കൊച്ചി: അഫ്ഗാനിസ്ഥാനിൽ ജയിലിലുള്ള നിമിഷ എന്ന ഫാത്തിമ ഇസയെയും നാലുവയസ്സുള്ള കുഞ്ഞിനെയും തിരിച്ചു നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നിയമ പോരാട്ടത്തിന് അമ്മ. ഇതിന് വേണ്ടി ഫാത്തിമയുടെ അമ്മ തിരുവനന്തപുരം സ്വദേശിനി കെ.ബിന്ദു ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകി. ഈ ഹർജിയിൽ കേന്ദ്ര സർക്കാർ നിലപാട് നിർണ്ണായകമാകും.

അഫ്ഗാൻ അധികൃതരുമായി കൂടിയാലോചിച്ച് നിമിഷയെയും കുഞ്ഞിനെയും തിരിച്ചുകൊണ്ടുവരാൻ കേന്ദ്രസർക്കാരിനു നിർദ്ദേശം നൽകണമെന്നും കോടതിയിൽ ഹാജരാക്കണമെന്നുമാണു ഹർജിയിലെ ആവശ്യം. ഇത് ഹൈക്കോടതിയിൽ കേന്ദ്രം എതിർക്കാനാണ് സാധ്യത. കുഞ്ഞിന്റെ സംരക്ഷണം തന്നെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട് നിമഷയുടെ അമ്മ. ഇക്കാര്യത്തിൽ കോടതി നിലപാടും നിർണ്ണായകമാണ്. നിമിഷയ്‌ക്കൊപ്പം കുട്ടിയും അഫ്ഗാനിലെ ജയിലിലാണ്.

2019 മുതൽ നിമിഷയും കുഞ്ഞും അഫ്ഗാനിസ്ഥാനിൽ ജയിലിലാണ്. ഇവരെ തിരിച്ചുകൊണ്ടുവരുന്നത് ഉറപ്പാക്കാൻ ഇതുവരെ കേന്ദ്രസർക്കാർ ഉൾപ്പെടെ ഉറച്ച നടപടി സ്വീകരിച്ചിട്ടില്ല. കുഞ്ഞ് ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിലുള്ള വീഴ്ച പൗരന്മാരോടുള്ള ധാർമികവും നിയമപരവുമായ ഉത്തരവാദിത്തത്തിനും രാജ്യാന്തര കൺവൻഷൻ വ്യവസ്ഥകൾക്കും എതിരാണെന്നും ഹർജിയിൽ വ്യക്തമാക്കി. എന്നാൽ ഐഎസിൽ ചേരുന്നവരെ ഭീകരരായി കണക്കാക്കുന്നതാണ് കേന്ദ്ര നിലപാട്.

ഹേബിയസ് കോർപസ് ഹർജിയാണ് നിമിഷയുടെ അമ്മ ഫയൽ ചെയ്തത്. ലോക മനസാക്ഷി നിമിഷയുടെ അമ്മയുടെ കണ്ണീർ കണ്ട് സന്തോഷിക്കുകയാണെന്ന് പ്രകോപനപരമായി സംസാരിച്ച റിപ്പോർട്ടറുടെ കൈയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി, ക്യാമറയും തട്ടി മാറ്റി അമ്മ ബിന്ദു സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. സൈനികന്റെ അമ്മയാണെന്ന് പറഞ്ഞ് അഭിമാനിക്കുന്നതിന് പകരം തീവ്രവാദിനിയുടെ അമ്മയാണ് എന്ന് പറഞ്ഞ് മകളെ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് കൂടി റിപ്പോർട്ടർ പറഞ്ഞതോടെയാണ് ബിന്ദു പ്രകോപിതയായത്. ഭർത്താവിനൊപ്പം ഐഎസിൽ ചേർന്ന്, ഭർത്താവ് മരിച്ച ശേഷം അഫ്ഗാൻ ജയിലിൽ കഴിയുകയാണ് നിമിഷ ഫാത്തിമ. നിമിഷ ഫാത്തിമയെ ഇന്ത്യയിൽ എത്തിക്കുകയല്ല, മറിച്ച് വെടിവച്ച് കൊല്ലുകയാണ് വേണ്ടതെന്നതുമടക്കമുള്ള പരാമർശങ്ങളാണ് 'ഓൺലൈനിന്റെ അഭിമുഖത്തിനിടെ റിപ്പോർട്ടർ നടത്തിയത്. ഇതാണ് ബിന്ദുവിനെ പ്രകോപിതയാക്കിയത്.

നേരത്തെ ഐഎസ് കേസുകളുമായി ബന്ധപ്പെട്ട് ജയിലുകളിൽ കഴിയുന്നവരെ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കാൻ അഫ്ഗാൻ ഭരണകൂടം തീരുമാനിച്ചിരുന്നു. നിമിഷയടക്കം നാലുപേരെ ഏറ്റുവാങ്ങുന്നതിനുള്ള സന്നദ്ധത അഫ്ഗാൻ ഇന്ത്യയോട് തേടുകയും ചെയ്തു. എന്നാൽ അഫ്ഗാൻ ജയിലുകളിൽ കഴിയുന്ന വനിതകളെ തിരിച്ചെത്തിക്കുന്നതിൽ ആലോചനയില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. അന്താരാഷ്ട്ര മതമൗലികവാദിക ശക്തികളുമായി യോജിച്ച് പ്രവർത്തിച്ച ഇവരെ തിരികെ കൊണ്ടുവരുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് സുരക്ഷാ ഏജൻസികളുടെ നിലപാട്.

