- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ജോലി നേടുക എന്നതായിരുന്നു ലക്ഷ്യമെങ്കിൽ നെറ്റ് കിട്ടി പത്ത് വർഷം വരെ കാത്തിരിക്കേണ്ടതില്ലല്ലോ; എം ബി രാജേഷിനോടുള്ള വിരോധം തീർക്കാൻ തന്നെ ഇരയാക്കുകയാണെന്നും നിനിത കണിച്ചേരി; നടക്കുന്നത് അപകീർത്തിപ്പെടുത്താനുള്ള പ്രചരണമെന്നും ആരോപണം
പാലക്കാട്: രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ജോലി നേടുകയായിരുന്നു ലക്ഷ്യമെങ്കിൽ പത്ത് വർഷം വരെ കാത്തിരിക്കേണ്ടി വരില്ലായിരുന്നെന്ന് നിനിത കണിച്ചേരി. കാലടി സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറായി തനിക്ക് ജോലി ലഭിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യയായ നിനിത. തനിക്ക് അർഹതയുണ്ടായതിനാൽ തന്നെയാണ് ജോലി ലഭിച്ചതെന്ന നിലപാടിലാണ് നിനിത. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലായിരുന്നു നിനിത കണിച്ചേരി തന്റെ നിലപാട് വ്യക്തമാക്കിയത്.
'11 വർഷമായി എനിക്ക് നെറ്റ് കിട്ടിയിട്ട്. മുമ്പ് പരീക്ഷ എഴുതി കിട്ടാത്ത ഒരു ഉദ്യോഗാർത്ഥിക്ക് പി.എച്ച്.ഡി നേടി സെമിനാറുകൾ അവതരിപ്പിച്ച ശേഷം യോഗ്യത കിട്ടില്ലെന്നുണ്ടോ? രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ജോലി നേടുക എന്നതായിരുന്നു ലക്ഷ്യമെങ്കിൽ നെറ്റ് കിട്ടി പത്ത് വർഷം വരെ കാത്തിരിക്കേണ്ടതില്ലല്ലോ,' നിനിത കണിച്ചേരി പറഞ്ഞു. ആറോ ഏഴോ എയ്ഡഡ് സ്ഥാപനങ്ങളിൽ ഞാൻ ഇതുപോലെ ഇന്റർവ്യൂവിന് പോയിട്ടുണ്ട്. അന്നും ഇന്നും ആരെയും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും നിനിത പറഞ്ഞു.
എം. ബി രാജേഷിനെ തകർക്കാൻ താൻ ഒന്നിനും കൊള്ളാത്തയാൾ എന്ന രീതിയിൽ വിവാദമുണ്ടാക്കുന്നതിൽ ദുഃഖമുണ്ട്. രാജേഷിന്റെ പേര് കൊണ്ട് ഞാൻ ഒന്നും നേടിയെടുത്തിട്ടില്ല. രാജേഷിനോടുള്ള വിരോധം തീർക്കാൻ തന്നെ ഇരയാക്കുകയാണെന്നും നിനിത പറഞ്ഞു. സ്‌കൂൾ അദ്ധ്യാപികയായ തനിക്ക് യൂണിവേഴ്‌സിറ്റിയിൽ ജോലി കിട്ടി എന്ന തരത്തിൽ സ്‌കൂൾ അദ്ധ്യാപനത്തെ അപകീർത്തിപ്പെടുത്താനുള്ള പ്രചരണമാണ് നടക്കുന്നതെന്നും നിനിത പറഞ്ഞു.
‘വെറും ഒരു സ്‌കൂൾ അദ്ധ്യാപികയായ എനിക്ക് ജോലി കിട്ടി എന്ന തരത്തിൽ സ്‌കൂൾ അദ്ധ്യാപനത്തെ വരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചരണമാണ് നടക്കുന്നത്. സ്‌കൂൾ അദ്ധ്യാപകരിൽ പലരും നെറ്റും പി.എച്ച്ഡിയും ജെ.ആർ.എഫും ഉള്ളവരാണ്. ഞാൻ പി.എസ്.സി പരീക്ഷയെഴുതി തന്നെയാണ് സർക്കാർ സ്‌കൂളിൽ അദ്ധ്യാപികയായി ജോലിക്ക് പ്രവേശിച്ചത്. അതുകൊണ്ടാണ് ഗസ്റ്റ് ലക്ചററായി ഞാൻ ജോലിക്കു പോവാതിരുന്നത്. എനിക്ക് പി.എസ്.സി പരീക്ഷയെഴുതി കിട്ടിയില്ലെങ്കിൽ സ്വാഭാവികമായി ഞാനും ഗസ്റ്റ് ലക്ചററായി ജോലിക്കു പോയിക്കാണും. ഇതെല്ലാം മറച്ചുവെച്ച്, രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ആരോപണങ്ങളാണ് നടക്കുന്നത്,' നിനിത പറഞ്ഞു.
