- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചതിയിലൂടെ ഭാര്യയെന്ന് രേഖയുണ്ടാക്കി; പ്രകൃതി വിരുദ്ധ പീഡനങ്ങൾ മാത്രമല്ല, വീട്ടിലെത്തുന്ന സുഹൃത്തുക്കളുമായി ഒന്നിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു; മാനവും ജീവനും രക്ഷിക്കാൻ പല ദിവസങ്ങളിലും കഴിയേണ്ടി വന്നത് റോഡരുകിൽ; വധശിക്ഷ കാത്ത് ജയിലിൽ കഴിയമ്പോഴും ആതുരസേവന രംഗത്തും സജീവം; നാട്ടിൽ ഭർത്താവും കുഞ്ഞുമുണ്ടായിട്ടും യെമൻ സ്വദേശിയെ വിവാഹം കഴിച്ച ശേഷം കൊന്ന് വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്ന പേരിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയക്ക് പറയാനുള്ളത് ഇങ്ങനെ..
മരണം കാത്ത് അന്യ നാട്ടിലെ ജയിലിൽ ആണെങ്കിലും ആതുര സേവനം ജീവിതചര്യ ആക്കിയതോടെ ജയിൽ അധികൃതർ ഒരു ഫോൺ ഉപയോഗിക്കാൻ നിമിഷപ്രയിയക്ക് അനുമതി നൽകി. യെമൻ പൗരനായ ഭർത്താവിനെ കൊന്ന് വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു എന്ന കുറ്റം ചുമത്തി വധശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയവെ മലയാളിയായ നിമിഷപ്രിയക്ക് സത്യം എന്തെന്ന് ലോകത്തോട് പറയാൻ കിട്ടിയ അവസരമാണ് അത്. നിമിഷപ്രിയയെ മലയാളികൾ എല്ലാം അറിയും. നാട്ടിൽ ഭർത്താവുംകുഞ്ഞും ഉണ്ടായിട്ടും യമനിൽ നഴ്സായി ജോലിക്കെത്തി യമൻ പൗരനെ ഭർത്താവാക്കിയവൾ.. യമനിയായ .യുവാവിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിൽ ഒളിപ്പിച്ചവൾ.. വിചാരണക്കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതിയും ശരിവെച്ചതോടെ എല്ലാ മാർഗങ്ങളും അടഞ്ഞ് ഭരണകൂടങ്ങളുടെയും സുമനസുകളുടെയും ദയ കാത്ത് കഴിയുന്നവൾ.. മാധ്യമങ്ങൾ കൊണ്ടാടിയ കഥകൾക്കും അപ്പുറം യാഥാർത്ഥ്യമെന്തെന്ന് വ്യക്തമാക്കുകയാണ് കടലുകൾക്കപ്പുറം ജയിലറയിലിരുന്ന് ഈ മലയാളി യുവതി.
നിമിഷപ്രിയയെ കുറിച്ച് ഇതുവരെ ലോകം അറിഞ്ഞത് ഇങ്ങനെ..
2014ൽ ആണ് കൊല നടന്നത്. യമൻ സ്വദേശിയായ കാമുകനെയാണ് കൊലപ്പെടുത്തി 110 കഷ്ണങ്ങളാക്കിയതെന്നായിരുന്നു കേസ്. കാലങ്ങളായി യെമനിൽ ജോലി ചെയ്യുന്ന നിമിഷ പ്രിയ ഇവിടെ ആശുപത്രിയിൽ നഴ്‌സായി ജോലി നോക്കുകയായിരുന്നു. ഇതിനിടെയാണ് ഏവരേയും ഞെട്ടിച്ച കൊലപാതകം നടന്നത്. യെമനി ഭർത്താവിനെ കൊന്ന് മൃതദേഹം 110 കഷണങ്ങളാക്കി വെട്ടി നുറുക്കി ചാക്കിൽപൊതിഞ്ഞ് വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചുവെന്നായിരുന്നു നിമിഷയ്ക്ക് എതിരായ കേസ്.
