- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം ജോലിക്ക് പ്രവേശിക്കാൻ ആലോചിച്ചിരുന്നില്ല; ഭീഷണി വന്ന സാഹചര്യത്തിൽ ജോയിൻ ചെയ്യാൻ തീരുമാനിച്ചെന്ന് വിശദീകരണം; നേതാവ് പറയുന്നതും നിയമനത്തിലെ അസ്വാഭാവികതകൾ; ഭീഷണിയിൽ പൊലീസിൽ പരാതി നൽകാത്തതും വിചിത്രം; കാലടിയിലെ വിശദീകരണം വിനയാകുന്നത് എംപി രാജേഷിന് തന്നെ; നിനിത കണിച്ചേരിയുടെ നിയമനം ഗവർണ്ണറുടെ റഡാറിൽ
കൊച്ചി: സംസ്ഥാന സർക്കാരിന് നിയന്ത്രിക്കാവുന്ന തരത്തിലാണ് കേരളത്തിലെ സർവ്വകലാശാലയുടെ പ്രവർത്തനം. കാലടി സംസ്കൃത സർവ്വകലാശാലയിലും കാര്യങ്ങൾ അങ്ങനെ തന്നെ. കാലടി സംസ്കൃത സർവകലാശാലയിൽ മുൻ എംപി എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് അസിസ്റ്റന്റ് പ്രഫസർ ഇന്റർവ്യൂവിൽ ഒന്നാം റാങ്കും നിയമനവും നൽകിയത് വിവാദമാകുമ്പോൾ ഉയരുന്നത് സംശയങ്ങളാണ്. ഈ പദവി മുസ്ലിം സംവരണമാക്കിയതിന് പിന്നിൽ ഗൂഢാലോചന നടന്നോ എന്നും സംശയം ഉയരുന്നുണ്ട്. അതിനിടെ കാലടി സർവകലാശാലയിലെ നിയമ വിവാദം ഇന്റർവ്യൂ ബോർഡിലെ 3 പേരുടെ വ്യക്തി താൽപര്യത്തിൽനിന്ന് ഉണ്ടായതാണെന്നും ഞെട്ടിപ്പിക്കുന്ന ഉപജാപമാണ് ഇവർ നടത്തിയെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംപിയുമായ എം.ബി. രാജേഷ് ആരോപിച്ചു.
അതിനിടെ കാലടി സംസ്കൃത സർവകലാശാലയിൽ മുൻ എംപി എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് അസിസ്റ്റന്റ് പ്രഫസർ ഇന്റർവ്യൂവിൽ ഒന്നാം റാങ്കും നിയമനവും നൽകിയതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നൽകിയ പരാതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലയോടു റിപ്പോർട്ട് തേടിയിട്ടുണ്ട്. റാങ്ക് പട്ടിക അട്ടിമറിച്ചാണു നിയമനമെന്ന ഇന്റർവ്യൂ ബോർഡ് അംഗം ഡോ. ഉമർ തറമേലിന്റെ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജിർ ഖാനും ഗവർണർക്കു നിവേദനം നൽകിയത്. ഗവർണർ ഇതു വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ടിന് അയച്ചുകൊടുത്തു. ഇക്കാര്യത്തിൽ ഗവർണ്ണറുടെ ഇടപെടൽ നിർണ്ണായകമാകും.
നിനിതയ്ക്ക് അസി.പ്രഫസർ നിയമനത്തിനുള്ള യോഗ്യതയില്ലെന്നു വാദിച്ച് ഇന്റർവ്യൂ ബോർഡിലെ വിഷയവിദഗ്ദ്ധർ വൈസ് ചാൻസലർക്കു നൽകിയ കത്ത് പുറത്തുവന്നതാണ് വിവാദത്തിന് തുടക്കമിട്ടത്. നിനിതയ്ക്കു യുജിസി നിഷ്കർഷിക്കുന്ന യോഗ്യതകളില്ലെന്നും ബോർഡിന്റെ തീരുമാനം അട്ടിമറിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടി ഡോ. ടി. പവിത്രൻ, ഡോ. ഉമർ തറമേൽ, ഡോ. കെ.എം. ഭരതൻ എന്നിവർ ജനുവരി 31നാണ് വൈസ് ചാൻസലർക്കു കത്തു നൽകിയത്. യുജിസി മാനദണ്ഡപ്രകാരം വിഷയ വിദഗ്ധരുടെ അഭിപ്രായമാണ് സർവകലാശാലകൾ കാര്യമായി പരിഗണിക്കാറുള്ളത്. ചില സർവകലാശാലകളിൽ മറ്റ് അംഗങ്ങൾ മാർക്ക് രേഖപ്പെടുത്താറില്ല. ചിലയിടങ്ങളിൽ മാർക്ക് ഇടാറുണ്ടെങ്കിലും വിഷയവിദഗ്ധരുടെ മാർക്കിനാണു പ്രാധാന്യം. ഇതു മറികടന്ന്, അഞ്ചാം റാങ്ക് നൽകിയ ആൾ ഒന്നാമതെത്തിയതോടെയാണ് അദ്ധ്യാപകർ വൈസ് ചാൻസലർക്കു കത്തു നൽകിയത്.
