- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തടവുകാരുടെ സിവിൽ ഡ്രസുകളും വിലപിടിപ്പുള്ള സാധനങ്ങളും സൂക്ഷിക്കണം; വിചാരണ തടവുകാരുടെ ക്ഷേമവും പരാതികളും അന്വേഷിക്കുന്ന നല്ല നടപ്പ് ജോലി; കണ്ണു രോഗ ചികിൽസയ്ക്ക് വേണ്ടി നിനോ മാത്യുവിന്റെ കാമുകി പരോളിൽ പുറത്തും; ടെക്നോ പാർക്കിലെ പഴയ ജീവനക്കാരൻ ജയിലിൽ നല്ല പുള്ളിയാകുമ്പോൾ
തിരുവനന്തപുരം: പ്രമാദമായ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യുവിന് സെന്ററൽ ജയിലിൽ നല്ല നടപ്പ്. ജയിലിൽ എത്തുന്ന തടവുകാരുടെ സിവിൽ ഡ്രസുകളും മറ്റും സൂക്ഷിക്കാൻ ചുമതലപ്പെട്ട സ്റ്റോറിൽ സ്റ്റോർ കീപ്പറുടെ അസിസ്റ്റന്റായാണ് നിനോ മാത്യു ജോലി നോക്കുന്നത്. തടവുകാരുടെ സിവിൽ ഡ്രസിന് പുറമെ മൊബൈൽ, മററ് വിലപിടിപ്പുള്ള സാധനങ്ങൾ എല്ലാം ലോക്കറിൽ സൂക്ഷിക്കുന്നതും നിനോ മാത്യു തന്നെ. ഇയാളുടെ മേൽ നോട്ടത്തിനായി ഒരു ജയിൽ വാർഡനും ഉണ്ട്്.
കൂടാതെ മുഴുവൻ തടവുകാരുടെയും മേസ്തിരി ആയും തെരെഞ്ഞടുത്തിരിക്കുന്നത് നിനോ മാത്യുവിനെയാണ്. ജയിലിലുള്ള 1200ലധികം തടവുകാരിൽ 700ഓളം പേർ വിചാരണ തടവുകാരാണ്. ഇവരുടെ പരാതികൾ, ക്ഷേമം. ഉൾപ്പെടയുള്ള കാര്യങ്ങൾ മേസ്തിരി എന്ന നിലയിൽ ജയിൽ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള ചുമതല നിനോ മാത്യുവിനാണ്. ജയിൽ നിയമങ്ങളുമായി ഇണങ്ങി വാർഡന്മാർ പറയുന്നത് അനുസരിച്ച് പോകുന്ന നല്ല കുട്ടിയുടെ റോളാണ് നിനോ മാത്യുവിന് ജയിലിലുള്ളത്.
നിനോയ്ക്ക് ഒപ്പം ശിക്ഷിക്കപ്പെട്ട ഇയാളുടെ കാമുകി അനുശാന്തി ഇപ്പോൾ പരോളിൽ പുറത്താണ്. മയോപ്യ എന്ന ഗുരുതര രോഗം ബാധിച്ച് ഒരു കണ്ണിന്റെ കാഴ്ച ശക്തി ന്ഷ്ടപ്പെട്ടതിനാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചാണ് അനുശാന്തി പരോൾ നീട്ടി വാങ്ങിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് അനുശാന്തി ചികിത്സയ്ക്കായി പുറത്തിറങ്ങിയത്. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് അനുശാന്തിക്ക് സുപ്രീം കോടതി പരോൾ അനുവദിച്ചത്. മൂന്നര വയസ്സുള്ള സ്വന്തം മകളെയും, ഭർതൃമാതാവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തിയെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോൺസൽ സി കെ ശശി വാദിച്ചു.
ഗുരുതരമായ ക്രൂരകൃത്യമാണ് നടത്തിയത്. ജയിലിൽ ചികത്സ നൽകുന്നുണ്ട്. അതിനാൽ പരോൾ അനുവദിക്കരുത് എന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ കഴിഞ്ഞ എട്ട് വർഷമായി അനുശാന്തിക്ക് പരോൾ ലഭിക്കുന്നില്ല എന്ന് അഭിഭാഷകൻ വി കെ ബിജു സുപ്രീംകോടതിയിൽ വ്യക്താക്കി. ഒരു കണ്ണിന്റെ കാഴ്ച്ച പൂർണമായും നഷ്ടപ്പെട്ടു. ഇനിയും വൈകിയാൽ രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയും നഷ്ടമാകും. പരോൾ അനുവദിച്ച് നാട്ടിലെത്തിയാൽ ക്രമസമാധാന വിഷയങ്ങൾ ഉണ്ടാകും എന്ന സർക്കാർ വാദം തെറ്റാണെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. വിവരാവകാശ രേഖകളിലൂടെ സർക്കാർ വാദങ്ങൾ പൊളിക്കുകയായിരുന്നു അഡ്വ ബിജു ചെയ്തത്.
ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം
2014 ഏപ്രിലിലാണ് കുപ്രസിദ്ധമായ ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം നടക്കുന്നത്. നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭർത്താവിന്റെ അമ്മ ഓമനയേയും കാമുകനൊപ്പം ചേർന്ന് അനുശാന്തി കൊലപ്പെടുത്തിയെന്നതാണ് കേസ്. ടെക്നോപാർക്കിലെ സഹപ്രവർത്തകനും കാമുകനുമായ നിനോ മാത്യുവും അനുശാന്തിയും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷ് കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ലിജീഷിന്റെ സുഹൃത്താണെന്ന് പറഞ്ഞ് വീട്ടിലെത്തിയ നിനോ മാത്യു ഓമനയെക്കൊണ്ട് മകനെ വീട്ടിലേക്കു വിളിച്ചു വരുത്തിച്ചു. ഓമന ഫോണിൽ സംസാരിച്ചു കഴിഞ്ഞയുടൻ കയ്യിൽ കരുതിയ വടികൊണ്ട് അവരെ അടിച്ചു വീഴ്ത്തി. ഓമനയുടെ കൈയിൽ നിന്നു താഴെ വീണ കുഞ്ഞ് സ്വാസ്തികയെയും നിനോ മാത്യു അടിച്ചു കൊലപ്പെടുത്തി. കവർച്ചയ്ക്ക് വേണ്ടിയുള്ള കൊലപാതകമാണെന്ന് വരുത്താൻ ഓമനയുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ എടുത്തുമാറ്റി.
അമ്മ വിളിച്ചതനുസരിച്ച് എത്തിയ ലിജീഷ് വീട്ടിനകത്തേക്ക് കയറിപ്പോൾ നിനോ കണ്ണിൽ മുളകുപൊടിയെറിഞ്ഞു, അതിന് ശേഷം തലയ്ക്ക് വെട്ടി. തലയിലും കാതിലും വെട്ടേറ്റ ലിജീഷ് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ നിനോ മാത്യു സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. കൃത്യം നടത്തിയത് നിനോ മാത്യുവാണെന്നും അനുശാന്തി സഹായിച്ചെന്നും കണ്ടെത്തി.
കൊലപാതകത്തിനായുള്ള ഗൂഢാലോചന
2014 ജനുവരിയിൽ തന്നെ വീടിന്റെ ചിത്രങ്ങളെല്ലാം അനുശാന്തി ലിജീഷിന് അയച്ചുകൊടുത്തിരുന്നു. കൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെടേണ്ട വഴിയടക്കം ഇത്തരത്തിൽ ഫോണിലൂടെ അയച്ചുകൊടുത്തിരുന്നു. ഡിജിറ്റിൽ തെളിവുകൾ നിർണ്ണായകമായ കേസിൽ 2016 ഏപ്രിലിലാണ് വിധി വന്നത്. നിനോ മാത്യുവിന് വധ ശിക്ഷ വിധിച്ചു. അട്ടകുളങ്ങര വനിതാ ജയിലിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികെയാണ് അനുശാന്തിക്ക് പരോൾ കിട്ടുന്നത്. അറേബ്യയിലെ എല്ലാ സുഗന്ധലേപനങ്ങൾ കൊണ്ടു കൈ കഴുകിയാലും ഈ കൊടുംക്രൂരതയുടെ പാപം കഴുകിക്കളയാൻ ആവില്ലെന്ന ഷേക്സ്പിയറുടെ വരികൾ ഉദ്ധരിച്ചാണു കോടതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം വിധിച്ചത്.