യെമനിലെ അൽദൈദ് എന്ന സ്ഥലത്താണു യുവാവ് കൊല്ലപ്പെട്ടത്. വെട്ടിനുറുക്കി നൂറിലേറെ കഷണങ്ങളാക്കി ചാക്കിലാക്കിയ മൃതദേഹം താമസസ്ഥലത്തെ ജല സംഭരണിയിൽനിന്നു കണ്ടെടുത്തിരുന്നു. ദുർഗന്ധം വമിക്കുന്നതായി സമീപവാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. കണ്ടെടുക്കുമ്പോൾ നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു. ഇരുവരും വിവാഹിതരായിരിക്കുന്നില്ലെന്നും ലിവിങ് ടുഗെദർ ബന്ധമായിരുന്നു എന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.
യുവതി താമസിക്കുന്ന സ്ഥലത്തെ വാട്ടർ ടാങ്കിൽ വെട്ടി നുറുക്കി കഷ്ണങ്ങളാക്കിയ നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ തന്നെയായിരുന്നു യെമൻ സ്വദേശി യുവാവും താമസിച്ചിരുന്നത്. ഭർത്തവിനെ കൊലപ്പെടുത്തിയ ഭാര്യ എന്ന നിലയിലാണ് പൊലീസ് ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. കൊലപാതകത്തിന് ശേഷം നിമിഷയെ കാണാതായി. പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
നിമിഷ പ്രിയയുടെ വാർത്ത ആദ്യം പുറത്ത് വന്നത് യെമൻ സ്വദേശിയായ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവതി ഒളിവിൽ പോയി എന്നാണ്. പിന്നീടുള്ള അന്വേഷണത്തിൽ തെളിഞ്ഞത് ഇവർ ഇരുവരും വിവാഹം ചെയ്തിട്ടില്ല എന്നും. അന്വേഷണം ഊർജിതമായപ്പോഴാകട്ടെ പുറത്ത് വന്നത് ഇവർ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണെന്നാണ്. അത് വെറും ഒരു വിവാഹം ആയിരുന്നില്ല. തൊടുപുഴക്കാരനായ ടോമിയെ പ്രണയിച്ചാണ് നിമിഷ വിവാഹം ചെയ്യുന്നത്. അതും ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ. 2011 ജൂൺ 12നായിരുന്നു നിമിഷയുടെ പ്രണയവിവാഹം. വിവാഹ ശേഷം ഇരുവരും യെമനിലേക്ക് ജോലിക്ക് പോവുകയും പിന്നീട് മകളുമൊത്ത് വർഷങ്ങൾക്കുശേഷം തിരികെയെത്തുകയും ചെയ്തു. കൊല നടക്കുമ്പോൾ നിമിഷയുടെ ഭർത്താവും മകളും തൊടുപുഴയിലാണ് താമസിക്കുന്നത്. അമ്മയും സഹോദരിയും ആലുവയിലും.
ലോകം അറിഞ്ഞ കഥകൾക്കും അപ്പുറം സത്യം ലോകത്തോട് പറയാൻ നിമിഷക്ക് ഫോൺ ലഭിക്കുന്നു
300 സ്ത്രീകളും 60 കുട്ടികളുമുള്ള ജയിലിലാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയ ഇപ്പോഴുള്ളത്. ജയിലിലെ സ്ത്രീകൾക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടായാൽ അവരെ സഹായിക്കും. കോവിഡ് പലർക്കും പിടിച്ചെങ്കിലും ജയിൽ അധികൃതരെ കാര്യങ്ങൾ അറിയിച്ച് കൃത്യസമയത്ത് ഇടപെടൽ നടത്തിയതു കൊണ്ട് കാര്യമായ വ്യാപനം ഉണ്ടായില്ല. ഈ സമയം സാനിറ്ററി മാസ്കിനും പിപിഇ കിറ്റിനും എംബസിയിൽ അപേക്ഷിച്ചിരുന്നു. അതും ലഭിച്ചില്ല. എന്നിരുന്നാലും രോഗം പിടികൂടിയില്ല. ഇതിനിടെ ജയിലിലെ തന്റെ സേവനം മാനിച്ച് അവർ ഇടപെട്ട് സർക്കാരിൽ അറിയിച്ചാണ് ഫോൺ ഉപയോഗിക്കാൻ അനുമതി നൽകിയത്. അതും ടച്ച് ഫോണായതിനാൽ വാട്സാപ്പിലും ഐഎംഒയിലും വീട്ടിൽ വിളിച്ച് സംസാരിക്കാറുണ്ട്. രാവും പകലും പ്രാർത്ഥനകളുമായാണ് ഇപ്പോൾ കഴിയുന്നത്. വധശിക്ഷയ്ക്ക് വിധിച്ചതറിഞ്ഞ് കഴിഞ്ഞ ദിവസം വരെ കരഞ്ഞാണ് കഴിച്ചു കൂട്ടിയത്. നാട്ടിൽ ചിലർ സഹായിക്കാമെന്ന് ഏറ്റതോടെ പ്രാർത്ഥനയോടെ കഴിയുകയാണ്.
