- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛന്റെ ആക്സമിക മരണത്തെ തുടർന്ന് കുടുംബഭാരം ചുമലിലേന്തി; കടബാധ്യത കൂടിയപ്പോൾ പ്രേമിച്ച പെണ്ണും പോയി; ഒടുവിൽ സുരേഷ് ഗോപിയുടെ രൂപത്തിൽ ഭാഗ്യത്തിന്റെ കടാക്ഷം: ഏഷ്യാനെറ്റ് റിയാലിറ്റി ഷോ അർദ്ധ കോടീശ്വരനാക്കിയ സൂരജിന്റെ കഥ
തിരുവനന്തപുരം: രണ്ട് മൂന്ന് ദിവസമായി ഏഷ്യാനെറ്റിന്റെ 'നിങ്ങൾക്കുമാകാം കോടീശ്വരൻ' റിയാലിറ്റി ഷോയിലെ സൂരജ് എന്ന മരപ്പണിക്കാരന്റെ പ്രമോ വീഡിയോയാണ് എങ്ങും വൈറലാകുന്നത്. ദാരിദ്ര്യപൂർണ്ണമായ ചുറ്റുപാടികളിൽ നിന്നും കരകയറാൻ തിരുവനന്തപുരം പാപ്പനംകോട് സ്വദേശി സൂരജിന് ഒരു റിയാലിറ്റി ഷോകൊണ്ട് സാധിച്ചിരിക്കുന്നു. സിനിമാതാരം സുരേഷ് ഗോപി
തിരുവനന്തപുരം: രണ്ട് മൂന്ന് ദിവസമായി ഏഷ്യാനെറ്റിന്റെ 'നിങ്ങൾക്കുമാകാം കോടീശ്വരൻ' റിയാലിറ്റി ഷോയിലെ സൂരജ് എന്ന മരപ്പണിക്കാരന്റെ പ്രമോ വീഡിയോയാണ് എങ്ങും വൈറലാകുന്നത്. ദാരിദ്ര്യപൂർണ്ണമായ ചുറ്റുപാടികളിൽ നിന്നും കരകയറാൻ തിരുവനന്തപുരം പാപ്പനംകോട് സ്വദേശി സൂരജിന് ഒരു റിയാലിറ്റി ഷോകൊണ്ട് സാധിച്ചിരിക്കുന്നു. സിനിമാതാരം സുരേഷ് ഗോപി അവതാരകനായ ഏഷ്യാനെറ്റിലെ നിങ്ങൾക്കും ആകാം കോടീശ്വരൻ പരിപാടിയിലെ മൂന്നാം സീസണിൽ ഏറ്റവും കൂടുതൽ പണം നേടിയ മത്സരാർത്ഥിയായാണ് സൂരജ് വിജയിച്ചിരിക്കുന്നത്. അമ്പത് ലക്ഷം രൂപയാണ് ഭാഗ്യവും ബുദ്ധിവൈഭവവും ഒത്തുവന്നതോടെ ഈ മരപ്പണിക്കാരൻ സ്വന്തമാക്കിയത്. അമ്പത് ലക്ഷം നേടിയ ശേഷം ഒരു കോടിക്കായി ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യം വീഡിയോ പ്രമോയിൽ കാണുമ്പോൾ സൂരജ് കോടീശ്വരനായോ എന്ന സംശയവും ഉയരുന്നുണ്ട്. 12 ലക്ഷം രൂപ നേടിയ എപ്പിസോഡ് ഇന്നലെ ചാനൽ സംപ്രേഷണം ചെയ്തിട്ടുണ്ട. 50 ലക്ഷത്തിന്റെ എപ്പിസോഡ് ഇന്ന് സംപ്രേഷണം ചെയ്യുകയും ചെയ്യും.
എന്തായാലും അർദ്ധകോടീശ്വരനായുള്ള പ്രയാണത്തിൽ സൂരജ് അനുഭവിച്ച കഷ്ടതകൾ ഏറെയാണ്. കടത്തിൽ മുങ്ങിയ തന്റെ ജീവിതം തിരികെ പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഈ മിടുക്കൻ. എന്തിനും ഏതിനു പണം ആവശ്യമായ കാലത്ത് പണത്തിന് വേണ്ടിയുള്ള അലച്ചിലിൽ സ്വന്തം കാമുകി പോലും ഉപേക്ഷിച്ചു പോയ കഥയാണ് സൂരജിന് പറയാനുള്ളത്. പിതാവിന്റെ അപ്രതീക്ഷിതമായ മരണത്തെ തുടർന്ന് ഒരു കുടുംബത്തിന്റെ പ്രാരാബ്ധം മുഴുവനും ചുമലിൽ പേറേണ്ടി വന്നു ഈ ചെറുപ്പക്കാരന്. കൂലിപ്പണിക്കിടയിലും പഠിക്കണമെന്ന ആഗ്രഹം മനസ്സിൽ സൂക്ഷിച്ചതിന് തനിക്ക് ലഭിച്ച സമ്മാനമാണ് ഈ വിജയമെന്ന് സൂരജ് പറയുന്നു.
