കൊച്ചി: തന്റെ മകളെ യെമൻ സ്വദേശി ചതിയിൽ പെടുത്തിയതാണെന്നും അയാളുടെ ക്രൂരതയിൽ നിന്ന് രക്ഷപ്പെടാൻ ഒരു പഴുതുമില്ലാതെ വന്നപ്പോഴാണ് അവൾ കൊലപാതകം നടത്തിയതെന്നും യെമൻ സ്വദേശിയായ പങ്കാളിയെ വെട്ടിനുറുക്കി കൊന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ അമ്മ. മകൾ ബോധപൂർവം ഒരാളെ കൊല്ലുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും നിമിഷ പ്രിയയെന്ന ടോമി തോമസിന്റെ അമ്മ പ്രേമ ചാനലിനോട് പ്രതികരിച്ചു. മകളുടെ മോചനത്തിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് താനെന്നും സർക്കാർ ഇടപെട്ടാൽ മകൾക്ക് ജീവിതം തിരിച്ചുകിട്ടുമെന്നുമുള്ള പ്രതീക്ഷയും അവർ പങ്കുവച്ചു.

അവസാനമായി നിമിഷ ഫോണിൽ വിളിച്ചത് എട്ടുമാസം മുമ്പാണെന്നും കേസിൽ അറസ്റ്റിലായ ശേഷം നിമിഷ ഫോണിൽ പല തവണ വിളിച്ചിരുന്നും പ്രേമ പറയുന്ന ക്രൂരമായ പീഡനംമൂലം സഹികെട്ടാണ് കൊല ചെയ്തതെന്ന് നിമിഷ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. സ്വന്തമായി ക്ലിനിക് തുടങ്ങാനാണ് യമൻ പൗരനുമായി അടുത്തതതെന്നും അയാൾ ചതിക്കുകയായിരുന്നു എന്നും മകൾ പറഞ്ഞതായാണ് പ്രേമ പറയുന്നത്. കൊല്ലപ്പെട്ടയാളെ വിവാഹം ചെയ്തതായി അറിവില്ലെന്നും ഭർത്താവ് ടോമിയും മകളുമായും നിമിഷയ്ക്ക് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും ഇവരെ ജയിലിൽ വച്ചും നിമിഷ ബന്ധപ്പെട്ടിരുന്നുവെന്നുമാണ് പ്രേമ പറയുന്നത്. നിമിഷയുടെ മോചനത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാർ സാധ്യതകൾ ആരായുന്നതിനിടെയാണ് അമ്മയുടെ പ്രതികരണവും വരുന്നത്.

യെമൻ സ്വദേശിയെ കൊലപ്പെടുത്തിയതിന് വധശിക്ഷക്ക് വിധിച്ചതിന് പിന്നാലെ തന്നെ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് നിമിഷ അയച്ച കത്ത് പുറത്തുവന്നതോടെയാണ് വിഷയം ഇപ്പോൾ ചർച്ചയായത്. യെമനിൽ അവിടെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ പാർപ്പിക്കുന്ന അൽബെയ്ദ ജയിലിലാണ് ഇവരിപ്പോൾ നിമിഷ . പീഡനങ്ങളും ദുരിതങ്ങളും സഹിക്കാതെ വന്നപ്പോഴാണ് കടുംകൈ ചെയ്യേണ്ടിവന്നതെന്ന് പറഞ്ഞായിരുന്നു നിമിഷയുടെ കത്ത്. കൊലപ്പെടുത്തിയ തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്ന് ഇവർ കത്തിൽ ആരോപിച്ചു. പാസ്‌പോർട്ട് പിടിച്ചുവച്ചു നാട്ടിൽ വിടാതെ പീഡിപ്പിച്ചെന്നും ലൈംഗിക വൈകൃതങ്ങൾക്ക് നിർബന്ധിച്ചും ഉപദ്രവിച്ചെന്നുമെല്ലാം നിമിഷ കത്തിൽ പറഞ്ഞു.