സനയിലെ ജയിലിൽ നിന്ന് നിമിഷക്ക് പറയാനുള്ളത് ഇങ്ങനെ..
‘‘ഇനി മരിക്കാനാണു വിധിയെങ്കിലും സത്യം എല്ലാവരും അറിയണം. തന്നോട് ഒരിക്കലെങ്കിലും സംസാരിക്കാതെ, ആരൊക്കെയോ പറഞ്ഞ കഥകളാണ് നാട്ടിൽ എല്ലാവരും അറിഞ്ഞത്. മറ്റാരും വിശ്വസിച്ചില്ലെങ്കിലും സത്യം എന്റെ അമ്മയും ഭർത്താവും വിശ്വസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് പലരും വിളിച്ചിരുന്നു. ഇപ്പോൾ ജീവിതത്തിലേയ്ക്കു തിരിച്ചു വരാനാകുമെന്ന ആത്മവിശ്വാസമുണ്ട്. പ്രതീക്ഷയുണ്ട്. കോട്ടയം കുറുവിലങ്ങാട് നഴ്സിങ് പഠിച്ച ശേഷം 2008ലാണ് നഴ്സായി യെമനിലെത്തുന്നത്. എല്ലാ പെൺകുട്ടികളെയും പോലെ വീട്ടിലെ സാഹചര്യങ്ങൾ കൊണ്ടാണ് അവസരം ലഭിച്ചപ്പോൾ ഇവിടേയ്ക്ക് എത്തിയതെന്ന്. സനയിൽ ഒരു ക്ലിനിക്കിലായിരുന്നു ജോലി. മൂന്നു വർഷം ജോലി ചെയ്ത ശേഷം 2011 ൽ നാട്ടിൽ തിരികെയെത്തി വിവാഹം കഴിച്ചു. 2012ൽ ഭർത്താവിനൊപ്പമാണ് വീണ്ടും സനയിലെത്തുന്നത്. അവിടെ അദ്ദേഹം വെൽഡറായി ജോലി ചെയ്തെങ്കിലും സാമ്പത്തികമായി കാര്യമായ നേട്ടമില്ലാതായതോടെ ഒരു ക്ലിനിക് തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ജോലി ചെയ്തിരുന്ന ക്ലിനിക്കിൽ ചികിത്സയ്ക്കായി എത്തുമായിരുന്ന തലാൽ അബ്ദു മഹ്ദി എന്ന യെമൻ പൗരനുമായി പരിചയത്തിലാകുന്നതും അദ്ദേഹത്തോട് ക്ലിനിക്ക് തുടങ്ങുന്ന കാര്യം സംസാരിക്കുന്നതും. അദ്ദേഹത്തിന്റെ കുടുംബവും ഇതേ ക്ലിനിക്കിലായിരുന്നു ചികിത്സ തേടിയിരുന്നത്. നല്ല പെരുമാറ്റവും മറ്റും ആയിരുന്നതിനാലും ഇത്തരത്തിൽ സ്പോൺസർമാർ വഴി ക്ലിനിക്കുകൾ തുടങ്ങുന്നത് അസാധാരണം അല്ലാത്തതിനാലും പദ്ധതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. അദ്ദേഹവും താൽപര്യം അറിയിച്ചതോടെ നാട്ടിലെത്തി കുറച്ച് പണം സംഘടിപ്പിച്ച് മടങ്ങിയെത്താനായിരുന്നു തീരുമാനം.