കത്തിലെ പ്രസക്ത ഭാഗങ്ങൾ: ''കോളജ് / സർവകലാശാലാ തലത്തിലെ അദ്ധ്യാപന പരിചയമോ കാര്യമായ പ്രസിദ്ധീകരണങ്ങളോ ഇല്ലാത്ത ഒരു ഉദ്യോഗാർഥി തന്റെ മുന്നിലുള്ള രണ്ടോ അതിലധികമോ മികച്ച ഉദ്യോഗാർഥികളെ മറികടന്ന് ലിസ്റ്റിൽ ഒന്നാമതായി മാറിയതായും കഴിഞ്ഞ സിൻഡിക്കറ്റിൽ നിയമനം നൽകാൻ തീരുമാനിച്ചതായും അറിഞ്ഞു. സർവകലാശാല നിയമിച്ച വിഷയ വിദഗ്ദ്ധർ എന്ന നിലയ്ക്ക് ഈ തീരുമാനവും നിയമനവും തെറ്റാണെന്നും സർവകലാശാലാ എത്തിക്സിന് എതിരാണെന്നും ഞങ്ങൾ ബോധ്യപ്പെടുത്തട്ടെ. സർവകലാശാലാ അധികാരികൾക്ക് ഇഷ്ടമുള്ളവർക്കു നിയമനം നൽകാനായിരുന്നു എങ്കിൽ യുജിസി ഇക്കാര്യത്തിൽ നിർദ്ദേശിക്കുന്ന വിഷയ വിദഗ്ധരുടെ ആവശ്യം, ബോർഡിൽ എന്താണെന്നു ഞങ്ങൾക്കു മനസ്സിലാകുന്നില്ല.'' അനധികൃത നിയമനം മരവിപ്പിച്ച് ഇന്റർവ്യൂ ബോർഡിന്റെ കൂട്ടായ തീരുമാനം നടപ്പിലാക്കണമെന്നു വൈസ് ചാൻസലറോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്. ഇതോടെയാണ് പ്രതിരോധവുമായി രാജേഷ് എത്തിയത്.
തന്റെ ഭാര്യ ആർ. നിനിതയ്ക്കെതിരെ 3 തലത്തിലുള്ള ഉപജാപം നടന്നു. അയോഗ്യയാക്കി ഇന്റർവ്യൂവിൽ പങ്കെടുപ്പിക്കാതിരിക്കാനാണ് ആദ്യം ശ്രമിച്ചത്. അപേക്ഷ സമർപ്പിച്ച 2019 ൽ പിഎച്ച്ഡി ഉണ്ടായിരുന്നില്ലെന്നും 6 മാസം മുൻപു മാത്രമാണു പിഎച്ച്ഡി ലഭിച്ചതെന്നുമുള്ള പരാതി ശരിയല്ലെന്നു സർവകലാശാലയുടെ പരിശോധനയിൽ കണ്ടെത്തി. പിഎച്ച്ഡിക്കെതിരെ കേസ് ഉണ്ടെന്ന പരാതിയും പൊളിഞ്ഞു. തുടർന്നാണ് ഇന്റർവ്യൂവിൽ പിന്നിലാക്കാൻ ശ്രമം നടന്നത്. അവർ നൽകിയ പരാതിയിൽ തന്നെ പറയുന്നത് തങ്ങൾ കൂടിയാലോചിച്ച് ഒരാൾക്കു മാർക്ക് കൊടുക്കാൻ തീരുമാനിച്ചെന്നാണ്. ഇന്റർവ്യൂവിൽ എങ്ങനെയാണു കൂടിയാലോചിച്ചു മാർക്ക് കൊടുക്കുക ? ഇത്തരം ശ്രമങ്ങൾ വിജയിക്കാതെ വന്നപ്പോഴാണ് ജനുവരി 31നു രാത്രി 3 പേരും ഒപ്പിട്ട കത്ത് മറ്റൊരാൾ വഴി നിനിതയ്ക്കു ലഭ്യമാക്കിയത്. ജോലിയിൽ ചേരാതെ പിന്മാറിയാൽ പ്രശ്നമില്ലെന്നും ഇല്ലെങ്കിൽ മാധ്യമങ്ങൾക്കു കൊടുക്കുമെന്നും പറഞ്ഞു.-ഇതാണ് രാജേഷിന്റെ വാദം.
ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അന്നു രാത്രി തന്നെ നിനിത യൂണിവേഴ്സിറ്റി രജിസ്റ്റ്രാർക്ക് ഇ മെയിലിൽ പരാതി അയച്ചു. മൂന്നിനു ജോലിയിൽ പ്രവേശിച്ചതോടെ പിറ്റേന്ന് ആദ്യ പരസ്യപ്രതികരണം വന്നു. ഇതിനു നേതൃത്വം കൊടുത്തയാളുടെ കൂടെ ജോലി ചെയ്യുന്ന ഒരു ഉദ്യോഗാർഥി ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നു. ജോലിക്ക് അപേക്ഷ കൊടുത്തതു തന്നെ ഇദ്ദേഹം നൽകിയ കോണ്ടക്ട് സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്. മറ്റു 2 പേർ ഇതേ ഉദ്യോഗാർഥിയെ പഠിപ്പിച്ചവരുമാണ്. മറ്റൊരു ഉദ്യോഗാർഥിക്കും ഇവരുമായി ബന്ധമുണ്ടെന്നു രാജേഷ് ആരോപിച്ചു-അതായത് ഈ ജോലിക്കായി നടന്ന ഇന്റർവ്യൂവിൽ ആകെ പ്രശ്നമാണെന്ന് സമ്മതിക്കുകയാണ് രാജേഷ്. അങ്ങനെ എങ്കിൽ ഈ അഭിമുഖം തന്നെ റദ്ദാക്കേണ്ടതല്ലേയെന്ന ചോദ്യമാണ് ഉയരുന്നത്. അതിനിടെ തന്നേയും ഭാര്യയേയും ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന സിപിഎം നേതാവ് ഇക്കാര്യത്തിൽ പൊലീസിൽ പരാതി നൽകാത്തതും വിവാദത്തിന് പുതിയ തലം നൽകുന്നു.
അതിനിടെ നിയമനം വിവാദമായപ്പോൾ അദ്ധ്യാപകർക്കു നേരെ വിഷയം വഴിതിരിച്ചു വിടാനുള്ള ശ്രമമാണു നടക്കുന്നതെന്ന് ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ പ്രതികരിച്ചു. അംഗങ്ങൾ പരസ്പരം ചർച്ച ചെയ്യരുതെന്ന് എവിടെയും പറഞ്ഞിട്ടില്ല. കൂടുതൽ മെച്ചപ്പെട്ട ധാരണയ്ക്കു വേണ്ടിയാണത്. ആരൊക്കെയാണു കൂടിക്കാഴ്ചയ്ക്കു വരുന്നതെന്ന് എങ്ങനെയറിയാനാണ് ? ഉദ്യോഗാർഥിക്കു സർട്ടിഫിക്കറ്റ് നൽകിയെന്നതു ബാലിശമായ ആരോപണമാണെന്നും പറഞ്ഞു. ഒന്നും സർവകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങളല്ലെന്നും അതിനാൽ പ്രതികരിക്കുന്നില്ലെന്നും കാലടി വൈസ് ചാൻസലർ ഡോ.ധർമരാജ് അടാട്ട് പറഞ്ഞു. ഏതായാലും വിവാദം ആളിക്കത്തുകയാണ്. മതവും ജാതിയുമില്ലെന്ന് പരസ്യമായി പറയുന്ന എംപിയുടെ ഭാര്യ സംവരണത്തിന്റെ ആനുകൂല്യം തേടിയതും ചർച്ചകളിലുണ്ട്. മക്കളെ സ്കൂളിൽ ചേർത്തപ്പോൾ ജാതിയും മതവും കോളം ഒഴിച്ചിട്ടത് ചർച്ചയാക്കി നേരത്തെ കൈയടി നേടിയ വ്യക്തിയാണ് പാലക്കാടിന്റെ മുൻ എംപിയായ രാജേഷ്.
