നീനാ: നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ സംയുക്തമായ ഈസ്റ്റർ-വിഷു ആഘോഷങ്ങൾ പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. നീനാ-ബാലി കോമൺ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെട്ട ആഘോഷപരിപാടികൾ വിവിധ കലാപരിപാടികൾകൊണ്ട് സമ്പുഷ്ടമായിരുന്നു. കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാന കലാരൂപങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ 'മാർഗ്ഗംകളി' പരമ്പരാഗത രീതിയിൽത്തന്നെ വേദിയിൽ അവതരിപ്പിക്കപ്പെട്ടത് ഏറെ ശ്രദ്ധേയമായി. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ നൃത്തരൂപങ്ങൾ, ഗാനാലാപനങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിഭവ സമൃദ്ധമായ സദ്യയോടെ ആഘോഷങ്ങൾക്ക് തിരശ്ശീല വീണു. ജെയ്‌സൺ ജോസഫ്, ടോം പോൾ, ജോജിൻ മാത്യു, പ്രിയ റെജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.