തോക്കുചൂണ്ടിയും ഭീഷണിപ്പെടുത്തിയെന്നും യെമനിൽ എത്തിയതു മുതൽ ജയിലിലായതുവരെയുള്ള കാര്യങ്ങൾ വിവരിക്കുന്ന 12 പേജുള്ള കത്തിൽ പറഞ്ഞിരുന്നു. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ 2014ൽ ആണു തലാലിന്റെ സഹായം തേടുന്നത്. താൻ ഭാര്യയാണെന്നു തലാൽ പലരെയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സർട്ടിഫിക്കറ്റുണ്ടാക്കി. പിന്നീടു ഭീഷണിപ്പെടുത്തി മതാചാരപ്രകാരവും വിവാഹം നടത്തി. ക്ലിനിക്ക് തുടങ്ങാൻ സഹായിച്ചെങ്കിലും വരുമാനം മുഴുവൻ തലാൽ സ്വന്തമാക്കി.ഇതിനിടെ സ്വർണാഭരണങ്ങളും തട്ടിയെടുത്തു വിറ്റു. ഇത്തരത്തിൽ പീഡനങ്ങൾ സഹികെട്ടപ്പോഴാണ് ഇയാളുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കടുംകൈ ചെയ്തതെന്നാണ് നിമിഷ പറയുന്നത്.

കൊലപാതകം നടന്നത് കഴിഞ്ഞവർഷം ആഗസ്റ്റിൽ

കഴിഞ്ഞവർഷം ആഗസ്റ്റിലാണ് യെമൻ സ്വദേശിയായ തലാൽ അബ്ദു മഹ്ദിയെ വെട്ടിനുറുക്കി 110 കഷ്ണമാക്കി വാട്ടർ ടാങ്കിൽ തള്ളി നിമിഷ കടന്നുകളയുന്നത്. അവിടെ നഴ്‌സായി പ്രവർത്തിച്ചിരുന്ന നിമിഷയും തലാലും ഭാര്യാഭർത്താക്കന്മാരാണെന്ന വിവരമാണ് പൊലീസ് ആദ്യം പുറത്തുവിടുന്നത്. ഇവർ ഒരുമിച്ച് താമസിച്ചിരുന്ന ഫ്‌ളാറ്റിന് മുകളിലെ ടാങ്കിലാണ് ജഡം ഒളിപ്പിച്ചത്. ദുർഗന്ധം വമിച്ചതോടെ നടന്ന പരിശോധനയിൽസംഭവംകഴിഞ്ഞ് നാലുദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു. നിമിഷയുടെ പാസ്‌പോർട്ട് ആശുപത്രിയിൽ കണ്ടെത്തി. തുടർന്ന് ഇവർക്കായി പൊലീസ് അന്വേഷണം തുടങ്ങി.

യമനിൽ മലയാളി യുവതി ഭർത്താവിനെ വെട്ടി നുറുക്കി കഷ്ണങ്ങളാക്കി കൊന്ന് കുടിവെള്ള ടാങ്കിൽ തള്ളിയെന്ന നിലയിലാണ് സംഭവം ആദ്യം പുറത്തുവന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയയ്ക്കായി അൽ ദൈദ് പൊലീസ് അന്വേഷണം ഊർജിതമാക്കിയെന്നുമായിരുന്നു റിപ്പോർട്ടുകൾ. യമനിലെ അൽ ദൈദിലാണ് സംഭവം ഉണ്ടായത്. ഇരുപത്തിയെട്ടുകാരിയായ നിമിഷ കൂടെ ജോലിചെയ്യുകയായിരുന്ന യമൻ സ്വദേശിയെ വിവാഹം കഴിച്ചത് ഒരുവർഷം മുമ്പായിരുന്നു എന്നും കൃത്യത്തിന് ശേഷം യമനിലെ ദെയ്ദിൽ നിന്ന് ഏദനിലേക്കോ മാറിഡിലേക്കോ അവർ രക്ഷപ്പെട്ടിട്ടുണ്ടാവുമെന്നാണ് പൊലീസിന്റെ നിഗമനമെന്നും അന്നത്തെ റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു.

എന്നാൽ യെമൻ സ്വദേശിയും നിമിഷയും ലിവിങ് ടുഗദറിൽ ആയിരുന്നു എന്നും നിമിഷുടെ വിവാഹം നേരത്തെ നടന്നിരുന്നു എന്നുമുള്ള വിവരങ്ങളാണ് പിന്നീട് പുറത്തുവന്നത്. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിലാണ് ഇവർ നേരത്തെ വിവാഹിതയാണെന്നും ഭർത്താവും കുഞ്ഞും നാട്ടിലാണെന്നും ഉള്ള വിവരം പുറത്തുവരുന്നത്.

