- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിമിഷപ്രിയയ്ക്ക് ഇനി പ്രതീക്ഷയുടെ നാളുകൾ; ജയിലിൽ നിന്നുള്ള മോചന ചർച്ചകൾ അവസാനഘട്ടത്തിലേക്ക്; യമൻ പൗരന്റെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചേക്കും; ഇനി അറിയേണ്ടത് കോടതിയുടെ നിലപാട്; തുക കണ്ടെത്താൻ ശ്രമങ്ങൾ ഊർജ്ജിതമാക്കി സേവ് നിമിഷ പ്രവർത്തകർ
തിരുവനന്തപുരം: യെമൻ പൗരനായ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിൽ പ്രതീക്ഷയേറുന്നു. ബ്ലഡ് മണി സ്വീകരിക്കാൻ കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ ബന്ധുക്കൾ സന്നദ്ധത അറിയിച്ചതായാണ് സൂചന. രണ്ട് ലക്ഷം യുഎസ് ഡോളറാണ് ബ്ലഡ് മണിയായി കുടുംബം ആവശ്യപ്പെടുന്നത്. പക്ഷെ ഇത്രയും ഭീമമായ തുക ഇരുപത് ദിവസത്തിനുള്ളിൽ ബ്ലഡ് മണി നൽകേണ്ടിവരും.ഇതിനായുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് സേവ് നിമിഷ പ്രവർത്തകർ.
യെമൻ പൗരനായ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. അതിനെതിരെ അവർ നൽകിയ അപ്പീൽ നേരത്തെ തള്ളുകയും ചെയ്തിരുന്നു. പിന്നീട് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി നടത്തിയ ചർച്ചയിൽ ബ്ലഡ് മണി സ്വീകരിക്കാൻ അവർ തയാറായത്. കുടുംബത്തിന് പുറമെ മരിച്ച യമൻ യുവാവിന്റെ ഗോത്ര വിഭാഗം കൂടി ഇതിന് അംഗീകാരം നൽകേണ്ടതായിരുന്നു വലിയ വെല്ലുവിളി. എന്നാൽ മധ്യസ്ഥ ശ്രമത്തിന്റെ ഭാഗമായി ഈ ഘട്ടം വിജയകരമായി പൂർത്തിയാക്കി. തുടർന്നാണ് കുടുംബത്തെ സമീപിച്ചത്. കുടുംബം കൂടി സമ്മതം അറിയിച്ചതോടെയാണ് മോചനത്തിൽ പ്രതിക്ഷയേറിയത്.
പാലക്കോട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ. ഭർത്താവായ യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് കേസ്. കൊലയ്ക്ക് കൂട്ടുനിന്ന നഴ്സ് ഹനാനെ നേരത്തെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. സനായിലെ ജയിലിലാണ് നിമിഷ ഇപ്പോൾ.കേസ് ഇനി സെപ്റ്റംബറിൽ പരിഗണിക്കും. മോചനത്തിന് കോടതിയുടെ അനുകൂല തീരുമാനം കൂടി വേണ്ടിവരും. ആദ്യ ഘട്ടത്തിൽ മോചനം സാധ്യമായില്ലെങ്കിലും വധശിക്ഷ നടപ്പാക്കുന്നത് ഒഴിവാക്കാനാണ് ശ്രമം. വധശിക്ഷ അപ്പീൽ കോടതി ശരിവച്ചിരുന്നു.
ബ്ലഡ് മണിയായി 20 ദിവസത്തിനുള്ളിൽ ഒന്നേകാൽ കോടി രൂപയെങ്കിലും നൽകേണ്ടി വരുമെന്നാണ് ഇന്ത്യയിൽനിന്ന് നിമിഷയുടെ മോചനശ്രമങ്ങൾ ഏകോപിപ്പിക്കുന്ന സംഘത്തെ അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് സേവ് നിമിഷ പ്രവർത്തകർ. അതിനായി വാട്സാപ് ഗ്രൂപ്പുണ്ടാക്കി ലോകമെങ്ങുമുള്ള മലയാളികളുടെ സഹായം തേടുന്നുണ്ട്. നിയമപരമായി യെമൻ ഭരണകൂടവുമായി ഇടപെടാൻ സാധിക്കാത്തതും ലക്ഷ്യത്തിനു തിരിച്ചടിയാണ്.
