കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപട്ടികയിലുണ്ടായിരുന്ന 16 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുവരെ 46 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. നിലവിൽ 62 പേർ ആശുപത്രിയിൽ ചികിൽസയിലുണ്ട്.

12 പേർക്ക് നേരിയ രോഗലക്ഷണങ്ങളുണ്ട്. രോഗലക്ഷണമുള്ള 12 പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. സമ്പർക്കപ്പട്ടികയിൽ എട്ടുപേരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 15 പേരുടെ സാംപിളുകളുടെ പരിശോധനാഫലം കൂടി ഇന്ന് രാത്രിയോടെ ലഭിക്കും.

ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയവരെ മൂന്നു ദിവസം കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ വെക്കും. അതിന് ശേഷം വീട്ടിൽ ക്വാറന്റൈൻ സൗകര്യമുണ്ടെങ്കിൽ വീട്ടിൽ പോയി പൂർണമായും ഐസൊലേഷൻ മാനദണ്ഡങ്ങൾ പാലിച്ച് കഴിയാം.

സമ്പർക്കപ്പട്ടികയിൽ മറ്റു ജില്ലകളിൽ നിന്നായി 47 പേരുണ്ട്. ഇതിൽ സമ്പർക്കപ്പട്ടികയിലുള്ളവർ നിർബന്ധമായും ക്വാറന്റൈനിൽ പോകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. കണ്ടെയ്ന്മെന്റ് സോണിൽ ഇതുവരെ മൊത്തം 4995 വീടുകളിൽ സർവേ നടത്തി. 27,506 പേരെയാണ് സർവേ നടത്തിയത്.

ഇതിൽ പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളുള്ളവർ 44 പേരാണ്. പുതുതായി ആരെയും ഹൗസ് ടു ഹൗസ് സർവേ നടത്തിയപ്പോൾ കോൺടാക്ട് ലിസ്റ്റിൽ കിട്ടിയിട്ടില്ല. 44 പേർക്ക് ഫിസിഷ്യന്റെ സഹായത്തോടെ ചികിൽസ ഉറപ്പാക്കും. പരിശീലനം സിദ്ധിച്ച ആളുകളെ ഉൾപ്പെടുത്തി മൊബൈൽ ലാബും സജ്ജമാക്കും.

കോഴിക്കോട് താലൂക്കിൽ 48 മണിക്കൂർ നേരത്തേക്ക് വാക്സിനേഷൻ പ്രക്രിയ നിർത്തിവെച്ചിരുന്നു. ഇതിൽ നിപ കണ്ടെയ്ന്മെന്റ് സോണിന് പുറത്ത് നാളെ മുതൽ വാക്സിനേഷൻ പുനരാരംഭിക്കും. അതേസമയം കണ്ടെയ്ന്മെന്റ് സോണിൽ വാക്സിനേഷൻ ഉണ്ടായിരിക്കില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

പനിയുടെ ലക്ഷണങ്ങൾ ഉള്ളവർ വാക്സിനായി വരരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. കണ്ടെയ്ന്മെന്റ് സോണിലുള്ളവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം പരിശോധന നടത്താവുന്നതാണ്. കോൺടാക്ട് ലിസ്റ്റിലുള്ള 265 പേരാണ് ഐസൊലേഷനിലുള്ളത്.

നിപയുടെ ഉറവിടം കണ്ടുപിടിക്കുന്നതുമായി ബന്ധപ്പെട്ട് വവ്വാലുകളുടെ അഞ്ച് സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. ഈ സാംപിളുകൾ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പൂണെയിലേക്ക് അയക്കും. എൻഐവി പൂണെയുടെ സംഘത്തലവൻ കോഴിക്കോട് എത്തിയിട്ടുണ്ട്. മറ്റു സംഘാംഗങ്ങൾ നാളെ സംസ്ഥാനത്തെത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.