നാട്ടിലേക്കു തിരിച്ചപ്പോൾ ക്ലിനിക്ക് തുടങ്ങാൻ സഹായിക്കാമെന്നു പറഞ്ഞ തലാലും കേരളം കാണാൻ വരുന്നെന്നു പറഞ്ഞു. ഒരുമാസം അവധിയുണ്ടായിരുന്നു. അങ്ങനെ അദ്ദേഹവും മറ്റൊരു കൂട്ടുകാരിയുമായാണ് കേരളത്തിലെത്തുന്നത്. തന്നോടൊപ്പം വീട്ടിൽ വരികയും പല സ്ഥലങ്ങൾ കാണാൻ പോകുകയും ചെയ്തു. ഇതിനിടെ വീട്ടിൽ വന്നപ്പോൾ വിവാഹ ആൽബം കാണിച്ചിരുന്നു. അതിൽനിന്ന് ഫോണിൽ ചില ചിത്രങ്ങൾ പകർത്തിയപ്പോൾ പ്രത്യേകിച്ച് അപാകതയൊന്നും തോന്നിയില്ല. തിരികെ അദ്ദേഹത്തോടൊപ്പം മടങ്ങിയപ്പോൾ ഭർത്താവ് കൂടെ വന്നിരുന്നില്ല. പകരം കടം വാങ്ങിയും മറ്റും പണം സ്വരൂപിക്കുകയായിരുന്നു അദ്ദേഹം. സനയിൽ തിരികെ എത്തിയപ്പോൾ പഴയ ക്ലിനിക്കിൽ ജോലിക്കു പ്രവേശിക്കാതെ പുതിയ ക്ലിനിക് തുടങ്ങി.
ഇതിനകം ആദ്യം ജോലി ചെയ്തിരുന്ന ക്ലിനികിലെ ഉടമ വഴക്കിനു വന്നു. അവർക്ക് വരുമാനം കുറഞ്ഞു എന്നായിരുന്നു പരാതി. ഇതോടെ ഒരു പ്രശ്നം പരിഹരിക്കാനായി ക്ലിനിക്കിന്റെ ഓഹരിയിൽ ഒരു ഭാഗം അദ്ദേഹത്തിനു നൽകാൻ തീരുമാനിച്ചു. കരാർ എഴുതിയപ്പോൾ അറബിയിൽ ആയിരുന്നതിനാൽ എന്താണ് എന്ന് വ്യക്തമല്ലായിരുന്നു. 33 ശതമാനം ഓഹരി പഴയ ക്ലിനിക് ഉടമയ്ക്ക് കൊടുത്തപ്പോൾ ബാക്കി 67 ശതമാനം തലാലിന്റെ പേരിൽ എഴുതി. ഇത് പിന്നീട് അറബി പഠിച്ച ശേഷമാണ് തിരിച്ചറിയുന്നത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ പിന്നെ ഒരു പ്രശ്നം ഉണ്ടാകാതിരിക്കാനാണ് എന്നായിരുന്നു മറുപടി. ഈ സമയത്താണ് തലാലിന്റെ യഥാർഥ സ്വഭാവം തിരിച്ചറിയുന്നത്. ലഹരിക്ക് അടിമയായ അദ്ദേഹത്തിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്ന് തിരിച്ചറിഞ്ഞു. മോഷണത്തിനും മറ്റും പലപ്രാവശ്യം ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ടെന്നും അറിഞ്ഞു.