തനിക്ക് നെറ്റുണ്ട്. പി.എച്ച്.ഡിയുമുണ്ട്. നെറ്റിന് പത്ത് മാർക്കുണ്ട്. പി.എച്ച്.ഡിക്ക് 30 മാർക്കുമുണ്ട്. ആറ് സെമിനാറുകൾ ഞാൻ അവതരിപ്പിച്ചിട്ടുമുണ്ട്. വെയിറ്റേജ് മാർക്ക് കിട്ടാൻ അഞ്ചു സെമിനാർ അവതരിപ്പിച്ചാൽ മതി. ഈ മാർക്കെല്ലാം പരിഗണിച്ചാണ് 60 മാർക്ക് കട്ട് ഓഫിനുള്ളിലേക്ക് ഞാൻ വന്നതെന്നും നിനിത പറഞ്ഞു. രണ്ടാം റാങ്കുകാരിക്ക് സ്വഭാവ സർട്ടിഫിക്കറ്റ് ഒപ്പിട്ടു കൊടുക്കുന്നത് എനിക്കെതിരേ ആരോപണമുന്നയിച്ച അതേ ഇന്റർവ്യൂ ബോർഡ് അംഗമാണെന്ന ആരോപണവും നിനിത ഉന്നയിച്ചു.
ഇന്റർവ്യൂവിന് പോയി അവിചാരിതമായി വിദ്യാർത്ഥിയോ സഹപ്രവർത്തകയോ വന്നിരിക്കും പോലെയാണോ ഇത്. ഇത്രയേറെ ധാർമികത പറയുന്നവർ ഇന്റർവ്യൂ ബോർഡിൽ നിന്ന് മാറിനിൽക്കേണ്ടതല്ലേ എന്നും നിനിത ചോദിക്കുന്നു. രണ്ടാം റാങ്കുകാരിയുടെ അദ്ധ്യാപകനും ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്നുവെന്നും നിനിത പറഞ്ഞു. ഇന്റർവ്യൂ ബോർഡിൽ വ്യക്തിപരമായി ആരെയും പരിചയമില്ലാത്ത ഒരാൾ താനാണ് എന്നും നിനിത പറഞ്ഞു.
ഉയർന്ന അക്കാദമിക യോഗ്യതയും പ്രസിദ്ധീകരണങ്ങളും ഉള്ള ഉദ്യോഗാർഥിയെ തഴഞ്ഞാണ് എ.ബി.രാജേഷിന്റെ ഭാര്യയ്ക്ക് മുസ്ലിം സംവരണ കോട്ടയിൽ ഒന്നാം റാങ്ക് നൽകിയതെന്നാണ് ആരോപണം. സ്വപ്നത്തിൽ പോലും നിനയ്ക്കാത്ത മട്ടിൽ റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്ത അനുഭവമാണ് സംസ്‌കൃത സർവകലാശാലയിൽ ഉണ്ടായതെന്ന് സെലക്ഷൻ കമ്മറ്റി അംഗം ഉമർ തറമേൽ പറഞ്ഞു.
നിയമനം നടന്ന രീതിയോടുള്ള കടുത്ത എതിർപ്പും വിമർശനവും മറ്റു വിദഗ്ധസമിതി അംഗങ്ങൾക്കൊപ്പം സർവകലാശാലയെ അറിയിച്ചുവെന്നും ഇനി സബ്ജക്ട് എക്‌സ്‌പെർട്ട് പണിക്കില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. സമൂഹമാധ്യമത്തിൽ കുറിച്ച കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നും ഉമർ തറമേൽ പറഞ്ഞു. അതേസമയം, നിയമപ്രകാരമാണ് നിയമനമെന്ന് വൈസ് ചാൻസലർ അറിയിച്ചു.
കേരളത്തിൽ നിയമനത്തിന് 'കമൽ മാനദണ്ഡമാണ്' പാലിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. എന്നാൽ, യോഗ്യതയനുസരിച്ചാണ് നിയമം നടത്തുന്നതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വിജയരാഘവന്റെ മറുപടി. എം.ബി.രാജേഷിന്റെ ഭാര്യയെ അസിസ്റ്റന്റ് പ്രഫസറായി നിയമച്ചതിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ഫോറം ഗവർണർക്ക് പരാതി നൽകി.