മാസങ്ങൾക്ക് മുമ്പ് റോ ഉദ്യോഗസ്ഥർ പുറത്തുവിട്ട ശബ്ദരേഖയിൽ നാട്ടിലേക്ക് മടങ്ങാനുള്ള സന്നദ്ധത നിമിഷ ഫാത്തിമ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാൻ ശ്രമിച്ചിട്ടും അനുമതി ലഭിച്ചില്ലെന്ന് നിമിഷയുടെ അമ്മ ബിന്ദു വ്യക്തമാക്കി. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകി. തുടർന്നാണ് മകളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. നാട്ടിലെത്തിക്കഴിഞ്ഞാൽ നിയമാനുസൃതമായ വിചാരണയും ശിക്ഷയും നേരിടുന്നതിൽ എതിർപ്പില്ലെന്നും ഹർജിയിൽ പറയുന്നു.

സോണിയ, മെറിൻ, നിമിഷ ഫാത്തിമ, റഫീല എന്നീ മലയാളികളാണ് അഫ്ഗാൻ ജയിലിലുള്ളത്. ഭർത്താക്കന്മാർക്കൊപ്പം 2016-17 കാലഘട്ടത്തിൽ ഇന്ത്യ വിട്ട് ഐഎസിൽ ചേരാൻ പോയവരാണ് ഇവർ. ആദ്യം ഇറാനിലെത്തിയ ഇവർ അവിടെ നിന്നും അഫ്ഗാനിസ്ഥാനിലെ ഖ്വാറേഷ്യൻ പ്രവിശ്യയിലെത്തുകയായിരുന്നു. പിന്നീട് അമേരിക്കൻ വ്യോമസേന നടത്തിയ മിസൈലാക്രമണത്തിൽ ഈ നാല് പേരുടേയും ഭർത്താക്കന്മാർ കൊല്ലപ്പെട്ടു. തുടർച്ചയായ ആക്രമണത്തിൽ ഐഎസ് ഛിന്നഭിന്നമായതോടെ സ്ത്രീകളും കുട്ടികളുമടക്കം ഐഎസ് കേന്ദ്രങ്ങളിലുണ്ടായിരുന്ന 403 പേർ അഫ്ഗാനിസ്ഥാൻ സർക്കാരിന് മുന്നിൽ കീഴടങ്ങി. ഇന്ത്യയടക്കം 13 രാജ്യങ്ങളിൽ നിന്നുള്ളവർ ഈ സംഘത്തിലുണ്ടായിരുന്നു.

തിരുവനന്തപുരം മണക്കാട് സ്വദേശിയായ ബിന്ദുവിന്റെ മകളായ നിമിഷ മെഡിക്കൽ ഡെന്റൽ വിദ്യാർത്ഥിനിയായിരുന്നു. ബക്സൺ എന്ന പേരുള്ള ഇസയെന്നയാളെ 2015ൽ വിവാഹം കഴിച്ച് ഇസ്ലാം മതത്തിൽ ചേർന്ന് നിമിഷാ ഫാത്തിമയെന്ന പേര് സ്വീകരിക്കുകയായിരുന്നു. വിവാഹത്തിന് രണ്ടു വർഷം മുമ്പ് പ്രണയകാലത്ത് 2013 സെപ്റ്റംബറിൽ തിരുവനന്തപുരത്തെ സലഫി മസ്ജിദിൽ വച്ചാണ് നിമിഷ പുതിയ പേര് സ്വീകരിച്ചത്. മകളെ കാണാനില്ലന്ന പരാതിയുമായി ബിന്ദു കോടതിയെ സമീപിച്ചെങ്കിലും ഭർത്താവിനോടൊപ്പം ജീവിക്കാനാണ് താൽപ്പര്യം എന്നറിയച്ചതോടെ ഭർത്താവിനൊപ്പം പോകാൻ ഹൈക്കോടതി അനുവദിക്കുകയായിരുന്നു. പാലക്കാട് കണ്ണാടി എന്ന സ്ഥലത്തെ വാടക വീട്ടിൽ ഇരുവരും താമസമാക്കുകയും ചെയ്തു.

ഏതാനും മാസങ്ങൾക്കു ശേഷം നിമിഷയും ഭർത്താവും വ്യാപാര ആവശ്യങ്ങൾക്കായി ശ്രീലങ്കയിലേക്ക് പോയി ഇവിടെ വച്ച് ഐഎസ് ഭീകര സംഘടനയുമായി ബന്ധപ്പെടുകയും അവിടെ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോവുകയും ചെയ്തു. വർഷങ്ങളായി മകളുമായി ഫോണിൽ പോലും സംസാരിക്കാൻ സാധിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.