ഇന്റർവ്യൂവിന് മുമ്പ് നിനിതയെ അയോഗ്യയാക്കാൻ ശ്രമമുണ്ടായി എന്ന് ആരോപിച്ച രാജേഷ്, പിൻ വാങ്ങാൻ സമ്മർദ്ദം ചെലുത്തിയ കത്ത് പുറത്തുവിടുമെന്നും പറഞ്ഞു. 31 ന് രാത്രി നിനിതയ്ക്ക് മൂന്നാമതൊരാൾവഴി കത്ത് എത്തിച്ചു. എന്തു തീരുമാനിച്ചു എന്ന് ഇടനിലക്കാരനായ ഒരാൾ അന്വേഷിക്കുന്നുവെന്നും രാജേഷ് ആരോപിച്ചു. എന്നെയും എന്റെ സുഹൃത്തിനെയും ഇടനിലക്കാൻ വിളിച്ചു. പരാതി എന്തിനാണ് ഉദ്യോഗാർത്ഥിക്ക് എത്തിച്ചതെന്നും രാജേഷ് ചോദിച്ചു. ആദ്യം ജോലിക്ക് പ്രവേശിക്കാൻ ആലോചിച്ചിരുന്നില്ല, പിന്നീട് ഭീഷണി വന്ന സാഹചര്യത്തിലാണ് ജോയിൻ ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതായത് ഭീഷണിയുണ്ടായെന്നാണ് രാജേഷ് പറയുന്നത്. എന്തുക്കൊണ്ട് ഇക്കാര്യത്തിൽ പൊലീസിൽ പരാതി കൊടുത്തില്ലെന്നതാണ് ഉയരുന്ന ചോദ്യം.
സ്ഥാപിത താൽപര്യമില്ലെന്ന് വിഷയ വിദഗ്ദ്ധർ തെളിയിക്കണം. കൂടിയാലോചന നടത്തിയെന്ന് അംഗങ്ങൾ തന്നെ സമ്മതിച്ചു. ഒരാൾക്ക് മാർക്ക് കൊടുക്കാൻ തീരുമാനിച്ചെന്ന് സമ്മതിച്ചു. വേണ്ടപ്പെട്ട ഒരാൾക്ക് ജോലി കിട്ടാനാണ് ഇടപെടൽ. ഭാഷാവിദഗ്ധരിലെ ഒരാളാണ് കൂടിയാലോചനക്ക് നേതൃത്വം കൊടുത്തതെന്നും രാജേഷ് ആരോപിച്ചു. ആറു പേരടങ്ങുന്ന സമിതിയാണ് ഇന്റർവ്യൂ നടത്തിയത്. ഇതിൽ മൂന്ന് ഭാഷാ വിദഗ്ദ്ധർ. ബാക്കിയുള്ളവർ സർവ്വകലാശാല പ്രതിനിധികളും. ഇത്തരം അഭിമുഖങ്ങളിൽ ഭാഷാ വിദഗ്ദ്ധർക്ക് പ്രാധാന്യം കൂടുതലാണ്. ഭാഷാ വിദഗ്ദ്ധർ മൂന്ന് പേരും ഒരു പോലെ കുറവ് മാർക്കിട്ട വ്യക്തി അഭിമുഖത്തിൽ ഒന്നാമത് എത്തിയെന്നതാണ് വസ്തുത. അങ്ങനെ എങ്കിൽ എന്തിനാണ് ഭാഷാ വിദഗ്ധരെ അഭിമുഖ പാനലിൽ ഉൾപ്പെടുത്തുന്നതെന്ന ചോദ്യവും പ്രസക്തമാണ്.
ഭാഷാ വിദഗ്ദ്ധർ ചുമ്മാ കയറി വന്നതല്ല. സർവ്വകലാശാലയാണ് ഇവരെ നിശ്ചയിച്ചത്. അങ്ങനെ ഇരിക്കെ ഇവർക്കെതിരെ ആരോപണങ്ങൾ എങ്ങനെ നിലനിൽക്കുമെന്ന ചോദ്യവും ചർച്ചകളിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