നിമിഷപ്രിയയുടെ അപ്പീൽ പരിഗണിക്കുന്ന ക്രിമിനൽ പ്രത്യേക കോടതി ഇന്നലെ കേസ് പരിഗണിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സുപ്രീം കോടതിക്കു മാത്രമേ അപ്പീൽ പരിഗണിക്കാൻ സാധിക്കൂ എന്ന നിമിഷപ്രിയയുടെ അഭിഭാഷകന്റെ വാദത്തെ തുടർന്ന് കേസ് പരിഗണിക്കുന്നത് നിർത്തി വച്ചിട്ടുണ്ട്. കേസ് സുപ്രീം കോടതിയിലേക്കു റഫർ ചെയ്യാനുള്ള അഭ്യർത്ഥന കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ ആറിന് കേസ് വീണ്ടും പരിഗണിക്കും.
ജീവൻ രക്ഷിക്കണമെന്ന അഭ്യർത്ഥനയുമായി നിമിഷപ്രിയ സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു.പീഡനങ്ങളും ദുരിതങ്ങളും സഹിക്കാനാവാതെ കൊലപാതകത്തിനു നിർബന്ധിതയായെന്നാണ് നിമിഷപ്രിയ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ പറഞ്ഞിരിക്കുന്നത്. യെമനിൽ തലാൽ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു നഴ്സ് ആയ നിമിഷപ്രിയ. തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നും പാസ്പോർട്ട് പിടിച്ചുവച്ചു നാട്ടിൽ വിടാതെ പീഡിപ്പിച്ചെന്നും ലൈംഗിക വൈകൃതങ്ങൾക്കായി ഭീഷണിപ്പെടുത്തിയെന്നും ഇവർ പറയുന്നു. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ 2014 ൽ ആണു നിമിഷപ്രിയ തലാലിന്റെ സഹായം തേടിയത്. പിന്നീടു ഭീഷണിപ്പെടുത്തി മതാചാരപ്രകാരം തലാൽ വിവാഹം കഴിക്കുകയായിരുന്നെന്നും നിമിഷപ്രിയ പറയുന്നു.
യെമനിൽ എത്തുന്നത് മുതൽ ജയിലിലായതുവരെയുള്ള കാര്യങ്ങൾ എഴുതി യുവതി കത്തയച്ചതോടെയാണ് കാര്യങ്ങൾ പുറംലോകം അറിയുന്നത്. പാലക്കാട് കൊല്ലങ്കോട് തേക്കുംചിറ പൂങ്കായം സ്വദേശിനിയാണ് നിമിഷ പ്രിയ. യെമനിലെ അൽദൈദ് എന്ന സ്ഥലത്താണു യുവാവ് കൊല്ലപ്പെട്ടത്. വെട്ടിനുറുക്കി നൂറിലേറെ കഷണങ്ങളാക്കി ചാക്കിലാക്കിയ മൃതദേഹം താമസസ്ഥലത്തെ ജല സംഭരണിയിൽനിന്നു കണ്ടെടുത്തിരുന്നു. ദുർഗന്ധം വമിക്കുന്നതായി സമീപവാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു. ഇരുവരും വിവാഹിതരായിരിക്കുന്നില്ലെന്നും ലിവിങ് ടുഗെദർ ബന്ധമായിരുന്നു എന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ സംഭവത്തിൽ അറസ്റ്റിലായ നിമിഷയെ വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിച്ചു.
വിവാഹം ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ
തൊടുപുഴക്കാരനായ ടോമിയെ പ്രണയിച്ചാണ് നിമിഷ വിവാഹം ചെയ്യുന്നത്. അതും ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ. 2011 ജൂൺ 12നായിരുന്നു നിമിഷയുടെ പ്രണയവിവാഹം. വിവാഹ ശേഷം ഇരുവരും യെമനിലേക്ക് ജോലിക്ക് പോയി. ഒരു കുഞ്ഞും പിറന്നു. പിന്നീട് കുടുംബം വർഷങ്ങൾക്കുശേഷം തിരികെയെത്തുകയും ചെയ്തു. നിമിഷയുടെ ഭർത്താവും മകളും തൊടുപുഴയിലാണ് ഇപ്പോൾ താമസിക്കുന്നത്. അമ്മയും സഹോദരിയും ആലുവയിലും. ഇവരുമായി നിമിഷയ്ക്ക് അടുത്തകാലത്തൊന്നും യാതൊരു അടുപ്പവുമില്ല.