എന്തിനും ഏതിനും ഒരു പ്രൊജക്ടും അതിന് കൃത്യമായ ആസൂത്രണവും ഉണ്ടാകും എന്നതാണ് ടെക്നോപാർക്കിലെ ജോലിയുടെ സവിശേഷത. ഈ പ്രൊജക്ടിന് അനുസരിച്ച് ഓരോരുത്തരും അവരുടെ ജോലികൾ ചെയ്തു തീർക്കണം. ഇങ്ങനെ മികച്ച പ്രൊജക്ടുകൾ കൃത്യസമയത്ത് തീർപ്പാക്കി എല്ലാവരുടെയും കൈയടി നേടിയ വ്യക്തിത്വമാണ് ആറ്റിങ്ങൽ ഇരട്ട കൊലപാതകത്തിലെ മുഖ്യപ്രതി നിനോ മാത്യു. സ്വന്തം കുഞ്ഞിനെയും ഭർത്താവിനെയും കൊലപ്പെടുത്താൻ അനുശാന്തി കാമുകനായ നിനോ മാത്യുവും ചേർന്ന് ഇത്തരത്തിൽ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. ഹൈടെക്കായി തന്നെയായിരുന്നു കൊലപാതകം ഇവർ ആസൂത്രണം ചെയ്തതും. വാട്സ് ആപ്പും സ്മാർട്ട് ഫോണും ഉപയോഗിച്ചായിരുന്നു അരുംകൊല പ്ലാൻ ചെയ്യാൻ ഇവർ ഉപയോഗിച്ചു.
ആദ്യാവസാനം ഒരു ക്രൈം ത്രില്ലറുപോലെയായിരുന്നു അരും കൊലയുടെ ആസൂത്രണം. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച സമയം മുതൽ ഒരോ നിമിഷവും കൊലപാതകം കൗണ്ട് ഡൗൺ ചെയ്യപ്പെടുകയായിരുന്നു. ഭർത്താവിനെയും മകളെയും ഇല്ലാതാക്കി സുഖജീവിതത്തെപ്പറ്റിയുള്ള സ്വപ്നങ്ങളിൽ അവർ എല്ലാം മറന്നു. ഓമനയുടെയും സ്വാസ്തികയെയും തലതല്ലിപിളർന്നും ഗളച്ഛേദം നടത്തിയും ക്രൂരമായി കൊലപ്പെടുത്തും വരെ ഒരു ചുവടുപോലും പിഴയ്ക്കാത്ത ആസൂത്രണമായിരുന്നു ഇവരുടേത്.
ഒരോ ദിവസവും അസംഖ്യമായ വാട്ട്സ് ആപ് സന്ദേശങ്ങൾ, എസ്.എം.എസുകൾ, ഫോൺ കോളുകൾ, അനുശാന്തിയും നിനോ മാത്യുവും തമ്മിലുള്ള വഴിവിട്ട ജീവിതത്തിന്റെ നേർക്കാഴ്ചകളായ 300 ലധികം വീഡിയോ ക്ലിപ്പിംഗുകൾ. കൊലപാതകത്തിലേക്ക് വെളിച്ചം വീശുന്ന നിർണായക തെളിവുകളായി കോടതിമുറിയിൽ അവ വിചാരണ ചെയ്യപ്പെട്ടു. കൊലപാതകത്തിൽ പിടിക്കപ്പെടുംവരെ ടെക്നോ പാർക്കിലെ കമ്പനിയിൽ നിന്ന് വീട്ടിലെത്തിയാൽ അനുശാന്തിയുടെ ഓരോ ചലനങ്ങളും സെക്കന്റ് ബൈ സെക്കന്റായി നിനോ മാത്യൂ അപ്പപ്പോൾ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വാട്ട്സ് ആപ് ചാറ്റിലെ സന്ദേശങ്ങൾ. നേരും പുലരും മുതൽ ഉറങ്ങുംവരെ ഓരോ നിമിഷവും ഫോണിലൂടെ പരസ്പരം അറിഞ്ഞ അവർ അതോടൊപ്പം നിമിഷങ്ങൾ എണ്ണി കൊലപാതകത്തിന്റെ സ്കെച്ചും പ്ലാനും അണിയറയിലൊരുക്കി. ഒടുവിൽ കൊലപാതകം നടപ്പിലാക്കിയപ്പോൾ പൊലീസിനെ സഹായകമായതും ഈ ഡിജിറ്റൽ തെളിവുകളാണ്.
കോടതിയിൽ നടന്ന വിചാരണ
ആറ്റിങ്ങൽ ഡിവൈ.എസ്പിയായിരുന്ന പ്രതാപൻനായരുടെ നേതൃത്വത്തിൽസിഐ അനിൽകുമാർ നടത്തിയ അന്വേഷണമാണ് പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ കേസിലെ സ്പെഷ്യൽ പബൽക്ക് പ്രോസിക്യൂട്ടർ വിനീത് കുമാറിനെ സഹായിച്ചത്. കൊലപാതകം നടന്ന് രണ്ടുവർഷത്തിനുള്ളിൽ അഞ്ചുമാസം നീണ്ട വിചാരണ നടപടികൾ പൂർത്തിയാക്കിയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി.ഷെർസി പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മരണത്തിന്റെ വായിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പ്രധാന സാക്ഷി കെ.എസ്.ഇ.ബി അസി. എൻജിനീയറായ ലിജേഷുൾപ്പെടെയുള്ളവരുടെ മൊഴിയും ശാസ്ത്രീയ തെളിവുകളും സാഹചര്യങ്ങളുമാണ് കേസിൽ നിർണായകമായത്.
