ബെംഗളൂരു: കേരളത്തിൽ നിപ്പ ബാധിച്ച ഒരു കുട്ടിയുടെ മരണശേഷം ഇതുവരെ പരിശോധിച്ച സാംപിളുകൾ എല്ലാം നെഗറ്റീവായതോടെ ആശങ്കകൾ ഒഴിഞ്ഞെങ്കിലും ജാഗ്രത തുടരാൻ നിർദേശവുമായി കർണാടക. സ്വയം സംരക്ഷിക്കാമെന്നതിനെപ്പറ്റി വിശദമായ മാർഗനിർദേശങ്ങൾ കർണാടക പ്രസിദ്ധീകരിച്ചു.

കേരളത്തിൽനിന്ന് എത്തുന്നവരെ നിരീക്ഷിക്കും. എല്ലാ അതിർത്തി ജില്ലകളിലും വിപുലമായ നിരീക്ഷണ നടപടികൾ സ്വീകരിച്ചെന്നും കർണാടക ആരോഗ്യ കമ്മിഷണർ ഡോ. കെ.വി.ത്രിലോക് ചന്ദ്ര വാർത്താ ഏജൻസി എഎൻഐയോട് പറഞ്ഞു .

കേരളത്തിൽ നിപ്പ വൈറസ് ബാധയും മരണവും സ്ഥിരീകരിച്ച സാഹചര്യത്തിലാണു കർണാടക സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയത്. പനി, ക്ഷീണം, തലവേദന, ശ്വാസതടസ്സം, ചുമ, ഛർദ്ദി, പേശി വേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായി കേരളത്തിൽനിന്നു വരുന്നവരെ നിരീക്ഷിക്കണമെന്നു ജില്ലാ ഭരണകൂടങ്ങളോടു സർക്കാർ നിർദേശിച്ചു.

തമിഴ്‌നാട് മധുരയിലെ ഗവ. രാജാജി ആശുപത്രിയിൽ നിപ്പ രോഗികളെ ചികിത്സിക്കാനായി പ്രത്യേക വാർഡ് സജ്ജീകരിച്ചെന്നു മെഡിസിൻ വിഭാഗം മേധാവി ഡോ. നടരാജൻ പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് നിപ്പ വൈറസ് ബാധയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേരളത്തിൽ നിപ്പ ബാധിച്ച ഒരു കുട്ടിയുടെ മരണശേഷം ഇതുവരെ പരിശോധിച്ച സാംപിളുകൾ എല്ലാം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. കൂടുതൽ സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.