ഗുഹവാത്തി: അസമിലെ ഒൻപത് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമുള്ളപ്പോൾ വിമതരുടെ കൂടുമാറ്റം കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്. ഭരണവിരുദ്ധ വികാരം ആളിക്കത്തുന്നതിനൊപ്പമാണ് പാർട്ടിയിലെ തമ്മിലടിയും തരുൺ ഗെഗോയിയുടെ നേതൃത്വത്തിലെ കോൺഗ്രസ് സർക്കാരിന് വെല്ലുവിളിയാകുന്നത്.

ഹിമാനന്ദ ബിസ്വ ശർമ്മയെ പിന്തുണയ്ക്കുന്ന കോൺഗ്രസ് നേതാക്കളാണ് ബിജെപിയിലേക്ക് ചേക്കാറാൻ കുരുക്കൾ നീക്കുന്നത്. ഇതിൽ നാലു പേരെ കോൺഗ്രസ് സസ്‌പെന്റ് ചെയ്തവരാണ്. അഞ്ചു പേർക്ക് നോട്ടീസ് നൽകിയിട്ടുമുണ്ട്. പാർട്ടിയിൽ കലാപത്തിന് വഴിമരുന്നിട്ട് ഹിമാനന്ദ നേരത്തെ ബിജെപിയിൽ ചേർന്നിരുന്നു. ഈ ഒൻപതു പേർ പാർട്ടി വിട്ടാലും തരുൺ ഗോഗോയിക്ക് നിലവിൽ ഭീഷണിയൊന്നുമില്ല. എന്നാൽ വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രിസന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അസമിൽ ബിജെപി നേട്ടമുണ്ടാക്കിയിരുന്നു. ഇതോടെയാണ് കോൺഗ്രസിലെ വിമത ശബ്ദങ്ങൾ പൊട്ടിത്തെറിയായത്. ഇത് പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വിമതരെ ബിജെപി സ്വാഗതം ചെയ്തു. വരുന്ന തെരഞ്ഞെടുപ്പിൽ അസമിൽ ഭരണം പിടിക്കാനുള്ള തന്ത്രങ്ങൾക്ക് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് രൂപം നൽകുന്നത്. അതിന്റെ ഭാഗമാണ് ഇപ്പോൾ നീക്കുന്ന കരുനീക്കങ്ങൾ.