കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട്ട് പന്ത്രണ്ടുകാരൻ മരിച്ചതിനുപിന്നാലെ രോഗലക്ഷണം സ്ഥിരീകരിച്ചത് രണ്ടു ആരോഗ്യപ്രവർത്തകർക്ക്. ഇരുവരും മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയവരാണ്. സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കൽ കോളേജിലേയും ഓരോ ആരോഗ്യ പ്രവർത്തകർക്കാണ് ലക്ഷണങ്ങളുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ മരിച്ച 12 വയസ്സുകാരന്റെ കുടുംബത്തിലെയും പ്രദേശത്തെയും മറ്റു മരണങ്ങൾ അടക്കം ആരോഗ്യവകുപ്പ് പരിശോധിക്കും. മരിച്ച കുട്ടിക്കു മുൻപ് മറ്റാരെങ്കിലും വൈറസ് ബാധിതരായിട്ടുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്. ഇതടക്കമുള്ള കാര്യങ്ങൾക്കായി 16 കോർ കമ്മിറ്റികൾ രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

ചികിൽസയ്ക്കാവശ്യമായ മരുന്നുകൾ സ്റ്റോക്കുണ്ട്. ഏഴു ദിവസത്തിനുള്ളിൽ ഓസ്‌ട്രേലിയയിൽനിന്നു കൂടുതൽ മരുന്ന് എത്തിക്കുമെന്ന് ഐസിഎംആർ ഉറപ്പു നൽകിയിട്ടുണ്ട്. നിരീക്ഷണ പട്ടികയിൽ ഉള്ളവരുടെ സ്രവസാംപിൾ പരിശോധന വേഗത്തിൽ പൂർത്തിയാക്കാനായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രാഥമിക പരിശോധന കേന്ദ്രം ഒരുക്കുന്നുണ്ട്.

കുട്ടിയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട 188 പേരിൽ 136 പേർ ആരോഗ്യ പ്രവർത്തകരാണ്. 100 പേർ മെഡിക്കൽ കോളജിലും 36 പേർ അവസാനം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലും ഉള്ളവരാണ്. കുട്ടിയുടെ വീട് ഉൾപ്പെടുന്ന സ്ഥലം മുതലുള്ള മൂന്നു കിലോമീറ്റർ ചുറ്റളവിൽ കണ്ടെയിന്മെന്റ് സോൺ പ്രഖ്യാപിച്ചു. നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടിക്ക് പനി വന്നപ്പോൾ ആദ്യം പോയ സ്വകാര്യ ക്ലിനിക്കിൽ ഒമ്പത് പേരുമായി സമ്പർക്കമുണ്ട്. അതിന് ശേഷം പോയ സ്വകാര്യ ആശുപത്രിയിൽ ഏഴോളം പേർ സമ്പർക്കത്തിലുണ്ട്. വീണ്ടും മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പോയി. അവിടെ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരുന്നത്. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കുമാണ് കൊണ്ടുവന്നത്.

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ പരിശോധനക്ക് സംവിധാനം ഒരുക്കും. നാളെ വൈകുന്നേരത്തിനുള്ളിൽ ഇതിനുള്ള സംവിധാനം ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പോസിറ്റീവാണെന്ന് കണ്ടെത്തിയാൽ കൺഫേർമേറ്റീവ് ടെസ്റ്റ് നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഐ.സി.എം.ആറിനോട് പുതിയ മോണോക്ലോണൽ ആന്റിബോഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് നാലു മണിക്കകം ഹൈറിസ്‌കിലുള്ള 20 പേരെ മെഡിക്കൽ കോളേജിലെ നിപ ചികിത്സയ്ക്കായി പ്രത്യേകം തിരിച്ചിട്ടുള്ള വാർഡിലേക്ക് മാറ്റും. കോഴിക്കോട് മെഡിക്കൽ കോളജിൽ ആവശ്യത്തിന് മരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലാണ് നിപ ബാധിച്ച് കുട്ടിയുടെ വീട്. അതിന്റെ മൂന്ന് കിലോമീറ്റർ പരിധിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മരിച്ച കുട്ടിയുടെ വീടിനടുത്ത പ്രദേശങ്ങളെ ഉൾപ്പെടുത്തി മാവൂരിൽ മൂന്ന് കിലോമീറ്റർ ചുറ്റളവ് കണ്ടെയിന്റ്‌മെന്റ് സോണാക്കി. സമീപ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലും മലപ്പുറം കണ്ണൂർ ജില്ലകളിലും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചു. കോവിഡ് കൺട്രോൾ റൂമിന് പുറമേയാണിത്. ജനങ്ങൾക്ക് ഈ സമ്പറുകളിൽ (04952382500, 04952382800) ബന്ധപ്പെടാം. എല്ലാ ദിവസവും വൈകിട്ട് നാല് മണിക്ക് മാധ്യമങ്ങളിലൂടെ നിപ വാർത്തകൾ ജനങ്ങളിൽ എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.