അന്വേഷണ ഉദ്യാഗസ്ഥരുൾപ്പെടെ 49 സാക്ഷികൾ, 41 തൊണ്ടിമുതലുകൾ, 85 രേഖകൾ എന്നിവയ്ക്കൊപ്പം വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകളും കേസിൽ തെളിവായി. നിനോമാത്യുവിന്റെയും അനുശാന്തിയുടെയും മൊബൈൽ ഫോണുകളിൽ നിന്ന് കണ്ടെത്തിയ എസ്.എംഎസുകളും വാട്ട് സ് ആപ്ചാറ്റുകളും ഫോറൻസിക് അസിസ്റ്റന്റ് ഡയറക്ടർ ഷാജിയുടെ സഹായത്തോടെ തിരിച്ചറിഞ്ഞ ലാപ് ടോപ്പിലെ 300 ലധികം വീഡിയോ ക്ലിപ്പിംഗുകളും കേസിൽ നിർണായകമായി. കൊലപാതകത്തിന്റെ വഴികൾ ഒന്നൊന്നായി വ്യക്തമാക്കുന്ന സംസാരിക്കുന്ന തെളിവുകളാണ് പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായിതെളിയിക്കാൻ പ്രോസിക്യൂഷന് സഹായകമായത്.
അനുശാന്തി - നിനോ ബന്ധം വീട്ടിലറിഞ്ഞതും പകയ്ക്ക് കാരണമായി
വർഷങ്ങൾക്ക് മുമ്പ് ചങ്ങനാശേരിയിൽ നിന്നും കുളത്തൂർ ഭാഗത്തെത്തി ഏക്കറുക്കണക്കിന് ഭൂമി വാങ്ങി താമസമാക്കിയ കുടുംബമാണ് തിരുവനന്തപുരം ടെക്നോപാർക്കിലെ ഫിഞ്ചർ എന്ന കമ്പനിയിലെ പ്രോജക്ട് മാനേജരായ നിനോ മാത്യുവിന്റേത്. അനുശാന്തി അതേ കമ്പനിയിലെ ടീം ലീഡറും. ഡയമണ്ട്സ് എന്ന കമ്പനിയിൽജോലി ചെയ്യുമ്പോഴാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്. നിനോ മാത്യുവിന്റെ ഭാര്യ ഇതേചൊല്ലി പിണങ്ങി. മൂഴിയാർ കെ.എസ്.ഇ.ബി യിലെ അസിസ്റ്റന്റ് എൻജിനീയറായ അനുശാന്തിയുടെ ഭർത്താവ് ലിജേഷ് അവധി നാളുകളിലാണ് വീട്ടിലെത്തുക.
ഇത് നിനോ മാത്യുവും അനുശാന്തിയും തമ്മിൽ വീട്ടിൽ രഹസ്യസമാഗമത്തിന് വഴിയൊരുക്കുകയും ചെയ്തു അങ്ങനെ ഒരുനാൾ അനുശാന്തിയുടെ മൊബൈൽ ഫോണിൽ ലിജേഷ് കണ്ട എസ്. എം.എസാണ് നിനോയുമായുള്ള പ്രണയം വെളിച്ചത്താക്കിയത്.ഇതേച്ചൊല്ലി ലിജേഷും അനുശാന്തിയും തമ്മിൽ വഴക്കായി. നിനോ മാത്യുവിനോപ്പം ജീവിക്കണമെങ്കിൽ പോകാൻ ലിജേഷ് പറഞ്ഞു.അതിന് ലിജേഷ് ജീവിച്ചിരിക്കുന്നത് പന്തിയായി അനുശാന്തിക്ക് തോന്നിയില്ല. ലിജേഷിനെ ഒഴിവാക്കി ജീവിക്കാമെന്നായി അവളുടെ പ്ലാൻ.
2013 ഡിസംബറിൽ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച ഇവർ പ്രോജക്ടെന്ന വ്യാജേന നടത്തിയ കൗണ്ട് ഡൗണാണ് രണ്ട് ജീവനുകളെടുത്ത ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്.മാസങ്ങളുടെ ആസൂത്രണം കൊലപാതകത്തിന് ഉണ്ടായിരുന്നതായാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്