ഇതിനിടെ ക്ലിനിക്കിന്റെ വരുമാനം മുഴുവൻ തലാൽ എടുക്കാൻ തുടങ്ങിയപ്പോഴാണ് ചോദ്യം ചെയ്യുന്നത്. പിന്നെ ക്ലിനിക്ക് നടത്തിപ്പ് പ്രശ്നത്തിലായി. വഴക്കുണ്ടാകുമ്പോൾ ഓഫിസിലെത്തി ബുക്കിൽ വെള്ളമൊഴിക്കുക, തുപ്പുക തുടങ്ങി പലകാര്യങ്ങളും ചെയ്തു. പണം മുഴുവൻ അദ്ദേഹം എടുക്കുന്ന കാര്യം ക്ലിനിക്ക് മാനേജരോട് സംസാരിച്ചപ്പോൾ നിങ്ങൾ തമ്മിൽ എന്തിനാണ് തർക്കം. രണ്ടു പേരും ഭാര്യയും ഭർത്താവുമല്ലേ, പണം ആരെടുത്താലും ഒരു വീട്ടിലേയ്ക്കല്ലേ ചെല്ലുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നാട്ടിലെത്തിയപ്പോൾ ഞങ്ങൾ വിവാഹിതരായി എന്നായിരുന്നു അദ്ദേഹം എല്ലാവരോടും പറഞ്ഞിരുന്നത്. അത് അങ്ങനെയല്ലെന്നു പറഞ്ഞപ്പോൾ അദ്ദേഹം ചില ചിത്രങ്ങൾ കാണിച്ചെന്നായിരുന്നു പറഞ്ഞു. പണം നഷ്ടപ്പെടാൻ തുടങ്ങിയതോടെ ക്ലിനിക്കിന്റെ ലാഭം സ്വർണമാക്കി ഒരു ലോക്കറിൽ സൂക്ഷിച്ചു. പിന്നീട് ഇതും അദ്ദേഹം തട്ടിയെടുത്തു.
ഭാര്യയാണെന്ന് എല്ലാവരോടും പറഞ്ഞപ്പോൾ ഇക്കാര്യം അടുത്തു താമസിക്കുന്ന ഒരു ഷെയ്ക്കിനോടു പറഞ്ഞു. അദ്ദേഹവും വിശ്വസിച്ചിരുന്നത് നാട്ടിൽ പോയപ്പോൾ വിവാഹം കഴിച്ചു എന്നായിരുന്നു. ഇതോടെയാണ് സനയിൽ ലോക്കൽ പൊലീസിനെ സമീപിച്ച് പരാതി അറിയിച്ചത്. വിവാഹത്തട്ടിപ്പ് പരാതിപ്പെട്ടതോടെ അവിടുത്തെ നിയമപ്രകാരം 16 ദിവസം രണ്ടു പേരും കസ്റ്റഡിയിലായി. ജയിലിൽ കിടന്ന് മറ്റാരുടെയോ സഹായത്തിൽ അദ്ദേഹം വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. കോടതിയിൽ വിവാഹ ഫോട്ടോ എന്ന പേരിൽ ഭർത്താവിനൊപ്പം നിൽക്കുന്ന ഫോട്ടോ എഡിറ്റ് ചെയ്ത് വച്ചതും കേരളയാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളും ഹാജരാക്കി. വിവാഹ സർട്ടിഫിക്കറ്റ് കാണിച്ചതോടെ കോടതിയും തെറ്റിദ്ധരിക്കപ്പെട്ടു. ഞങ്ങൾ ഭാര്യാഭർത്താക്കന്മാരാണ് എന്നായിരുന്നു കോടതി വിധി. ഇതിനിടെ ഭർത്താവിനെ വിളിച്ച് കാര്യങ്ങൾ പറയാൻ ശ്രമിച്ചുകൊണ്ടിരുന്നു. 20 സിംകാർഡെങ്കിലും അതിനു വേണ്ടി എടുത്തു. അദ്ദേഹമതെല്ലാം ഒടിച്ച് നശിപ്പിച്ചു.
