- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിമിഷയേയും മറിയത്തേയും ആയിഷയേയും റാഫീലയേയും നാട്ടിലേക്ക് കൊണ്ടു വരുന്നത് സുരക്ഷാ ഭീഷണി; അവർ ചാവേർ ആക്രമണത്തിന് അടക്കം പരിശീലനം കിട്ടിയ സ്ത്രീകളെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; ഫ്രാൻസും ബ്രിട്ടനും സ്വീകരിച്ച അതേ നയം ഇന്ത്യയ്ക്കും; അഫ്ഗാൻ ജയിലിലുള്ളവരുടെ മനുഷ്യാവകാശം പരിഗണിക്കില്ല
ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സുരക്ഷ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ. ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം നൽകിയതിന് തെളിവുണ്ട്. വിഷയം കോടതിയിലെത്തിയാൽ നിയമപരമായി നേരിടാനാണ് സർക്കാരിന്റെ നീക്കം. ഐഎസിൽ ചേർന്ന നാല് മലയാളി വനിതകളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിൽ കേന്ദ്രത്തിന് താത്പര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിയാണെന്ന് സ്ഥിരീകരിക്കുന്നതാണ് ഈ നീക്കവും.
ഐഎസിൽ ചേർന്നവരെ തിരികെ കൊണ്ടുവരണമെന്ന് മുൻ അംബാസഡർ കെ പി ഫാബിയൻ ആവശ്യപ്പെട്ടിരുന്നു. മടക്കികൊണ്ടുവരാതിരിക്കാൻ നിയമപരമായി കാരണമില്ലെന്നും രാജ്യത്ത് കസ്റ്റഡിയിലിരിക്കും എന്നതിനാൽ മറ്റ് ആശങ്കകൾക്ക് അടസ്ഥാനമില്ലെന്നുമായിരുന്നു ഫാബിയൻ പറഞ്ഞത്. എന്നാൽ ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് ഏജൻസി പറയുന്നു. സോണിയ, മെറിൻ, നിമിഷ ഫാത്തിമ, റഫീല എന്നീ മലയാളികളാണ് അഫ്ഗാൻ ജയിലിലുള്ളത്. അന്താരാഷ്ട്ര മതമൗലികവാദിക ശക്തികളുമായി യോജിച്ച് പ്രവർത്തിച്ച ഇവരെ തിരികെ കൊണ്ടുവരുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കും. അതിനാൽ ഇവരെ തിരികെ എത്തിക്കേണ്ട എന്നാണ് കേന്ദ്ര സർക്കാറിന്റെ നിലപാട്.
അതേസമയം നിമിഷ മോചിതയാകും എന്ന വിവരമാണ് ഇതുവരെ ലഭിച്ചതെന്നും ഇന്ത്യയിൽ കൊണ്ടു വന്നു നിയമനടപടി തുടരാമായിരുന്നുവെന്നും നിമിഷയുടെ അമ്മ ബിന്ദു പ്രതികരിച്ചു. മകൾ ഇപ്പോഴും ഐഎസ് അനുകൂല നിലപാട് എടുക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും അവർ പറഞ്ഞു. ഐഎസ് ഭീകരരെ വിവാഹം ചെയ്ത സ്ത്രീകളെയും അവരുടെ കുട്ടികളെയും തിരികെ സ്വീകരിക്കേണ്ടതെന്ന നിലപാട് നേരത്തേ ബ്രിട്ടനും ഫ്രാൻസും സ്വീകരിച്ചിരുന്നു. ഇതേ നിലപാട് ഇന്ത്യയും പിന്തുടരുമെന്നാണു സൂചന.
സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷ, റാഫീല, മെറിൻ ജേക്കബ് എന്ന മറിയം, നിമിഷ എന്ന ഫാത്തിമ ഇസാ എന്നിവരാണ് അഫ്ഗാൻ ജയിലിലുള്ളത്. ഇവർ 2019 നവംബറിൽ അഫ്ഗാൻ അധികൃതർക്കു മുൻപാകെ കീഴടങ്ങി. ഐഎസ് ഭീകരരെ വിവാഹം ചെയ്യാനായി നാടുവിട്ട സ്ത്രീകളോ അവരുടെ കുട്ടികളോ രാജ്യത്തേക്കു മടങ്ങിവരാൻ അനുവദിക്കില്ലെന്ന ശക്തമായ നിലപാടാണ് ബ്രിട്ടനും ഫ്രാൻസും സ്വീകരിച്ചത്. ഈ കീഴ്‌വഴക്കം ഇന്ത്യയും പിന്തുടരുകയാണെങ്കിൽ ജയിലിൽ കഴിയുന്ന മലയാളി വനിതകൾക്കു നാട്ടിലെത്താൻ നിയമപരമായ മറ്റു വഴികളുണ്ടോ എന്നതും ചർച്ചയാകും.
ഐഎസിൽ ചേരാനായി ബ്രിട്ടനിൽ നിന്നു സിറിയയിലേക്കു പോയ ഭർത്താവിനെ അനുഗമിച്ച ഷമിയ ബീഗത്തിന്റെ (21) പൗരത്വം 2019 ൽ ബ്രിട്ടൻ റദ്ദാക്കിയിരുന്നു. തനിക്കു മാപ്പു നൽകണമെന്നും മടങ്ങാൻ അനുവദിക്കണമെന്നും ബംഗ്ലാദേശ് വംശജയായ ഷമിയ ടിവിയിലൂടെ അഭ്യർത്ഥിച്ചതു ബ്രിട്ടനിൽ വലിയ ചർച്ചയായിരുന്നു. പൗരത്വം തിരിച്ചുകിട്ടാനായി നിയമവഴികളിൽ ഷമിയ ഇറങ്ങിത്തിരിച്ചെങ്കിലും യുകെ സുപ്രീം കോടതി അവരുടെ ഹർജി തള്ളി. ബംഗ്ലാദേശും ഇവരെ സ്വീകരിച്ചില്ല.
എന്നാൽ മനുഷ്യാവകാശത്തിന്റെ പേരിൽ തന്റെ മകളെ ഇന്ത്യയിലെത്തിക്കണമെന്ന് നിമിഷാ ഫാത്തിമയുടെ അമ്മ ബിന്ദു പറയുന്നു. ഇന്ത്യയിലെത്തിച്ച ശേഷമുള്ള എന്ത് നിയമനടപടിയും സ്വീകാര്യമാണെന്നും അവർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