വിവാദങ്ങളെതുടർന്ന് എ.എൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഷഹന ഷംസീറിന് കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നൽകുന്നത് തടഞ്ഞതിന് തൊട്ടുപിന്നാലെയായായിരുന്നു രാജേഷിന്റെ ഭാര്യയ്ക്ക് മലയാള വിഭാഗത്തിൽ നിയമനം നൽകിയത്. ഉയർന്ന അക്കാദമിക മികവും നിരവധി അംഗീകൃത ഗവേഷണ പ്രബന്ധങ്ങളും അധ്യായന പരിചയവുമുള്ള ഉദ്യോഗാർത്ഥികളെ ഒഴിവാക്കിയാണ് രാജേഷിന്റെ ഭാര്യയ്ക്ക് മുസ്ലിം സംവരണ കോട്ടയിൽ ഒന്നാം റാങ്ക് നൽകിയതെന്നാണ് വിമർശനം ഉയർന്നത്.
ഗവ: കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേയ്ക്ക് എഴുത്തുപരീക്ഷയും ഇന്റർവ്യൂവും കഴിഞ്ഞ് പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ 212-ാം റാങ്ക് ലഭിച്ച രാജേഷിന്റെ ഭാര്യക്ക്, പി.എസ്.സിയുടെ അതേ റാങ്ക് പട്ടികയിൽ ഉയർന്ന റാങ്ക് നേടിയ ഉദ്യോഗാർഥികളെ മറികടന്നാണ് ഒന്നാം റാങ്ക് നൽകിയത്. ഇതിന് പിന്നിൽ ആശ്രിത നിമയനം എന്ന വാദം സജീവമായിരുന്നു. എന്നാൽ യോഗ്യതയുള്ളതുകൊണ്ടാണ് നിയമനം എന്ന് ന്യായികരിച്ച് സിപിഎം നേതാക്കൾ രംഗത്തെത്തി.
സർവകലാശാലകളിൽ സിപിഎം അനുഭാവികളെയും ബന്ധുക്കളെയും നിയമിക്കുന്നുവെന്ന ആക്ഷേപം വ്യാപകമാണ്. രാജേഷിന്റെ ഭാര്യ നിനിതയ്ക്ക് നിയമനം നൽകിയതിന് സമാനമായാണ് കെ.കെ. രാഗേഷ് എംപിയുടെ ഭാര്യ പ്രിയ വർഗീസിനെ സ്റ്റുഡന്റ്സ് ഡീനായി കണ്ണൂർ സർവകലാശാലയിലും, പി. രാജീവ് എക്സ് എംപി യുടെ ഭാര്യ വാണി കേസരിയെ അസിസ്റ്റന്റ് പ്രൊഫസറായി കൊച്ചിയിലും എക്സ് എംപി പി.കെ ബിജുവിന്റെ ഭാര്യ വിജി വിജയനെ അസിസ്റ്റന്റ് പ്രൊഫസറായി കേരളയിലും നിയമിച്ചതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചിരുന്നു.
കാലിക്കറ്റ് സർവകലാശാലയിലെ സീനിയർ പ്രൊഫസർമാരുൾപ്പെട്ട ഇന്റർവ്യൂ ബോർഡ് യോഗ്യതകളുടെ അടിസ്ഥാനത്തിൽ മറ്റൊരു ഉദ്യോഗാർർഥിനിക്കായിരുന്നു ഒന്നാം റാങ്ക് ശുപാർശ ചെയ്തതെന്നും എന്നാൽ ബാഹ്യസമ്മർദത്തിന്റെ പേരിൽ അവരെ രണ്ടാം സ്ഥാനത്തേക്ക് തഴഞ്ഞാണ് എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നൽകിയതെന്നും ഈ നിയമന തിരിമറിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാറും സെക്രട്ടറി എം.ഷാജിർഖാനും ഗവർണർക്ക് നിവേദനം നൽകിയിരുന്നു.
സംസ്‌കൃത സർവ്വകലാശാലാ മലയാള വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (മുസ്ലിം സംവരണം) തസ്തികയിലേക്ക് ജനുവരി 21നാണ് ഇന്റർവ്യു നടന്നത്. 2019 ഓഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ നിന്നാണ് യോഗ്യതയുള്ള ആളെ കണ്ടെത്തിയത്. ഒന്നാം റാങ്ക് കിട്ടിയത് നിനിത ആറിനായിരുന്നു. രണ്ടാം റാങ്ക് ഹസീന കെ പി എയ്ക്കും മൂന്നാം റാങ്ക് ഹിക്മത്തുള്ള വിക്കുമാണ്. ഈ റാങ്ക് പട്ടിക അട്ടിമറിച്ചാണ് എം.ബി.രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നൽകിയതെന്നാണ് ആരോപണം.
മറുനാടന് മലയാളി ബ്യൂറോ