- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിമിഷ ഫാത്തിമയെ നാട്ടിലെത്തിക്കാൻ ഹേബിയസ് കോർപ്പസ്; പരിഗണിക്കാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്; ആവശ്യമെങ്കിൽ സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ നിർദ്ദേശം; ഹർജി പിൻവലിച്ച് മാതാവ് ബിന്ദു; ഐഎസ് വധുക്കളെ മടക്കിക്കൊണ്ടു വരുന്നത് രാജ്യ സുരക്ഷയ്ക്ക് ആപത്തെന്ന നിലപാടിൽ രഹസ്യാന്വേഷണ ഏജൻസികളും
കൊച്ചി: ഐസിസിൽ പോയ നിമിഷ ഫാത്തിമയെ ഏതുവിധേനെയും നാട്ടിൽ എത്തിക്കണെന്ന അമ്മ ബിന്ദുവിന്റെ ആഗ്രഹം എളുപ്പം നടക്കില്ല. അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹേബിയസ് കോർപ്പസ് ആയി പരിഗണിക്കാൻ ആവില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കി. സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ഹർജി പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
നിമിഷയുടെ അമ്മ ബിന്ദുവാണ് അഫ്ഗാൻ ജയിലിൽ കഴിയുന്ന മകളെയും കൊച്ചുമകളെയും തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മകൾക്കും കൊച്ചുമകൾക്കും ഐഎസ് പ്രവർത്തനങ്ങളുമായി ഇപ്പോൾ ബന്ധമില്ല. അതിനാൽ ഇരുവരെയും തിരികെ എത്തിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്.
എന്നാൽ, ഹർജി ഹേബിയസ് കോർപ്പസ് ആയി കണക്കാക്കാൻ സാധിക്കില്ലെന്നും ആവശ്യമെങ്കിൽ സിംഗിൾ ബെഞ്ചിൽ സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. ജ സ്റ്റിസുമാരായ വിനോദ്ചന്ദ്രൻ സിയാദ് റഹ്മാൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ഇതേത്തുടർന്ന് ഹർജി ബിന്ദു പിൻവലിച്ചു. നിമിഷ ഫാത്തിമയേയും കുട്ടിയേയും നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഹർജി. തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമ, കാസർകോട് സ്വദേശിനി അയിഷ എന്ന സോണിയ സെബാസ്റ്റ്യൻ, നബീസ, മറിയം എന്നിവരാണ് കാബൂളിലെ തടവിലുള്ളത്. ഇവരുടെ ഐഎസ് തീവ്രവാദികളായ ഭർത്താക്കന്മാർ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയിലേയ്ക്ക് മടങ്ങിവരണമെന്നാണ് ഇവരുടെ ആവശ്യമെങ്കിലും ഇവർ ഭീകര ബന്ധം കൈവെടിഞ്ഞിട്ടില്ലെന്നാണ് ചോദ്യം ചെയ്യലിൽ തെളിഞ്ഞത്. അതിനാൽ, ഇവരെ മടക്കിക്കൊണ്ടുവരുന്നത് രാജ്യത്തിനും പൊതുസമൂഹത്തിനും ആപത്താകുമെന്ന് രഹസ്യാന്വേഷണ ഏജൻസികളും എൻഐഎയും വ്യക്തമാക്കിയിരുന്നു.
2019 നവംബർ-ഡിസംബർ മാസങ്ങളിൽ നൂറുകണക്കിന് ഐഎസ് ഭീകരരാണ് അഫ്ഗാൻ അധികൃതർക്കു മുൻപാകെ കീഴടങ്ങിയത്. ഇവരിൽ മലയാളി സ്ത്രീകളും ഉൾപ്പെടുന്നു. 13 രാജ്യങ്ങളിൽ നിന്നുള്ള 408 ഐഎസ് ഭീകരരെ അഫ്ഗാൻ ജയിലുകളിൽ പാർപ്പിച്ചിട്ടുണ്ടെന്ന് ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് മേധാവി അഹ്മദ് സിയ സരജ് പറഞ്ഞു. ഇതിൽ പത്തോളം ഇന്ത്യക്കാരും 16 ചൈനക്കാരും 299 പാക്കിസ്ഥാനികളും രണ്ട് ബംഗ്ലാദേശികളും രണ്ട് മാലദ്വീപുകാരുമുണ്ട്.
നേരത്തെ ഐഎസ് കേസുകളുമായി ബന്ധപ്പെട്ട് ജയിലുകളിൽ കഴിയുന്നവരെ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കാൻ അഫ്ഗാൻ ഭരണകൂടം തീരുമാനിച്ചിരുന്നു. നിമിഷയടക്കം നാലുപേരെ ഏറ്റുവാങ്ങുന്നതിനുള്ള സന്നദ്ധത അഫ്ഗാൻ ഇന്ത്യയോട് തേടുകയും ചെയ്തു. എന്നാൽ അഫ്ഗാൻ ജയിലുകളിൽ കഴിയുന്ന വനിതകളെ തിരിച്ചെത്തിക്കുന്നതിൽ ആലോചനയില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.
മാസങ്ങൾക്ക് മുമ്പ് റോ ഉദ്യോഗസ്ഥർ പുറത്തുവിട്ട ശബ്ദരേഖയിൽ നാട്ടിലേക്ക് മടങ്ങാനുള്ള സന്നദ്ധത നിമിഷ ഫാത്തിമ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാൻ ശ്രമിച്ചിട്ടും അനുമതി ലഭിച്ചില്ലെന്നാണ്് നിമിഷയുടെ അമ്മ ബിന്ദു പറയുന്നത്. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകി. തുടർന്നാണ് മകളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നത്.
തിരുവനന്തപുരം മണക്കാട് സ്വദേശിയായ ബിന്ദുവിന്റെ മകളായ നിമിഷ മെഡിക്കൽ ഡെന്റൽ വിദ്യാർത്ഥിനിയായിരുന്നു. ബക്സൺ എന്ന പേരുള്ള ഇസയെന്നയാളെ 2015ൽ വിവാഹം കഴിച്ച് ഇസ്ലാം മതത്തിൽ ചേർന്ന് നിമിഷാ ഫാത്തിമയെന്ന പേര് സ്വീകരിക്കുകയായിരുന്നു. വിവാഹത്തിന് രണ്ടു വർഷം മുമ്പ് പ്രണയകാലത്ത് 2013 സെപ്റ്റംബറിൽ തിരുവനന്തപുരത്തെ സലഫി മസ്ജിദിൽ വച്ചാണ് നിമിഷ പുതിയ പേര് സ്വീകരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