ജയിലിൽ നിന്ന് പുറത്തു വന്ന് അദ്ദേഹത്തിന്റെ വീടുകാരോട് കാര്യങ്ങൾ പറഞ്ഞെങ്കിലും അവരും വിശ്വസിച്ചില്ല. അദ്ദേഹത്തിന്റെ ഭാര്യയായാണ് പിന്നെ പുറത്തു വരുന്നത്. അദ്ദേഹത്തിന്റെ ചേട്ടന്റെ വീട്ടിൽ പോയി തർക്കിച്ചപ്പോൾ അവർ നിർബന്ധിച്ച് വിവാഹച്ചടങ്ങ് പോലെ നടത്തി. കൂടെ താമസിക്കേണ്ടി വന്നു. ഇതിനിടെ പാസ്പോർട് അദ്ദേഹം സ്വന്തമാക്കി. മാനസികമായും ശാരീരികമായും പീഡനങ്ങളായിരുന്നു പിന്നെ. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. വീട്ടിലിരുന്ന് കൂട്ടുകാരെ വിളിച്ചു വരുത്തി അവരോടൊപ്പം കൂട്ടമായി ശരീരം പങ്കുവയ്ക്കുന്നതിനും നിർബന്ധിച്ചു.
ഇതിനിടെ അദ്ദേഹത്തിന്റെ ഉപദ്രവം ശക്തമായി. പാതിരാത്രിയിലും വീട്ടിൽ നിന്ന് ഇറങ്ങി ഓടേണ്ട സാഹചര്യങ്ങളുണ്ടായി. പലപ്പോഴും അയൽവാസികളാണ് തന്നെ വലിയ അപകടത്തിൽ നിന്ന് രക്ഷിച്ചിട്ടുള്ളത്. മണിക്കൂറുകളോളം മറ്റൊരു രാജ്യത്ത് റോഡരികിൽ അർധരാത്രികൾ ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും അവരുടെ കൂട്ട ആക്രമണത്തിന് അനുവദിച്ചു കൊടുത്തില്ലെന്നതു മാത്രമാണ് ആശ്വാസം. നീ എന്താണ് എന്റെ താൽപര്യങ്ങൾക്ക് വഴങ്ങാത്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. നിങ്ങൾ എന്റെ ഭർത്താവല്ലാത്തതുകൊണ്ട് എന്നായിരുന്നു മറുപടി. നീ എന്റെ ഭാര്യയാണ്, പറയുന്നത് അനുസരിച്ചേ പറ്റൂ, അല്ലെങ്കിൽ ജീവിക്കാൻ സമ്മതിക്കില്ല എന്നു പറഞ്ഞായിരുന്നു പിന്നെ ഉപദ്രവം. ഇവരുടെ പക്കൽ എപ്പോഴും ഒരു ചെറിയ കത്തിയുണ്ടാകാറുണ്ട്. അതുവച്ച് കൈയിൽ മുറിവേൽപ്പിച്ചു. ഞരമ്പ് മുറിഞ്ഞ് ചോരയൊലിച്ചു. ചോര ചീറ്റുന്നതു കണ്ട് ബാത്ത് റൂമിലേയ്ക്ക് തള്ളിയിട്ടു. അവിടെ നിന്ന് രക്ഷപെട്ട് ക്ലിനിക്കിലെത്തി സ്വന്തമായി മരുന്നു കുത്തി വച്ച് സ്റ്റിച്ചിട്ടതുകൊണ്ടാണ് ജീവൻ രക്ഷപെട്ടത്.
കുറ്റവാളിയാകുന്നു
ഇതിനിടെ പലപ്രാവശ്യം അദ്ദേഹത്തിന് ജയിലിൽ കിടക്കേണ്ടി വന്നു. ജയിലിൽ പോയി പാസ്പോർട് തരാൻ ഒരുപാട് തവണ കരഞ്ഞ് അപേക്ഷിച്ചു. തന്റെ അക്കൗണ്ടിൽ പണം വന്നിട്ടുണ്ട്, അത് എടുക്കാൻ ഒറിജിനൽ പാസ്പോർട് വേണമെന്നു കള്ളം പറഞ്ഞു നോക്കി. എന്നിട്ടും ഒരു രക്ഷയുമില്ല. ഇതോടെ പാസ്പോർട് നഷ്ടമായെന്നു കാണിച്ച് എംബസിയെ സമീപിച്ചപ്പോൾ, പത്രപ്പരസ്യം നൽകി അപേക്ഷ നൽകണമെന്നായിരുന്നു നിർദ്ദേശം. ഇതും നടക്കാതെ വന്നതോടെ നിരാശയിലായപ്പോഴാണ് ജയിലിൽ വരുമ്പോൾ കാണാറുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ സഹായിക്കാം എന്നേറ്റത്. ഇദ്ദേഹത്തെ അനസ്തേഷ്യ നൽകി ബോധം കെടുത്തി നൽകിയാൽ വാഹനവുമായി വന്ന് എവിടെ എങ്കിലും കൊണ്ടു പോയി ദേഹോപദ്രവം ഏൽപിച്ചും ഭീഷണിപ്പെടുത്തിയും ഡിവോഴ്സിന് സമ്മതിപ്പിച്ച് ഭാര്യയല്ലെന്ന് എഴുതി വാങ്ങുകയും പാസ്പോർട് തിരികെ വാങ്ങാമെന്നുമായിരുന്നു തീരുമാനം. ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്യുന്ന തന്റെ സങ്കടം കാണാറുള്ള ഹനാൻ എന്ന യുവതിയും ഇക്കാര്യത്തിൽ സഹായിക്കാമെന്നു പറഞ്ഞു.
