- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിധവകളെ ഭീകരർക്ക് വിവാഹം കഴിച്ചു കൊടുത്തേക്കും; മോചിപ്പിച്ചവരെ പരിശീലിപ്പിച്ച് ഇന്ത്യയിലേക്ക് അയച്ച് ആക്രമണം നടത്താനും ശ്രമിച്ചേക്കും; മറ്റേതെങ്കിലും രാജ്യത്തിൽ എത്തി കടൽമാർഗ്ഗം നാട്ടിൽ എത്താനും സാധ്യത; നിമിഷയേയും മറ്റുള്ളവരേയും ഇന്ത്യ സ്വീകരിക്കില്ല
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിഞ്ഞിരുന്ന മലയാളി യുവതികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരായ ഐഎസ് തടവുകാരെ താലിബാൻ മോചിപ്പിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതയിലേക്ക് രാജ്യവും. ഇവർ മറ്റെതെങ്കിലും രാജ്യത്തിലൂടെ ഇന്ത്യയിലേക്ക് തിരിച്ചുവന്നേക്കാമെന്നാണ് ഇന്റലിജൻസ് വിലയിരുത്തൽ. അതിനാൽ കനത്ത ജാഗ്രതയായിരിക്കും അതിർത്തികളിലും തുറമുഖങ്ങളിലുമുണ്ടാവുക. രാജ്യസുരക്ഷ കണക്കിലെടുത്ത് ഐഎസിൽ ചേരാൻ പോയവരെ തിരികെ കൊണ്ടുവരേണ്ടെന്ന നിലപാടാണ് ഇന്ത്യ.
സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷ, റാഫീല, മെറിൻ ജേക്കബ് എന്ന മറിയം, നിമിഷ എന്ന ഫാത്തിമ ഇസാ എന്നിവരാണ് അഫ്ഗാൻ ജയിലിിൽ നിന്ന് മോചിതരായത്. കഴിഞ്ഞ വർഷം കാബൂളിലെത്തിയ ഇന്ത്യൻ ഏജൻസികൾ ഇവരെ ചോദ്യം ചെയ്തിരുന്നു. വിധവകളെ താലിബാൻ ഭീകരർക്ക് വിവാഹം കഴിച്ചു കൊടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്. അങ്ങനെ വന്നാൽ ഇവർക്ക് അഫ്ഗാൻ വിടാൻ കഴിയില്ല.
ഭീകരസംഘടനയായ ഐ.എസിൽ ചേരാൻ 2016-ലാണ് ഭർത്താവ് പാലക്കാട് സ്വദേശി ബെക്സനോടൊപ്പം നിമിഷ നാടുവിട്ടത്. നിമിഷ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചയക്കാൻ ഗനി ഭരണത്തിലുണ്ടായിരുന്ന കാലത്ത് അഫ്ഗാനിസ്താൻ തയ്യാറായിരുന്നു. എന്നാൽ ഇന്ത്യ ഇവരെ സ്വീകരിച്ചിരുന്നില്ല. ഇതു ചോദ്യംചെയ്താണ് നിമിഷയുടെ അമ്മ ബിന്ദു കോടതിയെ സമീപിച്ചു.
മകളെയും ചെറുമകൾ ഉമ്മു കുൽസുവിനെയും നാട്ടിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നും കുഞ്ഞിന്റെ സംരക്ഷണം തനിക്കു വിട്ടുകിട്ടണമെന്നുമാണ് ബിന്ദുവിന്റെ ആവശ്യം. ഇത് നടക്കില്ലെന്ന സൂചനയാണ് ഈ ഘട്ടത്തിലും കേന്ദ്ര സർക്കാർ നൽകുന്നത്. 2016ൽ ഐഎസിനു വേണ്ടി പോരാടാൻ സിറിയയിലേക്കു പോയി പിടിയിലായ നിരവധി പേരെയാണ് കാബൂളിലെ രണ്ട് ജയിലുകളിൽനിന്നു താലിബാൻ മോചിപ്പിച്ചിരിക്കുന്നത്.
ഇവർ 2019 നവംബറിലാണ് അഫ്ഗാൻ അധികൃതർക്കു മുൻപാകെ കീഴടങ്ങിയത്. ഫുലെ ചർകി, ബദാം ബാഗ് എന്നീ ജയിലുകളിൽനിന്നാണ് തടവുകാരെ മോചിപ്പിച്ചതെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്കു ലഭിച്ചിരിക്കുന്ന വിവരം. എൻഐഎ പട്ടികയിലുള്ള, മലയാളികളായ ഒമ്പത് ഐഎസ് അംഗങ്ങളെ മോചിപ്പിച്ചുവെന്നാണു റിപ്പോർട്ട്. ഏതാണ്ട് 25 ഇന്ത്യക്കാരാണ് കാബൂളിലെ വിവിധ ജയിലുകളിൽ തടവിൽ കഴിഞ്ഞിരുന്നത്.
