ന്യൂഡൽഹി: രണ്ടു വർഷത്തിനുള്ളിൽ മൂന്നു വയസിൽ താഴെയുള്ള ഒമ്പതു പെൺകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ നിഷ്ഠൂരനായ കൊലയാളിയെ യുപിയിലെ മഗർപൂർ ഗ്രാമത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂഡൽഹിയുടെ തെക്ക് പടിഞ്ഞാറൻ മേഖലയായ ഗുരുഗ്രാമിൽ നിന്ന് 320 മൈൽ അകലെ ഒരു പെൺകുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുനിൽ എന്നു പേരുള്ള കൊലയാളിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഈ കേസിൽ പിടിക്കപ്പെട്ടപ്പോഴാണ് ഇരുപതുകാരനായ കൊലയാളി നടത്തിയ അതിക്രൂര കൊലപാതകങ്ങളുടെ ചുരുൾ അഴിയുന്നത്. ചേരികളിലുള്ള ചെറിയ പെൺകുഞ്ഞുങ്ങളെ നോട്ടമിട്ട് അവരെ ക്രൂരമായ പീഡനത്തിന് ഇരയാക്കുന്നതാണ് ഇയാളുടെ രീതി. ആഘോഷ വേളകളിൽ സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്ന ബന്താരസ് കമ്യൂണിറ്റി കിച്ചണുകളുടെ സമീപം കറങ്ങി നടന്ന് പെൺകുഞ്ഞുങ്ങളെ വലവീശിപ്പിക്കുകയാണ് ഇയാളുടെ പതിവ്.

സൗജന്യഭക്ഷണം കഴിക്കാനെത്തുന്ന ബാലികമാരെ മിഠായിയും ചോക്ലേറ്റും നൽകി വശീകരിച്ച് ഇയാൾ ആളൊഴിഞ്ഞ പ്രദേശത്തു കൊണ്ടുപോയി പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. പീഡനത്തിന് മുമ്പ് ഇവരുടെ കാലുകൾ ഇഷ്ടിക കൊണ്ട് ഇടിച്ച് ഒടിക്കുന്ന രീതിയും ഇയാൾ പിന്തുടർന്നു പോരുന്നു. ഗുരുഗ്രാമിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്ന് 300 അടി അകലെ നിന്നാണ് പെൺകുട്ടിയെ കാണാതാകുന്നത്. ഇഷ്ടിക കൊണ്ടുള്ള ഇടിയുടെ ആഘാതത്തിൽ തലയോട്ടിയും പൊട്ടിയിട്ടുണ്ട്. തലയ്‌ക്കേണ്ട ക്ഷതവും ആന്തരിക രക്തസ്രാവവും മൂലമാണ് കുട്ടി മരിച്ചതെന്നാണ് മെഡിക്കൽ പരിശോധനയിൽ വ്യക്തമായിരിക്കുന്നത്.

സ്ഥിരമായി ഒരു സ്ഥലത്തു തന്നെ തങ്ങാതെ കറങ്ങി നടക്കുന്ന ഇയാൾ പലപ്പോഴും പലയിടങ്ങളിലാണ് അന്തിയുറങ്ങുന്നത്. അതുകൊണ്ടു തന്നെ പൊലീസ് വിരിക്കുന്ന വലയിലൊന്നും ഇയാൾ വീഴാറില്ല. സ്വന്തമായി മൊബൈൽ ഫോൺ ഇയാൾക്കില്ല. സ്ഥിരമായി ഒരിടത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യില്ല. ഇന്ത്യയിൽ തന്നെ ഏറ്റവും കുപ്രസിദ്ധനായ ബാലപീഡകനാണ് ഇയാളെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. കൂടുതൽ ചോദ്യം ചെയ്യലിൽ സുനിൽ രണ്ടു വർഷം കൊണ്ട് മൂന്നു വയസിൽ താഴെയുള്ള ഒമ്പതു പെൺകുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്ന് സമ്മതിച്ചു.

ഡൽഹി നാലും ഗുരുഗ്രാമിൽ മൂന്നും ഗ്വാളിയോറിലും ഝാൻസിയും ഓരോ കുഞ്ഞുങ്ങൾ വീതവും ഈ നരാധമന് ഇരയായിട്ടുള്ളത്. 2016-ൽ നാലു വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയതാണ് ആദ്യത്തെ പീഡനമെന്ന് ഇയാൾ പറയുന്നു. ആ വർഷം തന്നെ ജനുവരിയിൽ മറ്റൊരു പെൺകുട്ടിയെ തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.

ബന്താരസുകളിൽ പോയി സൗജന്യഭക്ഷണം കഴിക്കുകയും അവിടെ തനിച്ചെത്തുന്ന ചേരിയിലെ പെൺകുഞ്ഞുങ്ങളെ തന്റെ ലൈംഗിക ദാഹം തീർക്കാൻ ഉപയോഗിക്കുന്നുവെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. വിജനമായ പ്രദേശത്തുകൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം അവിടെ തന്നെ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്യുമെന്ന് ഇയാൾ വെളിപ്പെടുത്തി. ഇയാളുടെ കുറ്റസമ്മതത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ തന്നെ ഞെട്ടിയിരിക്കുകയാണ്.