ഇതിനിടെയാണ് അദ്ദേഹത്തിന് യൂറിൻ ഇൻഫെക്‌ഷനാണ്, മരുന്നു വേണമെന്നു പറയുന്നത്. ഇത് അവസരമായി എടുത്താണ് മയങ്ങുന്നതിനുള്ള മരുന്നു കുത്തി വയ്ക്കുന്നത്. ആദ്യം മരുന്നു കുത്തി വച്ചപ്പോൾ ഇദ്ദേഹം ലഹരി ഉപയോഗിക്കുന്നതിനാൽ കാര്യമായി ഏറ്റില്ല. ഇതോടെ കുറച്ചു കൂടി കൂടിയ മരുന്നു കുത്തിവച്ചു. ഈ സമയം ഇയാൾ ഉച്ചത്തിൽ നിലവിളിച്ചു താഴെ വീണു. ബോധം കെട്ടു പോയി. പൾസ് നോക്കിയപ്പോൾ ഇല്ലെന്നു മനസിലായി. ഇതു കണ്ട് ഭയന്നു പോയി. എന്തു ചെയ്യണമെന്ന് അറിയാതെയായി. അപ്പോഴാണ് പിരിമുറുക്കം കുറയ്ക്കാനുള്ള രണ്ട് ഡോസ് മരുന്നെടുത്തു കഴിച്ചത്. ഇതോടെ അർധബോധാവസ്ഥയിലായി. മാനസിക നിലയിലും പ്രശ്നമുണ്ടായി. താഴെ താമസിച്ചിരുന്ന ഹനാനോട് കാര്യങ്ങൾ പറഞ്ഞു. തനിക്കു ബോധമില്ലാതിരുന്നതിനാൽ ഹനാനാണ് പിന്നെ കാര്യങ്ങൾ ചെയ്തത്.
അദ്ദേഹത്തിന്റെ മൃതദേഹം ദൂരെ എവിടെയെങ്കിലും കൊണ്ടുപോയി ഒളിപ്പിക്കാനായിരുന്നു പരിപാടി. സംഗതി അറിഞ്ഞതോടെ സഹായിക്കാമെന്നേറ്റ ജയിൽ ഉദ്യോഗസ്ഥനും കൈമലർത്തി. സ്വന്തമായി വാഹനത്തിൽ കൊണ്ടു പോകാൻ സാധിക്കാത്തതിനാൽ അവൾക്കു തോന്നിയ ബുദ്ധിയാണ് കഷണങ്ങളാക്കി വാട്ടർടാങ്കിൽ ഒളിപ്പിക്കുക എന്നത്. മൂന്നു ദിവസം കഴിഞ്ഞാണ് എനിക്ക് ബോധം കിട്ടിയത്. ഇതോടെ വാട്ടർടാങ്കിൽ നിന്ന് മണം വന്നു തുടങ്ങി. അങ്ങനെയാണ് സ്ഥലം വിട്ട് മാരിഫ് എന്ന സ്ഥലത്തെത്തുന്നതും ഒരു മാസം ഒളിവിൽ താമസിച്ചതും. ഇതെല്ലാം നടക്കുന്നത് 2017 ജൂലൈയിലാണ്. വൈകാതെ തന്നെ ഹനാൻ അറസ്റ്റിലായിരുന്നു. ഓഗസ്റ്റിലാണ് ഞാൻ അറസ്റ്റിലാകുന്നത്. അറസ്റ്റിലായതോടെ നാട്ടിൽ വാർത്തകൾ പരന്നു.
