- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ ഇനി ആകെ മാർഗ്ഗം ബ്ലഡ് മണി നൽകൽ; യമൻ പൗരന്റെ ബന്ധുക്കൾ ബ്ലഡ് മണി സ്വീകരിക്കാൻ തയ്യാറായാലും കൊടുക്കാൻ തടസ്സങ്ങൾ അനവധി; നയതന്ത്രതലത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ തേടി ഡൽഹി ഹൈക്കോടതിയിൽ ഹർജി
ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമനിൽ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ കോടതി ശരിവച്ചരിക്കുകയാണ്. വധശിക്ഷയ്ക്കെതിരെയുള്ള അപ്പീൽ കോടതി തള്ളുകയായിരുന്നു. സനയിലെ അപ്പീൽ കോടതിയാണ് നിമിഷ പ്രിയയുടെ അപ്പീൽ തള്ളിയത്. ഇതോടെ യെമൻ യുവതിയെ കാത്തിരിക്കുന്നത് തൂക്കു കയറാണ്. ഇനി ആശ്രയമായി സുപ്രീം ജുഡീഷ്യൽ കൗൺസിൽ മാത്രമേയുള്ളൂ. കൗൺസിൽ കേസിലെ നടപടി ക്രമങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളൂ. നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ നയതന്ത്രതലത്തിൽ ഇടപെടാൻ കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി എത്തി. ഡൽഹി ഹൈക്കോടതിയിൽ സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
നിമിഷപ്രിയയുടെ വധ ശിക്ഷ ഒഴിവാക്കുന്നതിന് യമൻ പൗരന്റെ ബന്ധുക്കൾക്ക് നൽകേണ്ട ബ്ലഡ് മണി കൈമാറാനുള്ള സംവിധാനം ഒരുക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പീൽ കോടതി വിധിക്കെതിരെ സുപ്രീം ജുഡീഷ്യൽ കൗൺസിലിൽ അപ്പീൽ നൽകാൻ സാധിക്കുമെങ്കിലും അതിൽ വലിയ പ്രതീക്ഷ നിയമ വിദഗ്ദ്ധർ കാണുന്നില്ല. കൊല്ലപ്പെട്ട യമൻ പൗരന്റെ ബന്ധുക്കൾക്ക് ബ്ലഡ് മണി നൽകി വധശിക്ഷയിൽനിന്ന് ഒഴിവാക്കുക എന്നതാണ് രണ്ടാമത്തെ സാധ്യത.
എന്നാൽ സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് 2016 മുതൽ യമനിലേക്ക് സഞ്ചരിക്കുന്നതിന് ഇന്ത്യക്കാർക്ക് വിലക്കുണ്ട്. അതിനാൽ നിമിഷപ്രിയയുടെ ബന്ധുക്കൾക്കോ അവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന സംഘടനകളിലെ അംഗങ്ങൾക്കോ യമനിലേക്ക് പോകാൻ കഴിയുന്നില്ല.
ഇക്കാരണത്താൽ യമൻ പൗരന്റെ ബന്ധുക്കളുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നു ഹർജിയിൽ വ്യക്തമാക്കുന്നു. ബ്ലഡ് മണി സ്വീകരിക്കാമെന്ന് യമൻ പൗരന്റെ ബന്ധുക്കൾ അറിയിച്ചാലും, ആ പണം നിലവിൽ കൈമാറാൻ സാധിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്. യമനിലേക്ക് പണം കൈമാറുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കാണ് ഇതിന് തടസമായി നിൽക്കുന്നത്.
യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017 ജൂലൈ 25നാണ് കൊല്ലപ്പെട്ടത്. തലാലിനൊപ്പം ക്ലിനിക് നടത്തിയിരുന്ന നിമിഷപ്രിയ കേസിൽ അറസ്റ്റിലായി. കീഴ്ക്കോടതി നിമിഷയ്ക്കു വധശിക്ഷ വിധിച്ചു. യെമൻകാരിയായ സഹപ്രവർത്തക ഹനാനും കേസിൽ വിചാരണ നേരിടുന്നുണ്ട്. കൊല്ലങ്കോട് സ്വദേശി പ്രേമകുമാരിയുടെ മകളാണു നിമിഷപ്രിയ.
തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നതാണ് കേസ്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്തു ഭാര്യയാക്കി വയ്ക്കാൻ ശ്രമിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദ്ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു.
ബ്ലഡ് മണി നൽകി പ്രശ്‌നം ഒത്തുതീർപ്പാക്കാനും ശ്രമം നടന്നിരുന്നു. ജീവൻ രക്ഷിക്കണമെന്ന അഭ്യർത്ഥനയുമായി നിമിഷപ്രിയ സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു.പീഡനങ്ങളും ദുരിതങ്ങളും സഹിക്കാനാവാതെ കൊലപാതകത്തിനു നിർബന്ധിതയായെന്നാണ് നിമിഷപ്രിയ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ പറഞ്ഞിരുന്നത്. യെമനിൽ തലാൽ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു നഴ്സ് ആയ നിമിഷപ്രിയ. തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നും പാസ്പോർട്ട് പിടിച്ചുവച്ചു നാട്ടിൽ വിടാതെ പീഡിപ്പിച്ചെന്നും ലൈംഗിക വൈകൃതങ്ങൾക്കായി ഭീഷണിപ്പെടുത്തിയെന്നും ഇവർ പരാതി നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