വിവാഹം ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ

തൊടുപുഴക്കാരനായ ടോമിയെ പ്രണയിച്ചാണ് നിമിഷ വിവാഹം ചെയ്യുന്നത്. അതും ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ. 2011 ജൂൺ 12നായിരുന്നു നിമിഷയുടെ പ്രണയവിവാഹം. വിവാഹ ശേഷം ഇരുവരും യെമനിലേക്ക് ജോലിക്ക് പോയി. ഒരു കുഞ്ഞും പിറന്നു. പിന്നീട് കുടുംബം വർഷങ്ങൾക്കുശേഷം തിരികെയെത്തി. നിമിഷയുടെ ഭർത്താവും മകളും തൊടുപുഴയിലാണ് ഇപ്പോൾ താമസിക്കുന്നത്. അമ്മയും സഹോദരിയും ആലുവയിലും.

വിവാഹ ശേഷം യമനിലേക്ക് പോയ നിമിഷയും ഭർത്താവും നാട്ടിൽ വന്നപ്പോൾ എല്ലാവരും സന്തോഷത്തിലായിരുന്നു. ഇപ്പോൾ കൊല്ലപ്പെട്ട യമൻ സ്വദേശിയായ യുവാവും ഇവർക്കൊപ്പമുണ്ടായിരുന്നു. ഈ സുഹൃത്തുമായുള്ള ബന്ധം വഴിവിട്ടതായതോടെയാണ് ഭർത്താവ് ടോമി അകലുന്നതും പിന്നീട് നിമിഷ മകളെയും ഭർത്താവിനേയും ഉപേക്ഷിച്ച് ഗൾഫിൽ തന്നെ താമസം തുടരുന്നതും.

ഇതോടെ വീടുമായും നാടുമായും നിമിഷ അകന്നു. അതിനാൽ യെമനിൽ എങ്ങനെയായിരുന്നു ഇവരുടെ ജീവിതമെന്നത് നാട്ടുകാർക്കും പഴയ അടുപ്പക്കാർക്കും ബന്ധുക്കൾക്കുമെല്ലാം ദുരൂഹമായി തുടർന്നു. ഇതിനിടെയാണ് കൊലപാതക വാർത്തയും ഇവരെ അന്വേഷിക്കുന്നതായ അറിയിപ്പുമെല്ലാം വരുന്നത്. കൊല്ലങ്കോട് തേക്കിൻചിറയിലെ വീട് അടച്ചുകിടക്കുകയാണ്. എറണാകുളത്തുള്ള അമ്മ തേക്കിൻചിറയിലെ വീട്ടിൽ ഇടയ്ക്കു വന്നുപോകാറുണ്ടെന്ന് ആ നാട്ടുകാർ പറഞ്ഞു.

നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ 2014 ലാണ് തലാൽ എന്ന യെമൻ പൗരന്റെ സഹായം തേടുന്നത്. താൻ ഭാര്യയാണെന്ന് തലാൽ പലരെയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സർട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷ കത്തിൽ വ്യക്തമാക്കുന്നു. ക്ലിനിക്ക് തുടങ്ങാൻ സഹായിച്ചെങ്കിലും വരുമാനം മുഴുവൻ സ്വന്തമാക്കി. തന്റെ സ്വർണാഭരണങ്ങൾ പോലും തട്ടിയെടുത്ത് വിറ്റു. ഇത് ചോദ്യംചെയ്തതോടെയാണ് തടവിലിട്ട് പീഡിപ്പിക്കുന്നതും ലൈംഗിക വൈകൃതങ്ങൾക്ക് നിർബന്ധിക്കുന്നതും. സഹികെട്ടാണ് പെട്ടെന്നുണ്ടായ ദേഷ്യത്തിൽ കൊല നടത്തിയതെന്ന് വ്യക്തമാക്കിയാണ് ജയിലിൽ നിന്ന് യുവതി സഹായംതേടി കത്തയച്ചത്.

യമൻ പൗരനെ കൊലപ്പെടുത്തിയ കേസാണെങ്കിലും മോചനത്തിനായി പണം നൽകാൻ യമനിലെ മാരിബ് ആസ്ഥാനമായ എൻജിഒയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ട്. സഹായം തേടിയുള്ള നിമിഷയുടെ കത്ത് പുറത്തുവന്നതോടെയാണ് ജനപ്രതിനിധികളും ഇതിൽ ഇടപെട്ടതും ശിക്ഷാ ഇളവിനോ മോചനത്തിനോ സാധ്യത തേടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നോട്ടു നീങ്ങുന്നതും.