ആലപ്പുഴ: ഗുണ്ടാ നേതാവ് ലിജു ഉമ്മനെ കണ്ടെത്താൻ ഊർജ്ജിത ശ്രമവുമായി പൊലീസ്. തഴക്കരയിലെ വാടകവീട്ടിൽ നിന്നു 29 കിലോ കഞ്ചാവുമായി പിടികൂടിയ കായംകുളം ചേരാവള്ളി തയ്യിൽ തെക്കേതിൽ നിമ്മിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. കഞ്വാവ് സൂക്ഷിച്ചത് ലിജു ആണെന്നാണ് മൊഴി.

നിമ്മിയുടെ ഫോണിൽ നിറയെ ലിജു ഉമ്മന്റെ ചിത്രങ്ങളാണെന്നും ഫോൺ വാൾ പേപ്പർ തന്നെ ലിജു ഉമ്മന്റേതായിരുന്നെന്നും പൊലീസ് പറയുന്നു. ഇവർ തമ്മിൽ ഗാഡമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ലിജു ഉമ്മനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയ പൊലീസിന് നിമ്മിയുടെ ഫോൺ പരിശോധിച്ചപ്പോൾ കിട്ടിയ ചിത്രങ്ങൾ പലതും ഗുണ്ടാസംഘങ്ങൾ നടത്തിയ വലിയ പാർട്ടികളുടെയും ആഘോഷങ്ങളുടേതുമായിരുന്നു. ഫോട്ടോകളിൽ ഉണ്ടായിരുന്ന വ്യക്തികളെ കണ്ടെത്തി ലിജു ഉമ്മനെ കുടുക്കാനുള്ള ശ്രമമാണു പൊലീസ് നടത്തുന്നത്.

ലിജുവിന്റെ വ്യത്യസ്ത ഫോട്ടോകൾ നിമ്മിയുടെ ഫോണിൽ ഉണ്ടായിരുന്നു. ലിജു ഉമ്മന്റെ സംഘത്തിൽ തന്നെ ഉണ്ടായിരുന്ന കായംകുളം സ്വദേശി സേതുവിന്റെ ഭാര്യയാണു നിമ്മി. സേതുവിനും ക്രമിനൽ പശ്ചാത്തലമുണ്ടായിരുന്നു. സേതുവിന്റെ കൂട്ടുകാരനായിരുന്നു ലിജു. സേതു ജയിലിലും മറ്റും പോകുമ്പോൾ നിമ്മിയെ സഹായിക്കാൻ കൂടിയാണ് ഇവർ പരിചയപ്പെടുന്നത്. 2 വർഷമായി സേതുവിൽ നിന്ന് വേർപിരിഞ്ഞു താമസിക്കുകയായിരുന്ന നിമ്മിയെ ലിജു ഉമ്മനാണു തഴക്കരയിൽ വാടകയ്ക്ക് താമസിപ്പിച്ചതെന്നു പൊലീസ് പറയുന്നു.

ലിജു ഉമ്മൻ ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചിരുന്നത് നിമ്മിയേയും അവരുടെ രണ്ടു കുട്ടികളെയും മുൻനിർത്തിയായിരുന്നു. ലിജു ഉമ്മൻ സ്ഥിരമായി നിമമി താമസിക്കുന്ന വാടക വീട്ടിൽ എത്തുമായിരുന്നു ഭാര്യ ഭർത്താക്കന്മാരാണെന്നാണ് അയൽവാസികൾ ധരിച്ചിരുന്നത്. ആഡംബരക്കാറിൽ യുവതിയെയും കുട്ടികളെയും കൂട്ടി യാത്ര ചെയ്യുമ്പോൾ പൊലീസ് ചെക്കിങ്ങിൽ നിന്ന് രക്ഷപ്പെടുമായിരുന്നു. ഈ അവസരം മുതലാക്കിയായിരുന്നു ലിജു ലഹരി കടത്തിയിരുന്നത്. കഞ്ചാവും മറ്റും ശേഖരിച്ച ശേഷം ആവശ്യക്കാരെ കണ്ടെത്തുകയും അവരിലേക്ക് ലഹരി നിമ്മി വഴി എത്തിക്കുകയുമാണ് ചെയ്തിരുന്നത്. എന്നാൽ സ്ത്രീ ഓടിക്കുന്ന കാർ എന്ന നിലയിൽ പരിശോധനയിൽ നിന്ന് നിന്നൊഴിവാക്കാൻ കാരിയറയി നിമ്മിയെ ഉപയോഗിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം.

നിമ്മിയുടെ ഭർത്താവ് വിദേശത്താണുള്ളത്. ഇദേഹവുമായി അകൽച്ചയിലായിരുന്ന അവസരം മുതലെടുത്താണ് ലിജു ഇവരെ ലഹരി ഇടപാടുകൾക്കായി ഉപയഗിച്ചത്. രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സ്പെഷൽ സ്‌ക്വാഡ് സംഘം നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ നിന്നും കാറിൽ നിന്നും 29 കിലോ കഞ്ചാവ്, നാലര ലിറ്റർ ചാരായം, 30 ലിറ്റർ കോട, വിവിധ സഞ്ചികളിലായി 1785 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ, അടുക്കളയിൽ നിന്ന് വാറ്റുപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു.

വീടിനുള്ളിലും മുറ്റത്തുണ്ടായിരുന്ന സ്‌കോഡ കാറിലുംനിന്നായി 29 കിലോ കഞ്ചാവ്, മൂന്നു പ്ലാസ്റ്റിക് കുപ്പികളിലായി നാലരലിറ്റർ ചാരായം, രണ്ടു കന്നാസുകളിലായി 30 ലിറ്റർ കോട, സഞ്ചികളിലാക്കി സൂക്ഷിച്ചിരുന്ന 1,785 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ, വീടിന്റെ അടുക്കളയിൽനിന്ന് വാറ്റുപകരണങ്ങൾ എന്നിവയാണു കണ്ടെടുത്തത്. ലിജു ഉമ്മന്റെ നേതൃത്വത്തിൽ വീട്ടിൽ ശേഖരിക്കുന്ന കഞ്ചാവും മറ്റും ആവശ്യാനുസരണം വിവിധ സ്ഥലങ്ങളിൽ നിമ്മി എത്തിച്ചുകൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പരിശോധയ്‌ക്കെത്തുമ്പോൾ നിമ്മിയുടെ എട്ടുവയസ്സുള്ള മകനും നാലുവയസ്സുള്ള മകളും വീട്ടിലുണ്ടായിരുന്നു. ഇവരെ നിമ്മിയുടെ ബന്ധുവിനെ വിളിച്ചുവരുത്തി കൈമാറി.

മാന്നാർ സിഐ. എസ്. ന്യൂമാൻ, മാവേലിക്കര എസ്‌ഐ. എബി പി. മാത്യു, എസ്‌ഐ. കെ.കെ. പ്രസാദ്, ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷ്യൽ സ്‌ക്വാഡിലെ എസ്‌ഐമാരായ വൈ. ഇല്യാസ്, സന്തോഷ്‌കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സിനു വർഗീസ്, പ്രതാപചന്ദ്രമേനോൻ, എം. പ്രസന്നകുമാരി, സിവിൽ പൊലീസ് ഓഫീസർമാരായ ഹരികൃഷ്ണൻ, മുഹമ്മദ് ഷാഫി, ഗിരീഷ് ലാൽ, ശ്രീകുമാർ, ജി. ഗോപകുമാർ എന്നിവരാണു പരിശോധനയ്ക്കു നേതൃത്വംനൽകിയത്.