മോചിപ്പിച്ച ഇന്ത്യക്കാരെ പരിശീലിപ്പിച്ച് ഇന്ത്യയിലേക്ക് അയച്ച് ആക്രമണം നടത്താൻ താലിബാൻ ഉപമേധാവി സിറാജുദീൻ ഹഖാനി ശ്രമിക്കുമെന്നും ഇന്ത്യൻ ഏജൻസികൾ ആശങ്കപ്പെടുന്നു. അഫ്ഗാനിൽ വെച്ച് ഭർത്താക്കന്മാർ കൊല്ലപ്പെട്ടതോടെ ഇവർ കീഴടങ്ങുകയായിരുന്നു. ഐ.എസ്. ഭീകരനായിരുന്ന ബെക്‌സൻ വിൻസെന്റ് എന്ന ഈസയുടെ ഭാര്യയാണ് നിമിഷ. ബെക്‌സിൻ വിൻസെന്റിന്റെ സഹോദരൻ ബെസ്റ്റിൻ വിൻസന്റിന്റെ ഭാര്യയാണ് മറിയം എന്നു പേരുമാറ്റിയ മെർലിൻ ജേക്കബ് പാലത്ത്. ഭർത്താവ് ബെസ്റ്റിൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടപ്പോൾ ഉടുമ്പുന്തല സ്വദേശിയായ ഐ.എസ്. ഭീകരൻ അബ്ദുൾ റഷീദിനെ വിവാഹം കഴിച്ചു. പിന്നീട് റഷീദും കൊല്ലപ്പെട്ടു. റഷീദിന്റെ മുൻ ഭാര്യമാരിലൊരാൾ മലയാളിയായ സോണിയാ സെബാസ്റ്റ്യനാണ്. കൊല്ലപ്പെട്ട ഐ.എസ്. പ്രവർത്തകൻ ഇജാസ് പുരയിലിന്റെ ഭാര്യയാണ് റഹീല പുരയിൽ.
കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജ് അവസാനവർഷ വിദ്യാർത്ഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവർത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചത്. പെൺകുട്ടിയെ കാസർകോട്ട് പഠിച്ചുകൊണ്ടിരിക്കെ കാണാതായിരുന്നു. കാണാതായ സമയത്ത് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി. കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ടിലാണ് നിമിഷയുടെ മതപരിവർത്തനത്തെക്കുറിച്ചും മറ്റും വിവരിക്കുന്നത്.
കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. പിന്നീട് നിമിഷ ഫാത്തിമ യോഗങ്ങളിലും ക്ലാസുകളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. പഠിച്ചിരുന്ന കോളേജിലെ സീനിയർ വിദ്യാർത്ഥികളും ആയിശ, മറിയ എന്നിവർ വഴിയാണ് ബെക്‌സൻ വിൻസെന്റ് എന്ന ഈസയെ നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ബന്ധുക്കൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് കോടതിയിൽ ഹാജരായപ്പോൾ ഭർത്താവിനൊപ്പം പോകാൻ താത്പര്യം പറഞ്ഞപ്പോൾ കോടതി അന്ന് അതംഗീകരിക്കുകയായിരുന്നു.
നാലു ദിവസത്തെ പരിചയം വച്ചാണ് അവർ വിവാഹിതരായതെന്നാണ് പെൺകുട്ടിയുടെ സുഹൃത്തുക്കൾ വീട്ടുകാർക്കു നൽകിയ സൂചന. അസ്വാഭാവിക സാഹചര്യത്തിൽ കാണാതായ നിമിഷയുമായി 2016ജൂൺ 4-ന് ശേഷം വീട്ടുകാർക്കു ബന്ധപ്പെടാനായിട്ടില്ല. ഇന്ത്യയിലേക്ക് തിരികെ വരാൻ ആഗ്രഹമുണ്ടെന്ന് നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റ്യനും നേരത്തെ വ്യക്തമാക്കിയിരുന്നു. തിരികെയെത്തിയാൽ തങ്ങൾ ശിക്ഷിക്കപ്പെടുമോയെന്ന ഭയമുണ്ടെന്നും ജയിലിലടക്കില്ലെങ്കിൽ അമ്മയെ കാണാൻ വരണമെന്നുണ്ടെന്നും നിമിഷ ഫാത്തിമ പറഞ്ഞിരുന്നു.
ഐഎസിൽ ഉണ്ടായിരുന്ന പ്രതീക്ഷ ഇപ്പോഴില്ലെന്നും ഇനി തിരിച്ചുപോകില്ലെന്നും സോണിയ വിശദീകരിച്ചിരുന്നു. ഇസ്ലാമായി ജീവിക്കുന്നതിനാണ് തങ്ങൾ ഐ.എസിൽ ചേർന്ന് അഫ്ഗാനിസ്താനിലേക്ക് പോയത്. എന്നാൽ ആ പ്രതീക്ഷകൾക്കനുസരിച്ച് ജീവിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് മടങ്ങിവരാൻ ആഗ്രഹിക്കുന്നു. ഇനി ഐഎസിലേക്കൊരു മടക്കയാത്രയിയില്ലെന്നാണ് നേരത്തെ ഇരുവരും വ്യക്തമാക്കിയത്. എന്നാൽ അഫ്ഗാനിൽ താലിബാൻ ഭരണം എത്തുമ്പോൾ എന്താണ് ഇവരുടെ നിലപാട് എന്നത് ശ്രദ്ധേയമാകും.
മറുനാടന് മലയാളി ബ്യൂറോ