- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിപ ബാധിച്ച് 12 വയസുകാരന്റെ മരണം: ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ കടുത്ത നിയന്ത്രണങ്ങൾ; നാലു വാർഡുകളിലായി 16 സ്ഥലത്ത് റോഡുകൾ അടച്ചു
മുക്കം: നിപ്പ വൈറസ് ബാധിച്ച് പന്ത്രണ്ടു വയസുകാരൻ മരിച്ച സാഹചര്യത്തിൽ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും ഗ്രാമ പഞ്ചായത്തധികൃതരുടേയും നേതൃത്വത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
പഞ്ചായത്തിലെ നാലു വാർഡുകളിലായി 16 സ്ഥലത്ത് റോഡുകൾ അടച്ചിട്ടുണ്ട്. ഇവിടങ്ങളിൽ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പാഴൂർ, മുന്നൂർ പ്രദേശങ്ങളുൾപ്പെടുന്ന ഒൻപതാം വാർഡ് പൂർണമായും അടച്ചിരിക്കുകയാണ്. സമീപവാർഡുകളായ 8, 10, 12 എന്നിവിടങ്ങളിൽ ഭാഗികമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന മാവൂർ- പുൽപ്പറമ്പ്-കൂളിമാട് റോഡിന്റെയും ഇരുവഴിഞ്ഞിപ്പുഴയുടെയും ഇടയിലായി 45 ഓളം വീടുകളാണുള്ളത്. ഈ വീട്ടുകാരോട് ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഞായറാഴ്ച പുലർച്ചെ തന്നെ പൊലീസിന്റെ നേതൃത്വത്തിൽ ഒന്പതാം വാർഡിലെ റോഡുകൾ അടച്ചിരുന്നു. പ്രധാന റോഡായ കുളിമാട് - പുൽപ്പറമ്പ് റോഡ് ഞായറാഴ്ച രാവിലെ ഒമ്പതോടെ അടച്ചു.പ്രാഥമിക സമ്പർക്കമുള്ള പ്രദേശത്തെ 20 പേരുടേതുൾപ്പെടെ 158 ആളുകളുടെ പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കി. കുട്ടിയുടെ മാതാപിതാക്കളും ഐസൊലേഷനിലാണ്.
മറുനാടന് മലയാളി ബ്യൂറോ