അച്ചൻ രവീന്ദ്രൻ ആശാരി പെട്ടന്ന് മരണപ്പെട്ടതോടെയാണ് സൂരജ് ചെറുപ്പത്തിൽ തന്നെ കുടുംബത്തിന്റെ അത്താണിയായത്. വീട്ടു ചെലവിനുള്ള തുക കണ്ടെത്തലും വീടെന്ന സ്വപ്‌നം യഥാർത്ഥ്യമാക്കേണ്ടതുമൊക്കെ പിന്നീട് സൂരജിന്റെ ചുമതലയായി. സഹോദരിയെ അന്തസ്സായി കെട്ടിച്ചയക്കാൻ വേണ്ടി തന്റെ അധ്വാനം കൊണ്ട് ഈ ചെറുപ്പക്കാരന് അന്ന് സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് പലരിൽ നിന്നുമായി പണം കടംവാങ്ങിയത്. സഹോദരിയെ മാന്യമായി കെട്ടിച്ചയച്ചപ്പോഴേക്കും ഒരു വശത്ത് സ്വന്തം ജീവിതം ഈ ചെറുപ്പക്കാരന് നഷ്ടമായി. ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ സാധിച്ചില്ല. ഇഷ്ടപ്പെട്ട പെൺകുട്ടി കടക്കാരനായ ഒരാളെ വിവാഹം കഴിക്കാൻ തയ്യാറാകാതെ മറ്റൊരാളെ വിവാഹം ചെയ്തു.
ഇതോടെയാണ് സർക്കാർ ജോലി സ്വന്തമാക്കി സ്വന്തം കാലിൽ നിൽക്കണമെന്ന സ്വപ്നം ഈ ചെറുപ്പക്കാരന് ഉണ്ടാകുന്നത്. തുടർന്നാണ് +2 മാത്രം വരെ വിദ്യാഭ്യാസമുള്ള സൂരജ് പിഎസ്ഇ കോച്ചിംഗിലേക്ക് തിരിഞ്ഞത്. പലതവണ പരീക്ഷ എഴുതിയെങ്കിലും ജോലി മാത്രം ലഭിച്ചില്ല. എന്നാൽ, അറിവിന്റെ മാധുര്യം ശരിക്കും അനുഭവിക്കാൻ സൂരജിന് ഇപ്പോൾ സാധിച്ചു. സുരേഷ് ഗോപി ചോദിച്ച ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകി ഒടുവിൽ 50 ലക്ഷം രൂപ പോക്കറ്റിലാക്കാൻ ഈ മിടുക്കന് സാധിച്ചു.
ദിവസവും പത്രം അരിച്ചുപെറുക്കി വായിക്കുന്ന ശീലമാണ് സൂരജിനെ പൊതുവിജ്ഞാനം വർദ്ധിപ്പിച്ചത്. ക്രിക്കറ്റിനോടും കമ്പക്കാരനാണ് ഈ ചെറുപ്പക്കാരൻ. ഈ വിവരം മത്സരത്തിന് ഇടെ സുരേഷ് ഗോപിയെ അറിയിച്ചതോടെ സൂരജിന്റെ ക്രിക്കറ്റ് ടീമിന് സുരേഷ് ഗോപി തന്നെ ഒരു കിറ്റ് സ്‌പോൺസർ ചെയ്തു. കോടീശ്വരനായെങ്കിലും ഇപ്പോഴും തന്റെ ജോലിയുമായി മുന്നോട്ടു പോകുകയാണ് സൂരജ്. ജീവിതനിലവാരം കുറച്ചുകൂടി മെച്ചപ്പെടുത്തണം, പിന്നെ വിവാഹം ഇങ്ങനെ പോകുന്നു സൂരജിന്റെ മോഹങ്ങൾ. ഇടയ്ക്ക് ചാനൽ പരിപാടി കണ്ട് കോടീശ്വരനായോ എന്ന ചോദ്യം ഉന്നയിക്കുന്നവരോട് ഇന്നത്തെ എപ്പിസോഡ് കാണാനാണ് സൂരജ് പറയുന്നത്.
നിങ്ങൾക്കും ആകാം കോടീശ്വരന്റെ മൂന്നാം വസന്തത്തിലെ ആദ്യ അരക്കോടീ നേട്ടം... കാണാൻ മറക്കരുത് ഇന്ന് രാത്രി 8 മണിക്ക്
Posted by Ningalkkum Aakaam Kodeeshwaran on Sunday, April 5, 2015