അഭിഭാഷകനുമില്ല
ജയിലിൽ ആയെങ്കിലും തനിക്കു വേണ്ടി കേസ് നടത്താനോ വാദിക്കാനോ ആരുമുണ്ടായില്ല. യെമൻ പൗരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പക്ഷം മാത്രമാണ് എല്ലാവരും കണ്ടത്. അവിടെ നിന്നു വന്ന വാർത്തകളും ആ രീതിയിലാകുകയായിരുന്നു. ഇതിനിടെ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു സഹായവും ലഭിച്ചില്ല. ഒടുവിൽ ജഡ്ജി തന്നെ ഇടപെട്ട് ഒരു ജൂനിയർ അഭിഭാഷകനെ തനിക്ക് വേണ്ടി നിയോഗിച്ചു. അദ്ദേഹമാകട്ടെ വേണ്ട രീതിയിൽ കേസ് കൈകാര്യം ചെയ്തതുമില്ല. ഇതിനിടെ ഹനാന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. സഹായിച്ച ജയിൽ ഉദ്യോഗസ്ഥൻ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ 18ന് കോടതി കേസിൽ വിധി പറഞ്ഞു. കുറ്റക്കാരിയാണെന്നു കണ്ടെത്തി വധശിക്ഷയാണ് വിധി.
അപ്പീൽ നൽകുന്നതിന് 15 ദിവസത്തെ കാലാവധിയുണ്ട്. ഇതിനായി അഫിഡവിറ്റ് സമർപ്പിക്കണം. സഹായിക്കാൻ ആരുമില്ലാത്തതിനാൽ ഈ കുറഞ്ഞ ദിവസം കൊണ്ട് എന്തുചെയ്യാനാകുമെന്നറിയില്ല. നാട്ടിൽ നിന്ന് സഹായിക്കാമെന്നു പറഞ്ഞ് പലരും മുന്നോട്ടു വന്നിട്ടുണ്ട്. മരിച്ചയാളുടെ ബന്ധുക്കൾക്ക് ചോരപ്പണമായി 70 ലക്ഷം നൽകിയാൽ ജീവൻ തിരികെ കിട്ടുമെന്ന് പറയുന്നു. അതും അപ്പീൽ കോടതിയുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കും. സർക്കാർ തലത്തിലുള്ള ഇടപെടലിനു വേണ്ടി പലരുടെ മുന്നിലും കൈനീട്ടിയിട്ടുണ്ട്. സഹായിക്കാമെന്നു പറഞ്ഞ് നാട്ടിൽ നിന്ന് ചിലർ വിളിച്ചിരുന്നു. അതു മാത്രമാണ് ഇപ്പോഴുള്ള പ്രതീക്ഷ.
ഭർത്താവിനെയും അമ്മയെയും വിളിക്കാറുണ്ട്. ക്ലിനിക്കിനു വേണ്ടി ചെലവഴിച്ച പണം നഷ്ടമായതോടെ സാമ്പത്തികമായി അദ്ദേഹം ഏറെ തകർന്നു. ഫോണിൽ ബാലൻസ് കയറ്റി തന്നെ വിളിക്കാൻ പോലും സാധിക്കാത്തത്ര ബുദ്ധിമുട്ടിലാണ് അദ്ദേഹം. ഇപ്പോൾ നാട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയാണ്. 10,000 രൂപ പോലും എടുക്കാനില്ലാത്ത അദ്ദേഹം എങ്ങനെ 70 ലക്ഷം തന്ന് തന്റെ ജീവൻ രക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുക. – നിമിഷ ചോദിക്കുന്നു.
മറുനാടന് ഡെസ്ക്