ദിലീഷ് പോത്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീ മേക്ക് നിമിറിന്റെ ട്രെയിലർ പുറത്തിറങ്ങി. തമിഴിൽ നിമിർ എന്ന് പേരിൽ ഇറങ്ങുന്ന ചിത്രത്തിന്റെ സംവിധാനം പ്രിയദർശൻ ആണ്.

മഹേഷിന്റെ പ്രതികാരത്തിലെ ചിൻ അപ്പ്, ചിൻ ഡൗൺ, ചിൻ പൊടിക്ക് അപ്പ് ഡയലോഗ് മറ്റൊരു തരത്തിൽ നിമിറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.തമിഴ് പ്രേക്ഷകരുടെ അഭിരുചികൾ ക്കനുസരിച്ചുള്ള മാറ്റങ്ങൾ സിനിമയിലുണ്ടാകുമെന്നും മലയാളത്തിൽ നിന്നും കുറച്ചധികം ഹ്യൂമർ തമിഴ് റീമെയ്‌ക്കിൽ ഉൾപ്പെടുത്തുമെന്നും മുമ്പ് പ്രിയദർശൻ പറഞ്ഞിരുന്നു.

ഫഹദ് അവതരിപ്പിച്ച മഹേഷ് ഭാവനയായി നിർമ്മാതാവും നടനുമായ ഉദയനിധി സ്റ്റാലിനാണെത്തുന്നത്. അപർണ ബാലമുരളിയുടെ കഥാപാത്രം ജിംസിയായി നമിത പ്രമോദും അനുശ്രീ അവതരിപ്പിച്ച സൗമ്യ എന്ന കഥാപാത്രത്തെ പാർവതി നായരുമാണ് അവതരിപ്പിക്കുന്നത്.

അലൻസിയറുടെ വേഷത്തിൽ എം എസ് ഭാസ്‌കർ അഭിനയിക്കുന്നു. സംവിധായകൻ മഹേന്ദ്രൻ ആണ് ഉദയനിധിയുടെ അച്ഛന്റെ വേഷത്തിൽ. മണിക്കുട്ടൻ, ബിനീഷ് കോടിയേരി എന്നിവരും ചിത്രത്തിലെ താരങ്ങളാണ്. ജനുവരി ഇരുപത്തിയഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.