വിവാഹ ശേഷം യമനിലേക്ക് പോയ നിമിഷയും ഭർത്താവും നാട്ടിൽ വന്നപ്പോൾ എല്ലാവരും സന്തോഷത്തിലായിരുന്നു. ഇപ്പോൾ കൊല്ലപ്പെട്ട യമൻ സ്വദേശിയായ യുവാവും ഇവർക്കൊപ്പമുണ്ടായിരുന്നു. ഈ സുഹൃത്തുമായുള്ള ബന്ധം വഴിവിട്ടതായതോടെയാണ് ഭർത്താവ് ടോമി അകലുന്നതും പിന്നീട് നിമിഷ മകളെയും ഭർത്താവിനേയും ഉപേക്ഷിച്ച് ഗൾഫിൽ തന്നെ താമസം തുടരുന്നതും. ഇതോടെ വീടുമായും നാടുമായും നിമിഷ അകന്നു. അതിനാൽ യെമനിൽ എങ്ങനെയായിരുന്നു ഇവരുടെ ജീവിതമെന്നത് നാട്ടുകാർക്കും പഴയ അടുപ്പക്കാർക്കും ബന്ധുക്കൾക്കുമെല്ലാം ദുരൂഹമായി തുടർന്നു. ഇതിനിടെയാണ് കൊലപാതക വാർത്തയും ഇവരെ അന്വേഷിക്കുന്നതായ അറിയിപ്പുമെല്ലാം വരുന്നത്.
നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ 2014 ലാണ് തലാൽ എന്ന യെമൻ പൗരന്റെ സഹായം തേടുന്നത്. താൻ ഭാര്യയാണെന്ന് തലാൽ പലരെയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സർട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷ കത്തിൽ വ്യക്തമാക്കുന്നു. ക്ലിനിക്ക് തുടങ്ങാൻ സഹായിച്ചെങ്കിലും വരുമാനം മുഴുവൻ സ്വന്തമാക്കി. തന്റെ സ്വർണാഭരണങ്ങൾ പോലും തട്ടിയെടുത്ത് വിറ്റു. ഇത് ചോദ്യംചെയ്തതോടെയാണ് തടവിലിട്ട് പീഡിപ്പിക്കുന്നതും ലൈംഗിക വൈകൃതങ്ങൾക്ക് നിർബന്ധിക്കുന്നതും. സഹികെട്ടാണ് പെട്ടെന്നുണ്ടായ ദേഷ്യത്തിൽ കൊല നടത്തിയതെന്ന് വ്യക്തമാക്കിയാണ് ജയിലിൽ നിന്ന് യുവതി സഹായംതേടി കത്തയച്ചത്.
യമൻ പൗരനെ കൊലപ്പെടുത്തിയ കേസാണെങ്കിലും മോചനത്തിനായി പണം നൽകാൻ യമനിലെ മാരിബ് ആസ്ഥാനമായ എൻജിഒയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായാണ് വിവരം. സഹായം തേടിയുള്ള നിമിഷയുടെ കത്ത് പുറത്തുവന്നതോടെയാണ് ജനപ്രതിനിധികളും ഇതിൽ ഇടപെടുന്നത്. കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന് ഇടുക്കി എംപി ജോയ്സ് ജോർജ് കത്ത് നൽകി. എംബസി മുഖേന കേസ് പരിശോധിക്കാമെന്നാണ് മന്ത്രാലയത്തിൽ നിന്ന് എംപിക്ക് ലഭിച്ച മറുപടി. നെന്മാറ എംഎൽഎ കെ.ബാബു മുഖ്യമന്ത്രിക്ക് നൽകിയ കത്ത് പ്രകാരം നോർക്ക മുഖേന മുഖ്യമന്ത്രിയുടെ ഓഫീസും ഇവരെ സഹായിക്കാൻ കഴിയുമോ എന്ന സാധ്യത ആരായുകയാണ്.
മറുനാടന് മലയാളി ബ്യൂറോ