിനു പ്രതീക്ഷയാണ്. രക്തക്കറ കിട്ടിയാൽ ബന്ധുക്കളുടെ ഡി.എൻ.എ. പരിശോധന നടത്താം. രണ്ടും പൊരുത്തപ്പെട്ടാൽ നിർണായക സാഹചര്യത്തെളിവാകും. എങ്കിലും ചാലിയാറിൽ പരിശോധന നടത്തും.

പ്രതികളിൽ നിന്ന് പിടികൂടിയ പെൻഡ്രൈവും ലാപ്ടോപ്പും രഹസ്യങ്ങളുടെ കലവറയാണ്. നാട്ടുവൈദ്യനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾക്കുപുറമേ നിഗൂഡത നിറഞ്ഞ പലതും ഇതിലുണ്ട്. ഫോൺ പാസ്വേഡ് വാങ്ങൽ, പെണ്ണിനെ തീർക്കൽ, സെർച്ച് ചെയ്യാനുള്ള ഏരിയ വീതിക്കൽ, നടപ്പാക്കൽ, അവളെ വലിക്കൽ തുടങ്ങിയ തലക്കെട്ടുകളിൽ ഒറ്റവായനയിൽ കാര്യം പിടികിട്ടാത്ത നിരവധി കുറിപ്പുകളും ഇതിലുണ്ട്. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ നിഗൂഢതയുടെ ചുരുളഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.